“ഹ്മ്മ്.”
മെഹർ കുറച്ച് നേരം മിണ്ടാതെ ഇരുന്നു.
“മനു…”
“എന്താ?”
“സത്യം പറയണം. അവളെ കാണുമ്പോൾ നിനക്ക് എന്തെങ്കിലും തോന്നിയിട്ടുണ്ടോ?”
മനു ഉടനെ മറുപടി പറഞ്ഞില്ല.
മെഹർ അവന്റെ മൗനം ശ്രദ്ധിച്ചു.
“അത് മതി,” അവൾ പറഞ്ഞു.
“മറുപടി കിട്ടി.”
“അങ്ങനെ ഒന്നും അല്ല മെഹർ.”
“അങ്ങനെ ഒന്നും അല്ലെന്ന് പറഞ്ഞാൽ ഒന്നും അല്ലാതാകില്ല.”
അവൾ ചിരിയോടെ പറഞ്ഞു.
“നീ ഒരാളെ ശ്രദ്ധിക്കുന്നു. അവളുടെ ഭംഗി മനസ്സിൽ നിൽക്കുന്നു. അവളെ എന്നോട് താരതമ്യം ചെയ്യുന്നു. അതൊക്കെ വെറും സാധാരണ കാര്യമല്ല.”
മനു ദീർഘശ്വാസം വിട്ടു.
“ഇപ്പോൾ നീ തന്നെ പറഞ്ഞതല്ലേ, നുണ പറയരുതെന്ന്.”
“അതെ,” മെഹർ പറഞ്ഞു.
“അതുകൊണ്ടാണ് ചോദിക്കുന്നത്. നിനക്ക് ദേവശ്രീയോട് താല്പര്യമുണ്ടോ ?”
“ഉണ്ടായേക്കാം.”
അവൻ പതുക്കെ പറഞ്ഞു.
“പക്ഷേ അത് ലക്ഷ്മിയുടേതുപോലെയോ എയ്ഞ്ചലിന്റേതുപോലെയോ അല്ല.”
“എന്താണ് വ്യത്യാസം?”
അതറിയില്ല….. അവൻ പറഞ്ഞു
എന്നാൽ ഒരു കാര്യം ചെയ്യ്
എന്താ ?
“നീ ദേവശ്രീയോട് ഒന്ന് തനിച്ച് സംസാരിക്ക്.” മെഹർ പറഞ്ഞു
മനു അല്പം നേരെ ഇരുന്നു.
“വേണ്ട.”
“അതെന്താ ?”
“ഇതുവരെ എയ്ഞ്ചലും ലക്ഷ്മിയും തന്നെ തലയിൽ നിന്നും ഇറങ്ങുന്നില്ല. ഇനി ദേവശ്രീയും…”
“അതുകൊണ്ടുതന്നെയാണ് സംസാരിക്കേണ്ടത്.”
“എന്തിന്?”
“അവൾക്ക് ശരിക്കും എന്താണ് തോന്നുന്നത് എന്ന് അറിയാൻ.”
മെഹർ പറഞ്ഞു.
“ക്ലാസ്സിലെ ഗോസിപ്പ് കൊണ്ട് ഒരു പെൺകുട്ടിയുടെ മനസ്സ് അളക്കരുത്. അവൾക്ക് വെറും ചെറിയ ക്രഷ് ആണെങ്കിൽ അത് അവിടെ തീരും. കൂടുതൽ ആണെങ്കിൽ… അവൾക്കും ഒരു വ്യക്തത വേണം.”
“ഞാൻ തന്നെയാണോ അതിന് വ്യക്തത കൊടുക്കേണ്ടത്?”
“അവൾക്ക് ഇഷ്ടം തോന്നിയത് നിന്നോടാണെങ്കിൽ, അതെ.”
മനു മെഹറിനെ കുറച്ച് നേരം നോക്കി.
“നിനക്ക് ഇതെല്ലാം എങ്ങനെ ഇങ്ങനെ ശാന്തമായി പറയാൻ പറ്റുന്നു?”
