അരളിപ്പൂന്തേൻ – 8

ക്യാന്റീനിൽ നിന്നും ഇറങ്ങി ഗ്രൗണ്ടിന് ചുറ്റും തണൽ വിരിക്കുന്ന പടുകൂറ്റൻ മരങ്ങൾക്കിടയിലൂടെ ഞങ്ങൾ നടന്നു. പഴയ അതേ വഴികളിലൂടെ ഇരുവഴിയായ് പിരിഞ്ഞവർ വീണ്ടുമൊരുമിച്ച് നടന്നകലുമ്പോൾ സംസാരിച്ചതെല്ലാം വിവാഹ ശേഷമുള്ള അവളുടെ ജീവിതത്തെകുറിച്ചാണ്. ദുബായിൽ വച്ച് അവസാനമായി കണ്ട മീരയല്ലിവൾ. നേട്ടങ്ങളുടെ ഒരു പട്ടിക തന്നെയുണ്ട് അവളുടെ കണക്ക് പുസ്തകത്തിൽ. അവൾ സമ്പാദിച്ചതിന്റെയും സ്വന്തമാക്കിയതിന്റെയും പകുതിപോലും വരില്ല എന്റെ സമ്പാദ്യം.

ഉച്ചയോടെ ഞാൻ അവളെ കൂട്ടി പോയത് ടൗണിലുള്ള ഏറ്റവും നല്ല ബിരിയാണി കിട്ടുന്ന ഹോട്ടലിലേക്കാണ്.

: നൈസ് കാർ…

: ഇപ്പൊ വാങ്ങിയതാണ്.. ചേട്ടന് ഇടയ്ക്കിടയ്ക്ക് വണ്ടി മാറ്റണം. ലാലു ഇപ്പോഴും ആ പഴയ വണ്ടി ഒഴിവാക്കിയില്ല അല്ലെ…

: ഹേയ്… ഇല്ല. പുതിയ ചില്ലകൾ എത്തിപ്പിടിക്കാൻ നോക്കുമ്പോഴും ഒഴിവാക്കാൻ പറ്റാത്ത ചില ബന്ധങ്ങൾ ഉണ്ടാവില്ലേ. അതുപോലൊരു ബന്ധമാണ് എന്റെ വണ്ടിയോട് എനിക്ക്..

ഹോട്ടലിന്റെ പാർക്കിങ്ങിൽ വണ്ടി പാർക്ക് ചെയ്തുവന്ന അവളുടെ കൂടെ ഞാൻ അകത്തേക്ക് നടന്നു. ഈ ഹോട്ടലിൽ നിന്നും ഞാനും അവളും ഒത്തിരി തവണ കഴിച്ചിട്ടുള്ളതാണ്. അവൾക്ക് വേണ്ടി ഓർഡർ ചെയ്തതും ഞാനാണ്. രണ്ട് ചിക്കൻ ധം ബിരിയാണിയും ഒരു ഫ്രഷ് ലൈം ജ്യൂസും പറയുമ്പോൾ മീരയുടെ കണ്ണുകൾ അത്ഭുതത്തോടെ എന്നെനോക്കി…

: ലാലു, ഒന്നും മറന്നിട്ടില്ല അല്ലെ… എന്റെ ഇഷ്ടങ്ങൾ ഞാൻ തന്നെ മറന്നുപോയി.. ഭർത്താവിന്റെ ഇഷ്ടങ്ങളാണ് ഇപ്പൊ എന്റെ ഇഷ്ടങ്ങൾ…

: ശരിയാണ് നിന്റെ ഇഷ്ടങ്ങളെല്ലാം നീ മറന്നു… ഭർത്താവിന് വേണ്ടി മറക്കാൻ തുടങ്ങുന്നതിന് മുന്നേ മറന്നതല്ലേ എന്നെ..

എന്റെ മറുപടി കേട്ട് മീരയൊന്ന് മൗനമായെങ്കിലും ഉടനെ അവൾ എന്നെനോക്കി പുഞ്ചിരിച്ചു. കുറച്ചുനേരത്തെ ആലോചനയ്ക്ക് ശേഷം അവളെന്നോട് ചോദിച്ചു…

: കുറച്ചു കാലമായി ചോദിക്കണമെന്ന് കരുതിയതാണ്… നീ എന്നോട് സത്യം പറയുമോ

: നിന്നോട് ഞാൻ ഇതുവരെ ഒന്നും ഒളിച്ചിട്ടില്ലല്ലോ…

: ഉം… ലാലുവിന്റെയുള്ളിൽ എന്നോടുള്ള പഴയ ഇഷ്ടം ഇപ്പോഴും ഉണ്ടോ…

എനിക്ക് അതിന് വ്യക്തമായ ഉത്തരമുണ്ട്. പക്ഷെ ഞാൻ അത് അവളോട് പറഞ്ഞില്ല. സമയമുണ്ടല്ലോ ഇന്ന് പിരിയുന്നതിനു മുൻപ് ഉത്തരം തരാമെന്ന് പറഞ്ഞ് ഞാൻ ഭക്ഷണം കഴിച്ചെഴുന്നേറ്റു.

