പടികയറലായിരുന്നു ഏറ്റവും വലിയ ടാസ്ക്. ഞാൻ ഒരു പടി കയറുമ്പോൾ മൂന്ന് പടി താഴോട്ട് ഇറങ്ങും, അതെങ്ങനെ ശരിയാവും, അങ്ങനെയാണെങ്കിൽ ഈ പന്ത്രണ്ട് സ്റ്റെപ് കയറി മുകളിൽ എത്താൻ എത്ര നേരം ഞാൻ എടുക്കും. പി.എസ്.സി പരീക്ഷക്ക് വന്ന ചോദ്യം പോലെ ഞാൻ ഇതും ആലോചിച്ചു അവിടെ താഴെ രണ്ടാമത്തെ പടിയിൽ ചാരിയിരുന്നു .
ഞാൻ ഫോൺ എടുത്തു നോക്കി ഇരുപത്തിയേഴു മിസ്സ്ഡ് കാൾസ് മീനാക്ഷി, ഇവൾക്കെന്താ പ്രാന്തായോ. നോക്കിയിരിക്കലെ വീണ്ടും ‘മീനാക്ഷി കാളിങ്’ കാണിച്ചു. ഞാൻ തപ്പിപിടിഞ്ഞു അതെടുത്തു.
“മീനാക്ഷി….മോളെ… നീ എവിടെ ആയിരുന്നെടീ, ഞാൻ എത്രവട്ടം വിളിച്ചു. ഇരുപത്തേഴുവട്ടം” എന്റെ മനസ്സിൽ അങ്ങനെ ആണ് ഓടിയത്.
അവൾക്കെന്തോ പന്തികേട് തോന്നിയെങ്കിലും പറഞ്ഞു തുടങ്ങി.
“ഉണ്ണിയേട്ടൻ എവിടെയാ, എത്ര നേരം ആയി ഞാൻ വിളിക്കാണ്. എന്നോട് പിണങ്ങിയിരിക്കണോ?” അവൾ കരച്ചിലിന്റെ വക്കത്തായിരുന്നു. ഞാൻ ഒരുപാട് കാത്തിരുന്നു എന്നവൾക്കു തോന്നിക്കാണണം, മേശപ്പുറത്തു രാവിലെതൊട്ടു തയ്യാറാക്കി വച്ചിരുന്ന ഭക്ഷണമെല്ലാം അവിടെത്തന്നെ ഇരിക്കുന്നുണ്ടാവും.
“മീനാക്ഷി……മോളെ…. അങ്ങനെ ഒന്നും പറയല്ലെടിയെ. (ഞാൻ വലിയൊരു ശ്വാസം എടുത്തു, കണ്ണൊന്നു തിരുമ്മി പറഞ്ഞുതുടർന്നു.)
ചേട്ടൻ താഴെ ഉണ്ടടി, സ്റ്റെപ് കയറികൊണ്ടിരിക്കാ. ഇപ്പൊ എത്തും, കാൽക്കുലേഷനിൽ ചെറിയ ഒരു ഡൌട്ട് അതാ വൈകണെ.”
ശബ്ദത്തിൽ വ്യത്യാസം കേട്ടപ്പോൾ അവൾക്കു ഉറപ്പായി എന്തോ പ്രശനം ഉണ്ടെന്നു, അവൾ ഫോൺ കട്ട് ചെയ്തു സ്റ്റെപ് ഓടിയിറങ്ങി വരണ ശബ്ദം കേൾക്കാം.
കുടിച്ചത് അവൾക്കു മനസ്സിലാവാതിരിക്കാൻ, ഞാൻ വരുന്ന വഴിക്കു ഒരു തമിഴൻ്റെന്നു അടിച്ചു മാറ്റിയ ചീർപ്പ് പോക്കറ്റിൽ നിന്ന് എടുത്തു മുടി ചീകിയൊതുക്കി, കണ്ടോ ഞാൻ ഫുൾ പ്ലാൻഡ് ആയിരുന്നു. ചീർപ്പ് പോക്കറ്റിൽ ഒളിപ്പിച്ചു ഞാൻ നാച്ചുറൽ ആയി, സ്വഭാവികം ആയി സ്റ്റെയർകേസിൽ ചാരിയിരുന്നു.
