പവിത്രം – 2 4അടിപൊളി  

മകന് ചായ കൊടുക്കുമ്പോഴും വീട്ടിലെ മറ്റു പണികൾ ചെയ്യുമ്പോഴും പവി പൂർണ്ണമായും മൗനിയായിരുന്നു…

മകന് അത്താഴം വിളമ്പുമ്പോൾ അവളും അവനോടൊപ്പം തന്നെ ഭക്ഷണം കഴിച്ചു… ഇന്ന് മഹിയേട്ടന് വേണ്ടി കാത്തിരിക്കാൻ അവൾക്ക്

മനസ്സുവന്നില്ല…

ഇന്ന് ജോലി കഴിഞ്ഞ് മഹി തിരിച്ചെത്തിയപ്പോൾ,തലേരാത്രിയെ പോലെ ആ കെട്ടുമാറാപ്പുകളോ മേനിനടിക്കുന്ന ചായം പൂശലുകളോ അവളിൽ ഉണ്ടായിരുന്നില്ല,,, എന്തിന്, വാതിൽ തുറന്നുകൊടുക്കുമ്പോൾ അവനുവേണ്ടി ഒരു പുഞ്ചിരി പോലും അവൾ കരുതിവെച്ചിരുന്നില്ല…അവന് പുറംതിരിഞ്ഞു നടക്കുമ്പോൾ, ഭക്ഷണം തീൻമേശയിൽ എടുത്തു വെച്ചിട്ടുണ്ടെന്ന് മാത്രം അവൾ പറഞ്ഞു…

അവൻ കുളികഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും അവൾ വെട്ടം അണച്ച് മകനോടൊപ്പം ഉറക്കത്തിലേക്ക് ആഴ്ന്നിരുന്നു…

******************

ബുധനാഴ്ച…

​ഇന്ന് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പവി അണിഞ്ഞൊരുങ്ങാൻ ഒന്നും നിന്നില്ല. ചുണ്ടത്ത് ചായം തേക്കുവാനോ കണ്ണിൽ കരി എഴുതുവാനോ അവൾക്ക് മനസു വന്നില്ല. നല്ല സുഖമില്ലായിരുന്നു, പക്ഷേ അസുഖം ശരീരത്തിനല്ല മനസിനാണെന്ന് മാത്രം. തിരക്ക് പിടിച്ച് ബസ് സ്റ്റോപ്പ് ലക്ഷ്യം വെച്ച് നടക്കുമ്പോൾ അവളുടെ മനസ്സിൽ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ; ഇന്ന് അവനെ തനിക്കൊന്ന് കാണണം. ഒന്നും ചോദിക്കാനുമില്ല, പറയാനുമില്ല, പക്ഷേ ഒന്ന് കാണണം.

പക്ഷേ ഇന്നും അത് തന്നെ ആവർത്തിച്ചു. അവൾ ബസ് സ്റ്റോപ്പിലേക്ക് എത്തുന്നതിനു മുമ്പേ ബസ് അവളെ മറികടന്നു പോയിരുന്നു. അവളെ ഒട്ടും ഗൗനിക്കാതെ..! ഇന്നലെ ആ ബസ് അങ്ങനെ തന്റെ മുന്നിലൂടെ ചീറിപ്പാഞ്ഞു പോയപ്പോൾ പവിക്ക് സങ്കടവും ദേഷ്യവും സമ്മിശ്രമായ വികാരങ്ങളായിരുന്നു. പക്ഷേ ഇന്ന് അവൾക്ക് ഒരേ ഒരു വികാരമേ ഉണ്ടായിരുന്നുള്ളൂ; അത് സങ്കടം മാത്രമായിരുന്നു. എന്തിനാണ് അവൻ തന്നെ ഇങ്ങനെ അവഗണിക്കുന്നത് എന്നൊരു ചോദ്യം മാത്രം അവളുടെ മനസ്സിൽ അലയടിച്ചു.

ലഞ്ച് ബ്രേക്ക്..

​ഇന്ന് പവിയുടെ മുഖത്തെ കാർമേഘത്തിന് ഇരുട്ട് കൂടുതലായിരുന്നു. അത് കണ്ട ലെനയ്ക്ക് ഒന്നും പറയാതെ തന്നെ കാര്യം മനസ്സിലായി.

“ഇന്നും ബസ്സ് നിർത്താതെ പോയോ?” അവൾ അല്പം ഭയന്നാണ് ചോദിച്ചത്..

