ജീവിതമാകുന്ന നൗക – 9അടിപൊളി  

നേരെ ആലുവ പുഴയുടെ തീരത്തുള്ള ഒരു പുതിയ റിസോർട്ടിലേക്കാണ് പോയത്. അവിടെ സ്റ്റീഫനും അരുൺ സാറും ബീന മിസ്സും അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. ബീന മിസ്സ് രാവിലെ തന്നെ മീര മാഡത്തിൻ്റെ പെർമിഷൻ വാങ്ങി അന്നയുടെ ബുക്കും ഡ്രെസ്സുമെല്ലാം കോളേജ് ഹോസ്റ്റലിൽ നിന്ന് എടുത്ത് കാറിൽ സൂക്ഷിച്ചിട്ടുണ്ട്.

അന്നയെ കണ്ടതും സ്റ്റീഫന് സ്വയം നിയന്ത്രിക്കാനായില്ല. അവൻ ചേച്ചിയെ ചെന്ന് കെട്ടി പിടിച്ചു കരഞ്ഞു.

“ചേച്ചി എന്താണ് എന്നെ വിളിക്കാത്തത്? ഞാൻ എന്തു മാത്രം വിഷമിച്ചെന്ന് അറിയാമോ. ചേച്ചി എൻ്റെ ഒപ്പം വാ നമുക്കു അപ്പച്ചിയുടെ അടുത്ത് പോകാം. പപ്പയുടെ അടുത്തു ഞാൻ പറയാം.”

അന്ന ഒന്നും തന്നെ മിണ്ടിയില്ല. കാര്യങ്ങൾക്ക് നീക്കു പോക്കില്ല എന്ന് കണ്ടപ്പോൾ അരുൺ സാർ ഇടപെട്ടു

“അന്നയുടെ തീരുമാനം എന്താണ്. സ്റ്റീഫൻ പറഞ്ഞ പോലെ അപ്പച്ചിയുടെ അടുത്തു പോകുന്നോ?”

അന്ന ഒന്നും മിണ്ടിയില്ല. കണ്ണൊക്കെ നിറഞ്ഞിരുന്നു.

“അല്ലെങ്കിൽ ബീന മിസ്സ് കോളേജിന് അടുത്തുള്ള ഹോസ്റ്റലിൽ റൂം അറേഞ്ച് ചെയ്‌തിട്ടുണ്ട്‌. തത്കാലം അങ്ങോട്ട് താമസമാക്കാം അത് കഴിഞ്ഞു പതുക്കെ കാര്യങ്ങൾ തീരുമാനിക്കാം. തുടർന്ന് പഠിക്കാൻ ആണെങ്കിൽ ഒരു കുഴപ്പവും ഇല്ല.”

“നിങ്ങൾക്ക് ആർക്കെങ്കിലും എൻ്റെ പപ്പയുടെ അടുത്ത് നിന്ന് എന്നെ സംരക്ഷിക്കാം എന്നുറപ്പ് പറയാൻ പറ്റുമോ?”

കരച്ചിലൊക്കെ മാറി രൗദ്ര ഭാവത്തോടെയാണ് അന്ന അത് ചോദിച്ചത്
അതിനവർക്കാർക്കും ഉത്തരമുണ്ടായിരുന്നില്ല. അന്ന ഒന്നും മിണ്ടാതെ ജേക്കബ് അച്ചായൻ്റെ കാറിൽ നിന്ന് ബാഗ്‌ എടുത്തോണ്ട് വന്നു.

“അങ്കിൾ എൻ്റെ ഫോൺ. “

ജേക്കബ് അച്ചായൻ അന്നയുടെ ഫോൺ തിരികെ നൽകി.

“അച്ചായാ പിന്നെ കാണാം എന്ന് കരുതുന്നു “

“പോയി വാ മോളെ “

“വാ പോകാം. “

അരുൺ സാറിനോടും ബീന മിസ്സിനോടുമാണ് പറഞ്ഞത്.

അവൾ ഹോസ്റ്റലിൽ നിൽക്കാൻ സമ്മതിച്ചതിൻ്റെ ആശ്വാസത്തിലായിരുന്നു എല്ലാവരും.

