ആ വാക്കുകളിലെ പരിഹാസത്തിന്റെ രൂക്ഷത കേട്ടപ്പോൾ പവി അമ്പരപ്പോടെ തലയുയർത്തി മഹിയുടെ മുഖത്തേക്ക് നോക്കി. അവിടെ താൻ പ്രതീക്ഷിച്ച പ്രശംസയോ അംഗീകാരമോ ആയിരുന്നില്ല,, മറിച്ച് വെറും പുച്ഛവും പരിഹാസവും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
താൻ ഇത്രയും ആവേശത്തോടെ ഒരുങ്ങി നിന്നിട്ടും, മഹിയുടെ പരിഹാസവാക്കുകൾ കേട്ടപ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയിൽ അവൾ ഉള്ളാലെ കരഞ്ഞു. എങ്കിലും, ആ സങ്കടം ഒരു തുള്ളി കണ്ണീരായിപ്പോലും പുറത്തുവരാതെ അവൾ മനക്കരുത്തോടെ പിടിച്ചുനിന്നു.
മഹി പതിവുപോലെ അലസമായി തന്റെ ബാഗ് സോഫയിലേക്ക് വലിച്ചെറിഞ്ഞ് കുളിക്കാനായി മുറിയിലേക്ക് കയറി. അതിനിടയിൽ, “നല്ല വിശപ്പുണ്ട്, പെട്ടെന്ന് ഭക്ഷണം എടുത്തു വെക്കൂ” എന്ന് അവൻ പവിയോട് പറഞ്ഞു.
മഹിക്കുവേണ്ടി ഭക്ഷണം തീൻമേശയിൽ ഒരുക്കുമ്പോൾ പവിയുടെ കൈകാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അത് ദേഷ്യം കൊണ്ടാണോ സങ്കടം കൊണ്ടാണോ, അതോ രണ്ടും സമ്മിശ്രമായ ഒരു വികാരമാണോ എന്നത് അവൾക്ക് അപ്പോൾ തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല.
മഹി ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ അവൾ അരികിലായി നിശബ്ദയായി അവനെത്തന്നെ നോക്കി നിന്നു. എന്നും ഒന്നിച്ചായിരുന്നു അവർ ഭക്ഷണം കഴിക്കാറ്,, എന്നാൽ ഇന്ന് താൻ കഴിച്ചോ എന്ന് പോലും ചോദിക്കാതെ മഹി കഴിക്കുന്നത് കണ്ടപ്പോൾ, എന്നും ഒന്നിച്ച് കഴിച്ചിരുന്ന ആ ശീലം തന്റെ മാത്രം ആഗ്രഹത്തിന്റെ പുറത്ത് നിലനിന്നുപോയതായിരുന്നുവെന്ന് അവൾ വേദനയോടെ തിരിച്ചറിയുകയായിരുന്നു.
മൊബൈലിൽ മുഴുകി ഭക്ഷണം കഴിക്കുന്നതിനിടയിൽ, ആദ്യത്തെ ഉരുള വായിലേക്ക് വെച്ചതും മഹി മുഖം ചുളിച്ചു. തൊട്ടടുത്ത നിമിഷം, അടക്കിവെച്ച ദേഷ്യം മുഴുവൻ തീർത്തുകൊണ്ട് അവൻ ചോറ്റുപാത്രം തറയിലേക്ക് തട്ടിത്തെറിപ്പിച്ചു. ചിതറിത്തെറിച്ച പാത്രത്തിന്റെ ആ ശബ്ദവും, “എന്തൊരു ഉപ്പാ ഇതിന്!” എന്ന അവന്റെ അലർച്ചയും വീടിന്റെ നിശബ്ദതയെ കീറിമുറിച്ചു. ആ ശബ്ദത്തിരമാലയിൽ, അതുവരെ പിടിച്ചുനിർത്തിയ പവിയുടെ ആത്മബലവും പ്രതിഷേധവുമെല്ലാം തകർന്നടിഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി,,, അണപൊട്ടിയൊഴുകുന്ന കണ്ണുനീർ കവിളുകളിലൂടെ ധാരധാരയായി അടർന്നു വീണുകൊണ്ടിരുന്നു.
