ഓർമ്മകൾക്കപ്പുറം – 7അടിപൊളി  

അസ്ലന്റെ കൂടെ വിജയ് നിൽക്കുന്നത് കണ്ടതും സാജിദും ബാക്കി ഉള്ളവരും കാര്യം മനസ്സിലായപോലെ അവിടെ നിന്നും പെട്ടെന്ന് ആരും കാണാത്ത ഒരിടത്തേക്ക് മാറി നിന്നു.

ഇനി വെച്ച് താമസിപ്പിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ അസ്ലൻ വിജയ്യോട് ആ ട്രക്കിനെ പറ്റി ചോദിക്കാൻ തയ്യാറായി.

“വിജയ്… ദാ ആ കിടക്കുന്ന ട്രക്ക് കണ്ടോ ഞാൻ അത്പോലെ ഒരെണ്ണം എടുക്കാൻ ആണ് ഉദ്ദേശിച്ചത്. നിങ്ങളുടെ ആണോ അത്?” അസ്ലൻ ചൂണ്ടികാണിച്ച സ്ഥലത്തേക്ക് വിജയുടെ കണ്ണ് പോയി.

“എയ്… അത് ഞങ്ങളുടെ അല്ല അത് മഹീന്തർ ഭായിയുടെ ആണ്.” മഹീന്തർ ഭായ്…വിജയ്യുടെ വായിൽ നിന്നും ആ പേര് കേട്ടതും അസ്ലന്റെ പക എരിയാൻ തുടങ്ങി.

“അതാരാ? പുള്ളി ആ വണ്ടി കൊടുക്കുവോ? എവിടെ ഉള്ളതാ?” അസ്ലൻ അറിയാണ്ട് തന്നെ അവന്റെ വായിൽ നിന്നും പല പല ചോദ്യങ്ങൾ വന്നുകൊണ്ടേ ഇരുന്നു.

“പുള്ളി അത് കൊടുക്കുന്ന കാര്യം ഡൗട്ട് ആണ്. പുള്ളിക്ക് ആ വണ്ടിയോട് ഭയങ്കര അറ്റാച്ച്മെന്റ് ആണ്. ആൾടെ വീട് ദേ നിങ്ങൾ ഇങ്ങോട്ട് തിരിഞ്ഞപ്പോ ലാസ്റ്റ് കണ്ട വർക്ഷോപ് ഇല്ലേ അതിന്റെ ബാക്കിൽ ആണ്.”

“വിജയ് ഒന്ന് വരുവോ ജസ്റ്റ്‌ അയാളെ ഒന്ന് കാണിച്ച് തന്നാൽ മതി ബാക്കി ഞാൻ അയാളോട് ചോദിച്ച് നോക്കാം നേരിട്ട്.” ദേഷ്യം കൊണ്ട് അലറി വിളിച്ച് വിജയുടെ വായിൽ നിന്ന് തന്നെ സത്യങ്ങൾ എല്ലാം ഊറ്റി എടുക്കാൻ അറിയാഞ്ഞിട്ടല്ല, ഇപ്പോൾ സംയമനം പാലിക്കുന്നത് ആണ് എന്തുകൊണ്ടും ബുദ്ധി. തങ്ങളായിട്ട് എല്ലാരുടെയും മുന്നിൽ ഇപ്പൊ ഒരു പ്രശ്നം ഉണ്ടാക്കിയാൽ ഒരുപക്ഷേ ആ പെൺകുട്ടികളെ സംരക്ഷിക്കുന്നവർ ഇത് അറിഞ്ഞാൽ, അവരിവിടെ തന്നെ ഉണ്ടെങ്കിൽ ഉടനെ തന്നെ അവരെ ഇവിടുന്നും മാറ്റാൻ സാധ്യത ഉണ്ട് എന്ന ബോധ്യം അയാൾക്ക് ഉണ്ടായിരുന്നു.

ആ പെൺകുട്ടികളെ ലൊക്കേറ്റ് ചെയ്യുന്നവരെ ഒരു പ്രശ്നവും ഉണ്ടാക്കാൻ പാടില്ല എന്നയാൾ കണക്ക്കൂട്ടി.

“ഞാൻ ആളെ കാണിച്ച് തരാം ബാക്കി ഒക്കെ നിങ്ങൾ തമ്മിൽ ആയിക്കോ.. ഓക്കേ?” വിജയ് പറഞ്ഞതിനോട് അസ്ലൻ ഒട്ടും ആലോചിക്കാതെ തന്നെ യോജിച്ചു. അയാൾക്ക് വേണ്ടതും അത് തന്നെ ആയിരുന്നു.
വെള്ളം കുടിച്ച് ഗ്ലാസ്‌ തിരിച്ചു വെച്ച ശേഷം വിജയ് വീട് പൂട്ടി ഇറങ്ങി. അസ്ലന്റെ ഉള്ളിൽ ഒരേ സമയം ആകാംഷയും പകയും മാറി മാറി വന്നുകൊണ്ടിരിക്കുന്നു.

ഒരുപക്ഷേ ഈ മഹീന്തർ തങ്ങൾ ഉദ്ദേശിച്ച ആൾ അല്ല എങ്കിൽ ഇതുവരെ ചെയ്തത് എല്ലാം വേസ്റ്റ് ആവും എന്ന് മാത്രമല്ല വീണ്ടും അന്വേഷണം ഒന്നെന്നു തുടങ്ങേണ്ടി വരും.

ഇതുവരെ സഞ്ചരിച്ചത് ശെരിയായ ദിശയിൽ തന്നെ ആണ് എന്നൊരു പ്രതീക്ഷ അയാൾക്ക് ഉണ്ടായിരുന്നു. എന്നാൽ അഥവാ ഈ പ്ലാൻ സക്സസ് ആയില്ലെങ്കിൽ അടുത്ത ബാക്കപ്പ് പ്ലാൻ തയ്യാറാക്കാൻ അസ്ലൻ ആൾറെഡി സൗരവിന് നിർദേശം കൊടുത്തിരുന്നു.

ഹരിയുടെ cctv വീഡിയോസ് കണ്ടപ്പോൾ തന്നെ സൗരവിനോട് അടുത്തുള്ള ഹോസ്പിറ്റലിൽ അന്വേഷിക്കാൻ പറഞ്ഞിരുന്നു. അങ്ങനെ സൗരവ് അന്വേഷിച്ചതിന്റെ ഫലം ആയി രണ്ട് കാര്യങ്ങൾ ആണ് മനസ്സിലായത്.

ഒന്ന് ഹരിയെ അഡ്മിറ്റ് ചെയ്തത് KVM ഹോസ്പിറ്റലിൽ ആണെന്നും രണ്ട് ഡിസ്ചാർജ് ചെയ്ത ശേഷം അവൻ താങ്ങിയിരുന്നത് മിഴി എന്ന അവിടുത്തെ സ്റ്റാഫ്‌ നേഴ്സിന്റെ ഫ്ലാറ്റിൽ തന്നെ ആണെന്നും. അത് അസ്ലനെ സംബന്ധിച്ച് വലിയൊരു വഴിത്തിരിവ് ആയിരുന്നു. അത്കൊണ്ട് തന്നെ ആണ് ഇക്കാര്യം സൗരവ് വിളിച്ച് പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്കാതെ മിഴിയെ തൂക്കാൻ സൗരവിന് നിർദേശം കൊടുത്തത്. അവൻ അത് ഇതിനോടകം വെടിപ്പായി ചെയ്തിരിക്കും. ഈ മല മടക്കിൽ റേഞ്ച് ഇല്ലാത്തത്കൊണ്ട് അയാൾക്ക് സൗരവിന്റെ അപ്ഡേറ്റ്സ് ഒന്നും വന്നിരുന്നില്ല.

അവളെ ജീവനോടെ തന്നെ വേണം എന്നവൻ പ്രത്യേകം പറഞ്ഞിരുന്നു. കാരണം അവളെക്കൊണ്ട് വേണം ഹരിയെ വിളിപ്പിക്കാൻ എന്നയാൾ കണക്ക് കൂട്ടി. അവൾ വിളിച്ചാൽ അവൻ വരും, അവൻ വന്നില്ലേലും അവനെ തങ്ങൾക്ക് ലൊക്കേറ്റ് ചെയ്യാൻ പറ്റും എന്നൊരു ഉറച്ച വിശ്വാസം അസ്ലന് ഉണ്ടായിരുന്നു.

തങ്ങളുടെ ഈ പ്ലാൻ ഫെയിൽ ആയാൽ എടുത്ത് ഉപയോഗിക്കാൻ ഉള്ളൊരു ബ്രഹ്മസ്ത്രം ആയിരുന്നു അയാൾക്ക് മിഴി. അയാളുടെ പ്ലാനുകൾ എന്നും അങ്ങനെ ആയിരുന്നു. എതിരാളികൾ എത്ര ചെറുത്തു നിന്നാലും അതിനെ വെല്ലുന്നൊരു പ്ലാൻ ആയിരിക്കും അയാളുടെ. അസ്ലൻ എന്ന ബുദ്ധിരക്ഷസൻ ഏറ്റവും കൂടുതൽ എൻജോയ് ചെയ്ത് ചെയ്യുന്ന കാര്യവും ഈ പ്ലാനിങ് തന്നെ ആണ്.
വിജയ് അസ്ലനെയും കൂട്ടി മഹീന്തറിന്റെ വീടിന് മുന്നിൽ എത്തി.

“അല്ല… ഭായിയുടെ പേര് എന്താണ്? അത് പറഞ്ഞില്ലല്ലോ..” വിജയ് പെട്ടന്ന് ആണ് അത് ഓർത്തത്.

