ഒരുപക്ഷേ ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ധാരാളം നടക്കുന്നുണ്ടാകാം,, പലർക്കും ഇതൊരു സ്വാഭാവികമായ കാര്യവുമായിരിക്കാം. പക്ഷേ, പവിയെ സംബന്ധിച്ച് ഇതൊക്കെ വലിയ കാര്യങ്ങളായിരുന്നു. അതുകൊണ്ടുതന്നെ, ആ കാന്റീൻ മുറിയിലെ എസിയുടെ തണുപ്പിലും അവൾ ചെറുതായി വിയർക്കാൻ തുടങ്ങി.
കുറച്ചുനേരത്തേക്ക് അവർക്കിടയിൽ സംസാരമൊന്നുമുണ്ടായില്ല. പവിയോട്
എല്ലാം തുറന്നു പറഞ്ഞതിന്റെ ആശ്വാസത്തിൽ ലെനയും, കേട്ട കാര്യങ്ങളുടെ അമ്പരപ്പിൽ നിന്ന് മുക്തയാകാതെ പവിയും ഭക്ഷണം കഴിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു. ആ നിശബ്ദതയിൽ അവർ രണ്ടുപേരും തങ്ങളുടെ മാത്രം ചിന്തകളിൽ മുഴുകിയിരുന്നു.
അല്പം കഴിഞ്ഞപ്പോൾ ലെന വീണ്ടും പറഞ്ഞുതുടങ്ങി:
എന്റെ മോളെ, സത്യം പറയാലോ,, ആദ്യമായിട്ട് എന്റെ മുന്നിൽ വെച്ച് റജിച്ചായനും അജിത്തും എല്ലാം അറിഞ്ഞിട്ടും ഇങ്ങനെ സുഹൃത്തുക്കളെപ്പോലെ സംസാരിക്കുന്നത് കണ്ടപ്പോൾ… എനിക്ക് എന്തെന്നില്ലാത്ത ഒരു വികാരമായിരുന്നു. നാണമോ സന്തോഷമോ, അതോ രണ്ടും കൂടി ചേർന്നുള്ള വല്ലാത്തൊരു അവസ്ഥയോ,, ഹോ,, എന്തായാലും അതൊരു വേറെ
ലെവൽ ഫീലിംഗ് തന്നെയായിരുന്നു മോളെ!
അതു പറയുമ്പോൾ, അന്ന് അനുഭവിച്ച ആ നാണവും സന്തോഷവും ലെനയുടെ മുഖത്ത് ഇപ്പോഴും ഒരു തിളക്കമായി പവിക്ക് കാണാമായിരുന്നു.
സ്വല്പം കഴിഞ്ഞ് അല്പം മടിച്ചു, മടിച്ചെന്നപോലെ ലെന വീണ്ടും പതിയേ പറഞ്ഞു…
പിന്നെ… പിന്നെ വേറൊരു കാര്യം കൂടിയുണ്ട്. അത് പറയാൻ തുടങ്ങിയപ്പോൾ ലെനയുടെ മുഖം പതിവില്ലാത്തവണ്ണം നാണം കൊണ്ട് ചുവന്നു തുടുത്തിരുന്നു..
അവളുടെ ആ ഭാവവും സംസാരവും കണ്ടപ്പോൾ പവി അല്പം വികസിച്ച കണ്ണുകളോടെ, ‘ഇനി എന്താണ്?’ എന്ന അർത്ഥത്തിൽ ലെനയുടെ നേർക്ക് നോക്കി.
ലെന ഒന്നു ശ്വാസം വിട്ടു കൊണ്ട് വീണ്ടും തുടർന്നു: ഇതാണ് മോളെ അന്നത്തെ ഹൈലൈറ്റ്!
സംസാരത്തിനൊടുവിൽ അവസാനം റജിച്ചായൻ അജിത്തിനെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അടുത്ത വീക്കെൻഡിൽ ഞങ്ങളുടെ വീട്ടിൽ ഡിന്നർ… അതും റജിച്ചായൻ വീട്ടിലുള്ളപ്പോൾ തന്നെ!
ഇത്രയും പറഞ്ഞ് നാണം സഹിക്കാൻ വയ്യാത്തവളെപ്പോലെ ലെന ഇരു കൈകൾ കൊണ്ടും തന്റെ മുഖം പൊത്തിയിരുന്നു.
പവി ഒരു നിമിഷം സ്തംഭിച്ചുപോയി. ലെനയുടെ തോളിൽ കൈവെച്ചുകൊണ്ട് അവൾ ചോദിച്ചു, “എടി, ഇത് സത്യം തന്നെയോ? റജിച്ചായൻ ഇത്രയൊക്കെ മാറിയോ?”
ലെന പതിയെ മുഖത്തുനിന്നും കൈകൾ മാറ്റി, പവിയുടെ കൈകൾ തന്റെ കൈകളോട് ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു:
അതേടി, സത്യമാണ്. പുള്ളിക്കാരൻ ഈ കാര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞതാണെന്ന് ഞാൻ നേരത്തെ നിന്നോട് പറഞ്ഞിരുന്നല്ലോ. പക്ഷേ, ഞാനും ഇത്രക്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല,, ഇങ്ങനെ ഫോണിൽ നേരിട്ട് സംസാരിക്കുമെന്നും, പുള്ളിയുള്ളപ്പോൾ തന്നെ അവനെ വീട്ടിലേക്ക് ക്ഷണിക്കുമെന്നും ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ പവി ഒന്ന് ദീർഘമായി ശ്വാസമെടുത്ത് വിട്ടു. അവളുടെ വെപ്രാളവും പരിഭ്രാന്തിയും എല്ലാം കണ്ടപ്പോൾ ലെന കളിയാക്കുംപോലെ ചോദിച്ചു: “എടി, എന്റെ കാര്യങ്ങൾ കേട്ടിട്ട് നീ എന്തിനാണ് ഇങ്ങനെ ടെൻഷൻ അടിക്കുന്നത്?”
അതും പറഞ്ഞ് അവൾ ചെറുതായി ഒന്ന് ചിരിച്ചു. അവളുടെ ആ കാട്ടിക്കൂട്ടലുകൾ കണ്ടപ്പോൾ പവിയും അവളുടെ മുഖത്തേക്ക് നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു. പക്ഷേ, അപ്പോഴും പവിയുടെ മുഖത്ത് ചെറിയൊരു പരിഭ്രമം കലർന്നിരുന്നു.
ചൂടേറിയ വിശേഷങ്ങൾക്ക് ഒരു വിരാമമായി അന്തരീക്ഷം ഒന്ന് ശാന്തമായപ്പോൾ, ലെന അല്പം ഗൗരവത്തോടെ പവിയോട് ചോദിച്ചു: “ഇനി നീ പറ, എന്തൊക്കെയാ നിന്റെ വിശേഷങ്ങൾ?”
ലെന അങ്ങനെ ചോദിച്ചപ്പോൾ, അതുവരെ സന്തോഷവതിയായിരുന്ന പവിയുടെ മുഖം പെട്ടെന്ന് മ്ലാനമായി.
“ഓ, എനിക്കെന്ത് വിശേഷം! എല്ലാം പഴയതുപോലെ തന്നെ.” എല്ലാ ആവേശവും ചോർന്ന രീതിയിലായിരുന്നു പവിയുടെ ആ മറുപടി.
”മഹിക്കിപ്പോഴും ഒരു മാറ്റമില്ലേ? ഇപ്പോഴും നേരെ കിടന്നുറക്കം തന്നെയാണോ?” ലെന മറയില്ലാതെ ചോദിച്ചു.
