ആ നിമിഷം അവളുടെ തലച്ചോറിലേക്ക് ചെകുത്താന്റെ സാരോപദേശം പോലെ ഒരു ചിന്ത ഇരച്ചു കയറി…
“ഇന്ന് കണ്ണ് എഴുതിയില്ലേ?”
ബസ്സിൽ വെച്ച് ആ കണ്ടക്ടർ പയ്യൻ ചോദിച്ച ചോദ്യം..
ഒരു ഭാഗത്ത് താൻ തന്റെ ശരീരസൗന്ദര്യം എടുത്തു കാണിക്കുന്ന വസ്ത്രങ്ങൾ ധരിച്ചും, കൺമഷി എഴുതിയും എല്ലാം ഭർത്താവിനെ സന്തോഷിപ്പിക്കാനും ആകർഷിക്കാനും കിണഞ്ഞു പരിശ്രമിക്കുന്നു. എന്നാൽ താൻ എത്രയൊക്കെ ഒരുങ്ങിയാലും അയാൾക്ക് തന്നോട് വെറും പുച്ഛവും വെറുപ്പും മാത്രം.
മറുഭാഗത്ത്, തന്റെ പേരുപോലും അറിയാത്ത ഒരാൾ താൻ കണ്ണെഴുതി കാണാൻ കൊതിക്കുന്നു…
വിചിത്രം…! തന്റെ ശരീരസൗന്ദര്യവും അണിഞ്ഞൊരുക്കവും സ്വന്തം വീട്ടിൽ പരിഹാസപാത്രമാകുമ്പോൾ, പുറംലോകത്ത് അതൊന്ന് കാണാൻ കൊതിച്ച് ഒരാൾ കാത്തിരിക്കുന്നു.
*************
അടുത്ത ദിവസം ചൊവ്വാഴ്ച. രാവിലെ പതിവുപോലെ എത്ര കണ്ട് ഓടിനടന്നിട്ടും എല്ലാം ഒരുക്കി വീട്ടിൽ നിന്ന് ഇറങ്ങാനുള്ള സമയം ആയപ്പോഴേക്കും സ്കൂൾ ബസ് വന്നെത്തേണ്ട സമയം കഴിഞ്ഞിരുന്നു.
എങ്കിലും, അവൾ ഇന്ന് പതിവില്ലാത്ത കണക്ക് കണ്ണാടിക്ക് മുന്നിൽ നിന്ന് താൻ ഭംഗിയായി ഒരുങ്ങിയിട്ടുണ്ടോ എന്ന് ഒരിക്കൽ കൂടി ഉറപ്പുവരുത്തി. പിന്നെ പെട്ടെന്ന് എന്തോ ഓർത്തെടുത്തതുപോലെ അവൾ കരിമഷിയെടുത്ത് കണ്ണെഴുതാൻ തുടങ്ങി. എന്തുകൊണ്ടോ ഇന്ന് കണ്ണെഴുതുമ്പോൾ അവളുടെ മുഖത്ത് വല്ലാത്തൊരു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു.
അമ്മേ, ബസ് വന്ന് കാണും” എന്ന് ആദിമോൻ ഓർമ്മിപ്പിച്ചെങ്കിലും, “ഒരു മിനിറ്റ് മോനേ” എന്ന് പറഞ്ഞ് അവൾ അവനെ സമാധാനിപ്പിച്ചു.
സ്കൂൾ ബസ്സിലെ കണ്ടക്ടറായ ആ കഷണ്ടിത്തലയന്റെ അരോചകമായ നോട്ടം എന്നും പതിവുള്ളതാണ്, അതുകൊണ്ട് അതൊരു വിഷയമല്ല.
പിന്നെ തനിക്ക് പോകാനുള്ള ബസ്സ്,, അത് തനിക്ക് വേണ്ടി ഒന്നോ രണ്ടോ മിനിറ്റ് കാത്തുനിൽക്കും എന്ന ഉറപ്പ് അവൾക്കുണ്ടായിരുന്നു. ഒന്നുമില്ലെങ്കിലും, ഇന്ന് ഇത്രയും ഒരുങ്ങി ഇറങ്ങുന്നതിലും വൈകുന്നതിലും ആ ബസ്സിലെ ആ കണ്ണുകൾക്ക് കൂടി പങ്കില്ലേ എന്ന്
അവൾ മനസ്സാൽ ഒന്ന് മന്ത്രിച്ചു.
