ഓർമ്മകൾക്കപ്പുറം – 7അടിപൊളി  

“ഭായ് ഫുഡ് വാങ്ങാൻ പോയി. ഇപ്പൊ വരും. നിങ്ങൾ ആരാണ്?”

“എന്റെ പേര് ഇർഷാദ്, ഞാൻ ഒരു വണ്ടിടെ കാര്യം സംസാരിക്കാൻ ആയി വന്നത് ആയിരുന്നു. മഹീന്തർ പോയിട്ട് ഒത്തിരി നേരം ആയോ?” അവരെയെല്ലാം ചുട്ടെരിക്കാൻ ഉള്ള ദേഷ്യം ഉണ്ടെങ്കിലും അസ്ലൻ വളരെ വിനീതമായി സംസാരിക്കാൻ തുടങ്ങി.

മഹീന്തർ വരുന്നതിന് മുൻപ് ഇവനിൽ നിന്ന് എന്തെങ്കിലും ചോർത്താൻ പറ്റുവോന്നു നോക്കണം. അസ്ലൻ മനസ്സിൽ ഓർത്തു.

“അല്ല നിങ്ങൾ ഇവിടെ ഫുഡ് ഒന്നും ഉണ്ടാക്കില്ലേ?” അസ്ലൻ അവന്റെ ചൂണ്ട എറിഞ്ഞു തുടങ്ങി.

“വല്ലപ്പോഴും… സാധാരണ ഹോട്ടലിൽ പോയി കഴിക്കൽ ആണ് പതിവ്.”

“അല്ല അപ്പൊ ഇവിടെ നിങ്ങൾ രണ്ടുപേരും മാത്രേ ഉള്ളോ മഹീന്തറിന്റെ ഫാമിലി ഒക്കെ അപ്പൊ എവിടെ?”

“ഭായിയുടെ ഫാമിലി ഒക്കെ ഞങ്ങൾ തന്നെ ആണ്.” വിജയ് പറഞ്ഞ ആ മറുപടി അസ്ലന് അത്ര സുഖിച്ചില്ല എങ്കിലും അയാൾ അത് മുഖത്ത് കാണിച്ചില്ല.

“അല്പം വെള്ളം കിട്ടുവോ കുടിക്കാൻ?” അസ്ലൻ ചോട്ടുവിനോട് ചോദിച്ചത് കേട്ട് വിജയ് അയാളെ ഒന്ന് നോക്കി.

“ഭായ് ഇപ്പൊ കുടിച്ചല്ലേ ഉള്ളു പിന്നേം ദാഹിക്കാൻ തുടങ്ങിയോ?”

“ആഹ് അത് ആ മരുന്നിന്റെ ആണ്, അത് കഴിച്ചാൽ പെട്ടന്ന് വിശപ്പും ദാഹോം ഒക്കെ വരും. ബുദ്ധിമുട്ട് ആണേൽ വേണ്ട കേട്ടോ.” തന്റെ ഭാഗം ന്യായികരിക്കാൻ അസ്ലൻ ശ്രമിച്ചു. എന്നാൽ അയാൾക്ക് വേണ്ടി ഇരുന്നത് തന്റെ മുന്നിൽ അടഞ്ഞു കിടക്കുന്ന വാതിലിന് അപ്പുറത്തു എന്താണ് ഉള്ളത് എന്നറിയുക ആയിരുന്നു. അതിന് വേണ്ടി തന്നെ ആണ് അയാൾ ചോട്ടുവിനോട് വീണ്ടും വെള്ളം ചോദിച്ചത്.
ചോട്ടു ഒന്ന് പരുങ്ങി… ആരെങ്കിലും ബെൽ അടിച്ചാൽ ആരാണെന്നു നോക്കി ഉറപ്പ് വരുത്തിയിട്ടേ വാതിൽ തുറക്കാവു എന്നത് ഹരിയുടെയും മഹീന്തറിന്റെയും ഓർഡർ ആണ്. അത്കൊണ്ട് തന്നെ ആണ് താൻ ഡോർ തുറക്കാൻ താമസിച്ചതും. വിജയ്യുടെ കൂടെ പരിചയമില്ലാത്ത ഒരാളെ കണ്ടതുകൊണ്ട് എല്ലാരോടും ശബ്ദം ഒന്നും ഉണ്ടാക്കരുത് എന്ന് പറഞ്ഞിട്ടാണ് അവൻ വന്ന് വാതിൽ തുറന്നത്.

നടുമുറ്റത്ത് തന്നെ ഒരു സൈഡിൽ ആയി അവരെല്ലാം ഇരിക്കുന്നുണ്ട് ഒരു ശബ്ദം പോലും ഉണ്ടാക്കാതെ. ബാക്കി ഉള്ളവർ രണ്ടാമത്തെ നിലയിലും ഉണ്ട്. വെള്ളം കൊടുത്ത് അയാളെ ഒഴിവാക്കി വിടുന്നത് ആണ് ബുദ്ധി എന്ന് തോന്നിയ ചോട്ടു അവരോട് അവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് വാതിൽ പതിയെ തുറന്ന് ഉള്ളിലേക്ക് കയറി.

