സംസാരിക്കുന്നുണ്ടായിരുന്നു. രണ്ട് പേരും പരസ്പരം മൊബൈൽ നമ്പറുകളും ഷെയർ ചെയ്യുന്നുണ്ടായിരുന്നു. ഞാനും നിയാസും അമൃതും അവരുടെ സംസാരം നോക്കി ഇരുന്നു. അപ്പോഴെയ്ക്കും അനുവും അമ്മയും വന്ന് പറഞ്ഞു: “എല്ലാരും വാ ട്ടോ കഴിക്കാനുള്ളത് എടുത്ത് വച്ചിട്ടുണ്ട്” നസീമിക്കാനെ ഞാൻ നിർബന്ധിച്ച് കൊണ്ട് വന്ന് ഡൈനിംഗ് ടേബിളിൽ ഇരുത്തി ഒപ്പം സാജിത ഇത്തയെയും ഇരുത്തി. ഞാനും അനുവും ഒഴികെ ബാക്കിയെല്ലാവരും കഴിക്കാനായി ഇരുന്നു. രാവിലെ തന്നെ അനുവും അമ്മയും കൂടി ഇഡലിയും സാമ്പാറുമാണ് ഉണ്ടാക്കിയത് ഞാനും അനുവും ചേർന്ന് അവർക്കെല്ലാവർക്കും അത് വിളമ്പിയിട്ട് വീട്ടുകാരായി നോക്കി നിന്നു. അവരെല്ലാവരും കഴിച്ചെഴ്ന്നേറ്റപ്പോൾ ഞാനും അനുവും കഴിക്കാനായി ഒരുമിച്ചിരുന്നു. എന്റെ പ്ലേറ്റിലേയ്ക്ക് ഇഡലിയും സാമ്പാറും ഒഴിച്ച് തന്ന അനു സ്വന്തം വിളമ്പി കഴിച്ച് തുടങ്ങി. കഴിക്കുന്നതിനിടെ അനു ശബ്ദം താഴ്ത്തി പറഞ്ഞു: “മോനൂസ്സെ, അമ്മ പറഞ്ഞു. ഇന്ന് വീടിന്റെ ബാക്കി എമൗണ്ട് കൊടുത്ത് രജിസ്ട്രേഷൻ നടത്തുംന്ന്. അച്ഛൻ വിനോദ് ചേട്ടനെ വിളിച്ച് കാര്യങ്ങളെല്ലാം അറേഞ്ച് ചെയ്തിട്ടുണ്ടെന്നാ പറഞ്ഞെ” “എന്നിട്ട് ഈ കാര്യം അച്ഛനെന്നോട് പറഞ്ഞില്ലാലോ.” “അത് ചിലപ്പോ മറന്ന് പോയതായിരിക്കും. സന്തോഷേട്ടൻ ഉച്ചയ്ക്ക് എഗ്രിമെന്റ് കൊണ്ടുവരുമ്പോ നമ്മള് രണ്ട് പേരും സൈൻ ചെയ്ത് കൊടുത്ത് കഴിഞ്ഞ് അച്ഛൻ ബാക്കി വരുന്ന 25 ലാക്ക്സ് ചെക്ക് ആയിട്ട് കൊടുക്കാനാ പ്ലാൻ” അനു പറഞ്ഞ് നിറുത്തി. “അങ്ങനെ വീട് നമ്മുടെ സ്വന്തമാവാൻ പോവ്വാ അല്ലേ അനൂസ്സെ”ന്ന് പറഞ്ഞ് ഞാൻ പെണ്ണിന്റെ ഇടത്തെ കൈയ്യിൽ ഇടം കൈ കൊണ്ട് പിടുത്തമിട്ടു. “ആ…” ന്ന് പറഞ്ഞ് പെണ്ണെന്റ തോളിലേയ്ക്കു ചാഞ്ഞു. കഴിച്ച് തീർന്നിട്ടും കുറച്ച് നേരം കൂടി ഞാനും അനുവും അതേ ഇരുപ്പിരുന്നു. റൂമിൽ അമ്മയുമായി സംസാരിച്ചിരുന്ന സാജിതത്തയും അമ്മയും ഡൈനിംഗ് ഹാളിലേയ്ക്ക് സംസാരിച്ച് വരുന്ന ശബ്ദം കേട്ടതോടെ ഞാനും അനുവും എഴുന്നേറ്റു. കൈ കഴുകാനായി വാഷ് ബേസിനടുത്തേയ്ക്ക് നടന്ന