അവളുടെ കരച്ചിൽ കണ്ടപ്പോൾ താൻ ഇത്രയും കഠിനമായി പെരുമാറേണ്ടിയിരുന്നില്ല എന്ന് ഒരു നിമിഷം മഹിക്കും തോന്നിയെങ്കിലും, മാപ്പ് പറയാനോ അവളെ ആശ്വസിപ്പിക്കാനോ അവൻ മുതിർന്നില്ല. പകരം, ധിക്കാരഭാവത്തോടെ തന്നെ എഴുന്നേറ്റ് കൈകഴുകി നേരെ ബെഡ്‌റൂമിലേക്ക് നടന്നുപോയി.
ചിതറിത്തെറിച്ച പാത്രത്തിന്റെ കഷ്ണങ്ങൾ
പെറുക്കി മാറ്റുമ്പോഴും, തറയിൽ വീണുകിടന്ന ഭക്ഷണാവശിഷ്ടങ്ങൾ കോരിയെടുക്കുമ്പോഴും പവിയുടെ മനസ്സ് പൂർണ്ണമായും മരവിച്ചുപോയിരുന്നു.
താൻ എന്തിനാണ് ഇതെല്ലാം സഹിക്കുന്നത്? എന്താണ് തന്നിലുള്ള ഇത്ര വലിയ കുറവ്? ഇത്രമാത്രം വെറുക്കപ്പെടാൻ മാത്രം താൻ ചെയ്ത തെറ്റെന്താണ്? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവളുടെ ഉള്ളിൽ തിരമാലകളായി അലയടിച്ചുകൊണ്ടിരുന്നു.
എല്ലാം വൃത്തിയാക്കി എഴുന്നേറ്റപ്പോൾ അവൾക്ക് തളർച്ച തോന്നി. യന്ത്രം പോലെ അവൾ വീണ്ടും ആ കണ്ണാടിക്ക് മുന്നിൽ ചെന്നുനിന്നു.
നേരത്തെ ആവേശത്തോടെ അണിഞ്ഞൊരുങ്ങിയ അതേ രൂപം ഇപ്പോൾ അവളെ നോക്കി പരിഹസിക്കുന്നതുപോലെ തോന്നി. കണ്ണുനീർ കൊണ്ട് കണ്ണിനുചുറ്റും വരച്ച കരിമഷികൾ പടർന്നുപിടിച്ച് അവളുടെ മുഖമാകെ വികൃതമായിരിക്കുന്നു.
കണ്ണാടിയിലെ ആ പ്രതിബിംബത്തെ നോക്കി അവൾ ഒന്ന് മന്ദഹസിച്ചു. മഹി പറഞ്ഞത് അക്ഷരംപ്രതി ശരിയായിരുന്നു,,, ഇപ്പോൾ തന്നെ കണ്ടാൽ ശരിക്കും ഒരു തെയ്യം തുള്ളാൻ കോലം കെട്ടിയതുപോലെ തന്നെയുണ്ട്. പക്ഷെ ആ തെയ്യം തുള്ളുന്നത് പുറത്തല്ല, തന്റെ ഉള്ളിലെ നീറുന്ന വേദനകളുടെ ചിതയിലാണെന്ന് മാത്രം.
താൻ സ്വയം അണിഞ്ഞൊരുങ്ങിയ ആ സൗന്ദര്യം, ഇപ്പോള്‍ തന്റെ തന്നെ കണ്ണുകളിൽ ഒരു പരിഹാസച്ചിരിയായി മാറിയിരിക്കുന്നു. ഇത്രയും കാലം താൻ ആഗ്രഹിച്ച അംഗീകാരത്തിന്റെ അവസാനത്തെ കണികയും ആ നിലത്തു കിടന്നുടഞ്ഞ പാത്രങ്ങളോടൊപ്പം ചിതറിപ്പോയെന്ന് അവൾക്ക് ബോധ്യമായി.