അരുണും ബീനയും അന്നയെ കൂട്ടി നേരെ ഹോസ്റ്റലിലേക്ക്. സ്റ്റീഫൻ അവൻ്റെ ബൈക്കുമെടുത്തു പിന്നാലെ വന്നു. അന്ന അവൻ്റെ അടുത്ത് സംസാരിക്കാത്തതിൽ അവന് വിഷമമായിരുന്നു കാറിൽ അന്ന ഒന്നും തന്നെ മിണ്ടിയില്ല. ഹോസ്റ്റലിൽ എത്തി അഡ്മിഷൻ ഒക്കെ എടുത്തു.

വാർഡൻ റൂൾസ് ഒക്കെ പറഞ്ഞു. വർക്ക ചെയ്യുന്നവർ ഉള്ളത് കൊണ്ട് ഒമ്പതര വരെ സമയമുണ്ട്. ബ്രേക്ഫാസ്റ്റും ഡിന്നറും ഉണ്ട് വീക്കിലി പേയ്‌മെൻ്റെ. വലിയ പ്രശ്നമൊന്നുമില്ല. പിന്നെ ബീന മിസ്സിൻ്റെ ബന്ധു എന്ന് കള്ളം പറഞ്ഞാണ് അഡ്മിഷൻ എടുത്തിരിക്കുന്നത്. അന്ന അത്‌ തിരുത്താനൊന്നും പോയില്ല. ശനിയാഴ്ച ആയതു കൊണ്ട് റൂം മേറ്റ് ഇല്ല വീട്ടിൽ പോയേക്കുകയാണ്. അവളുടെ ബാഗും സാധനങ്ങളും ഒക്കെ എടുത്തു വെച്ച് കഴിഞ്ഞപ്പോൾ തിരിച്ചു പോകാനായി എല്ലാവരും പുറത്തേക്കിറങ്ങി.

“സ്റ്റീഫൻ നീ ബൈക്ക് എടുത്തുത്തിട്ട് വാ എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.”

പിന്നെ തിങ്കളാഴ്ച്ച മുതൽ ഞാൻ ക്ലാസ്സിൽ വരും. അവൾ അരുൺ സാറിനെയും ബീന മിസ്സിനെയും നോക്കി പറഞ്ഞു.

“കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് പോരെ“

ബീന മിസ്സ് ചോദിച്ചു നോക്കി.

അതിന് മറുപടിയൊന്നും പറയാതെ സ്റ്റീഫൻ്റെ ബൈക്കിൻ്റെ ബാക്കിൽ കയറിയിരുന്നു.

“പോകാം.”

അന്ന ഉറച്ച തീരുമാനമാണ് എടുത്തിട്ടുള്ളത് എന്ന് അരുണിന് മനസ്സിലായി. മീര മാമിനെ പറഞ്ഞു മനസ്സിലാക്കണം അല്ലെങ്കിൽ കോളേജിൽ പ്രശ്നമാകും. ശനിയാഴ്ച്ച ആയതു കൊണ്ട് അവർ രണ്ട് പേരും കൂടി മീര മാമിൻ്റെ വീട്ടിലേക്ക് പോയി.

സ്റ്റീഫനും അന്നയും കൂടി നേരെ ഒരു കഫേയിലേക്കു പോയി

“ചേച്ചി എന്തിനാണ് അവന്മാരുടെ ഒപ്പം പോയത്.? എന്നെ വിളിച്ചാൽ പോരായിരുന്നോ? ഞാൻ വന്ന് കൂട്ടികൊണ്ടു പോരുമായിരുന്നെല്ലോ. “
“ഡാ നീ എന്തറിഞ്ഞിട്ടാണ്? ആ ജോണിയുമായിട്ടുള്ള കല്യാണം നേരത്തെ നടത്താനാണ് പപ്പയുടെ പ്ലാൻ. പപ്പയെയും കൊച്ചാപ്പയെയും തടയാൻ സാധിക്കുമെന്ന് തോന്നുന്നുണ്ടോ.”

അത് നടക്കണ കാര്യമല്ല എന്ന് സ്റ്റീഫന് മനസ്സിലായി

അന്ന അവൻ്റെ അടുത്തു നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു. ചേച്ചിക്ക് ചതി പറ്റിയതാണ് എന്നറിഞ്ഞപ്പോൾ അവന് വിഷമം ആയി.

“എന്നാലും ചേച്ചി എന്താണ് എന്നെ വിളിക്കണ്ടിരുന്നത്.?”

“ഡാ ഫോൺ ഓഫായി പോയി. പിന്നെ അന്നേരത്തെ മനസികാവസ്ഥയിൽ അങ്ങനെ ചെയ്യാനാണ് എനിക്ക് തോന്നിയത്.