എങ്ങനെ ആണെന്ന് അറിയില്ല, അവൾക്കു മനസ്സിലായി ഞാൻ നല്ല ഫിറ്റ് ആണെന്ന്. ഇവളാളു പുലി തന്നെ. ഞാൻ അവളെ അത്ഭുതപ്പെട്ടു നോക്കി. (ലവലേശം ബോധം ഇല്ലാത്ത എനിക്ക് ഇങ്ങനെ ഒക്കെയാണ് തോന്നണതു,പക്ഷെ ഞാൻ ഊതിവിട്ട കാറ്റിൽ രണ്ടു കിലോമീറ്റർ അപ്പുറത്തെ പോലീസ് സ്റ്റേഷനിലെ ആൽക്കഹോൾ ടെസ്റ്റിംഗ് മെഷീൻ വരെ നിർത്താതെ ബീപ്പ് അടിക്കുന്നുണ്ടാവും.)
അവളെന്നെ എടുത്തു പൊക്കാൻ നോക്കി, ഞാൻ സമ്മതിച്ചില്ല.
“ എവിടെ ആയിരുന്നുടീ നീ ഇത്ര നേരം, ഞാൻ എന്തോരം തീ തിന്നു….
ഓ…… ഞാൻ നിന്റെ ആരും അല്ലല്ലോ, എന്നോട് പറയണ്ട ആവശ്യം ഇല്ലാലോ, ഞാൻ ആരാ ഇതൊക്കെ ചോദിക്കാൻ ല്ലെ….” ഞാൻ കുഴഞ്ഞു തുടങ്ങി.
അവൾ എന്നെ താങ്ങി വലിച്ചു മുകളിലേക്ക് നടന്നു.
“പൂമുറ വാതിക്കൽ, സ്ളേകം വിരത്തുന്ന, പഹൂ തിന്കെൾ ആഹുന്നു പഹാര്യാ.”
ഈശ്വര മനസ്സി വിചാരിച്ചതൊക്കെ പറഞ്ഞു പൂവാണല്ലോ…. എന്റെ ഭാരം താങ്ങാൻ ബിദ്ധിമുട്ടി നിന്ന അവൾ തിരിഞ്ഞു ഒരു കത്തുന്ന നോട്ടം നോക്കി. ആ നോട്ടത്തിനു ഞാൻ വെന്തു വെഞ്ചാമരം ആവണ്ടതാണ്, എന്റെ ഭാഗ്യത്തിന് അടിച്ച മദ്യത്തിൽ ഞാൻ വെള്ളം ചേർത്തിരുന്നു. അത് കൊണ്ട് മാത്രം തീപിടിക്കാതെ രക്ഷപ്പെട്ടു.
സോഫയിൽ കൊണ്ട് കിടത്തിയ എന്റെ മേലേക്കൂടെ ഭാരം താങ്ങാതെ അവളും മറഞ്ഞു വീണു. ഞാൻ അവളുടെ വിയർപ്പിൽ കുതിർന്ന കഴുത്തിൽ ഇറുക്കിപ്പിടിച്ചു ഒരു മുത്തംവച്ച് നുകർന്നു, പതിയെ ചുണ്ടുരുമികയറി, ഇന്നുമുഴുവൻ ജിമിക്കിയിട്ട വേദനയിൽ നീറി നിൽക്കുന്ന അവളുടെ ലോലമായ കീഴ്ക്കാതിൽ , നീരുകുടിയൻ മാങ്ങ കഴിക്കാറുള്ളതുപോലെ കാതടക്കം ഞാൻ ചപ്പിവലിച്ചു. അവളുടെ രുചി, ത്രസിപ്പിക്കുന്ന വിയർപ്പിന്റെ രുചി.
അവളെന്നെ തള്ളിമാറ്റി എഴുന്നേറ്റു, എഴുന്നേൽക്കാൻ പറ്റാത്തത് കൊണ്ട് മാത്രം ഞാൻ അവിടെത്തന്നെ കിടന്നു.
ബോധം മറയുന്നതിനു മുൻപ് മനസ്സിലെവിടെയോ കരുതി വച്ചിരുന്ന വാക്കുകൾ അണപൊട്ടിയൊഴുകി.
“മീനാക്ഷി നീ എവിടേക്കും പോകണ്ട, എന്നെ വിട്ടു എവിടേക്കും പോകണ്ട, ഞാൻ വിടില്ല. എനിക്ക് നിന്നെ ജീവനാ….” പറഞ്ഞു മുഴുവിക്കും മുന്നേ ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു.