പണ്ട് അവധി ദിവസങ്ങളിൽ ഞങ്ങൾ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് ബീച്ചിലെ കാറ്റാടി മരച്ചോട്ടിൽ ആണ്. മീരയെ കൂട്ടി വീണ്ടും ആ ഓർമകളിലേക്ക് ഒരിക്കൽക്കൂടി എത്തിനോക്കി. അവൾക്ക് ഇഷ്ടപെട്ട കോൺ ഐസ് ക്രീം നുണഞ്ഞുകൊണ്ട് എന്നോട് ചേർന്ന് നടക്കുമ്പോൾ ഉള്ളിൽ എവിടെയോ ഞാനെന്റെ തുഷാരയെ മിസ് ചെയുന്നു. കരയെ പുൽകി ദൂരേയ്ക്ക് പാഞ്ഞകലുന്ന തിരകളെ നോക്കി മീരയുമൊത്ത് പൈന്മര ചോട്ടിൽ ഇരിക്കുമ്പോൾ അവൾക്ക് പറയാനുണ്ടായിരുന്നത് മുഴുവൻ അവളുടെ ഭാവിയെകുറിച്ചാണ്. ഒരു വിദ്യാർത്ഥിയിൽ നിന്നും ഇന്നത്തെ മീരയിലേക്കുള്ള മാറ്റം എന്നെ അതിശയിപ്പിച്ചു.

വൈകുന്നേരം പിരിയാൻ നേരം അവൾ വീണ്ടുമെന്നോട് ആ ചോദ്യം ചോദിച്ചു.

: ലാലു… ഇനി പറഞ്ഞൂടെ, ഈ ഉള്ളിൽ മീരയുണ്ടോ ഇപ്പോഴും…

: മീര.. അതിനുമുൻപ് ഞാൻ ചോദിച്ച ചോദ്യമുണ്ടായിരുന്നു, വർഷങ്ങൾക്ക് ശേഷം കാണണമെന്ന മോഹം എങ്ങനുണ്ടായെന്ന്… അതിന് മീര ഒരു ഉത്തരം തരേണ്ട. എനിക്ക് വേണ്ട ഉത്തരം നേരത്തേ കിട്ടി. അതിൽ ഞാൻ തൃപ്തനാണ്. ഇനി മീരയുടെ ചോദ്യത്തിലേക്ക് വരാം…

അന്ധാളിച്ചു നിന്ന അവളുടെ കണ്ണുകൾക്ക് മുന്നിലൂടെ എന്റെ ചൂണ്ടുവിരൽ വിദൂരതയിലേക്ക് നീണ്ടു. ഞാൻ ചൂണ്ടിയ ദിശയിലേക്ക് കണ്ണുകൾ പോയ മീര കാണുന്നത് ദൂരെ നിന്നും ഞങ്ങളെ ലക്ഷ്യമാക്കി വരുന്ന വണ്ടിയാണ്. ഞങ്ങൾക്ക് മുന്നിൽ വന്ന് നിർത്തിയ ആ ആഡംബര കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങിവന്ന സെറ്റുസാരിയുടുത്ത നാടൻ പെൺകൊടിയെ ചേർത്തുപിടിച്ച് അവളുടെ കഴുത്തിൽ കിടക്കുന്ന താലിമാല പിടിച്ചുകൊണ്ട് മീരയോട് പറഞ്ഞു..

: ഇത് വെറുമൊരു ലോഹച്ചരടല്ല.. എന്റെ മനസാണ്, എന്റെ പെണ്ണിന്റെ ധൈര്യവും….

: തുഷാര…!

: അതെ… എന്റെ ഭാര്യ, തുഷാര ശ്രീലാൽ. ഇവളുടെ മനസാണ് എന്റെ സമ്പാദ്യം.

…………..

മീരയിൽ നിന്നും ഞങ്ങൾ അകലുമ്പോൾ എന്റെയുള്ളിൽ സന്തോഷത്തേക്കാൾ ഏറെ അഭിമാനമാണ് തോന്നുന്നത്…മീരയുടെ ചോദ്യത്തിനുള്ള ഉത്തരം അവൾക്ക് കിട്ടിയാലും ഇല്ലെങ്കിലും ഒന്നുറപ്പാണ്..