“ഡാ പിന്നെ അർജ്ജു വിചാരിക്കും പോലെ അല്ല. അവനെ കൂട്ടാൻ ചിലർ തൃശൂരിൽ എത്തിയിരുന്നു. ആരാണ് എന്ന് മനസ്സിലായില്ല. പിന്നെ ഞങ്ങളെ പഠിപ്പിക്കുന്ന അരുൺ സാറിന് അവനെ അറിയാം”

“ചേച്ചി ഞാൻ പറയാൻ വിട്ടു പോയി കൊച്ചാപ്പ ടീമിനെ ഇറക്കിയിരുന്നു. കോളേജിന് അടുത്തു കാത്തു കിടന്ന അവന്മാരെ ഒക്കെ ആരോ തല്ലി ഓടിച്ചു പോലും. മിക്കവാറും അർജ്ജുവിൻ്റെ ആൾക്കാർ ആയിരിക്കും.”

അത് കേട്ടപ്പോൾ അന്നക്ക് ഒരു കാര്യം മനസ്സിലായി. അന്ന് അങ്ങനെ ഒരു കാര്യം നടന്നു എന്നത് അർജ്ജുവും രാഹുലും അറിഞ്ഞിട്ടില്ല.

“ചേച്ചി ഏതോ ഒരു സെൻട്രൽ ഗവണ്മെന്റ് ഉദ്യോഗസ്ഥൻ വന്ന് പപ്പയെയും കൊച്ചപ്പനയും ഒക്കെ ഭീക്ഷിണിപെടുത്തി പോലും.”

“ആരാണ് ഏതു പോസ്റ്റിലാണ് വർക്ക് ചെയുന്നത്?”

“ഞാൻ കണ്ടില്ല ചേച്ചി, അപ്പച്ചി പറഞ്ഞതാണ്. പിന്നെ ഞാനും അപ്പച്ചിയും അർജ്ജുവിൻ്റെ ഫ്ലാറ്റിൽ പോയിരുന്നു . ഭയങ്കര സെറ്റപ്പ് ഫ്ലാറ്റാണ്.”

ടൂർ പോകാതെ അന്ന് പൂനെക്ക് പോയാൽ മതിയായിരുന്നു. ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു എന്ന് മാത്രമല്ല അർജ്ജുവിനെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ അറിയാമായിരുന്നു.

“നീ അത് വിട്. നീ അപ്പച്ചിയോട് ഇങ്ങോട്ട് മാറിയ കാര്യം പറയണം. പിന്നെ പപ്പയും കൊചാപ്പയെയും അറിയിക്കരുത് എന്നും അപ്പച്ചിയോട് പറയണം.”

“ശരി ചേച്ചി.”

ഭക്ഷണം കഴിച്ച ശേഷം സ്റ്റീഫൻ അന്നയെ ഹോസ്റ്റലിൽ തിരിച്ചാക്കി. അന്ന ഫോൺ ചാർജ് ചെയ്യാൻ ഇട്ട ശേഷം ഓണാക്കി. ഗോവയിൽ നിന്ന് പോന്ന ശേഷം ഇപ്പോഴാണ് ഫോൺ ഓണാക്കുന്നത് . whatsappil കുറെ മെസ്സേജുകൾ വന്നു കിടക്കുന്നുണ്ട്. ക്ലാസ്സ ഗ്രൂപ്പിൽ മുഴുവൻ തന്നെ കുറിച്ചും അർജ്ജുവിനെ കുറിച്ചുമാണ് മെസ്സേജുകൾ.
അവൾ മെസ്സേജുകൾ തുറന്നു വായിച്ചു. എല്ലാവരും തന്നെ കുറ്റപ്പെടുത്തിയിരുന്നു. അങ്ങനെ വരനല്ലേ വഴിയുള്ളു താൻ ആയിരുന്നെല്ലോ അർജ്ജുവിൻ്റെ റൂമിൽ. അർജ്ജുവിനെ താൻ ചതിച്ചതാണ് എന്നാണ് പലരും കരുതിയിരിക്കുന്നത്.

ക്ലാസ്സ് ഗ്രൂപ്പിൽ നിന്നല്ലാതെ കുറച്ചു മെസ്സേജുകൾ മാത്രമാണ് ഉള്ളത്. അമൃതയും അനുപമയും തിരിച്ചു വിളിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ജോണിയുടെ ഒന്ന് രണ്ട് മെസ്സേജുകൾ ഉണ്ട്. പുള്ളി സംഭവമറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *