ലവ് ബൈറ്റ് – 1 23

 

പിന്നെ ഞങ്ങൾ നാലുപേരും കൂടി അവിടെയിരുന്നു. വന്നവരൊക്കെ ഭക്ഷണം കഴിച്ച്, ഓരോരുത്തരായി യാത്ര പറഞ്ഞു പിരിഞ്ഞുപോയി. വീട് പതിയെ ശാന്തമായി തുടങ്ങി.

 

ഒടുവിൽ കിരണും പോകാൻ എഴുന്നേറ്റു.

 

“എന്നാ ഞാൻ വിടുവാ അളിയാ… ബാക്കി പിന്നെ കാണാം.”

 

അവൻ എല്ലാവരോടും യാത്ര പറഞ്ഞു പോയി.

 

കിരൺ പോയതോടെ ബഹളങ്ങളൊക്കെ ഒന്ന് കെട്ടടങ്ങി. മുറ്റത്തെ ലൈറ്റുകൾ ഓരോന്നായി അണഞ്ഞു.

 

ഞാനും ചേച്ചിയും ഏട്ടത്തിയും സിറ്റൗട്ടിലെ തിണ്ണയിൽ തന്നെ ഇരിപ്പാണ്. യൂണിഫോം മാറി ഫ്രഷായി ഏട്ടനും ഞങ്ങളുടെ കൂടെ കൂടി. ബാക്കി വന്ന കേക്കും മിക്സ്ചറും, ഗ്ലാസ്സുകളിൽ ബാക്കിയായ വൈനും ബിയറുമൊക്കെയായി ഞങ്ങൾ ഒരു ‘ആഫ്റ്റർ പാർട്ടി’ മൂഡിലായിരുന്നു.

 

ഏട്ടനും ഞങ്ങളുടെ കൂടെ കൂടി ഓരോന്ന് എടുത്ത് കഴിക്കാനും കുടിക്കാനും തുടങ്ങി.

 

നല്ല രസമുള്ള, ശാന്തമായ അന്തരീക്ഷം.

 

പെട്ടെന്നാണ് വീടിനുള്ളിൽ നിന്ന് അമ്മയുടെ അലർച്ച കേട്ടത്.

 

“ഈശ്വരാ… വെച്ചാൽ വെച്ചോടത്തു കാണില്ലല്ലോ ഒരു സാധനവും! ഇതിപ്പോ എവിടെപ്പോയി കിടക്കുവാണോ എന്തോ?”

 

അമ്മയുടെ ശബ്ദം കേട്ട് ഞങ്ങൾ നാലുപേരും പരസ്പരം നോക്കി.ചേച്ചി ഗ്ലാസ് താഴെ വെച്ച് അകത്തേക്ക് നോക്കി വിളിച്ചുചോദിച്ചു:

 

“എന്താ തള്ളേ… നിങ്ങക്ക് വല്ല പ്രാന്തും മറ്റോ ആയോ? കിടന്നു കാറുന്നതെന്തിനാ?”

 

ചേച്ചിയുടെ ചോദ്യം തീർന്നതും അമ്മ ദാ വരുന്നു, നിലം ചവിട്ടി മെതിച്ച് സിറ്റൗട്ടിലേക്ക്.

മുഖത്താണെങ്കിൽ വല്ലാത്തൊരു വെപ്രാളം.

 

“ഞാൻ ഇന്നലെ വൈകുന്നേരം കൊണ്ടുവന്ന ആ നീല ഫയൽ… ഹോസ്പിറ്റലിലെ ഫയൽ… അത് ആരെങ്കിലും കണ്ടോ?”

 

അമ്മയുടെ ചോദ്യം കേട്ട് ഞങ്ങൾ നാലുപേരും ഒരുപോലെ ചുമൽ കുലുക്കി.

 

“ഇല്ല…”

 

അതുകണ്ടതും അമ്മയുടെ സമനില തെറ്റിയപോലെയായി.

 

“എന്നാ അതൊന്ന് തിരയാൻ സഹായിക്കീൻ മനുഷ്യരേ… സമയം പോണു…”

 

അമ്മയുടെ ശബ്ദത്തിൽ ടെൻഷൻ നിറഞ്ഞുനിന്നു.

