മഴനീർതുള്ളികൾ – 1 24

 

”എടാ….നീ….“

 

”എന്താടാ ഇവിടെ…..“ മായ ആണ്…ബഹളം കേട്ട് അടുക്കളയിൽ നിന്നും വരുന്ന വരവാണ്…ജീവിതം തുലാസിൽ നില്കുമ്പോളും നഴ്സറി പിള്ളേരെ പോലെ കടിപിടികൂടുന്നവരെ കണ്ട് ഒന്ന് അന്തിക്കാതിരുന്നില്ല മായ…

 

”നീയെന്തിനാ ഈ മുറീൽ കയറിയത്…ഇനി മോളിതിൽ ഉള്ളപ്പോ നിന്നെ ഇതിനകത്ത് കണ്ടുപോകരുത്…“

 

”അമ്മേ….ഞാൻ പിന്നെങ്ങോട്ട് പോയി കിടക്കണം….“

 

”അപ്പൊ എന്റെ മോനിതിനകത്തു കൂടാനാണോ പ്ലാൻ…“ മായ എളിക്ക് കൈകൊടുത്തു ചോദിച്ചു…

 

”അതിപ്പോ….“ഒരുളുപ്പുമില്ലാതെ നിന്നു താളം ചവിട്ടുന്നുണ്ട് ഹരി…

 

”ആ ഹാളിലെങ്ങാനും പായ് വിരിച്ചു കിടന്നോണം…ഈ മുറീടെ പരിസരത്തെങ്ങാനും കണ്ടാൽ…..“ കയ്യിലിരുന്ന തവിക്കണ കൊണ്ട് അവന്റെ തോളിലൊന്നു കൊടുത്തു…

 

”അമ്മേ…നോവുന്ന്….“

 

തിരിഞ്ഞു നടക്കുന്ന മായയുടെ പിന്നാലെ തോളും തിരുമ്മിയവൻ ഇറങ്ങി….

 

ഇടയ്ക്കു അവളുടെ നേർക്ക് നോക്കി നിന്നെ ഞാൻ ഇറക്കുമെടീ എന്ന് പിറുപിറുത്തു….

 

ഇവിടെ നടക്കുന്ന ഫീൽഗുഡ് മെലോഡ്രാമ പക്ഷെ കണ്ടുനിന്ന് അതിനൊത്ത് ആടാൻ ഉള്ള അവസ്ഥ ആയിരുന്നില്ല അവൾക്കു. ..ഇവർക്കെങ്ങനെ ഇങ്ങനെ ലാഘവത്തോടെ എടുക്കാൻ കഴിയുന്നിത്…..

 

”ഓഹ്….നശിച്ചത് എന്റെ മാത്രം ജീവിതം ആണല്ലോ….“

 

ഭിത്തിയിലേക്ക് ചാരി….കണ്ണുകൾ നിറഞ്ഞൊഴുകി….അലറികരഞ്ഞുപോകുമെന്ന് തോന്നിയപ്പോൾ ഇട്ടിരുന്ന ടീഷർട്ട് ന്റെ തുമ്പു വായിലേക്ക് കുത്തികയറ്റി…….നിലത്തേക്കൂർന്നിരുന്നു…

 

അടുക്കളയിൽ എത്തിയപ്പോളാണ് മായക്ക് താൻ അവരെ കഴിക്കാൻ വിളിക്കാൻ ചെന്നതാണല്ലോ എന്ന് ഓർമ വന്നത്..തിരികെ മുറിയിലേക്ക് നടന്നു..

 

ഭിത്തിയോട് ചേർന്ന് തറയിൽ മുട്ടിൽ മുഖം പൂഴ്ത്തി ഇരിക്കുന്നവൾ…ദേഹമനങ്ങുന്നതിൽ നിന്നും മനസിലായി കരയുയാണെന്ന്…

 

“മോളെ….” മായ അവളുടെ തോളിൽ കൈവെച്ചു..എങ്ങലടിക്കുന്നത് നിന്നു..

 

അവളുടെ അടുത്ത് നിലത്തേക്കിരുന്നു.