2 സെക്കന്റ്‌… രണ്ടേ രണ്ട് സെക്കന്റ്‌ മാത്രം ആ ഡോറിന്റെ ഒരു പാളി അയാൾക്ക് മുന്നിൽ തുറന്നടഞ്ഞു. എന്നാൽ അസ്ലന്റെ ഉള്ളിലെ നിരീക്ഷകന് അത് തന്നെ ധാരാളം ആയിരുന്നു. അയാളുടെ കണ്ണുകൾ തിളങ്ങി… ചുണ്ടിൽ ഒരു പുച്ഛചിരി വിരിഞ്ഞു.

“ഏത് കടലിനടിയിൽ ഒളിപ്പിച്ചാലും എനിക്ക് വേണ്ടത് ഞാൻ ഇവിടെ നിന്ന് കൊണ്ടുപോയിരിക്കും.” അസ്ലന്റെ മനസ്സ് മന്ത്രിച്ചു.

ചോട്ടു വാതിൽ തുറന്ന് ഉള്ളിൽ കേറിയ രണ്ട് സെക്കന്റ്‌ കൊണ്ട് അസ്ലൻ കണ്ടു വീടിന്റെ ടെറസിൽ അലക്കി വിരിച്ചു ഇട്ടിരിക്കുന്ന സ്ത്രീകളുടെ ഡ്രെസ്സുകൾ. അത് കണ്ടപ്പോഴേ മനസ്സിലായി ആ പെൺകുട്ടികൾ ഇതിനുള്ളിൽ തന്നെ ഉണ്ടെന്നു കാരണം തങ്ങളുടെ കസ്റ്റഡിയിൽ അവർ ഉണ്ടായിരുന്നപ്പോൾ അവർ ധരിച്ച ഡ്രെസ്സുകളിൽ ചിലത് ആണ് അയാൾ ഇപ്പൊ അവിടെ കണ്ടത്. അയാളുടെ മനസ്സിലെ പ്ലാനുകൾക്ക് അനക്കം വെച്ച് തുടങ്ങി. ഇന്ന് രാത്രി… ഇന്ന് രാത്രി തന്നെ തൂക്കണം എല്ലാത്തിനേം. അയാൾ മനസ്സിൽ അത് ഉറപ്പിച്ചിരുന്നു. അപ്പോഴേക്കും ചോട്ടു വെള്ളവുമായി എത്തി. ഇനി അയാൾക്ക് ആ വെള്ളം വേണമെന്നില്ല. പക്ഷേ അയാൾ അത് വാങ്ങി ഒറ്റ വലിക്ക് കുടിച്ചു.

“ആഹ് ദാ വരുന്നത് ആണ് മഹി ഭായ്.” വിജയ് പറഞ്ഞത് കേട്ട് അസ്ലൻ തിരിഞ്ഞു നോക്കി.

മഹീന്തർ ഒരു കാർഡ്ബോർഡ് പെട്ടി ചുമന്ന് വരുന്നു. 6 അടിക്ക് മേൽ പൊക്കവും അതിനൊത്ത വണ്ണവും ഉള്ളൊരു മനുഷ്യൻ. അസ്ലൻ അയാളെ സ്കാൻ ചെയ്യാൻ തുടങ്ങി.
മഹീന്തർ ചോട്ടുവിന്റെയും വിജയുടെയും കൂടെ പരിചയം ഇല്ലാത്ത ഒരാളെ കണ്ട് ഒന്ന് സംശയിച്ചു. എന്നാൽ അത് പുറത്ത് കാണിക്കാതെ തന്നെ അയാൾ അവർക്ക് അരികിലേക്ക് നടന്നടുത്തു.

“ഭായ്… ഇത് ഇർഷാദ് ഭായ്.. മഹി ഭായിയെ കാണാൻ വെയിറ്റ് ചെയ്യുവായിരുന്നു.” വിജയ് പറഞ്ഞത് കേട്ട് മഹീന്തർ അസ്ലനെ നോക്കി അധികം തെളിച്ചമില്ലാത്ത ഒരു ചിരി ചിരിച്ചു.

“ആരാണ്? എനിക്ക് മനസിലായില്ല.” മഹീന്തർ ഒന്ന് ശങ്കിച്ചു.

“പറയാം, ഭായ് ഈ പെട്ടി വെച്ചിട്ട് വരൂ. നല്ല ഭാരം ഉണ്ടല്ലോ.” അസ്ലൻ അത് പറഞ്ഞതും പെട്ടി ചോട്ടുവിന്റെ കയ്യിൽ കൊടുത്ത ശേഷം അവന്റെ കാതിൽ എന്തോ പറഞ്ഞിട്ട് അയാൾ അസ്ലനെ നോക്കി.

