“പിന്നല്ലാതെ??…” ഹരി പൊട്ടിത്തെറിച്ചു……
“എന്തിന്??……” സീതക്ക് ഒന്നും മനസ്സിലായില്ല…..
“ചേട്ടന്റെ കൂടെ ചേച്ചിക്കും കൂടെ വന്നാലെന്താ??….. ചേട്ടൻ പറഞ്ഞല്ലോ ചുമ്മാ ഏതോ മീറ്റിംഗ്ഗിന്റെ പേരും പറഞ്ഞ് ഒഴിഞ്ഞതാണെന്ന്?? കഷ്ടമുണ്ട് കേട്ടോ??……” ഹരി ദേഷ്യത്തിൽ പറഞ്ഞു…
“ആ… അതാണോ കാര്യം??.. ഞാൻ പേടിച്ചു പോയല്ലോ????…..” സീത ചിരിച്ചു…
“ചേച്ചിക്ക് ഇത് ചെറിയ കാര്യമാരിക്കും….. ഹും…..” അവൻ പിടി വിട്ടില്ല….
“സത്യായിട്ടും അന്നെനിക്കൊരു മീറ്റിംഗ് ഉണ്ടു കുട്ടാ…. അതുകൊണ്ടല്ലേ??…..” സീത പറഞ്ഞു….
“പിന്നേ!!!…… ചേച്ചി ചുമ്മാ പറയുവാ…. ഒഴിവാക്കാൻ പറ്റാത്ത എന്തു മീറ്റിംഗാ??…”
“ഒരു മേജർ ക്ലയന്റ് മീറ്റിംഗാ…. എനിക്ക് ഒരു തരത്തിലും ഒഴിവാക്കാൻ പറ്റില്ല… നീ ഞാൻ പറയുന്നതൊന്നു കേക്ക്……..” സീത പറഞ്ഞു…
“ഉം…. പറ….” ഹരിയൊന്ന് അടങ്ങി….
“രണ്ടു മാസം കൂടി നീയൊന്നു ക്ഷമിച്ചേ പറ്റൂ… മാക്സിമം ഒക്ടോബർ …. അതിനുള്ളിൽ ഞാൻ അങ്ങോട്ടു വന്നില്ലെങ്കിൽ നവംബറിൽ നീ ഇങ്ങോട്ട് വന്നോ… സമ്മതിച്ചോ??….” സീത ചോദിച്ചു…
“ഉം……” ഹരിക്ക് സമാധാനമായി….
കുറച്ചു നേരം രണ്ടാളും ഒന്നും മിണ്ടിയില്ല…. പിന്നെ സീത പതിയെ വിളിച്ചു…
“കുട്ടാ……”
“ഉം……” ഇത്തവണ സ്വരത്തിന് ഒരു മയമുണ്ടായിരുന്നു….
“രാവിലേ എന്താ കഴിച്ചെ?…”
“ദോശ….”
അപ്പോഴേക്കും സീതയുടെ ഫോൺ ശബ്ദിച്ചു…
“എന്നാ ഞാൻ പിന്നെ വിളിക്കാം ട്ടോ…. ഓഫീസിലാ…..”
“ശരി ചേച്ചീ…..”
“ഉമ്മ…..” സീത മൊബൈൽ കട്ട് ചെയ്തു….
ഉച്ചക്ക് ഹരിയേ വിളിക്കണം എന്ന് കരുതിയെങ്കിലും നടന്നില്ല.. ലഞ്ച് ബ്രേക്കിൽ ഏതാണ്ട് മുഴുവൻ സമയവും സിനി ഒപ്പമുണ്ടായിരുന്നു.. അവളുടെ മുമ്പിൽ വെച്ചു ഹരിയുടെ മെസേജ് പോലും നോക്കില്ല സീത… ചെറിയ ഭാവമാറ്റം പോലും സിനി കണ്ടുപിടിച്ചുകളയും… തിരികെ ക്യാബിനിൽ എത്തിയപ്പോഴേക്കും കുറേ വള്ളിക്കെട്ട് പണികൾ വന്നു കയറി..
