രാധികയുടെ കണ്ണ് നിറഞ്ഞു. രാധിക മുത്തിനെ കെട്ടിപ്പിടിച്ചു. അതുകഴിഞ്ഞ് ഫിദയെയും കെട്ടിപ്പിടിച്ചു. എന്നിട്ട് പറഞ്ഞു.
” രാകേഷ് ഏട്ടാ .. കെട്ടുകഴിഞ്ഞാൽ ഉടനെ എന്നെ വന്നു കൂട്ടണേ.. ഞാൻ അപ്പോഴേക്കും ഒരുങ്ങി നിൽക്കാം. ”
” ശരിയടി കെട്ടുകഴിഞ്ഞ് ഉടനെ ഞാൻ വരാം.. നീ റെഡിയായി നിന്നോ. ” രാകേഷ് പറഞ്ഞു.
” നാത്തൂനെ പോയിട്ട് വരാം. ” ഫിദ പറഞ്ഞു.
രാധിക ഫിദയുടെ കവിളിൽ ഉമ്മ വെച്ചു.
“നാത്തൂനെ ഞാൻ ഉമ്മ വെച്ചോട്ടെ..?”
ഫിദ ചോദിച്ചു.
അതുകേട്ട് രാധിക ചിരിച്ചുകൊണ്ട് അവളുടെ കവിൾ കാണിച്ചു.
“അവിടെയെല്ല. ഇവിടെ.”
. രാധികയുടെ നിറ വയർ കാണിച്ചിട്ട് ഫിദ പറഞ്ഞു.
രാധിക ചിരിച്ചു. ഫിദ രാധികയുടെ വയറിൽ ഉമ്മ വെച്ചു. പിന്നെ അവളുടെ കവിളിലും.
“ശരി ഇനി വൈക്കേണ്ട നമുക്ക് ഇറങ്ങാം..” രാകേഷ് പറഞ്ഞു.
ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. ഞങ്ങൾ നേരെ പോയത് അവിടെയുള്ള ഒരു അമ്പലത്തിലാണ്. അമ്പലം ഒന്നും പറയാൻ പറ്റില്ല. ഒരു വലിയപറമ്പ്. ചുറ്റും അര മതിൽ കെട്ടിയിട്ടുണ്ട്. ആ പറമ്പിലേക്ക് കയറുന്നതിന്റെ ഇടത്ത് ഭാഗത്തായി ചെറിയൊരു ഹാൾ..
ആ അര മതിലിന് ഉള്ളിൽ ഒത്ത നടുക്കായി ഒരു വലിയ ആൽമരം അതിന്റെ മുന്നിൽ ചെറിയ ഒരു തറ. തറയിൽ വിളക്ക് കത്തിച്ചു വച്ചിട്ടുണ്ട് . കുറച്ചു മാറി മറ്റൊരു ചെറിയ തറ. തറയിൽ വലിയൊരു കണ്ണാടി. ഒരാൾ പൊക്കം ഉയരമുണ്ട് ആ കണ്ണാടിക്ക്. ആ കണ്ണാടിയുടെ മുൻപിൽ രണ്ട് വലിയ കല്ല്യാണ മാലകൾ വെച്ചിട്ടുണ്ട്..
അവിടെ അവിടെയായി കുറച്ച് ആളുകൾ കൂടി നിൽക്കുന്നുണ്ട്.
ഞങ്ങളെ കണ്ട ഉടനെ അവർ അങ്ങോട്ടേക്ക് വന്നു. പലരെയും എനിക്ക് അറിയാവുന്നതാണ്. മുൻപ് അവിടെ വന്നപ്പോഴൊക്കെ കണ്ടിട്ടുണ്ട്. അവർ എന്നെ നോക്കി ചിരിച്ചു. ഞാനും അവരെ നോക്കി ചിരിച്ചു.
ഞങ്ങൾ അകത്തേക്ക് കയറി. ആ വിളക്ക് തറയിൽ പോയി തൊഴുതു. പിന്നെ കണ്ണാടിയുടെ മുൻപിൽ വന്നുനിന്നു.
” ഇവിടെനിന്ന് താലികെട്ടാം. അതുകഴിഞ്ഞ് മാലയിട്ട്. ഇവിടെയുള്ള രജിസ്റ്ററിൽ ഒപ്പ് വെച്ചശേഷം. നമുക്ക് ഇറങ്ങാം. നേരെ രജിസ്റ്റർ ഓഫീസിലേക്ക്. ” രാകേഷ് പറഞ്ഞു.
