ജാതകം ചേരുമ്പോൾ – 20 22അടിപൊളി 

 

ഒരു കഠിനമായ ഇരുമ്പ് വടിയുടെ മുഴക്കത്തോടെ

മുഴുവൻ തലച്ചോറും നടുങ്ങിപ്പോയി.

 

തലയോട്ടിയുടെ അകത്ത്

വലിയൊരു ഇടിമിന്നൽ പൊട്ടിത്തെറിച്ചതുപോലെ

 

ചെവികളിൽ ഉറക്കെ മുഴങ്ങുന്ന

കാന്താരത്തിന്റെ ഇടിമുഴക്കമായൊരു ശബ്ദം

സ്വന്തം ഹൃദയത്തിന്റെ തുടിപ്പ് പോലും കേൾക്കാൻ കഴിയാതെ തരിച്ചു പോയിരുന്നു ഞാൻ

 

നിലത്തു വീഴുമ്പോൾ

തറയിലെ തണുപ്പിന് പോലും

തലയിലെ ആ പൊള്ളുന്ന വേദനയെ ചെറുക്കാൻ സാധിച്ചില്ല.

 

“ഏട്ടാ… പ്ലീസ്…. അവനേ മാത്രം ഒന്നും ചെയ്യല്ലേ…ഞാൻ… ഞാൻ വേണേൽ നിങ്ങളുടെ എല്ലാവരുടെയും കാലു പിടിക്കാം….നിങ്ങൾ പറഞ്ഞതുപോലെയെല്ലാം ഞാൻ ചെയ്തില്ലേ അവനേ മാത്രം ഒന്നും ചെയ്യല്ലേ.. പ്ലീസ്….. ”

 

മായയുടെ ശബ്ദം എന്റെ ചെവികളിൽ മങ്ങി കേട്ടു

 

അവളുടെ ശബ്ദം, കരച്ചിലിന്റെ നടുവിൽ നിന്നുയർന്നു.അവൾ ആർത്ത് കരയുകയാണ്… അവളുടെ എങ്ങലടി മുറി മുഴുവൻ നിറഞ്ഞു…

 

എന്നാൽ എന്റെ മനസ്സിനേ നോവിച്ചത് ആദിയുടെ പ്രവൃത്തിയായിരുന്നു…

 

പക്ഷേ എന്തിനുവേണ്ടി…..?

 

കല്ല്യാണിയുടെ നിലവിളി ഞാൻ വീണ്ടും കേട്ടു…

 

കണ്ണുകൾ മങ്ങി തുടങ്ങിയിട്ടുണ്ടായിരുന്നെങ്കിലും ഞാൻ അവളേ വീണ്ടും നോക്കി….

 

അവളുടെ വയറ്റിൽ ആഴ്ന്നു കുത്തിയ കത്തി

പരമേശ്വരൻ വലിച്ചൂരിയിട്ടിരുന്നു.

രക്തം തുള്ളി തുള്ളിയായി നിലത്തേക്ക് വീഴുമ്പോൾ

കല്ല്യാണിയുടെ കണ്ണുകളുടെ നീല നിറം വീണ്ടും തെളിഞ്ഞു വരുകയായിരുന്നു..

 

പരമേശ്വരന്റെ മുഖത്ത് വീണ്ടും ഒരു ചിരി തെളിഞ്ഞു വന്നു…

 

അയാൾ എന്നേ തന്നെ നോക്കി നിൽക്കുകയാണ്….

 

“പ്ലീസ്….. അവളേ ഒന്നും ചെയ്യല്ലേ…. ”

 

അതു പറഞ്ഞപ്പോൾ എന്റെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു…. കണ്ണു നീർ ചോരയിൽ അലിഞ്ഞു…..

 

അയാൾ എന്റെ അടുത്തേക്ക് നടന്നു വന്നു,

അടികൊണ്ടു കിടക്കുന്ന എന്റെ മുന്നിൽ നിന്നു.

 

“നിനക്ക് ഒരു കാര്യം അറിയാമോ…?