വൈകിട്ട് വീട്ടിൽ ചെന്നപ്പോൾ കിച്ചുവിന് ചെറിയ പനി…. അസുഖം വന്നാൽ അവന് അമ്മയേ അടുത്ത് വേണം…. അല്ലാതെ സമ്മതിക്കില്ല…. തുമ്മല്, ജലദോഷം, വാശി, വിശപ്പില്ലായ്മ്മ അങ്ങനെ എല്ലാം ഉണ്ടായിരുന്നു….
രാത്രി കിടക്കും മുന്പ് ടെമ്പറേച്ചർ നോക്കിയപ്പോൾ നൂറ്റിയൊന്നു ഡിഗ്രീ കണ്ടു… സീത അപ്പോൾ തന്നേ പാരാസിറ്റമോൾ കൊടുത്തു.. ഒപ്പം ആന്റിഹിസ്റ്റമിനും… പിന്നെ അവനെ കെട്ടിപിടിച്ചു കിടന്നുറങ്ങി…
ഹരിക്കവൾ കാര്യം പറഞ്ഞ് ഒരു മെസേജ് ഇട്ടിരുന്നു….
പിറ്റേന്ന് കാലത്തും കുഞ്ഞിന് പനി കുറഞ്ഞില്ല….. അവർ സമയം പാഴാക്കാതെ കാലത്ത് തന്നേ അവനെയും കൊണ്ട് ആശുപത്രിയിൽ പോയി….
സുജയാ ഹോസ്പിറ്റലിലേ പീഡിയാട്രീഷ്യൻ ഡോക്ടർ ജോൺസണെയാണ് പണ്ടുതൊട്ടേ കിച്ചുവിനെ കാണിക്കുന്നത്… സീതയുടെ ഡെലിവറിയും അവിടെത്തന്നെയായിരുന്നു.. അവൾക്കൊപ്പം സ്കൂളിൽ പഠിച്ച അഞ്ജലി അവിടെ ഗൈനക്കോളജിസ്റ്റാണ്…..
അഞ്ജലി സീതയുടെ സഹപാഠിയും, ഗൈനക്കോളജിസ്റ്റും, ഒപ്പം ആത്മമിത്രവുമാണ്… വർഷങ്ങൾക്കിപ്പുറവും സ്കൂൾ കാലഘട്ടത്തിലെ എടീ-പോടീ ബന്ധം കാത്തുസൂക്ഷിക്കുന്ന സുഹൃത്തുക്കൾ ….
“വൈറൽ ഫീവറാണ്…. രണ്ടു മൂന്നു ദിവസം എന്തായാലും പനിക്കും. തൽക്കാലം ചെസ്റ്റ് ഒക്കെ ക്ലിയറാ…. തൽക്കാലം ഡോളോപ്പാറും ടിമിനിക്കും കൊടുത്താ മതി… മൂന്നു ദിവസം കഴിഞ്ഞു വാ.. അന്നേരം നോക്കീട്ടു വേണമെങ്കിൽ മാത്രം നമുക്ക് ആന്റിബയോട്ടിക്സ് കൊടുക്കാം….” നരച്ച താടി തടവിക്കൊണ്ട് ഡോക്ടർ പറഞ്ഞു…
വിനോദ് ഫാർമസിയിൽ മരുന്ന് വാങ്ങാൻ കയറിയപ്പോൾ സീത കിച്ചുവിനെയും കൊണ്ട് വെയിറ്റിങ് ഏരിയയിൽ ഇരിക്കുകയായിരുന്നു… അപ്പോഴാണ് കിച്ചു ഉച്ചത്തിൽ പറഞ്ഞത്..
“അമ്മേ ദേ …. അഞ്ചുവാന്റി…………..”
ഓപ്പിയിലേ തിരക്ക് ഒതുങ്ങിയപ്പോൾ റൌണ്ട്സിനിറങ്ങിയ ഡോക്ടർ അഞ്ജലിയെ ചൂണ്ടിയായിരുന്നു അവനത് പറഞ്ഞത്…. അഞ്ജലിയുടെ മകൾ ആരതി കിച്ചുവിന്റ്റെ സ്കൂളിൽ തന്നെയാണ് പഠിക്കുന്നത്..
“ങ്ങേ??… എന്താടീ ഇവിടെ??…..” അഞ്ജലി അവർക്കരികിലേക്ക് വന്നു….