 

“എന്ത് പറഞ്ഞാ കുഞ്ഞേ ഞാൻ നിന്നെ സമാധാനിപ്പിക്കണ്ടേ…”

“ഒരു കഥയും ഇല്ലാത്തവനാ….എന്റെ വളർത്തുദോഷം തന്നെയാ…ഓരോ അലമ്പുമായിട്ട് അവൻ നടക്കുമ്പോളും പ്രായത്തിന്റെയാ മാറുമെന്നേ കരുതിയോളു….പക്ഷെ ഇങ്ങനൊക്കെ കാട്ടികൂട്ടുമെന്ന് ഞാൻ ചിന്തിച്ചുകൂടെ ഇല്ല..” അവരൊന്നു നെടുവീർപ്പിട്ടു..

 

“മോൾടെ പേര് അമൃത എന്നല്ലേ…ശ്രീദേവി പറഞ്ഞിട്ടുണ്ട് പണ്ട്..”

 

അമ്മയുടെ പേര് കേട്ടതും അവൾ തല ഉയർത്തി നോക്കി..

 

മായ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

 

“വല്യ കൂട്ടാരുന്നു ഞാനും നിന്റമ്മേം…ഒരേ സ്കൂളിലാ പഠിച്ചേ..ഒരേ ക്ലാസ്സിൽ ഒരേ ബെഞ്ചിൽ.. പത്തു വരെ ഒരുമിച്ചായിരുന്നു..പിന്നവൾ പ്രീഡിഗ്രിക്ക് ടൗണിലെ കോളേജിൽ ചേർന്നു..ഞാൻ സരസു ചേച്ചിടെ അടുത്ത് തുന്നൽ പഠിക്കാനും..” ഓർമകളിൽ അവരുടെ മുഖം ചിരി മായാതെ തന്നെ നിന്നു..

 

“17 കഴിയും മുന്നേ വിവാഹോം കഴിഞ്ഞു..” ഒന്ന് ദീർഘമായി ശ്വസിച്ചു മായ അവളുടെ മുഖത്തേക്ക് നോക്കി…

 

“പിന്നവളെ ഞാൻ അങ്ങനെ കണ്ടിട്ടൊന്നുല്ല..നിന്റെ ചോറൂണിന് പുഴക്കര കണ്ണന്റെ അമ്പലത്തിൽ വന്നപ്പോളാ അവസാനായിട്ട് കണ്ടേ…അന്ന് നീയുണ്ടായിരുന്നു കയ്യിൽ..ഒരു തക്കുടുമണി…” മായ അവളുടെ നെറുകയിൽ വാത്സല്യത്തോടെ തലോടി…

 

“22 ആയികാണില്ലേ ഇപ്പൊ….”

 

“മ്മ്മ്…” അവളൊന്നു മൂളി…

 

“പഠിക്കുവാണോ മോളിപ്പോ…”

 

“മ്മ്മ്…പിജിക്ക്…”

 

“എന്ത് വിഷയാ പഠിക്കണേ…അമ്മക്ക് അറിഞ്ഞൂടാ അതാട്ടോ പിന്നേം ഇങ്ങനെ ചോദിക്കുന്നെ….”

 

“msc physics… സെന്റ് ആൽബർട്സിലാമ്മാ….” അറിയാതെ വിളിച്ചു പോയതാണ്..

 

“മോളിപ്പോ എണീറ്റു വാ…എന്തെങ്കിലും കഴിക്കാം..” ഇനിയും അവളെ ചോദിച്ചു മുഷിപ്പിക്കേണ്ടെന്ന് കരുതി മായ..

 

“വേണ്ട..വിശപ്പില്ല..” തളർന്നു വീഴാറായെങ്കിലും അവൾ അങ്ങനെ പറഞ്ഞു..

 

“ഇവിടെ പട്ടിണി കിടക്കാനൊന്നും പറ്റില്ല…വീട്ടീന്ന് ആരേലും വരുവാണേൽ വന്നപോലെ തന്നെ കൊടുത്തു വിടേണ്ടതാ എനിക്ക്….”ഇച്ചിരെ കടുപ്പിച്ചു തന്നെ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *