ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു. റജിയും ലെനയും ഒരേ വീട്ടിൽ അന്യരെപ്പോലെ കഴിഞ്ഞുപോന്നു.ഒരേ മുറിയിൽ, ഒരേ കിടക്കയിൽ പുറംതിരിഞ്ഞു കിടക്കുമ്പോൾ ശരീരങ്ങൾ തമ്മിൽ അടുത്തായിരുന്നെങ്കിലും, മനസ്സുകൾ തമ്മിൽ വലിയൊരു ദൂരമുണ്ടായിരുന്നു.
തങ്ങളുടെ ജീവിതത്തിലെ താളപ്പിഴകൾ എവിടെ വെച്ചാണ്, എന്തുകൊണ്ടാണ് സംഭവിച്ചത് എന്ന് രണ്ടുപേരും ഉള്ളാലെ ആലോചിച്ചുകൊണ്ടിരുന്നു.
ആഴ്ചകൾ കടന്നുപോയി. ഒരു ദിവസം അത്താഴത്തിനു ശേഷം കിടക്കാൻ പോകുന്നതിന് മുൻപായി, ഒരു തുറന്ന ചർച്ചയ്ക്ക് തുടക്കമിട്ടത് റജി തന്നെയായിരുന്നു.
പവിയുടെ ഭർത്താവ് മഹിയുമായി താരതമ്യം ചെയ്താൽ റജി വളരെ ശാന്തസ്വഭാവക്കാരനായിരുന്നു. അടുക്കും ചിട്ടയുമുള്ള ജീവിതമായിരുന്നു അവന്റേത്; ലെനയോട് സ്നേഹവും ഉണ്ടായിരുന്നു. ഈ കാരണങ്ങൾ കൊണ്ടെല്ലാം തന്നെ, ലെനയോട് കാര്യങ്ങൾ ചോദിച്ചറിയാനും ഒരു വിശദീകരണം ആവശ്യപ്പെടാനും റജിക്ക് അർഹതയുണ്ടായിരുന്നു.
അജിത്തിനെ എങ്ങനെ പരിചയപ്പെട്ടു? എന്തിനാണ് ഇങ്ങനെയൊരു വഴിയിലേക്ക് നീങ്ങിയത്? നിനക്ക് ജീവിതത്തിൽ എന്തിന്റെ കുറവായിരുന്നു? ഞാൻ എപ്പോഴെങ്കിലും നിനക്ക് സ്നേഹം തരുന്നതിൽ കുറവ് കാണിച്ചിട്ടുണ്ടോ?” ഇങ്ങനെ നീണ്ട ചോദ്യങ്ങളുടെ പട്ടിക തന്നെ റജിയുടെ ഭാഗത്തുനിന്നും ഉയർന്നു വന്നു. എന്നാൽ, മറുപടിയായി കണ്ണീരൊഴുക്കി കരയാനല്ലാതെ മറ്റൊന്നും ചെയ്യാൻ ലെനയ്ക്ക് കഴിഞ്ഞില്ല.
പക്ഷേ, ലെനയുടെ നിശ്ശബ്ദമായ കരച്ചിലിനു മുന്നിൽ തോറ്റുകൊടുക്കാൻ റജി തയ്യാറായിരുന്നില്ല. അവന്റെ തീഷ്ണമായ നിർബന്ധത്തിനു വഴങ്ങി അവസാനം ലെനയ്ക്ക് സംസാരിക്കേണ്ടി വന്നു. അതൊരു കുറ്റസമ്മതം മാത്രമായിരുന്നില്ല, അവളുടെ ഉള്ളിൽ ആരും കാണാതെപോയ വികാരങ്ങളുടെ പ്രകടനമായിരുന്നു.
അവൾ സമ്മതിച്ചു, “ശരിയാണ്, ഞാൻ തെറ്റുകാരിയാണ്. നിങ്ങൾ സ്നേഹമുള്ളവനാണ്, നല്ലൊരു മനുഷ്യനാണ്, നല്ലൊരു സുഹൃത്താണ്, നല്ലൊരു മകനാണ്. പക്ഷേ, നല്ലൊരു ഭർത്താവാണ് എന്ന് എനിക്ക് പറയാൻ സാധിക്കില്ല”.
“കൂടെ കഴിയുന്ന ഒരു വ്യക്തിയോട് അല്ലെങ്കിൽ ഒരു സാധാരണ മനുഷ്യനോട് കാണിക്കേണ്ട എല്ലാ പരിഗണനകളും സ്നേഹങ്ങളും നിങ്ങൾ എനിക്ക് തന്നിട്ടുണ്ട്. പക്ഷേ, ഒരു ഭാര്യയോട് ചെയ്യേണ്ട കടമകൾ പൂർണ്ണമായും നിങ്ങൾ ചെയ്തിട്ടുണ്ടോ? നിങ്ങൾ സ്വയം തന്നെ
ഒന്ന് ആലോചിച്ചു നോക്കൂ”.
അതൊരു ചോദ്യം ചെയ്യലായിരുന്നില്ല, വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആവലാതികളുടെ ഓർമ്മപ്പെടുത്തൽ മാത്രമായിരുന്നു.
ലെനയുടെ ഭാഗത്തുനിന്നും ഇങ്ങനെയൊരു ചോദ്യമോ ഓർമ്മപ്പെടുത്തലോ റജി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവന്റെ ഭാഗത്തുനിന്നും അതിനൊരു മറുപടിയുമുണ്ടായില്ല.
തന്റെ ചോദ്യത്തിനു മുന്നിൽ പകച്ചുനിൽക്കുന്ന റജിയോട് അല്പം സഹതാപം തോന്നിയെങ്കിലും, ഇപ്പോഴെങ്കിലും ഈ കാര്യങ്ങൾ സംസാരിക്കണമെന്ന് ലെന മനസ്സിൽ ഉറപ്പിച്ചു.
ലെന പതുക്കെ അവനടുത്തേക്ക് നീങ്ങിയിരുന്നു. കണ്ണീർ തുടച്ചുകൊണ്ട് വളരെ ശാന്തമായ, എന്നാൽ മുറിവേറ്റ ഒരു മനസ്സിന്റെ ഉറച്ച ശബ്ദത്തിൽ അവൾ തുടർന്നു:
റജിച്ചായ, ഞാൻ ചെയ്തത് പൂർണ്ണമായും തെറ്റ് തന്നെയാണ്. എത്ര ന്യായീകരിച്ചാലും തിരുത്താൻ പറ്റാത്ത അത്ര വലിയൊരു പാപം. എങ്കിലും ചോദിക്കട്ടെ… നിങ്ങൾക്ക് ഓർമ്മയുണ്ടോ അവസാനമായി നമ്മൾ എപ്പോഴാണ് ഒരുമിച്ചൊന്ന് പുറത്തുപോയതെന്ന്? എപ്പോഴാണ് ഒരുമിച്ചിരുന്ന് ഒരു കപ്പ് കാപ്പി കുടിച്ചത്? എപ്പോഴും എന്തെങ്കിലും ഒരു ജോലിത്തിരക്ക്! വീക്കെൻഡുകളിൽ പോലും പെൻഡിങ് വർക്കുകൾ തീർക്കാൻ കമ്പ്യൂട്ടറിന് മുന്നിൽ കുത്തിയിരിക്കുന്ന നിങ്ങളെ ഞാൻ എണ്ണിയാലൊടുങ്ങാത്ത തവണ നോക്കിനിന്നിട്ടുണ്ട്. അന്ന് എന്റെ ഉള്ളിൽ എത്ര വലിയ ശൂന്യതയായിരുന്നു എന്ന് നിങ്ങൾക്കറിയാമോ?
റജിച്ചായൻ എന്നെ ഒന്ന് നെഞ്ചോടു ചേർത്തുപിടിച്ചിട്ട്, ആത്മാർത്ഥമായി ഒന്നു ചുംബിച്ചിട്ട് എത്ര കാലമായി? വെറും കടമയ്ക്ക് വേണ്ടി മാത്രം ശരീരത്തിൽ തൊട്ടതല്ലാതെ, മനസ്സ് അറിഞ്ഞ്, പ്രണയം നിറഞ്ഞ്, ഒരുമിച്ചൊന്ന് ആസ്വദിച്ച് നമ്മൾ സ്നേഹിച്ചിട്ട്… അങ്ങനെ എന്തെങ്കിലും ഒന്ന് സംഭവിച്ചിട്ട് വർഷങ്ങളായി!