ഞാൻ അമ്മയെയും സാജിതത്തയെയും കണ്ടതോടെ ഒന്ന് നിന്നു. “ആദി, എന്നാ ഞമ്മള് ഇറങ്ങാണ്ടാ നീ ഓളെ കൂട്ടി സമയം കിട്ടുമ്പോലെ വീട്ടിയ്ക്ക് ബാ” സാജിതത്ത പറഞ്ഞു. “ഇറങ്ങാം ഇത്ത” ഒക്കത്തിരുന്ന സാജിതത്തയുടെ മോന്റെ തലയിൽ തലോടി കൊണ്ട് ഞാൻ പറഞ്ഞു. വേഗം കൈ കഴുകി ഉമ്മറത്തെയ്ക്ക് പോയ ഞാൻ നസീമിക്കാനെയും സാജിതത്തയെയും യാത്രയാക്കാൻ ഗേറ്റ് വരെ ചെന്നു. തിരിച്ച് ഉമ്മറത്തെ തിണ്ണയിൽ നിയാസിന്റെയും അമൃതിന്റെയും അടുത്തു പോയി ഇരുന്ന ഞാൻ പറഞ്ഞു: “അങ്ങനെ നമ്മള് കമ്പനി നടത്താൻ പോവ്വാലേ” “എന്താകുമോ എന്തോ” നിയാസ് ചിരിച്ച് കൊണ്ട് പറഞ്ഞു. “മച്ചാനേ വൈകീട്ട് നമ്മുക്ക് ഇവിടത്തെ ബീച്ചിലൊക്കെ ഒന്ന് പോയാലോ അമൃതാണിത് പറഞ്ഞത്. “പിന്നെന്താ പോകാലോ” ഞാൻ ചിരിച്ച് കൊണ്ട് അമൃതിന് മറുപടി കൊടുത്തു. അവരുടെ കൂടെ ഓരോന്ന് സംസാരിച്ചിരിക്കുമ്പോൾ അച്ഛൻ വന്ന് ഞങ്ങളുടെ അടുത്തിരുന്നിട്ട്
എന്റെ നേരെ മുഖം തിരിച്ച് കൊണ്ട് പറഞ്ഞു: “ആദി … ഞങ്ങള് നാളെ രാവിലെ തന്നെ പോകും. കമ്പനീല് നാളെ ഒരു
ഇമ്പോർട്ടന്റ് മീറ്റിംഗുണ്ട്. അത് കാരണം വീടിന്റെ എഗ്രിമെന്റ് സൈൻ ചെയ്ത് ബാലൻസ് എമൗണ്ട് ഇന്ന് തന്നെ കൊടുത്ത് സെറ്റില് ചെയ്യാം. പിന്നെ വീട് നിന്റേം അനൂന്റേം പേരിലാ രജിസ്ട്രർ ചെയ്യുന്നേ അതോണ്ട് നിങ്ങള് രണ്ട് പേരും അതിൽ ഒരുമിച്ച് സൈൻ ചെയ്യണം. വിനോദിനെ വിളിച്ച് പറഞ്ഞ് ഞാൻ കാര്യങ്ങളെല്ലാം റെഡിയാക്കിയിട്ടുണ്ട്. ഉച്ചയാകുമ്പോഴെയ്ക്കും ആള് വരുമെന്നാ പറഞ്ഞെ” അച്ഛൻ പറഞ്ഞ് നിറുത്തി. “അതു മതി അച്ഛാ” ഞാൻ അച്ഛനോട് പറഞ്ഞു. അപ്പോഴെയ്ക്കും സമയം 1 മണി ആയിരുന്നു. അനു “ചോറ് കഴിക്കാന്ന്” പറഞ്ഞ് ഞങ്ങളെയെല്ലാവരെയും വിളിച്ചു. ഒരുമിച്ചിരുന്നാണ് ഞങ്ങൾ കഴിച്ചത്. ചോറിന് സദ്യയൊരുക്കിയിരുന്നു. 