ഇന്നലെ കണ്ടത്ര രൂക്ഷമായ മറുപടി കൊടുക്കുന്ന മാനസികാവസ്ഥയിലായിരുന്നില്ല പവി,, അവൾ തളർന്നിരുന്നു…

ലെനയുടെ ചോദ്യത്തിന് അവൾ അതേ എന്ന് സങ്കടത്തോടെ തലകുലുക്കുക മാത്രം ചെയ്തു.

“എങ്കിൽ നിനക്കിന്ന് കുറച്ചു നേരത്തെ ബസ് സ്റ്റോപ്പിലേക്ക് പോയിക്കൂടായിരുന്നോ?” ലെന ചോദിച്ചു.

പവി ഉടനെ മറുപടി പറഞ്ഞു, “എന്തിന്? ഇത്രയും മാസങ്ങൾ എനിക്ക് വേണ്ടി കാത്തുനിന്ന ആൾക്ക് ഇപ്പോൾ സാധിക്കുന്നില്ലെങ്കിൽ എനിക്ക് അത് വേണ്ട.”

​ലെന ഉള്ളിൽ ചിരിച്ചു, പക്ഷേ മുഖത്ത് ഗൗരവം പടർത്തി തന്നെ അവൾ പറഞ്ഞു: “ചില നേരത്ത് നിനക്ക് ശരിക്കും കുട്ടികളുടെ സ്വഭാവമാണ്. ചെറിയ കാര്യങ്ങൾ പോലും ഊതിവീർപ്പിച്ച് വലിയ സങ്കടത്തിലേക്ക് നീങ്ങും. ഞാൻ തുറന്നു പറയാം, അവനെ ഒന്ന് കണ്ടാൽ തീരുന്ന പ്രശ്നമേ നിനക്കുള്ളൂ. നീ വാശി കളഞ്ഞ് നാളെ നേരത്തെ തന്നെ ബസ് സ്റ്റോപ്പിലേക്ക് പോ. നിന്റെ സ്വഭാവം വെച്ച് അവനോടൊന്നും ചോദിക്കില്ലെന്ന് എനിക്കറിയാം. എന്നിരുന്നാലും, അവനെ കണ്ടാൽ അവനു നിന്നോടുള്ള പെരുമാറ്റം കാണുമ്പോൾ അറ്റ്ലീസ്റ്റ് അവൻ പിണക്കത്തിലാണോ, അതല്ല മറ്റു വല്ല പ്രശ്നങ്ങളിലാണോ എന്ന് നമുക്കറിയാമല്ലോ. ഒരുപക്ഷേ അവൻ നിനക്ക് എന്തെങ്കിലും സൂചനകൾ തന്നാലോ?”

ലെനയുടെ വാക്കുകൾക്ക് പവി ഒന്നു മൂളുക മാത്രം ചെയ്തു. പിന്നെ അവൾ ഏതോ ഒരു ആലോചനയുടെ ലോകത്തെന്നതുപോലെയിരുന്നു.

അന്നും വൈകീട്ട് വീട്ടിലെത്തിയ പവി ചിന്തകളുടെ ലോകത്ത് തന്നെയായിരുന്നു. ഇന്നും മഹി രാത്രി

കുളി കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും അവൾ കിടന്നിരുന്നു. കട്ടിലിൽ കണ്ണടച്ച് കിടക്കുന്ന അവളെ മഹി അല്പനേരം നോക്കി നിന്നു. ഇന്നലെയും ഇന്നുമായി അവളുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ അവൻ തീർച്ചയായും ശ്രദ്ധിച്ചിരുന്നു. താൻ വഴക്കു പറഞ്ഞാൽ കുറച്ചുനേരം മിണ്ടാതിരിക്കുന്നത് പതിവാണ്, പക്ഷേ തന്നോടൊപ്പം ഭക്ഷണം കഴിക്കാതെയും താൻ ഉറങ്ങുന്നതിനു മുമ്പേ കിടക്കുന്ന ശീലവും അവൾക്കില്ലായിരുന്നു. അന്ന് അത്രയും പറയേണ്ടിയിരുന്നില്ല എന്ന് മഹി മനസ്സിൽ പറഞ്ഞു. പക്ഷേ എന്നിട്ടും അവളോടൊന്ന് സംസാരിക്കാനോ അവളെ ആശ്വസിപ്പിക്കാനോ അവൻ മുതിർന്നില്ല. അവൻ തീൻമേശ ലക്ഷ്യം വെച്ച് നടന്നു.

Updated: July 11, 2026 — 6:31 pm

Leave a Reply

Your email address will not be published. Required fields are marked *