അവളെ കാണാമെന്ന് ഞാൻ തീരുമാനിച്ചതുമുതൽ മനസ് പലപ്പോഴും പഴയ വഴികളിലൂടെ സഞ്ചരിച്ചിരുന്നു. പിരിയാനും പിരിക്കാനുമല്ലേ ആരെകൊണ്ടും പറ്റൂ…അല്ലാതെ പരസ്പരം അനുഭവിച്ചറിഞ്ഞ അനുഭൂതിയെ അടർത്തി മാറ്റാൻ ആരെകൊണ്ടും പറ്റില്ലല്ലോ. വീണ്ടും കണ്ടുമുട്ടാൻ കോളേജ് തന്നെ തിരഞ്ഞെടുത്തത് എന്റെ സ്വാർത്ഥത ആയിരുന്നു. തുടക്കം ഇവിടെ നിന്നായിരുന്നല്ലോ. വർഷങ്ങൾക്കിപ്പുറം വീണ്ടും പഴയ ഓർമകളിലൂടെ സഞ്ചരിക്കാൻ ഒരാഗ്രഹം. ആഡംബര കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്നും അവൾ ഇറങ്ങുന്നതുവരെ എന്റെ ചിന്തകൾ പലവഴിക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു.
കോളേജ് ക്യാന്റീനിൽ എന്നോടൊപ്പമിരുന്ന് ചായ കുടിച്ചിരുന്ന പത്തൊമ്പതുകാരി മീരയിൽ നിന്നും ഇരുപത്തൊമ്പതുകാരി മീരയിലേക്കുള്ള ദൂരം വളരെ വലുതാണ്. മീരയാകെ മാറിപ്പോയി. നാടൻ പെണ്ണിൽ നിന്നും വിദേശ മലയാളിയിലേക്കുള്ള മാറ്റം അവളിൽ പ്രകടമായി. അന്ന് ആസ്വദിച്ച് കഴിച്ചിരുന്ന പഴംപൊരി കഴിക്കുന്നതിൽ പോലും ഒരു വിദേശ സ്റ്റൈലാണ് മീരയ്ക്ക് ഇന്ന്. അവളുടെ ഏറ്റവും പ്രിയപ്പെട്ട കോമ്പിനേഷൻ ആയിരുന്നു ചൂട് ചായയും മുരിഞ്ഞ പഴംപൊരിയും. അവളുടെ കുട്ടിത്തമെല്ലാം പോയി. ഇന്ന് ശരിക്കുമൊരു സ്ത്രീ ആയിരിക്കുന്നു. ചായ ഊതി കുടിക്കുന്നതിനിടയിൽ ഞാനവളോട് ചോദിച്ചു, വർഷങ്ങൾക്ക് ശേഷം വീണ്ടും കാണണമെന്ന മോഹമെങ്ങനെ ഉണ്ടായെന്ന്.. അതിന് അവൾ മറുപടി പറഞ്ഞില്ല. വൈകുന്നേരം വരെ സമയമുണ്ടല്ലോ എന്ന ഒഴിവ് പറഞ്ഞ് അവളെന്നെ നോക്കിയിരുന്നു.
ക്യാന്റീനിൽ നിന്നും ഇറങ്ങി ഗ്രൗണ്ടിന് ചുറ്റും തണൽ വിരിക്കുന്ന പടുകൂറ്റൻ മരങ്ങൾക്കിടയിലൂടെ ഞങ്ങൾ നടന്നു. പഴയ അതേ വഴികളിലൂടെ ഇരുവഴിയായ് പിരിഞ്ഞവർ വീണ്ടുമൊരുമിച്ച് നടന്നകലുമ്പോൾ സംസാരിച്ചതെല്ലാം വിവാഹ ശേഷമുള്ള അവളുടെ ജീവിതത്തെകുറിച്ചാണ്. ദുബായിൽ വച്ച് അവസാനമായി കണ്ട മീരയല്ലിവൾ. നേട്ടങ്ങളുടെ ഒരു പട്ടിക തന്നെയുണ്ട് അവളുടെ കണക്ക് പുസ്തകത്തിൽ. അവൾ സമ്പാദിച്ചതിന്റെയും സ്വന്തമാക്കിയതിന്റെയും പകുതിപോലും വരില്ല എന്റെ സമ്പാദ്യം.
ഉച്ചയോടെ ഞാൻ അവളെ കൂട്ടി പോയത് ടൗണിലുള്ള ഏറ്റവും നല്ല ബിരിയാണി കിട്ടുന്ന ഹോട്ടലിലേക്കാണ്.