6 കൂട്ടം കറികളും പായസവുമെല്ലാം ഉണ്ടായിരുന്നു. ഉച്ചയ്ക്കുള്ള ഭക്ഷണമുണ്ടാക്കാൻ റാണി ചേച്ചി വന്നിരുന്നു. സഹായത്തിന് അമ്മയും അനുവും അഞ്ജുവും കൂടി. ചോറ് കഴിച്ച് കഴിഞ്ഞ് എല്ലാവരും ഉച്ച മയക്കത്തിനായി കിടന്നു. ഞങ്ങളുടെ ബെഡ് റൂമിലേയ്ക്ക് ചെന്നപ്പോൾ അഞ്ജു അനുവുമായി ബെഡിൽ ഇരുന്ന് ഫോണിൽ സെൽഫി എടുക്കുന്നുണ്ടായിരുന്നു അതോടെ ഞാൻ നിയാസും അമൃതും കിടക്കുന്ന റൂമിലേയ്ക്ക് ചെന്ന് അവരുമായി സംസാരിച്ച് കിടന്ന് മയങ്ങി. വൈകീട്ട് മൂന്നര മണിയാവാറായപ്പോൾ അനു വന്ന് “ആദി എഴുന്നേൽക്ക് വീടിന്റെ ഡോക്യൂമെന്റ് സൈൻ ചെയ്യിക്കാൻ ദേ സന്തോഷേട്ടൻ വന്നേക്കുന്നൂ” ന്ന് പറഞ്ഞ് വിളിച്ചപ്പോഴാണ് ഞാനെഴ്ന്നേറ്റത് അപ്പോഴും അമൃതും നിയാസും ഉറക്കത്തിലായിരുന്നു. മുഖമൊക്കെ ഒന്ന് കഴുകി ഫ്രഷായി ഞാൻ നേരെ സിറ്റിംഗ് റൂമിലേയ്ക്ക് ചെന്നു. അപ്പോഴവിടെ അച്ഛനും സന്തോഷേട്ടനും സോഫയിലിരുന്ന് സംസാരിച്ചിരിക്കുകയായിരുന്നു. എന്നെ കണ്ടതോടെ സന്തോഷേട്ടൻ പറഞ്ഞു: “മോനെ, ഞാൻ വന്നതേ നിങ്ങളെ രണ്ടാളെ കൊണ്ടും വീടിന്റെ എഗ്രിമെന്റ് സൈൻ ചെയ്യിക്കാനാ. മോൻ വൈഫിനെ ഒന്ന് വിളിച്ചേ…” അനൂനെ വിളിക്കാനായി ഞാൻ തിരിഞ്ഞപ്പോഴെയ്ക്കും അനു എന്റെ തൊട്ട് പിറകിൽ തന്നെ ചിരിച്ച മുഖത്തോടു കൂടി നിൽക്കുന്നുണ്ടായിരുന്നു. കക്ഷി വീട് ഞങ്ങളുടെ പേരിൽ രജിസ്ട്രേഷൻ നടത്തുന്നതിന്റെ ത്രില്ലില്ലാണെന്ന് പെണ്ണിന്റെ മുഖ ഭാവത്തിൽ നിന്ന് എനിക്ക് മനസ്സിലായി. അനൂനെ നോക്കി ഞാൻ പറഞ്ഞു: “വാ” അതോടെ അനു എന്റെ പുറത്ത് കൈ വച്ച് കൊണ്ട് എന്റെ കൂടെ നടന്ന് സോഫ സെറ്റിയിൽ ഇരുന്നു. വിനോദേട്ടന്റെ കൈയ്യിൽ നിന്ന് എഗ്രിമെന്റ് വാങ്ങി എന്റെ പേരിന് നേരെ സൈൻ ചെയ്ത ഞാൻ അനൂന് സൈൻ ചെയ്യാനായിട്ട് എഗ്രിമെന്റടങ്ങിയ പേപ്പർ കൈയ്യിൽ കൊടുത്തിട്ട് സൈൻ ചെയ്യാനാനുള്ള ഭാഗം കാണിച്ച് കൊടുത്തു. അനു സൈൻ ചെയ്തതോടെ പേപ്പറുകൾ ഞാൻ അച്ഛനോടൊന്ന് നോക്കാനായി പറഞ്ഞ് കൈയ്യിൽ കൊടുത്തു. പേപ്പറുകളെല്ലാം 5 മിനിറ്റ് കൊണ്ട് വായിച്ച അച്ഛൻ അത് സന്തോഷേട്ടന്റെ കൈയ്യിൽ തിരിച്ചേൽപ്പിച്ചിട്ട് ചോദിച്ചു. “2 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ കഴിഞ്ഞ ഉടനെ പേപ്പർ ഇവർക്ക് കൊടുത്തോളും അല്ലേ സന്തോഷേ?” “അത് ഞാൻ വേഗം റെഡിയാക്കി കൊടുത്തോളാം സാർ” സന്തോഷേട്ടൻ അച്ഛനോട് പറഞ്ഞു.
