മാമാങ്കം : ചാവേറുകളുടെ കഥ – 1 4അടിപൊളി  

പുണ്യസ്ഥലവും നിലപാട് തറയിൽ ഇരിക്കാനുള്ള അവകാശവും അദ്ദേഹം പിടിച്ചെടുത്തു. തന്നെത്തന്നെ പുതിയ രക്ഷാപുരുഷനായി പ്രഖ്യാപിച്ചു. മാമാങ്കത്തിന്റെ വലിയ വേദിയിലൂടെ വള്ളുവനാടിനെ അപമാനിക്കുകയും തന്റെ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു. വള്ളുവനാട് ഭരണാധികാരികൾക്ക് ഇത് ഭൂമിയോ വരുമാനമോ നഷ്ടപ്പെട്ടതിനപ്പുറമായിരുന്നു. അവരുടെ പഴയ മാനത്തിന്റെയും അഹങ്കാരത്തിന്റെയും മരണമുറിയായിരുന്നു അത്.

തുറന്ന യുദ്ധത്തിൽ അവകാശം തിരിച്ചെടുക്കാൻ കഴിയാത്തതുകൊണ്ട്, തോറ്റ വള്ളുവക്കോനാതിരി നൂറ്റാണ്ടുകളോളം മുഴങ്ങിനിന്ന ഒരു ആചാരം ഉണ്ടാക്കി — ചാവേർപ്പട. ആത്മാഹുതി യോദ്ധാക്കളുടെ പാരമ്പര്യം.

ചാവേരുകൾ വള്ളുവനാടിന്റെ ഉന്നത നായർ കുടുംബങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച യോദ്ധാക്കളായിരുന്നു. പ്രത്യേകിച്ച് പുതുമണ്ണ, ചന്ദ്രത്ത്, കോവിൽക്കാട്ട്, വേർക്കോട്ട് പണിക്കർ എന്നീ നാല് പ്രധാന കുടുംബങ്ങൾ. കളരിപ്പയറ്റ് യൗവനം മുതൽ പഠിച്ചവർ.

പലരുടെയും അച്ഛന്മാരോ സഹോദരന്മാരോ സാമൂതിരിയുടെ യുദ്ധങ്ങളിൽ മരിച്ചവർ. കുടിപ്പക എന്ന പുണ്യകടമയാൽ നയിക്കപ്പെട്ട് അവർ മരണത്തെ സ്വയം ഏറ്റെടുത്തു.

ഓരോ പന്ത്രണ്ട് വർഷവും മാമാങ്കം അടുത്തുവരുമ്പോൾ വള്ളുവക്കോനാതിരി ഈ ചാവേർ സംഘങ്ങളെ തിരുനാവായയിലേക്ക് അയച്ചു. ലക്ഷ്യം ലളിതവും ആത്മഹത്യാപരവുമായിരുന്നു .സാമൂതിരിയുടെ ശക്തമായ കാവൽ വലയം

പൊളിച്ച് നിലപാട് തറയിൽവെച്ച് അദ്ദേഹത്തെ കൊല്ലുക. വിജയിച്ചാൽ വള്ളുവനാടിന്റെ നഷ്ടപ്പെട്ട അവകാശവും മാനവും പ്രതീകമായി തിരിച്ചെടുക്കുന്നതിന് തുല്യമായിരുന്നു അത്.

ഇതായിരുന്നു ആ പഴയ മുറിവ്. അതാണ് അർജുൻ മൂപ്പിൽ നായരെയും കുടുംബത്തെയും 1683-ലെ മാമാങ്കത്തിലേക്ക് തള്ളിവിട്ടത്. ജന്മാവകാശം മോഷ്ടിച്ച ആ ക്രൂരന്റെ ഹൃദയത്തിലേക്ക് ഒടുവിലത്തെ ആക്രമണത്തിനായി.

ദിവസങ്ങൾക്കുശേഷം കണ്ടർ മൂപ്പിൽ നായർ അവരെയെല്ലാം ഒരുമിച്ച് വിളിച്ചു. പ്രിയംവദ, അർജുൻ, മീനാക്ഷി, രാധിക. അകത്തളത്തിൽ വിളക്ക് കുറച്ച് കത്തി. അദ്ദേഹം ഇരുന്നു. നാല് പേരും മുന്നിൽ നിന്നു. പിന്നെ ഒരു കൈകൊണ്ട് അവരെ ഒരുമിച്ച് വലിച്ചണച്ചു. ഒരു നിമിഷം ആരും മിണ്ടിയില്ല.

