ഓർമ്മകൾക്കപ്പുറം – 7അടിപൊളി  

അപ്പോഴേക്കും ഡ്രൈവർ ജെസിബിയുടെ എൻജിൻ ഓൺ ആക്കിയിരുന്നു. നിമിഷ നേരത്തിനുള്ളിൽ ആ എടുത്ത മണ്ണെല്ലാം തിരികെ കുഴിയിലേക്ക് അയാൾ തള്ളി. അതോടെ അസ്ലന്റെയും കൂട്ടാളികളുടെയും നേർത്ത തേങ്ങൽ വരെ ഇല്ലാണ്ടായി. ഒരു ചെറു കാറ്റ് അവരെയെല്ലാം തഴുകി കടന്ന് പോയി.
****************************************

രണ്ട് ദിവസങ്ങൾക്ക് ശേഷം….

ഹരി : “ഭായ്… എല്ലാം സെറ്റ് അല്ലേ?”

മഹീന്തർ : “നീ ഇത് എത്രാമത്തെ തവണയാണ് എന്നോട് ചോദിക്കുന്നത്? എടാ.. ഇവർക്ക് പോകാൻ ഉള്ള 10 ലോറികളും പുറത്ത് കിടപ്പുണ്ട്. ആ ഡ്രൈവർമാർക്ക് വല്ലതും കഴിക്കാൻ ഉള്ള സാവകാശം നീ കൊടുക്ക്. ഹല്ല പിന്നെ!!” മഹീന്തർ പറഞ്ഞത് കേട്ട് ഹരി ചിരിച്ചു.

ആ പെൺകുട്ടികളെ എല്ലാം വീട്ടിൽ എത്തിക്കാൻ ഹരി മഹീന്തറിനോട് പറഞ്ഞു കുറച്ച് ലോറികൾ ഏർപ്പാട് ചെയ്തു. ഇവരെല്ലാം പല പല സംസ്ഥാനത്തു നിന്നും ആയത് കൊണ്ട് ലോറിയിൽ കയറ്റി വിട്ടാൽ വേഗം എത്തിക്കാം എന്ന് ഹരി ഊഹിച്ചു. അതിനായി മഹീന്ദറിന് അത്ര വിശ്വാസമുള്ള ഡ്രൈവർമാരെ തന്നെ സെലക്ട്‌ ചെയ്തിരുന്നു.

ഒരു അപകടത്തിൽ വെച്ചാണ് കണ്ട് മുട്ടിയത് എങ്കിലും ആ പെൺകുട്ടികൾ മനസ്സുകൊണ്ട് ഒരുപാട് അടുത്തിരുന്നു അത്കൊണ്ട് തന്നെ വിടപറയൽ എല്ലാവർക്കും വേദന നൽകി. പലർക്കും പലരുടെയും ഭാഷ പോലും അറിയില്ല എങ്കിലും എല്ലാവരും തമ്മിൽ കെട്ടിപിടിച്ചു കരഞ്ഞു. കണ്ട് നിന്നവർക്കൊക്കെ കരച്ചിൽ വന്നുപോയി.

മിഴിയും പൂജയും ജാനകിയും അവർക്ക് യാത്രയിൽ വേണ്ടുന്ന സാധനങ്ങൾ ഒക്കെ പാക്ക് ചെയ്ത് നൽകി. അവരെ ഓരോ ലോറികളിൽ യാത്രയാക്കി. വണ്ടിയിൽ കേറുന്നതിന് മുൻപ് ഓരോരുത്തർ ആയി വന്ന് ഹരിയുടെ കയ്യിൽ രാഖി കെട്ടി കൊടുത്തു. അവന്റെ കണ്ണുകൾ നിറഞ്ഞു. ജാനകി അവനെ ചേർത്ത് പിടിച്ചു.

അവരെല്ലാം കണ്ണിൽ നിന്ന് മാഞ്ഞതും ഹരി ഒരു ദീർഘശ്വാസം എടുത്തു.

“ഹോ അങ്ങനെ അത് കഴിഞ്ഞു… ഇനി ഇതേപോലെ ഇവരെ രണ്ടിനേം പാക്ക് ചെയ്യണം പിന്നെ ഈ ജേർണലിസ്റ്റ് തെണ്ടിയേം” ഹരി മിഴിയേയും പൂജയെയും കിഷോറിനെയും നോക്കി പറഞ്ഞു.

“അവരവിടെ നിക്കട്ടെഡാ നിങ്ങളെ എല്ലാരേം ഞാൻ കൊണ്ടുപോയി ആക്കാം പൂനെയിൽ. നമുക്ക് വൈകിട്ട് പോകാം. പോരെ?” മഹീന്തർ പറഞ്ഞത് ഹരിയും ശെരിവെച്ചു.