അതുകേട്ട് മുത്ത് എന്റെ കയ്യിലേക്ക് താലിമാല എടുത്തു തന്നു. ഞാൻ മുത്തിനെ നോക്കി. മുത്ത് പറഞ്ഞു.
” കെട്ട് മോനെ.. അവളുടെ കഴുത്തിൽ മോൻ താലികെട്ട്.”
ഞാൻ ആ താലി വാങ്ങി ഫിദയെ നോക്കി. അവൾ ചിരിയോടെ എന്റെ കണ്ണലേക്ക് നോക്കി. ഞാൻ അവളുടെ കഴുത്തിൽ ആ താലികെട്ടി. മുത്ത് ഒരു സ്വർണ്ണ മാലയെടുത്ത് ഫിദയുടെ കയ്യിൽ കൊടുത്തു. ഫിദ അത് എന്റെ കഴുത്തിലേക്ക് ഇട്ടു.
പിന്നെ മുത്ത് രണ്ടാൾക്കും മോതിരം എടുത്തു തന്നു. ഞാൻ ഫിദയുടെ കൈപിടിച്ച് അവളുടെ മോതിരവിരലിൽ വിവാഹ മോതിരം അണിയിച്ചു. അതുപോലെതന്നെ ഫിദ എന്റെ എന്റെ കൈപിടിച്ച് എന്റെ മോതിര വിരലിൽ വിവാഹ മോതിരം അണിയിച്ചു.
അങ്ങനെ ഞങ്ങൾ പരസ്പരം മോതിരം ഇട്ടുകൊടുത്തു. ഞാൻ ഫിദ ഇട്ടുതന്ന മോതിരത്തിലേക്ക് നോക്കി അതിൽ വളരെ മനോഹരമായി ‘ഫിദ’ എന്ന് എഴുതിയിട്ടുണ്ട്
” കൃഷ്ണേട്ടാ മാല എടുത്തു കൊടുക്ക്. ” രാകേഷ് അവിടെയുള്ള ഒരാളോട് പറഞ്ഞു.
അവിടെയുള്ള കൂട്ടത്തിൽ നിന്നും ഒരാൾ വന്നു അവിടെ വെച്ചിരുന്ന മാലയെടുത്ത് രാകേഷിന്റെ കൈയിൽ കൊടുത്തു. എന്നിട്ട് പറഞ്ഞു.
” മോന്റെ കൂട്ടുകാരന്റെ അല്ലേ കല്യാണം. അപ്പോൾ മോൻ തന്നെ മാല കൊടുത്താൽ മതി.”
രാകേഷ് എനിക്കും ഫിദക്കും ഓരോ മാല എടുത്തു തന്നു. ഞങ്ങൾ പരസ്പരം മാലയണയിച്ചു. ആ സമയം അയാൾ പോയി അവിടെയുള്ള തറയിൽ നിന്നും കുറച്ചു കുങ്കുമം എടുത്തുകൊണ്ടുവന്നു. എന്നിട്ട് പറഞ്ഞു.
” മോനിത് മോളുടെ നെറ്റിയിൽ ചാർത്തിക്കൊടുക്ക് ”
ഞാൻ വീണ്ടും മുത്തിനെ നോക്കി. ചെയ്തോളാൻ മുത്ത് കണ്ണുകൊണ്ട് കാണിച്ചു. ഞാൻ ആ കുങ്കുമം ഫിദയുടെ നെറുകയിൽ തൊട്ടു. അതുകണ്ട് മുത്തിന്റെ കണ്ണു സന്തോഷം കൊണ്ട് നിറഞ്ഞു. ഞങ്ങൾ രണ്ടുപേരും മുത്തിന്റെ കാല് തൊട്ട് അനുഗ്രഹം വാങ്ങി. മുത്ത് ഞങ്ങൾ രണ്ടുപേരെയും കെട്ടിപ്പിടിച്ചു. രണ്ടുപേരുടെയും കവിളിൽ ഉമ്മ വെച്ചു. മുത്തിന്റെ ഇരുവശവും ഞങ്ങളെ നിർത്തി രാകേഷ് ഫോട്ടോ എടുത്തു.