ദേവി മരിച്ചതിന് ശേഷം ഞാൻ ഉറങ്ങിയിട്ടില്ല.എന്റെ കുടുംബം കുടുംബം ഉറങ്ങിയിട്ടില്ല

കണ്ണടച്ചാൽ കാണുന്നത് ഞങ്ങളെല്ലാം മരിച്ചു കിടക്കുന്ന

അതേ സ്വപ്നം മാത്രം.

ആ ദുഃസ്വപ്നം സത്യമാവാതിരിക്കാൻ

ഇവൾ… ഇവൾ മരിക്കണം.”

 

അയാളുടെ ശബ്ദം വിറച്ച്,

ഒരു പ്രാന്തനെ പോലെ മുഴുവൻ ശരീരവും നടുങ്ങിത്തുടങ്ങി.

 

തിരിച്ചു പോവാൻ ശ്രമിച്ച അയാളുടെ കാലുകൾ ഞാൻ പിടിച്ചു.

 

ഒന്ന് എണീച്ചു നിൽക്കാൻ ശേഷിയുണ്ടായിരുന്നെങ്കിൽ ഞാൻ അയാളെ അവിടേവച്ചു തന്നെ കൊല്ലുമായിരുന്നു എന്നാൽ എന്റെ ശരീരം മുഴുവൻ മരവിച്ചിരുന്നു

 

ഞാൻ വേദനയുടെയും മരണത്തിന്റെയും ഇരുണ്ട കുഴിയിൽ വീഴുന്നതുപോലെ തോന്നിയെനിക്ക്

 

അയാളുടെ കാലുകൾ പിടിച്ച എന്റെ കൈ അയാൾ തട്ടി മാറ്റി

കല്ല്യാണിയുടെ നേരെ വീണ്ടും നടന്നു.

 

തന്റെ വയറിലെ ആഴമേറിയ മുറി

പൊത്തി പിടിച്ചുകൊണ്ട്

ജീവനുവേണ്ടി ശ്വാസം മല്ലിടുകയാണ് കല്ല്യാണി.

 

പരമേശ്വരന്റെ ഓരോ ചുവടും മുന്നോട്ടു വന്നപ്പോൾ,

കല്ല്യാണി എന്റെ കണ്ണുകളിലേക്ക്

നിസ്സഹായതയോടെ നോക്കി.

 

അവളുടെ മുന്നിൽ എത്തി

പരമേശ്വരൻ കത്തി ഉയർത്തിയ നിമിഷം,

എന്റെ കണ്ണുകൾ അടഞ്ഞു പോയി…..

 

ഞാൻ തോറ്റുപോയി… അവൾക്കായി ഈ നിമിഷം വരെയും എനിക്കൊന്നും ചെയ്യാനായില്ല…..

 

“മോളേ….. ”

 

എന്റെ കാഴ്ചകൾക്കൊപ്പം എന്റെ ശ്വാസവും അന്തകാരത്തിലേക്ക് അലിയാൻ തുടങ്ങിയപ്പോൾ ഞാൻ അവസാനമായി കേട്ടത് മായയുടെ അമ്മയുടെ നിലവിളിയായിരുന്നു….

 

 

 

 

 

 

 

മുറിയുടെ ഇടുങ്ങിയ പ്രകാശം കണ്ണുകളിലേക്കു ചെറുതായി വീണു.

ആ വെളിച്ചം കുത്തിക്കൊണ്ടിരിക്കുന്ന പോലെ തോന്നി.

 

ശരീരം ഭാരമായി

 

കൈകൾ ചലിപ്പിക്കാനാകുന്നില്ല.

ശ്വാസത്തിന്റെ ശബ്ദം മാത്രം കാതിൽ നിറയുന്നു;

 

വലിയൊരു സമുദ്രത്തിന്റെ അടിയിൽ കിടക്കുന്നപോലെ.

 

തല കുറച്ചു തിരിക്കാൻ പറ്റുന്നുണ്ടെങ്കിലും ആരെയും കാണാൻ സാധിച്ചില്ല….. ഞാൻ കിടക്കുന്നത് ഹോസ്പിറ്റിലിലാണെന്ന് എനിക്ക് അതിൽ നിന്നും മനസ്സിലായി….

Leave a Reply

Your email address will not be published. Required fields are marked *