എല്ലാവരും നടുമുറ്റത്തു വന്നിരുന്ന് കഴിഞ്ഞ കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്ത് ഇരുന്നു. മിഴിക്കും പൂജയ്ക്കും അപ്പോഴാണ് കാര്യങ്ങളുടെ ഒക്കെ കിടപ്പ് മനസ്സിലായത്. അവർക്ക് അതൊന്നും വിശ്വസിക്കാൻ പറ്റുന്നുണ്ടായില്ല.
“ചേച്ചിയോട് എനിക്ക് നന്ദി ഉണ്ട്… ചേച്ചി അന്ന് ഇറക്കി വിട്ടില്ലാരുന്നെങ്കിൽ ഇത് ഇങ്ങനെ അവസാനിക്കില്ലായിരുന്നു. ഒരുപക്ഷേ ഞങ്ങൾ ഒക്കെ കൊല്ലപ്പെട്ടേനെ.” ജാനകി അത് പറഞ്ഞതും മിഴിക്ക് വല്ലാണ്ടായി. അവൾ ഹരിയെ നോക്കി. അവന് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഇല്ലായിരുന്നു.

“എന്റെ പോന്നു എക്സേ… അല്ല ഹരിയെ… നീ അവിടുന്ന് പോയെ പിന്നെ ഇവൾ ഒന്ന് മര്യാദക്ക് ചിരിച്ചു കണ്ടിട്ടില്ല ഞാൻ. എപ്പ നോക്കിയാലും മോന്ത വീർപ്പിച്ചു ഒരു ഇരിപ്പാ..” പൂജ അത് പറഞ്ഞു മിഴിയുടെ കവിളിൽ ഒരു കുത്ത് കുത്തി.

“എക്സ്.. അല്ല ഹരി… സോറി ഡാ . എനിക്ക്… അപ്പൊ…” മിഴി പറയാൻ തുടങ്ങിയതും ഹരി കൈ പൊക്കി തടഞ്ഞു.

“എനിക്ക് നിന്നെ മനസ്സിലാവും മിഴി… നീ അതിന് സോറി ഒന്നും പറയണ്ട. അങ്ങനെ ഒരു സംഭവം നടന്നത് കൊണ്ട് മാത്രം ആണ് ദേ എന്റെ ജാനി ഇന്നും ഇവിടെ ഇരിക്കുന്നത്. ഒരുപക്ഷേ അന്ന് അങ്ങനെ നീ എന്നോട് പെരുമാറിയില്ലായിരുന്നു എങ്കിൽ ഞാൻ അവിടെ തന്നെ നിന്നേനെ. പക്ഷേ ഇവൾ… ഇവളെ എനിക്ക് കിട്ടുമായിരുന്നോ? നീ തന്നെ ആലോചിച്ചു നോക്ക്.

ഇതെല്ലാം ഒരു ബട്ടർഫ്‌ളൈ എഫക്ട് പോലെയാണ് എനിക്ക് തോന്നുന്നത്. ഒന്ന് ഓർത്ത് നോക്ക്. നാട്ടിൽ എവിടെയോ ഉള്ള നീ പണ്ട് ലോൺ എടുക്കുന്നു, അത് അടക്കാൻ പറ്റാതെ വരുന്നു, ജപ്തിയുടെ വക്കിൽ എത്തുന്നു. അതേപോലെ നാട്ടിൽ എവിടെയോ ഉള്ള ഞങ്ങൾ പൂനെ എത്തുന്നു എന്റെ ഓർമ്മ പോകുന്നു, ഞാൻ നിങ്ങൾക്ക് അരികിൽ എത്തുന്നു, നിന്റെ വീട് ജപ്തി ആവുന്നു നീ എന്നോട് അങ്ങനെ ഒക്കെ പറയുന്നു ഞാൻ ഇറങ്ങി പോകുന്നു വീണ്ടും ഇവളെ കണ്ട് മുട്ടുന്നു… അസ്ലനെ തീർക്കുന്നു.”

ഹരി അത്ഭുതത്തോടെ പറഞ്ഞു നിർത്തി.