“എന്റെ പേര് ഇർഷാദ്.” അസ്ലന്റെ മറുപടി ഉടനടി വന്നു.

“ഭായ് ഇതാണ് മഹി ഭായുടെ വീട്.”

അസ്ലൻ പെട്ടെന്ന് തന്നെ ആ വീടിന്റെ ഒരു ഏകദേശ രൂപം മനസ്സിൽ ഒപ്പിയെടുത്തു.

“അല്ല പുള്ളി ഇവിടെ ഇല്ലേ? ആരേം കാണുന്നില്ലല്ലോ?”

“മഹി ഭായ് ഇവിടെ ഉണ്ടാരുന്നു, ഞാൻ രാവിലെ കണ്ടിരുന്നു. ബെൽ അടിച്ചു നോക്കാം വെയിറ്റ്.” വിജയ് അതും പറഞ്ഞ് മുന്നിലേക്ക് നടന്നു. അസ്ലൻ ജാഗരൂകൻ ആയിരുന്നു അവിടെ തന്നെ നിന്നു.

“മഹീന്തർ… ഞാൻ തേടി വന്നയാൾ നീ തന്നെ ആണെങ്കിൽ…. ഞാൻ തിരികെ പോകുമ്പോൾ നിന്റെ ജീവൻ കൂടി ഞാൻ കൊണ്ടുപോകും.” അസ്ലൻ മനസ്സിൽ ഉരുവിട്ടുകൊണ്ടേ ഇരുന്നു.

അപ്പോഴേക്കും വിജയ് ബെൽ അടിച്ചിരുന്നു. സാജിദും സംഘവും അല്പം മാറി ഇതെല്ലാം കണ്ട് ജാഗ്രതയോടെ നിന്നിരുന്നു. ഏത് നിമിഷവും അസ്ലൻ തങ്ങളെ വിളിക്കാം. ഏത് നിമിഷവും ഒരു ആക്രമണം ഉണ്ടാവും എന്ന ചിന്തയിൽ ആയിരുന്നു അവർ. എന്നാൽ അസ്ലൻ എടുത്തുചാടി ഒന്നും ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല. ഇതുവരെ അവർ ഇവിടെ ഉണ്ടെന്ന ഒരു സോളിഡ് എവിഡൻസ് കിട്ടിയിട്ടില്ല. അങ്ങനെ ഒന്ന് കിട്ടിയതിനു ശേഷം മാത്രം ബാക്കി പ്ലാൻ ചെയ്യാൻ ആയിരുന്നു അയാളുടെ താല്പര്യം.

രണ്ട് മൂന്ന് തവണ ബെൽ അടിച്ചതിന് ശേഷം ആണ് കതക് തുറന്നത്.

“എത്ര നേരമായി ചോട്ടു ബെൽ അടിക്കുന്നു ഞാൻ, ചെവി കേക്കില്ലേ നിനക്ക്?” ഡോർ തുറന്ന് വന്ന ചോട്ടുവിനോട് വിജയ് ചോദിച്ചു.

താൻ പ്രതീക്ഷിച്ച ആളെ കാണാതെ അസ്ലന്റെ മുഖം ഒന്ന് വലിഞ്ഞു മുറുകി. ശേഷം അയാൾ സംയമനം പാലിച്ചു.

“ഞാൻ ഉറങ്ങുവായിരുന്നു ബെൽ അടിച്ചത് കേട്ടില്ലെടാ. സോറി.എന്താടാ?”

“ഉവ്വ ഉവ്വ… മഹി ഭായ് എവിടെ? ദേ ഈ പുള്ളി മഹി ഭായിയെ കാണാൻ വന്നതാ.” വിജയ് അസ്ലനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
അസ്ലൻ ചോട്ടുവിനെ അടിമുടി ഒന്ന് നോക്കി, അവൻ ഉറങ്ങുവായിരുന്നു എന്നാണ് പറഞ്ഞത് എന്നാൽ അത് കള്ളമാണെന്ന് അവന്റെ മുഖം കണ്ടാൽ അറിയാം. ഉറങ്ങിയതിന്റെ ഒരു ലക്ഷണവും അവന്റെ മുഖത്ത് ഇല്ല. മാത്രമല്ല അവന്റെ ഡോർ തുറന്ന് പുറത്തിറങ്ങിയ രീതിയിൽ തന്നെ ഒരു പന്തികേട് തോന്നി. ഡോർ മുഴുവനായി തുറക്കാതെ ആദ്യം തല മാത്രം ഇട്ട്, ശേഷം ഡോർ അങ്ങനെ തന്നെ പിടിച്ചുകൊണ്ട് ആണ് അവൻ പുറത്തേക്ക് ഇറങ്ങിയത്. എന്തോ ഉള്ളിൽ ഒളിപ്പിക്കുന്ന പോലെ അയാൾക്ക് ഫീൽ ചെയ്തു. അയാളുടെ സംശയങ്ങൾ വീണ്ടും ബലപ്പെട്ട് തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *