ഒരു ഭർത്താവ് എന്നതിലുപരി, ഒരേ മേൽക്കൂരയ്ക്കടിയിൽ കഴിയുന്ന ഒരു നല്ല സുഹൃത്ത് മാത്രമായിരുന്നു നിങ്ങൾ എനിക്ക്. പക്ഷേ ഒരു സ്ത്രീക്ക് സുഹൃത്തിനെ മാത്രമല്ലല്ലോ വേണ്ടത്? അവളെ ആഗ്രഹിക്കുന്ന, അവളുടെ ഓരോ നിശ്വാസവും തിരിച്ചറിയുന്ന, അവളെ ചേർത്തുപിടിച്ച് ഉമ്മകൾ കൊണ്ട് മൂടുന്ന, എല്ലാ അർത്ഥത്തിലും ഒരുമിച്ചൊന്ന് ജീവിക്കാൻ കൊതിക്കുന്ന ഒരു പങ്കാളിയെയല്ലേ അവൾ ആഗ്രഹിക്കുന്നത്?
റജിച്ചായൻ നേരത്തെ എന്നോട് ചോദിച്ചല്ലോ, നിങ്ങൾക്കില്ലാത്ത എന്താണ് അവന്,, ആ അജിത്തിന് ഉള്ളതെന്ന്? ദേ, ഞാൻ ഇപ്പോൾ പറഞ്ഞ ഈ നീണ്ടു നീണ്ട പട്ടികയുണ്ടല്ലോ? ഞാൻ ആഗ്രഹിക്കുന്ന, ഞാൻ കൊതിക്കുന്ന ഒരു ജീവിതത്തിന്റെ, അഥവാ നമുക്കിടയിൽ വിള്ളലുകൾ തീർത്ത കാര്യങ്ങൾ… ആ വിള്ളലുകളാണ് അവൻ നികത്തിയത്.
അവൾ അല്പം ശ്വാസമെടുത്ത് റജിച്ചായന്റെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ ഭയമായിരുന്നില്ല, മറിച്ച് ഒരു സത്യം പറഞ്ഞൊഴിച്ചതിന്റെ ആശ്വാസമായിരുന്നു.
അവള്‍ തുടർന്നു…
റജിച്ചായ, ആ വിള്ളലുകൾ നിങ്ങൾ ശ്രദ്ധിക്കാതിരുന്നപ്പോൾ, ആ ശൂന്യതയിൽ അവൻ പതുക്കെ ഇടം പിടിച്ചു. ഞാൻ തളർന്നപ്പോൾ അവൻ താങ്ങായി, ഞാൻ പറയാതെ പോയത് അവൻ കണ്ടുപിടിച്ചു. നിങ്ങൾ ജോലിത്തിരക്കുകളിൽ മുഴുകിയപ്പോൾ, എന്നിലെ പെണ്ണിനെ അവൻ ചേർത്തുപിടിച്ചു. അന്ന് അവൻ എനിക്ക് നൽകിയത് വെറും പ്രണയമായിരുന്നില്ല, പകരം എന്നെ ഒരു മനുഷ്യസ്ത്രീയായി അവൻ പരിഗണിച്ചു എന്നതാണ്. ആ വിള്ളലുകൾ അവൻ നികത്തിയപ്പോൾ, അറിയാതെ തന്നെ ഞാൻ അവനിലേക്ക് അലിഞ്ഞുപോയി. അതൊരു തെറ്റാണെന്ന് എനിക്കറിയാം റജിച്ചായ… പക്ഷേ, തരിശായിക്കിടന്ന എന്റെ ജീവിതത്തിൽ അവൻ ചെറിയൊരു പൂവ് നട്ടുപിടിപ്പിച്ചു, അത് നനച്ച് വളർത്തിയപ്പോൾ അതിലേക്ക് ഞാൻ വീണുപോയി.
കുറച്ചുനേരം അവർ മുഖത്തോട് മുഖം നോക്കിയിരുന്നു,, വല്ലാത്തൊരു പകപ്പോടെ…!
താൻ
ഇത്രയും കാര്യങ്ങൾ തുറന്നു പറഞ്ഞതുകൊണ്ട്, റജിച്ചായന്റെ ഭാഗത്തുനിന്നും എന്തെങ്കിലും ഒരു മറുപടി,,, ഒന്നുകിൽ ഒരു പൊട്ടിത്തെറി അല്ലെങ്കിൽ ഒരു ക്ഷമാപണം,, എന്തെങ്കിലും ഒന്ന് ലെന പ്രതീക്ഷിച്ചിരുന്നു.
പക്ഷേ, ഒന്നും സംഭവിച്ചില്ല. അയാൾ പെട്ടെന്ന് എഴുന്നേറ്റ് കിടപ്പുമുറിയിലേക്ക് പോയി വാതിൽ അടയ്ക്കുകയാണ് ചെയ്തത്.
ആ അടഞ്ഞ വാതിലിന്റെ ശബ്ദം ലെനയുടെ ഉള്ളിൽ ഒരു മുഴക്കമായി മാറി.
കുറേ മണിക്കൂറുകൾ ലെന ആ സോഫയിൽ നിർവികാരിയായി ഇരുന്നു. മനസ്സിന്റെ ഉള്ളറകളിൽ പലതരം ചിന്തകൾ തിരതല്ലിക്കൊണ്ടിരുന്നു. ചില നേരങ്ങളിൽ താൻ ഇത്രയും മൂർച്ചയേറിയ ഭാഷയിൽ സംസാരിക്കേണ്ടിയിരുന്നില്ല എന്ന് അവൾക്ക് തോന്നിപ്പോയിരുന്നു. തന്റെ തുറന്നുപറച്ചിൽ കാരണം, വർഷങ്ങളായി കെട്ടിപ്പൊക്കിയ ആ ജീവിതം ഇനി എന്നെന്നേക്കുമായി തകർന്നുപോയേക്കുമെന്ന ഭയം അവളെ വല്ലാതെ പിടികൂടി.
മറുഭാഗത്ത്, ഇനിയെങ്കിലും ഈ കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ പിന്നെ ഇങ്ങനെ ഒരു ജീവിതം തുടരുന്നതിൽ എന്താണ് അർത്ഥമെന്നും അവളുടെ മനസ്സ് ആവർത്തിച്ച് ചോദിച്ചുകൊണ്ടേയിരുന്നു. ഉള്ളിലെ ശൂന്യതയെ ഭർത്താവ് കാണാതിരുന്നതും, തന്റെ ആഗ്രഹങ്ങൾക്കും വികാരങ്ങൾക്കും മുകളിൽ കടമകൾക്ക് മാത്രം പ്രാധാന്യം നൽകിയതും അവൾക്ക് ഒട്ടും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
ഒടുവിൽ ലെന കിടപ്പുമുറിയിലേക്ക് നടക്കുമ്പോൾ നേരം പുലരാറായിരുന്നു. മുറിയിൽ നേരിയ വെട്ടം മങ്ങി നിൽക്കുന്നുണ്ടായിരുന്നു. റജിച്ചായൻ കമിഴ്ന്നു കിടന്നുറങ്ങുകയാണ്. അദ്ദേഹം ആഴത്തിലുള്ള ഉറക്കത്തിലാണോ അതോ ഉറക്കത്തെ അഭിനയിക്കുകയാണോ എന്ന് അവൾക്ക് മനസ്സിലായില്ല.
യാതൊരു ശബ്ദവും ഉണ്ടാക്കാതെ, ബെഡിന് ഒരു ചലനം പോലും സംഭവിക്കാത്ത രീതിയിൽ അവൾ പതിയെ അതിന്റെ ഓരം ചേർന്ന് കിടന്നു. റജിച്ചായന്റെ പുറംഭാഗം അവൾക്ക് നേരെയായിരുന്നു. ആ വലിയ ശരീരത്തിന്റെ ചൂട് പോലും അനുഭവപ്പെടാൻ അവൾ ആഗ്രഹിച്ചില്ല. താൻ പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന് ഏൽപ്പിച്ച ആഘാതം എന്താണെന്ന് ആ കിടപ്പിൽ നിന്നും അവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞുമില്ല..
