“ഹും.. ശരി ശരി..
നിങ്ങൾ എത്രമണിക്ക് എത്തും അത് പറ ”
“ഞാൻ വീട്ടിൽ നിന്ന് ഒരു ഏഴു മണിക്ക് ഇറങ്ങും. അതുകഴിഞ്ഞേ അവർ ഇറങ്ങു. അപ്പോൾ ഒരു ഒൻപതര അപ്പോഴേക്കും ഞങ്ങൾ അവിടെ എത്തും. കൂടിപ്പോയാൽ ഒരു പത്തു മണി.”
“മ്. ശരി ശരി . നിങ്ങൾ പുറപ്പെടുമ്പോൾ വിളിക്ക്. പിന്നെ ഇവിടെ വന്നു ഒപ്പ് ഇട്ടു കഴിഞ്ഞെന്ന് വെച്ച് അത് കല്യാണം ആകില്ല. ഇപ്പോൾ നടക്കുന്നത് . കല്യാണം നടത്താൻ ഉള്ള അപേക്ഷ മാത്രം ആണ്. അത് കഴിഞ്ഞു ഒരു മാസം കഴിഞ്ഞു വന്നു കല്യാണം രെജിസ്റ്റർ ചെയ്യാം. അതുവരെ ഈ അപേക്ഷ നോട്ടീസ് ബോർഡിൽ പതിപ്പിക്കും. നോട്ടീസ് ബോർഡിൽ ഇടുന്നത് ഞാൻ ഒഴിവാക്കി തരാം. ബാക്കി കാര്യങ്ങൾ മുറപോലെ നടക്കട്ടെ. അപ്പോഴേക്കും വീട്ടിൽ പറഞ്ഞു സമ്മതം വാങ്ങാൻ സമയം കിട്ടുമല്ലോ?. നീ അതൊന്നും ഓർത്ത് ടെൻഷൻ ആകേണ്ട. എല്ലാം നല്ല രീതിയിൽ നടക്കും.”
“ഒക്കെ ഡാ. ഞാൻ രാവിലെ വിളിക്കാം. അവൾ വിളിക്കുന്നുണ്ട്. ”
“ശരി എന്നാൽ ഇനി അവളോട് പഞ്ചാര അടിക്ക്. എനിക്കും ചില പണികൾ ഉണ്ട്. നാളെ കാണാം.”
ഞാൻ ഫോൺ കട്ട് ചെയ്തു. ഫിദയെ തിരിച്ചു വിളിച്ചു. അതിനിടയിൽ കോഫി കൊണ്ട് വന്നിരുന്നു. അതും കുടിച്ചുകൊണ്ട് ഞാൻ അവളോട് സംസാരിച്ചു.
“ശ്രീയേട്ടാ ഞങ്ങൾ ഇവിടെ എത്തി. ശ്രീയേട്ടൻ എവിടെയാ ഉള്ളത്.?”
“ഞാൻ ന്യൂ കോഫി ഷോപ്പിൽ ഉണ്ട്.”
“ആ ഞങ്ങൾ അവിടെ വരാം ശ്രീയേട്ടാ. എന്നിട്ട് ഒരുമിച്ച് പോകാം.”
“അത് വേണ്ട. നിങ്ങൾ ഇതിന് അടുത്തുള്ള വെഡിങ് സെന്ററിൽ വന്നാൽ മതി. ഞാൻ അവിടെ ഉണ്ടാകും. നമ്മളെ അറിയുന്ന ആരെങ്കിലും അവിടെ ഉണ്ടോ എന്ന് നോക്കട്ടെ. എന്നിട്ട് വിളിക്കാം.”
അതും പറഞ്ഞു ഞാൻ ഫോൺ വെച്ചു.