മെഹർ ചിരിച്ചു.
ആ ചിരിയിൽ ക്ഷീണമുണ്ടായിരുന്നു.
“അത്ര ശാന്തമായിട്ടൊന്നും അല്ല.”
“എനിക്ക് അറിയാം.”
അവൾ പതുക്കെ പറഞ്ഞു.
“നിന്നെ ഞാൻ മാത്രം പിടിച്ചുവെക്കണം എന്ന് വിചാരിച്ചാൽ,
ഞാൻ തന്നെ പൊള്ളും.
നീയും പൊള്ളും.
അതിനുപകരം, നിന്റെ ചുറ്റും എന്താണ് നടക്കുന്നത് എന്ന് അറിഞ്ഞുകൊണ്ട് കൂടെ നിൽക്കാനാണ് ഞാൻ ശ്രമിക്കുന്നത്.”
“നിനക്ക് അതിൽ ഒട്ടും വിഷമം ഇല്ലേ ?”
“ചെറുതായിട്ടൊക്കെ ഉണ്ട്.”
അവൾ ഉടൻ പറഞ്ഞു.
“അപ്പോൾ പിന്നെ എന്തിനാണ് നീ തന്നെ…”
“കാരണം നീ എല്ലാം എന്നോട് പറയുന്നുണ്ട്, പിന്നെ ആരൊക്കെ വന്നാലും എന്നെ വിട്ട് പോകില്ലെന്ന് ഒരു ഉറപ്പ് എനിക്കുണ്ട്.”
മെഹർ അവന്റെ വാക്ക് മുറിച്ചു.
മനു മിണ്ടാതെ നിന്നു.
അവർ കുറച്ച് നേരം കൂടി ആ കിടക്കയിൽ അങ്ങനെ തന്നെ കിടന്ന് സംസാരിച്ചു.
സംസാരത്തിന്റെ ഇടയ്ക്ക് ഇടയ്ക്ക് മെഹർ മനുവിന്റെ മുഖത്തേക്ക് നോക്കും.
അവന്റെ കണ്ണുകളിൽ ഇപ്പോൾ ദേവശ്രീയുടെ പേര് കൊണ്ടുവന്ന ഒരു പുതിയ കൗതുകം തെളിഞ്ഞുകിടക്കുന്നത് അവൾക്ക് കാണാമായിരുന്നു.
“മനു…”
അവൾ പതുക്കെ വിളിച്ചു.
“ഹ്മ്മ്?”
“നാളെ കമ്പ്യൂട്ടർ സയൻസ് ക്ലാസ്സിൽ പോകുമ്പോൾ ക്ലാസ് മാത്രം എടുക്കണം എന്ന് മറക്കണ്ട.”
മനു ചിരിച്ചു.
“അത് ഓർമ്മിപ്പിക്കാൻ നീ ഉണ്ടല്ലോ.”
“ഞാൻ ഓർമ്മിപ്പിക്കും. പക്ഷേ നോക്കേണ്ടത് നീ തന്നെയാണ്.”
“എവിടെ നോക്കണം?”
മെഹർ അവന്റെ നെഞ്ചിൽ നിന്ന് തല ഉയർത്തി അവനെ നോക്കി.
“ബോർഡിൽ.”
മനു ചിരിച്ചു.
“ദേവശ്രീ ബോർഡിന്റെ അടുത്ത് ഇരുന്നാൽ?”
“അപ്പോൾ ബോർഡും ദേവശ്രീയും ഒരേ ഫ്രെയിമിൽ വരും അല്ലേ?”
“അതൊക്കെ ഒഴിവാക്കാൻ പറ്റില്ല.”
മെഹർ അവന്റെ തോളിൽ ചെറുതായി അടിച്ചു.
“മനു സാർ ഇപ്പോൾ വളരെ അപകടകരമായ മാഷായി മാറിയിരിക്കുന്നു.”