: നൈസ് കാർ…
: ഇപ്പൊ വാങ്ങിയതാണ്.. ചേട്ടന് ഇടയ്ക്കിടയ്ക്ക് വണ്ടി മാറ്റണം. ലാലു ഇപ്പോഴും ആ പഴയ വണ്ടി ഒഴിവാക്കിയില്ല അല്ലെ…
: ഹേയ്… ഇല്ല. പുതിയ ചില്ലകൾ എത്തിപ്പിടിക്കാൻ നോക്കുമ്പോഴും ഒഴിവാക്കാൻ പറ്റാത്ത ചില ബന്ധങ്ങൾ ഉണ്ടാവില്ലേ. അതുപോലൊരു ബന്ധമാണ് എന്റെ വണ്ടിയോട് എനിക്ക്..
ഹോട്ടലിന്റെ പാർക്കിങ്ങിൽ വണ്ടി പാർക്ക് ചെയ്തുവന്ന അവളുടെ കൂടെ ഞാൻ അകത്തേക്ക് നടന്നു. ഈ ഹോട്ടലിൽ നിന്നും ഞാനും അവളും ഒത്തിരി തവണ കഴിച്ചിട്ടുള്ളതാണ്. അവൾക്ക് വേണ്ടി ഓർഡർ ചെയ്തതും ഞാനാണ്. രണ്ട് ചിക്കൻ ധം ബിരിയാണിയും ഒരു ഫ്രഷ് ലൈം ജ്യൂസും പറയുമ്പോൾ മീരയുടെ കണ്ണുകൾ അത്ഭുതത്തോടെ എന്നെനോക്കി…
: ലാലു, ഒന്നും മറന്നിട്ടില്ല അല്ലെ… എന്റെ ഇഷ്ടങ്ങൾ ഞാൻ തന്നെ മറന്നുപോയി.. ഭർത്താവിന്റെ ഇഷ്ടങ്ങളാണ് ഇപ്പൊ എന്റെ ഇഷ്ടങ്ങൾ…
: ശരിയാണ് നിന്റെ ഇഷ്ടങ്ങളെല്ലാം നീ മറന്നു… ഭർത്താവിന് വേണ്ടി മറക്കാൻ തുടങ്ങുന്നതിന് മുന്നേ മറന്നതല്ലേ എന്നെ..
എന്റെ മറുപടി കേട്ട് മീരയൊന്ന് മൗനമായെങ്കിലും ഉടനെ അവൾ എന്നെനോക്കി പുഞ്ചിരിച്ചു. കുറച്ചുനേരത്തെ ആലോചനയ്ക്ക് ശേഷം അവളെന്നോട് ചോദിച്ചു…
: കുറച്ചു കാലമായി ചോദിക്കണമെന്ന് കരുതിയതാണ്… നീ എന്നോട് സത്യം പറയുമോ
: നിന്നോട് ഞാൻ ഇതുവരെ ഒന്നും ഒളിച്ചിട്ടില്ലല്ലോ…
: ഉം… ലാലുവിന്റെയുള്ളിൽ എന്നോടുള്ള പഴയ ഇഷ്ടം ഇപ്പോഴും ഉണ്ടോ…
എനിക്ക് അതിന് വ്യക്തമായ ഉത്തരമുണ്ട്. പക്ഷെ ഞാൻ അത് അവളോട് പറഞ്ഞില്ല. സമയമുണ്ടല്ലോ ഇന്ന് പിരിയുന്നതിനു മുൻപ് ഉത്തരം തരാമെന്ന് പറഞ്ഞ് ഞാൻ ഭക്ഷണം കഴിച്ചെഴുന്നേറ്റു.
പണ്ട് അവധി ദിവസങ്ങളിൽ ഞങ്ങൾ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് ബീച്ചിലെ കാറ്റാടി മരച്ചോട്ടിൽ ആണ്. മീരയെ കൂട്ടി വീണ്ടും ആ ഓർമകളിലേക്ക് ഒരിക്കൽക്കൂടി എത്തിനോക്കി. അവൾക്ക് ഇഷ്ടപെട്ട കോൺ ഐസ് ക്രീം നുണഞ്ഞുകൊണ്ട് എന്നോട് ചേർന്ന് നടക്കുമ്പോൾ ഉള്ളിൽ എവിടെയോ ഞാനെന്റെ തുഷാരയെ മിസ് ചെയുന്നു. കരയെ പുൽകി ദൂരേയ്ക്ക് പാഞ്ഞകലുന്ന തിരകളെ നോക്കി മീരയുമൊത്ത് പൈന്മര ചോട്ടിൽ ഇരിക്കുമ്പോൾ അവൾക്ക് പറയാനുണ്ടായിരുന്നത് മുഴുവൻ അവളുടെ ഭാവിയെകുറിച്ചാണ്. ഒരു വിദ്യാർത്ഥിയിൽ നിന്നും ഇന്നത്തെ മീരയിലേക്കുള്ള മാറ്റം എന്നെ അതിശയിപ്പിച്ചു.