കോഫി കുടിച്ചു പണം കൊടുക്കാൻ നോക്കിയപ്പോൾ ആണ് മുത്ത് തന്ന കവർ ഞാൻ നോക്കുന്നത്. അതിൽ അഞ്ഞൂറിന്റെ നോട്ടു കെട്ടുകൾ ആയിരുന്നു. ഞാൻ ഞെട്ടിപ്പോയി. എന്തിനാ ഇത്രയും പണം മുത്ത് എനിക്ക് തന്നത്. കൂടെ മുത്തിന്റെ ATM കാർഡും. കവറിൽ ചെറിയൊരു കുറിപ്പ്..
‘ ഇതെല്ലാം ഇനിമുതൽ മോന് ഉള്ളതാ.. മുത്തിന്റെ എല്ലാം മോന് ഉള്ളതാ..മുത്തിന്റെ കുട്ടന്.’
അതിന്റെ കൂടെ ATM കാർഡിന്റെ പിൻ നമ്പറും.
പണം കൊടുത്തു അവിടെ നിന്നും ഇറങ്ങിയ ശേഷം.. ഒരു കൗതുകത്തിനു ഞാൻ അവിടെ കണ്ട ഒരു ATM കൗണ്ടറിൽ കയറി മുത്ത് തന്ന കാർഡ് ചെക്ക് ചെയ്തു. അതിലെ ബാലൻസ് കണ്ട് ഞാൻ ഞെട്ടി. ആയിരമോ പതിനായിരമോ അല്ല. ലക്ഷങ്ങൾ ആണ് അതിൽ ഉള്ളത്. അഞ്ചും പത്തും അല്ല.. എൺപതു ലക്ഷം. അതോ എട്ടു കോടിയോ…?
അവിടെ തന്നെ തല ചുറ്റി വീഴാത്തത് ഭാഗ്യം. ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി. പണം ഒരിക്കലും എന്നെ ബ്രമിപ്പിച്ചിട്ടില്ല. എങ്കിലും ആ തുക കണ്ടു ഞാൻ ശരിക്കും ഞെട്ടിയിരുന്നു.
ഞാൻ വേഗം അവിടെയുള്ള സ്വർണ്ണ കടയിലേക്ക് കയറി. അവിടെ മുഴുവനും നോക്കി എന്നാൽ എനിക്ക് പരിചയം ഉള്ളവരെയോ എന്നെ പരിചയം ഉള്ളവരെയോ ആരേയും അവിടെ കണ്ടില്ല.
“ഹലോ സാർ… സാറിന് എന്താണ് വേണ്ടത്?.”
എന്നെ കണ്ടപ്പോൾ അവിടെയുള്ള സെയിൽസ്മാൻ ചോദിച്ചു.
” ഒരാൾ വരാനുണ്ട് എന്നിട്ട് നോക്കാം” ഞാൻ പറഞ്ഞു.
” ശരി. സാർ.” അതും പറഞ്ഞ് അയാൾ തിരിച്ചു പോയി.
ഞാൻ ഫിദയെ വീളിക്കുന്നതിനായി ഫോൺ എടുത്തു. അപ്പോൾ പുതിയ ഒരു നമ്പറിൽ നിന്നും ഒരു കാൾ വന്നു. ഇതാരാണാവോ ഈ സമയം.. എന്ന് ചിന്തിച്ചു ഞാൻ ഫോൺ എടുത്തു.
“ഹലോ..” ഞാൻ പറഞ്ഞു.
“മോനെ… കുട്ടാ… ഇത് മുത്താ.. ഞങ്ങൾ അവിടെ എത്തി. ഞങ്ങൾ അങ്ങോട്ട് വരട്ടെ ? മോനെ അറിയുന്നവർ ആരെങ്കിലും ഉണ്ടോ അവിടെ.?” മുത്ത് ചോദിച്ചു.
“അപ്പോൾ ഇതു മുത്തിന്റെ നമ്പർ ആണോ..?”
“ആ അതേ…”
“ആ മുത്തേ നിങ്ങൾ വന്നോ..ഞാൻ ഇവിടെ ജ്വല്ലറിയിൽ ഉണ്ട്.”
“ശരി ഞങ്ങൾ വേഗം വരാം”
ഞാൻ ഫോൺ വെച്ച് അവരെ കാത്തിരുന്നു.