 

“അതിന് അമ്മ എന്തിനാ ഇത്ര ടെൻഷനാവുന്നേ? ആ ഫയൽ അവിടെ എവിടെയെങ്കിലും കാണുമല്ലോ.”

 

ഞാൻ നിസ്സാരമായി ചോദിച്ചു.

 

“അതല്ലടാ… അനു വരുന്നുണ്ട്… ഇപ്പോ എത്തും.”

 

“ഏത് അനു?”

 

ഞാൻ വീണ്ടും ചോദിച്ചു.

 

“അനു ചൈതന്യ!”

 

അത്രയും പറഞ്ഞ് അമ്മ മറുപടിക്ക് കാത്തുനിൽക്കാതെ അകത്തേക്കോടി.

 

അനു ചൈതന്യയോ?

 

എനിക്കൊന്നും മനസ്സിലായില്ല. ഞാൻ സംശയത്തോടെ ചേച്ചിയേയും ഏട്ടത്തിയേയും നോക്കി. ആ പേര് കേട്ടതും അവരുടെ രണ്ടുപേരുടെയും മുഖം ഗ്യാസ് പോയ ബലൂൺ പോലെ ചുരുങ്ങിയിരുന്നു. കയ്യിലിരുന്ന ഗ്ലാസ് താഴെ വെച്ച് അവർ അന്ധാളിച്ച് നിൽക്കുകയാണ്.

 

“അനു ചൈതന്യയോ?!”

 

ചേച്ചി ഏട്ടത്തിയെ നോക്കി അവിശ്വസനീയതയോടെ ചോദിച്ചു.

ഒരു നിമിഷം ആലോചിച്ച ശേഷം, കയ്യിലിരുന്നതൊക്കെ വലിച്ചെറിഞ്ഞ് ചേച്ചിയും ഏട്ടത്തിയും കൂടി അമ്മയുടെ പിന്നാലെ അകത്തേക്കോടി.

 

എന്താണിപ്പോ ഇവിടെ സംഭവിക്കുന്നത് എന്നൊരു പിടിയും കിട്ടുന്നില്ല. കയ്യിലിരുന്ന ഗ്ലാസ്സ് അവിടെ തിണ്ണയിൽ വെച്ചിട്ട് ഞാനും ഏട്ടനും കൂടെ അകത്തേക്ക് നടന്നു.

 

അകത്തെ കാഴ്ച കണ്ട് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. അച്ഛൻ! സാധാരണ ഇതൊന്നും കണ്ടഭാവം നടിക്കാത്ത, ഗൗരവം വിടാത്ത അച്ഛൻ പോലും സോഫയുടെ കുഷ്യനൊക്കെ പൊക്കി എന്തോ കാര്യമായി തിരയുന്നു.

 

അമ്മയാണെങ്കിൽ ടിവി സ്റ്റാൻഡിന്റെ അടിയിലൊക്കെ കുനിഞ്ഞുനിന്ന് നോക്കുന്നു. ചേച്ചിയും ഏട്ടത്തിയും തീവണ്ടി എഞ്ചിൻ പോലെ കിതച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു.

 

“ആരാടാ ഈ അനു ചൈതന്യ?”

 

ഏട്ടൻ എന്റെ ചെവിയിൽ ചോദിച്ചു.

 

“എനിക്കെങ്ങനെയറിയാം? പക്ഷെ സംഗതി സീരിയസ്സാണെന്ന് തോന്നുന്നു…”

 

ഞാൻ മറുപടി പറഞ്ഞു.

 

ഇനി മാറിനിന്നാൽ പണി കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ട്, കാര്യം എന്താണെന്നറിയാതെ തന്നെ ഞാനും ഏട്ടനും കൂടെ ആ തിരച്ചിലിൽ പങ്കുചേർന്നു.

Updated: February 16, 2026 — 9:04 pm

2 Comments

Add a Comment
  1. Continue bro nice story

  2. Nice feel good story
    Manassu niranju

Leave a Reply

Your email address will not be published. Required fields are marked *