ഏട്ടൻ വന്നു, ഇനി അധികം വൈകില്ല.
ഏട്ടൻ അകത്തേക്ക് കയറി വന്നതും ഏട്ടത്തിയുടെ മുഖം ഒന്നുകൂടി തെളിഞ്ഞു. യൂണിഫോം മാറ്റാൻ പോലും നിൽക്കാതെ ഏട്ടൻ നേരെ എന്റെ അടുത്തേക്ക് വന്നു തോളിൽ തട്ടി കയ്യിൽ ഒരു ബോക്സും തന്നു..
.
“എന്നാ നമുക്ക് കേക്ക് മുറിക്കുകയല്ലേ?”
എല്ലാവരോടുമായി ഏട്ടത്തി വിളിച്ചു ചോദിച്ചു. പിന്നെ എന്റെ തോളിൽ കൈയിട്ട് എനിക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു:
“ജോലിയും കൂലിയുമൊക്കെ വഴിയേ വരും, അതൊന്നും ഓർത്ത് എന്റെ അനിയിക്കുട്ടൻ വിഷമിക്കണ്ട. നീ എന്നും ഈ വീട്ടിലെ കുട്ടിയാ… നിന്റെ സന്തോഷമാണ് ഞങ്ങൾക്ക് പ്രധാനം.”
ഏട്ടത്തിയുടെ ആ വാക്കുകളിൽ നിറഞ്ഞുനിന്ന സ്നേഹവും കരുതലും കണ്ടപ്പോൾ എന്റെ കണ്ണൊന്ന് നിറഞ്ഞു.
ചുറ്റും നിന്നവരുടെ കളിയാക്കൽ ചിരിയൊക്കെ ആ സ്നേഹത്തിന് മുന്നിൽ ഞാൻ മറന്നു പോയി….
പിന്നെ ഒട്ടും വൈകിയില്ല, ഞാൻ മെല്ലെ കത്തി എടുത്തു. ചുറ്റും നിന്നവരുടെ കൈയ്യടികൾക്കിടയിൽ, ‘ഹാപ്പി ബർത്ത്ഡേ’ പാട്ടിന്റെ അകമ്പടിയോടെ ഞാൻ കേക്ക് മുറിച്ചു.
ആദ്യത്തെ കഷണം അമ്മയ്ക്കും പിന്നെ അച്ഛനും കൊടുത്തു. തിരിച്ചവർ സ്നേഹത്തോടെ എനിക്കും വെച്ചുതന്നു. പിന്നെ ഏട്ടനും ഏട്ടത്തിക്കും ചേച്ചിക്കും…
അപ്പോഴേക്കും വിരുന്നുകാർക്കുള്ള കേക്ക് വിതരണം ചെയ്യാനായി ചേച്ചിയും ഏട്ടത്തിയും ആ കാര്യനിർവഹണം അങ്ങ് ഏറ്റെടുത്തു.
ആ ബഹളത്തിനിടയിൽ നിന്ന് ഞാനും കിരണും പതുക്കെ വലിഞ്ഞ് ഒരു മൂലയിലേക്ക് മാറി…..
“എന്നാലും നീ ഭാഗ്യവാനാടാ…”
കയ്യിലിരുന്ന കേക്ക് കഷണം വായിലേക്ക് വെക്കുന്നതിനിടയിൽ കിരൺ എന്നോട് പറഞ്ഞു.
”
എന്താടാ ഇപ്പൊ അങ്ങനെ പറയാൻ കാരണം?”
ഞാൻ സംശയത്തോടെ അവനെ നോക്കി.
“പിന്നല്ലാതെ… പോത്ത് പോലെ വളർന്നിട്ടും നിന്റെ പിറന്നാളൊക്കെ വീട്ടുകാർ ഇങ്ങനെ ആഘോഷിക്കുന്നില്ലേ? നിനക്കറിയോ, എന്ത് സ്നേഹമാ അവർക്ക് നിന്നോടെന്ന്..”
അവൻ അല്പം അസൂയയോടെ തന്നെ പറഞ്ഞു.
അതിന് മറുപടിയായി ഞാൻ ഒന്നും മിണ്ടിയില്ല, വെറുതെ ഒന്ന് ചിരിച്ചു. കാരണം, അവൻ പറഞ്ഞത് സത്യമാണ്. ഈ വീട്ടിൽ എനിക്ക് കിട്ടുന്ന പരിഗണനയും സ്നേഹവും അത് വേറെ ലെവൽ തന്നെയാണ്. അത് എനിക്ക് നന്നായി അറിയാവുന്ന കാര്യവുമാണ്.
“അല്ല, നിന്റെ ജോലിയൊക്കെ എങ്ങനെ പോണു?”
അന്തരീക്ഷം ഒന്ന് മാറ്റാൻ വേണ്ടി ഞാൻ ചോദിച്ചു
“അതൊക്കെ… അങ്ങനെ പോണു…”
അവൻ വലിയ താല്പര്യമില്ലാത്ത പോലെ ഒരു ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു. പിന്നെ എന്നെ ഒന്ന് കൂർപ്പിച്ചു നോക്കി.
“അല്ലെങ്കിലും നിനക്ക് ജോലി കിട്ടാത്തതൊന്നുമല്ലല്ലോ, നീ പോവാത്തതല്ലേ?”
അതിനും ഞാൻ മൗനം പാലിച്ചു. കിരണിന് എന്റെ കാര്യങ്ങൾ കൃത്യമായി അറിയാം. സത്യം പറഞ്ഞാൽ ചേച്ചിയും ഏട്ടത്തിയും കൂടി റെക്കമൻഡ് ചെയ്ത് എനിക്കൊരു നല്ല ജോലി സെറ്റ് ആക്കി തന്നതായിരുന്നു. പക്ഷെ കുറച്ചുകാലം പോയപ്പോ തന്നെ എനിക്കത് മടുത്തു. രാപ്പകലില്ലാത്ത പണിയും ടെൻഷനും.
‘ഇതൊന്നും എനിക്ക് പറ്റിയ പണിയല്ല, ഞാൻ നിർത്തുവാണ്’ എന്ന് വീട്ടിൽ പറഞ്ഞപ്പോൾ, ‘എന്നാൽ നീ അത് വിട്ടേക്ക്, നിനക്ക് ഇഷ്ടമുള്ളത് ചെയ്യ്’ എന്നാ വീട്ടുകാർ പറഞ്ഞത്.
അങ്ങനെയാണ് ഈ ‘PSC പഠനം’ എന്ന പരിപാടി തുടങ്ങിയത്. ഒരു സർക്കാർ ജോലിയാകുമ്പോൾ പിന്നെ പ്രൈവറ്റ് കമ്പനിയിലെ പോലെ ഇങ്ങനെ പട്ടിപ്പണിയൊന്നും എടുക്കണ്ടല്ലോ എന്നൊരു ചിന്തയും എനിക്കുണ്ടായിരുന്നു.
ഞങ്ങൾ അങ്ങനെ ഓരോന്ന് സംസാരിച്ചു നിൽക്കുമ്പോഴാണ് ചേച്ചിയും ഏട്ടത്തിയും ഞങ്ങളുടെ അടുത്തേക്ക് വന്നത്. അവരുടെ കയ്യിലൊരു ട്രേ ഉണ്ടായിരുന്നു. അതിൽ ബാക്കി വന്ന കേക്കും, കുറച്ച് ബേക്കറി സാധനങ്ങളും… പിന്നെ ഗ്ലാസ്സുകളിൽ ഒഴിച്ച ബിയറും വൈനും!
“പിള്ളേര് മാറിയിരുന്ന് വർത്തമാനം പറയുകയാണോ? ഇതാ, തൊണ്ട നനക്കാൻ ഇത്തിരി…” ഏട്ടത്തി കണ്ണിറുക്കികൊണ്ട് ഗ്ലാസ് നീട്ടി.

Continue bro nice story
Nice feel good story
Manassu niranju