ദിവ്യാനുരാഗം – 11 Like

പിന്നെ അവൾ പറഞ്ഞത് പ്രകാരം ഞാൻ അവിടുള്ള ഒരു ബെഡ്ഡിൽ ഇരുന്നു…തുടർന്ന് കാല് വൃത്തിയാക്കി അവൾ മരുന്ന് വെക്കാനുള്ള പരിപാടിയിലേക്ക് കടന്നു…അപ്പോഴും ദിവ്യ വാതിലിനടുത്ത് തന്നെ നിന്ന് ഇതൊക്കെ വീക്ഷിക്കുന്നുണ്ടായിരുന്നു…

” അല്ല ഇയാളുടെ പേരെന്താ… ”

ഞാൻ ചുമ്മാ ആ നേഴ്സിനോട് കുശാലാന്വേഷണം ചോദിക്കും പോലെ തിരക്കി…

” മാളവിക… ”

അവൾ ചിരിയോടെ എനിക്ക് മറുപടി തന്നു…ഇതൊന്നും ദിവ്യയ്ക്ക് പിടിക്കുന്നില്ല എന്നെനിക്ക് തോന്നി…ചിലപ്പൊ തോന്നല് മാത്രം ആയിരിക്കും…കാരണം അത് നമ്മൾ ആഗ്രഹിക്കുന്നുണ്ടല്ലോ അതുകൊണ്ട്…

” ഓ….വീട് എവിടാ…വീട്ടിലാരൊക്കെയുണ്ട്… ”

ഞാൻ വീണ്ടും ഭാവ വ്യത്യാസം ഒന്നുമില്ലാതെ തിരക്കി…

” ഹാ എന്താ മാഷേ… സെൻസസ് എടുക്കൽ ആണോ മാഷിൻ്റെ പണി… ”

എന്റെ ചോദ്യങ്ങൾ കേട്ട് ഒരു കള്ള മുഖഭാവത്തോടെ അവളെന്നെ ഒന്ന് കളിയാക്കി…പക്ഷെ ആ മാഷ് വിളി എനിക്ക് ഇഷ്ട്ടപെട്ടു… നല്ല ഒരു നാടൻ വൈബ്… ” ഇവിടെ ഒരോരുത്തരുണ്ട് പൊട്ടക്കണ്ണൻ…പട്ടീ…തെണ്ടീ….ഇതൊക്കെയേ വായിൽ വരൂ… ഇങ്ങനെ പോയാൽ മിക്കവാറും തന്തക്ക് വിളി കൂടി കേൾക്കാം… ” ഞാൻ മനസ്സിലോർത്ത് ദിവ്യയെ ഒന്ന് പാളി നോക്കി… അത് കണ്ടതും അവൾ തല വെട്ടിച്ചു കളഞ്ഞു…

” ഹേയ് ഞാൻ ചുമ്മാ ഒരു കുശലം ചോദിച്ചതല്ലേ… ”
ഞാൻ വീണ്ടും മാളവികയിലേക്കായി ശ്രദ്ധ…

” ഓ അങ്ങനെ…വീട് ഇവിടെ അടുത്ത് തന്നെ… പിന്നെ വീട്ടിൽ അച്ഛനമ്മമാരും ഒരു അനിയനും…പോരെ… ”

അവൾ ചിരിച്ചുകൊണ്ട് മറുപടി നൽകി…അപ്പോഴേക്കും ഏതാണ്ട് മുറിവൊക്കെ കെട്ടി കഴിഞ്ഞിരുന്നു…

” ഒന്ന് കഴിഞ്ഞെങ്കിൽ വരുവോ… മനുഷ്യന് വേറെ ജോലികൾ ഉണ്ട്… ”

ഞങ്ങളുടെ കിന്നാരം പറച്ചില് കേട്ട് പെട്ടന്ന് ദിവ്യ ചാടി തുള്ളി പറഞ്ഞ് പുറത്തേക്ക് നടന്നു…അത് എന്നിൽ ഒരു ഞെട്ടൽ ഉണ്ടാക്കിയെങ്കിലും മാളവിക അത്ര കാര്യമാക്കിയില്ല…

” ലൗവർ ഇച്ചിരി കലിപ്പിലാണല്ലോ മാഷേ… ”

അവൾ പോയതും മാളവിക ഒരു ആക്കിയ ചിരിയോടെ എന്നോട് ചോദിച്ചു…

” ഹേയ് അത്…അതെന്റെ ലൗവർ ഒന്നുമല്ല…ഫ്ര…ഫ്രണ്ടാ… ”

ഞാൻ ചമ്മിയ മുഖഭാവത്തോടെ മറുപടി നൽകിയ ശേഷം കട്ടിലിൽ നിന്നും എഴുന്നേറ്റു…ഇപ്പോൾ നീറ്റലിന് ഒരു കുറവുണ്ട്…

” മ്മ്….അത് എനിക്ക് മനസ്സിലായി…ചെന്ന് വാങ്ങിക്കാനുള്ളതൊക്കെ വാങ്ങിച്ചോ… ”

വീണ്ടും വീണ്ടും അവൾ ഉള്ളിലെന്തോ വെച്ച് സംസാരിക്കും പോലെ എനിക്ക് തോന്നി… അതോടെ നൈസ് ആയിട്ട് വലിയുന്നതായിരിക്കും നല്ലത് എന്ന് തോന്നിയ ഞാൻ ഒരു ചമ്മിയ ചിരിയും പാസാക്കി പുറത്തോട്ട് നടന്നു…പുറത്തെറങ്ങിയപ്പൊ ദിവ്യയെ അവിടെ കാണുന്നില്ല…ചിലപ്പൊ വണ്ടിയുടെ അരികിൽ പോയി കാണും…അതോടെ അങ്ങോട്ട് വിടാൻ തീരുമാനിച്ചു…

” അപ്പൊ ശരി മാളവികേ എപ്പേലും കാണാം… ”

ഞാൻ പുറകേ വരുന്ന മാളവികയെ നോക്കി യാത്ര പറഞ്ഞു…അതിന് ഒരു പുഞ്ചിരി അവളുടെ മുഖത്ത് വിരിഞ്ഞതോടെ ഞാൻ പുറത്തേക്ക് കടന്നു…
പുറത്ത് വണ്ടിയുടെ അടുത്ത് പ്രതീക്ഷിച്ചതു പോലെ ദിവ്യ ഉണ്ടായിരുന്നു…എന്നെ കണ്ടതും ആ മുഖത്ത് ഒരു പുച്ഛഭാവം നിറഞ്ഞു… ഇവൾക്ക് ഇതെന്തിൻ്റെ കേട്….

” ഓ ഇങ്ങ് പോന്നോ…ഞാൻ കരുതി അവൾ ജനിച്ച ഹോസ്പിറ്റലും തീയതിയും…എന്തിന് അവളുടെ ചോറൂണ് ഏത് അമ്പലത്തിൽ വെച്ചാ നടന്നേന്ന് കൂടി ചോദിച്ചിട്ടേ വരൂന്ന്… ”

അതേ പുച്ഛഭാവത്തോടെ അവളെന്നെ നോക്കി പറഞ്ഞപ്പോൾ എൻ്റെ മുഖഭാവം ഒരു മാതിരി ദൃശ്യം 2-വിലെ എനിക്ക് നിങ്ങളെ മനസ്സിലാവുന്നില്ല എന്ന സീൻ പോലെയായിരുന്നു…എന്നാലും ചൊറിയാൻ തന്നെ ഞാൻ തീരുമാനിച്ചു…

” ഓ… അത് ചോദിക്കാൻ വിട്ടു…ആ അടുത്ത തവണ കാണുമ്പൊ ചോദിക്കാം… ”

ഞാൻ പരമാവധി ചിരി അടക്കി പിടിച്ചു പറഞ്ഞ് വണ്ടിയിൽ കയറിയിരുന്നു…

” ഇത് കോഴി അല്ല…ടർക്കിയാ….നല്ല ഒന്നാന്തരം ടർക്കി… ”

പുറകിൽ നിന്നും പിറുപിറുക്കുമ്പോലെ അവൾ പറഞ്ഞത് കേട്ട് ചിരിയെകാൾ എനിക്ക് കൗതുകം ആണ് തോന്നിയത്…ഇവൾക്കെന്താ ഞാൻ വല്ലവരുടേം കാര്യം നോക്കിയാൽ….?

” ഒന്ന് വണ്ടി എടുക്കുവോ…. മനുഷ്യന് പോയിട്ട് ഒരുപാട് പണികളുണ്ട്… ”

Leave a Reply

Your email address will not be published. Required fields are marked *