“ഹോ എന്നാലും ഈ പൂച്ചയെ പോലെ ഇരിക്കണ പെണ്ണ് അവനെ ആ സർജിക്കൽ ബ്ലേഡ് കൊണ്ട് എന്ത്‌ വെട്ടാണ് വെട്ടിയത്. സമ്മതിക്കണം മോളേ നിന്നെ… തൊഴുതു ഞാൻ.” പൂജ ജാനകിയെ തൊഴുതു. അത് കണ്ട് എല്ലാവരും ചിരിച്ചു.
മഹീന്തർ : ” ആഹ് പിന്നെ പറയാനുള്ള കഥകൾ ഒക്കെ ഇവിടെ നിന്ന് പറഞ്ഞു തീർത്തേക്കണം, ഈ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയാൽ നമ്മളൊക്കെ പഴേ ആൾക്കാർ ആയി മാറണം. വെറുതെ എവിടേലും നിന്ന് നാക്കിട്ടടിച്ചു അവസാനം പോലീസ് ഒന്നും തപ്പി വരരുത്.

കിഷോർ : ” എയ്… ഇതൊക്കെ ഞങ്ങൾ ഒരു അത്ഭുതം കൊണ്ട് പറയുന്നത് അല്ലേ.. അവൻ ഒക്കെ ചാകേണ്ടത് തന്നെ ആണ്. ഭായ് പേടിക്കണ്ട ഇവിടെ നിന്ന് ഇറങ്ങിയാൽ പിന്നൊരു അക്ഷരം ഇതിനെപറ്റി ആരും സംസാരിക്കില്ല പോരെ. ”

മഹീന്തർ : “ആഹ് ശെരി ശെരി… എന്നാ പിന്നെ പാക്ക് ചെയ്തോ നമ്മക്കും ഇറങ്ങിയേക്കാം. ഞാൻ ചോട്ടുനെ വിളിച്ചു വരാം. നിങ്ങൾ റെഡി ആയി നിക്ക്.” മഹീന്തർ അത് പറഞ്ഞു പുറത്തേക്ക് ഇറങ്ങി.

ഹരി : “എന്നാ നിങ്ങൾ പോയി റെഡി ആവു ജാനി വാടി നമുക്കും പോയി റെഡി ആവാം.” അവരെല്ലാം അവിടെ നിന്നും പിരിഞ്ഞു റൂമിലേക്ക് പോയി.

ഹരി കുളിച്ചു ഇറങ്ങിയതും ജാനകി കട്ടിലിൽ എന്തോ ആലോചിച്ചു ഇരിപ്പുണ്ട്.

ഹരി : “നീ എന്താ ഈ ആലോചിച്ചു കൂട്ടണേ? അവൻ ചത്തു ഇനിം അതൊന്നും ഓർക്കണ്ട.”

ജാനകി : “ഏട്ടന് മിഴി ചേച്ചിയെ ഇഷ്ടമാണോ?”

ഹരി : “ങേ..? എന്താ പറഞ്ഞേ?”

ജാനകി : “ഞാൻ ചോദിച്ചത് എന്താണെന്നു ഏട്ടൻ കേട്ടു. ഉത്തരം പറ.” അവളുടെ ചോദ്യം കേട്ട് ഹരി ഒന്ന് ആലോചിച്ചു. ശേഷം അവൾക്കരുകിൽ വന്ന് കട്ടിലിൽ ഇരുന്നു അവളെ ചേർത്ത് പിടിച്ചു.

ഹരി : “അവൾ നല്ല കുട്ടിയാടി…നല്ല മനസ്സ് ആണ് അവൾക്ക്. ചെറിയ പ്രായത്തിൽ തന്നെ അവൾക്ക് താങ്ങാൻ പറ്റാത്ത അത്ര പ്രശ്നങ്ങൾ അവൾക്കുണ്ട് പക്ഷേ അതിലൊന്നും തളരാതെ നിൽക്കുന്ന അവളെ എനിക്ക് ഇഷ്ടം ആണ്. പക്ഷേ അത് നീ വിചാരിക്കും പോലത്തെ ഇഷ്ടം അല്ല. ഫ്രണ്ട്ഷിപ്പ് ആണ്. ഒരുപക്ഷേ ഒരു പ്രണയത്തെക്കാൾ ഏറെ എനിക്ക് അവളുടെ ഫ്രണ്ട്ഷിപ്പ് ആണ് ഇഷ്ടം. അത് അങ്ങനെ തന്നെ ഇരിക്കട്ടെ.
അവൾക്ക് ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് അതിനൊക്കെ കൂട്ടായി ഒരു നല്ല ഫ്രണ്ടായി ഞാനും ഉണ്ടാവും അവളുടെ കൂടെ. ഭാവിയിൽ എന്താകും എന്നറിയില്ല ബട്ട് ഇപ്പൊ ഇങ്ങനെ ആണ്.. അതിൽ ഞാൻ ഹാപ്പിയാണ്.” ഹരി അത് പറഞ്ഞു കഴിഞ്ഞതും ജാനകി അവന്റെ തലയിൽ തലോടി അവനെ ചേർത്ത് പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *