മൗനങ്ങൾ വാചാലമാകുമ്പോൾ – 5 2

 

ഷബീന എന്റെ മുമ്പിൽ കരയുകയായിരുന്നില്ല… അവൾ ഉരുകുകയായിരുന്നു…അവളുടെ അഹങ്കാരവും, പ്രതിരോധവും

ഒന്നൊന്നായി പൊളിഞ്ഞു വീഴുകയായിരുന്നു!!

 

ഞാൻ വീണ്ടും ആവർത്തിച്ചു—

ഒന്നുകിൽ ഞാൻ ചോദിക്കുന്നതിനു കൃത്യമായി മറുപടി തരുക,,,

അല്ലാതെ മൗനം പാലിക്കുകയോ..

പറയുന്ന കാര്യങ്ങളിൽ അസത്യം ഉണ്ടെന്നോ തെളിഞ്ഞാൽ,,,

ആ നിമിഷം തന്നെ ഞാൻ നിനക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യും…

 

എന്റെ ഭീഷണിക്ക് മുന്നിൽ ഷബീന ഒരു നിമിഷം കൊണ്ട് തളർന്നു… അവൾ ഒരു ദീർഘശ്വാസം എടുത്തു വിട്ടൂ.. മൗനത്തിന്റെ കവചം തകർന്നു!!

 

കുറ്റം സമ്മതിക്കുന്നവളെപ്പോലെ വിറയാർന്ന ശബ്ദത്തോടെ അവൾ സംസാരിച്ചു തുടങ്ങി,, എനിക്ക് മുഖം തരാതെ,, തലകുനിച്ചിരുന്ന്‌…

 

“അന്ന്… അദ്ദേഹം ലാൻഡ്‌ലൈനിൽ വിളിച്ചു…ദേഷ്യത്തിലായിരുന്നു… വാക്കുകൾ കത്തിയപോലെ…

സംസാരം കേട്ട നിമിഷം തന്നെ ഞാൻ പേടിച്ചു പോയിരുന്നു…

 

അദ്ദേഹത്തെ എന്തിനാണ് മാറ്റിയത് എന്ന് ചോദിച്ചു… എനിക്ക് മറുപടിയുണ്ടായിരുന്നില്ല… അല്ല, ഉണ്ടായിരുന്ന മറുപടി ഞാൻ പറയാൻ ധൈര്യപ്പെട്ടില്ല…

 

“മാറ്റുന്ന കാര്യം ഒന്ന് പറയാനുള്ള മര്യാദയെങ്കിലും കാണിക്കാമായിരുന്നു”

എന്ന് അദ്ദേഹം പറഞ്ഞപ്പോൾ…

അവിടെയും ഞാൻ മൗനം തെരഞ്ഞെടുത്തു…

 

അത് എന്റെ തെറ്റല്ലെന്ന് അറിയാമായിരുന്നിട്ടും…

അറിയാമായിരുന്നിട്ടും ഞാൻ ഒന്നും പറഞ്ഞില്ല!!

 

അത്രയും പറഞ്ഞ് അവൾ എന്റെ മുഖത്തേക്ക് നോക്കി… ചെറുതായി രൂക്ഷമായൊരു നോട്ടം..

കോപമല്ല… പരാതിയുമല്ല…

“അത് നിങ്ങളുടെ തെറ്റായിരുന്നു”

എന്നൊരു ഓർമ്മപ്പെടുത്തൽ മാത്രം!!

 

ആ നോട്ടം എന്റെ നെഞ്ചിൽ വന്നു തട്ടി… ഞാനൊന്നു മിടയിറക്കി…

വാക്കുകൾ തൊണ്ടയിൽ കുടുങ്ങി…

കണ്ണുകൾക്ക് അവളെ നേരിടാൻ കഴിയാതെ അറിയാതെ തന്നെ താഴേക്ക് വീണു…

 

ആ നിമിഷം കുറ്റം അവളുടെ വായിൽ നിന്നിറങ്ങി എന്നിലേക്കാണ് വന്നത് എന്ന് എനിക്ക് വ്യക്തമായി തോന്നി…

 

മൗനം വീണ്ടും ഞങ്ങൾക്കിടയിൽ നിന്നു… ഇപ്പോൾ അത് അവളുടെ കുറ്റസമ്മതത്തിന്റെ മൗനമല്ല…

എന്റെ അംഗീകാരത്തിന്റെ മൗനം ആയിരുന്നു!!

 

അദ്ദേഹം എന്നെ കാണണമെന്ന് പറഞ്ഞു…

സാധിക്കില്ലെന്ന് ഞാൻ പറഞ്ഞു…

വളരെ ഉറപ്പോടെ… പക്ഷേ ഉള്ളിൽ ഞാൻ തകർന്നിരുന്നു!

 

“എങ്കിൽ ഞാൻ ഇങ്ങോട്ട് വരാം” എന്ന്

അദ്ദേഹം പറഞ്ഞു…

വേണ്ടെന്ന് ഞാൻ അപേക്ഷിച്ചു…

പക്ഷേ അദ്ദേഹം കേൾക്കാൻ തയ്യാറായില്ല…

 

അരമണിക്കൂറിനുള്ളിൽ ഇവിടെ എത്തും എന്ന് പറഞ്ഞു… കോൾ കട്ട് ചെയ്തു…

 

ആ നിമിഷം മുതൽ എനിക്ക് ശ്വാസം മുട്ടിത്തുടങ്ങി…

 

“ഞാൻ നിങ്ങൾക്ക് മെസ്സേജ് അയച്ചു…”

അവളുടെ ശബ്ദം ഒന്നു വിറച്ചു…

 

“വീണ്ടും… വീണ്ടും വിളിച്ചു…” പക്ഷെ

“ഒന്നിനും മറുപടി വന്നില്ല.”

 

അത് പറഞ്ഞ ഉടനെ അവൾ വീണ്ടും എന്റെ കണ്ണുകളിലേക്ക് നോക്കി…

 

നോട്ടം രൂക്ഷമായിരുന്നു… ചോദ്യം ഇല്ല… വിവരണം ഇല്ല…

 

“നിങ്ങൾ എവിടെയായിരുന്നു?”

എന്ന് ചോദിക്കാതെ ചോദിച്ചൊരു നോട്ടം…

 

ഞാൻ ഒന്നും പറഞ്ഞില്ല… മൗനം തന്നെ എന്റെ മറുപടി ആയി…

 

അവൾ തുടർന്നു…

 

“അവസാനം ഞാൻ ഡോക്ടറെ വീണ്ടും വിളിച്ചു… നിങ്ങൾ ഉണ്ടായിരിക്കുമ്പോൾ വരണമെന്ന് പറഞ്ഞു…”

അവളുടെ ശബ്ദം അവിടെ ചെറുതായി ഒടിഞ്ഞു…

 

“അത്… എന്റെ അവസാന ശ്രമമായിരുന്നു.”

 

പക്ഷേ അദ്ദേഹം പറഞ്ഞത് ഒറ്റ വാചകമാത്രം —

“ഓൺ ദ വേ യാണ്… ഇനി നേരിൽ കാണാം.”

 

അത് പറയുമ്പോൾ അവളുടെ വിരലുകൾ തമ്മിൽ പിണഞ്ഞു…

 

“ഞാൻ പിന്നെയും അദ്ദേഹത്തെ തടയാൻ വിളിച്ചു… പലവട്ടം..

പക്ഷേ…അദ്ദേഹം ഫോൺ എടുത്തില്ല.”

 

അവളുടെ ശബ്ദം അവിടെ പൂർണ്ണമായി ഒടിഞ്ഞു…

 

മൗനം വീണ്ടും മുറിയിൽ വീണു…

ഈ മൗനം… അത് പേടിയുടെ മൗനം ആയിരുന്നില്ല… കണ്ണീരിന്റെ മൗനവും അല്ല… കുറ്റസമ്മതത്തിനു ശേഷം

ഒരാൾക്ക് പറയാൻ ഒന്നും ബാക്കി ഇല്ലാത്തപ്പോൾ ഉണ്ടാകുന്ന ഒരു കനത്ത മൗനം!!

 

“ഹ്മ്മ്… എന്നിട്ട്?”

Leave a Reply

Your email address will not be published. Required fields are marked *