«നാളെ ഞാൻ തിരുമാന്ധാംകുന്നിലേക്ക് പോകുന്നു. വ്രതത്തിന്. എന്റെ കൂടെ പതിനെട്ട് ചാവേരുകൾ കൂടിയുണ്ട്. ഒരു മണ്ഡലം കഴിഞ്ഞാൽ ഞാൻ അവരെ മാമാങ്കത്തിലേക്ക് നയിക്കും.»

പ്രിയംവദയുടെ കൈ അദ്ദേഹത്തിന്റെ മുണ്ടിൽ മുറുകി. കണ്ണ് നിറഞ്ഞു.

«കരയരുത്. എനിക്ക് വേണ്ടി കരയരുത്. എന്നെ സന്തോഷത്തോടെ യാത്രയാക്കണം. എന്റെ ആത്മാവ് നിങ്ങളോടൊപ്പം ഉണ്ടാകും. നിങ്ങൾക്ക് എന്റെ സാന്നിധ്യം അനുഭവപ്പെടും.»

മീനാക്ഷി തല അമ്മയുടെ അരയിൽ ചായ്ച്ചു. രാധിക താഴേക്ക് നോക്കി.

«മടങ്ങുമോ എന്ന് ഉറപ്പില്ല. അതുകൊണ്ട് നിങ്ങൾ ഇവിടെ നിൽക്കരുത്. സുരക്ഷയ്ക്ക് ഈ സ്ഥലം വിടണം.»

ഒരു ചെറിയ ഓല മേശപ്പുറത്ത് വെച്ചു.

«കടത്തനാട്ടിലെ ഒറ്റൂരിൽ പത്ത് ഏക്കർ ഭൂമി വാങ്ങിവെച്ചിട്ടുണ്ട്. അവിടെ എന്റെ പഴയ സുഹൃത്ത് കണ്ണപ്പ നമ്പ്യാർ ഉണ്ട്. ഒരുകാലത്ത് സാമൂതിരിയുടെ സേനാനായകൻ. അത് വിട്ട് ഇപ്പോൾ ഒറ്റൂരിൽ താമസിക്കുന്നു. അവൻ നിങ്ങളെ മറച്ചുനിർത്തും.»

മീനാക്ഷിയും രാധികയുംഅമ്മയെ കെട്ടിപിടിച്ചു തേങ്ങി .

«നിങ്ങൾ ബ്രാഹ്മണ കുടുംബമായി പോകണം.

പേര് മാറ്റണം. അർജുൻ ഇനി നാരായണൻ നമ്പ്യാർ. അവൻ കണ്ണപ്പന്റെ കീഴിൽ പഠിക്കണം.»

പിന്നെ അർജുനിന്റെ തോളിൽ കൈവെച്ചു. കണ്ണ് നേരെ നോക്കി.

«നീയാണ് ഇനി ഈ വീട്ടിലെ പുരുഷൻ. അമ്മയെയും പെങ്ങമ്മാരേയും നോക്കണം. ഞാൻ ഇവിടെ ഇല്ലാത്തത് അവർക്ക് അനുഭവപ്പെടരുത്. സമയം വരുമ്പോൾ നിങ്ങളെല്ലാം സാമൂതിരിയോട് പ്രതികാരം ചെയ്യും. എങ്ങനെയെന്ന് കണ്ണപ്പൻ പറയും.»

അർജുൻ നല്ല കുട്ടിയായിരുന്നു. ഒരിക്കൽ കാണിച്ചാൽ പിന്നെ പെട്ടെന്ന് പിടിക്കും. അച്ഛൻ പറയും മുമ്പേ ശരീരം ഓർമ്മിക്കും. കളരിയിൽ അച്ഛനറിയാവുന്ന ഏറെക്കുറെയെല്ലാം അവൻ പഠിച്ചു. വാൾ ചുഴറ്റുമ്പോൾ കണ്ടറുടെ നിഴൽ തന്നെയാണ് നിൽക്കുന്നതെന്ന് വീട്ടുകാർ പറയുമായിരുന്നു. നിലപാട് തറയിലേക്ക് പോകുന്നതിന് മുമ്പ്, തനിക്കറിയാവുന്നത് മകന്റെ ശരീരത്തിലും രക്തത്തിലും ഇറക്കിവെച്ചിട്ടാണ് അച്ഛൻ പോയത്.

Updated: November 4, 2026 — 11:09 pm

Leave a Reply

Your email address will not be published. Required fields are marked *