ആദിമോനെ സ്കൂൾ ബസ്സിൽ കയറ്റിവിട്ട്, തന്റെ ബസ് സ്റ്റോപ്പ് ലക്ഷ്യം വെച്ച് നടക്കുമ്പോൾ പവിയുടെ മനസ്സിൽ വല്ലാത്തൊരു വാശി തിളയ്ക്കുന്നുണ്ടായിരുന്നു. തന്റെ സൗന്ദര്യമോ അണിഞ്ഞൊരുങ്ങലോ തന്റെ ഭർത്താവിന് ഒട്ടും വിലമതിപ്പില്ലെങ്കിൽ,,, എന്നാ പിന്നെ അത് കാണാൻ കൊതിക്കുന്ന ഒരാൾക്ക് വേണ്ടി താൻ അണിഞ്ഞൊരുങ്ങും.
പവി ബസ് സ്റ്റോപ്പിനടുത്തേക്ക് എത്തിയപ്പോഴേക്കും ബസ് അവിടെ എത്തിക്കഴിഞ്ഞിരുന്നു. തന്നെ കണ്ടാലുടനെ വണ്ടി നിർത്തി കാത്തുനിൽക്കുന്ന ആ ശീലം ഇന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ, അവൾ നിറഞ്ഞ പുഞ്ചിരിയോടെ നടത്തത്തിന്റെ വേഗത കൂട്ടി. പക്ഷേ, അവളുടെ പ്രതീക്ഷകളെ കാറ്റിൽപ്പറത്തിക്കൊണ്ട്, അവൾ എത്തുന്നതിന് തൊട്ടുമുമ്പേ ബസ് പതിയെ മുന്നോട്ട് നീങ്ങിത്തുടങ്ങി. അടുത്ത നിമിഷം, ഒരു ചീറ്റലോടെ ബസ് അവളെയും കടന്ന് ദൂരേക്ക് കുതിച്ചുപോയി.
ആ കാഴ്ച കണ്ട് പവി ഒന്ന് പകച്ചുനിന്നു. ആൾക്കൂട്ടത്തിൽ തനിച്ചായതുപോലെ അവൾക്ക് തോന്നി…
ഭർത്താവിൽ നിന്ന് ലഭിക്കാത്ത അംഗീകാരം മറ്റൊരാളിൽ നിന്ന് കിട്ടുമെന്ന് കരുതിയുള്ള അവളുടെ ആ കൊതി, ബസ്സിലെ കണ്ടക്ടറുടെ ആ ചെറിയ ശ്രദ്ധയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പ്… അതെല്ലാം വെറുതെയായല്ലോ എന്ന തിരിച്ചറിവ് അവളിൽ വല്ലാത്തൊരു ശൂന്യത സൃഷ്ടിച്ചു. ബസ് പോയ വഴിയേ നോക്കി, താൻ അണിഞ്ഞൊരുങ്ങിയ വേഷവും കണ്ണെഴുത്തും എല്ലാം ഒരു തമാശയായി മാറിയോ എന്ന ചിന്തയോടെ അവൾ ആ പൊതുവഴിയിൽ പകപ്പോടെ നിന്നു..!
സ്കൂൾ/ഓഫീസ് സമയം ആയതുകൊണ്ട് തന്നെ ഒരു ഓട്ടോ പോലും കിട്ടാൻ പവി വല്ലാതെ ബുദ്ധിമുട്ടി..
കഷ്ടപ്പെട്ട് എങ്ങനെയൊക്കെയോ ഓഫീസിലെത്തിയപ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ, സൂപ്പർവൈസറുടെ രൂക്ഷമായ ശകാരമാണ് അവളെ വരവേറ്റത്…
തന്റെ കാബിനിൽ ഇരിക്കുമ്പോഴും പവിയുടെ ഉള്ളിൽ ഒരു കൊടും പിരിമുറുക്കം അലയടിക്കുന്നുണ്ടായിരുന്നു. കാലത്ത് കേട്ട ചീത്തയും, കഴിഞ്ഞ ദിവസം ഭർത്താവിൽ നിന്ന് ലഭിച്ച പരിഹാസങ്ങളും അവളെ വല്ലാതെ തളർത്തിയിരുന്നു. എന്നാൽ, അതിനെല്ലാമുപരി അവളെ നീറ്റിയത് ഇന്ന് ആ ബസ് അവളെ കൂട്ടാതെ കടന്നുപോയതാണ്.