ഭർത്താവ് അറിയാതെയാണ് അവൾ വന്നതെങ്കിൽ, എനിക്കും തുഷാരയ്ക്കും ഇടയിൽ രഹസ്യങ്ങളൊന്നുമില്ലെന്ന് അവൾ തീർച്ചയായും മനസിലാക്കിയിട്ടുണ്ടാവും.. കാരണം…

“കാമുകി കളവും… ഭാര്യ സത്യവുമാണ്…”

ലെച്ചു എന്നെ പഠിപ്പിച്ച വാചകങ്ങൾ ജീവിതത്തിൽ പ്രവർത്തികമാക്കിയതിന്റെ സന്തോഷത്തിൽ അഭിമാനത്തോടെ ഞാൻ തുഷാരയെ നോക്കി…

: ഏട്ടാ….

: ഉം….

: വർഷങ്ങൾക്ക് ശേഷം എന്തിനായിരിക്കും മീരയ്ക്ക് ഇങ്ങനെ ഒരു മോഹം ഉണ്ടായതെന്ന് ഏട്ടന് ഇപ്പോൾ മനസ്സിലായോ..

: നീ മുൻകൂട്ടി പ്രവചിച്ചത് ഞാൻ ഇന്ന് മീരയുടെ വാക്കുകളിൽ നിന്നും മനസിലാക്കി… അതല്ലേ ഞാൻ അവസാനം അവളോട് പറഞ്ഞത്… എന്റെ സമ്പാദ്യമാണ് നീയെന്ന്….

…………………..

/// …. ഇന്നലെ രാത്രി കിടക്കാൻ നേരം…..

: ഏട്ടൻ പോണം… അല്ലെങ്കിൽ വീണ്ടും മീര ഇതുപോലെ വിളിക്കും.

: ഡീ അവൾ എന്തെങ്കിലും ഉഡായിപ്പുമായിട്ട് ആണ് വരുന്നതെങ്കിലോ…

: എന്റെ ഏട്ടൻ ആണല്ലേ… നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവില്ലേ… ഏട്ടൻ പോ. എന്ത് ഉഡായിപ്പുമായി വന്നാലും ശരി.. എനിക്കറിയാം എന്റെ ഭർത്താവിനെ. മറ്റൊരാളുടെയും സർട്ടിഫിക്കറ്റ് എനിക്ക് വേണ്ട. എന്റെ ബോധ്യമാണ് എന്റെ വിശ്വാസം..

: എന്നാലും ആ പോത്ത് എന്തിനായിരിക്കും കാണാൻ പറഞ്ഞത്…

: സിമ്പിൾ…

മീരയ്ക്ക് അറിയണം ഏട്ടന്റെ ഉള്ളിൽ ഇപ്പോഴും അവളുണ്ടോ എന്ന്. ഈ ഒരു സംശയം ഒട്ടുമിക്ക തേപ്പുകാരികൾക്കും ഉള്ളതാണ്. അവർ തന്നെ വലിച്ചെറിഞ്ഞ കാമുകന്റെ ഉള്ളിൽ ഇപ്പോഴും താനുണ്ടോ എന്നറിയാനുള്ള ഒരുതരം മാനസീക വിഭ്രാന്തി. എല്ലാ തേപ്പുകാരികളും വിചാരിക്കുന്നത് അവരെ മറികടന്ന് മറ്റൊരാൾ ആ ഹൃദയത്തിൽ സ്ഥാനം പിടിക്കില്ലെന്നാണ്. അന്ന് ഉപേക്ഷിച്ചു പോയതുകൊണ്ട് എനിക്ക് നല്ലതേ ഉണ്ടായുള്ളൂ, നിന്റെകൂടെ ആയിരുന്നെങ്കിൽ എനിക്ക് ഇപ്പോഴുള്ള സൗഭാഗ്യങ്ങളൊന്നും സ്വപ്നം കാണാൻ പോലും ആകുമായിരുന്നില്ല എന്ന് പഴയ കാമുകനെ അറിയിക്കാനും തന്റെ പൊങ്ങച്ചം വിളമ്പാനുമുള്ള ഒരുതരം കുശുമ്പ്… അത്രയേ ഉള്ളു. ഇട്ടേച്ചുപോയ കാമുകിയെ ഓർത്ത് താടിയും മുടിയും നീട്ടി വളർത്തി പ്രാന്തനെപോല്ലേ ആർക്കോവേണ്ടി ജീവിച്ചു തീർക്കുകയല്ല എന്റെ ഏട്ടനെന്ന് കാണിച്ചുകൊടുക്കണം നാളെ.

: എടിയേ…. നിനക്കെങ്ങനാടി ഇതൊക്കെ അറിയുന്നേ… സത്യം പറയെടി എത്രയെണ്ണത്തിനെ തേച്ചു…

Leave a Reply

Your email address will not be published. Required fields are marked *