അസ്ലൻ മനസ്സിലാക്കാൻ ഉള്ളത് എല്ലാം അതിനകം തന്നെ മനസ്സിലാക്കിയിരുന്നു. ഇനി അയാൾക്ക് മഹീന്ദരിനോട് സംസാരിക്കേണ്ട ആവിശ്യം തന്നെ ഉണ്ടായിരുന്നില്ല. പക്ഷേ ഇത്രേം ആയ സ്ഥിതിക്ക് ഇനി ഇയാളോട് ഒന്നും മിണ്ടാതെ കടന്ന് കളഞ്ഞാൽ അത് ഇവർക്ക് സംശയം തോന്നാൻ സാധ്യത ഉണ്ട്.

ഇന്ന് രാത്രി ഈ വീടിനുള്ളിൽ കേറുന്നത് വരെ ഇവർക്ക് മനസ്സിലാവരുത് ഈ അസ്ലൻ അവരുടെ ശ്വാസം ചെല്ലുന്ന ദൂരത്തോളം എത്തീട്ടുണ്ട് എന്നത്. അത് അയാൾക്ക് നിർബന്ധം ആയിരുന്നു.

“ഹലോ.. എന്റെ പേര് ഇർഷാദ്… ഞാൻ ഇവിടെ എന്റെ വണ്ടി ശെരിയാക്കാൻ വന്നത് ആയിരുന്നു. എനിക്ക് ഒരു ട്രക്ക് എടുക്കാൻ ഉദ്ദേശം ഉണ്ടായിരുന്നു, അപ്പോഴാണ് നിങ്ങളുടെ ട്രക്ക് ഇവിടെ കിടക്കുന്ന കണ്ടത്. എനിക്കും ഇത്പോലെ ഒരെണ്ണം വാങ്ങണം എന്നുണ്ട്. ഭായ്ക്ക് ഇത് കൊടുക്കാൻ താല്പര്യം ഉണ്ടോ എന്നറിയാൻ വന്നത് ആണ്.” അസ്ലൻ തന്റെ കഥകൾ മഹീന്ദരിന് മുന്നിൽ നിരത്തി.

“ഓ.. സോറി ഭായ്.. ഞാൻ ഈ വണ്ടി കൊടുക്കുന്നില്ല. അത് എനിക്ക് വെറും വണ്ടി അല്ല എനിക്ക് സ്വന്തം എന്ന് പറയാൻ ആകെ ഉള്ള ഒരാൾ ആണ്. ഭായ്ക്ക് പക്ഷേ താല്പര്യം ഉണ്ടെങ്കിൽ ഞാൻ എന്റെ സുഹൃത്തുക്കളോട് ചോദിച്ചു നോക്കാം.”

“മതി… അതുമതി. വല്യ ഉപകാരം.” അസ്ലൻ എങ്ങനെ എങ്കിലും ആ സംസാരം ഒഴിവാക്കി അവിടെ നിന്നും പോണം എന്നായിരുന്നു മനസ്സിൽ. അധികം സമയം കളയാതെ തന്നെ പ്ലാൻ ചെയ്ത് തുടങ്ങണം. ഇന്ന് രാത്രി തന്നെ തന്റെ മറ്റൊരു മുഖം ഇവിടെ നിക്കുന്നവന്മാർ എല്ലാം കാണേണ്ടി വരും എന്ന് ഓർത്തപ്പോൾ തന്നെ അയാളുടെ കുടിലമനസ്സിൽ ഒരു ചിരി നിറഞ്ഞു.
പിന്നീട് അധികം നേരം അവിടെ നിൽക്കാൻ അയാൾ തയ്യാറായില്ല. മഹീന്തറിനോട് ഒരു സംശയം തോന്നാത്ത വിധം യാത്ര പറഞ്ഞ് വിജയ് ചോട്ടു എന്നിവരോടും പറഞ്ഞിട്ട് അയാൾ വേഗം അവിടെ നിന്നും നടന്നകന്നു. മഹീന്തർ അയാൾ പോയി കഴിഞ്ഞതും ചോട്ടുവിന്റെ കൂടെ ആ പെട്ടിയും എടുത്ത് വിജയ്ഓട് യാത്ര പറഞ്ഞ് അകത്തേക്ക് കയറി വാതിൽ അടച്ചു.

എല്ലാവരും രംഗം ഒഴിഞ്ഞപ്പോൾ മറഞ്ഞു നിന്ന സാജിദും വിവേകും മറ്റുള്ളവരും അസ്ലൻ പോയ വഴിയേ വേഗം നടന്നു. വർക്ഷോപ്പിന് അടുത്തുള്ള ഒരു പെട്ടിക്കടയിൽ നിന്നും അസ്ലൻ ഒരു സിഗരറ്റ് വാങ്ങി വലിച്ചുകൊണ്ട് മറ്റുള്ളവർക്കായി വെയിറ്റ് ചെയ്ത് നിന്നു.

Leave a Reply

Your email address will not be published. Required fields are marked *