മഹിയേട്ടൻ ബാത്റൂമിലേക്ക് കയറുന്നതും കുളിച്ചിറങ്ങുന്നതുമെല്ലാം അവൾ അറിയുന്നുണ്ടായിരുന്നു. എന്നിട്ടും അവൾ കണ്ണടച്ചുതന്നെ കിടന്നു. അവനോട് സംസാരിക്കാനോ വീണ്ടും ഒരു പ്രശ്നം നേരിടാനോ അവൾക്ക് ഇപ്പോൾ മനക്കരുത്തില്ലായിരുന്നു. മഹി അത്താഴം കഴിക്കാനായി മുറിവിട്ടു പോയപ്പോൾ അവൾ പതിയെ കണ്ണ് തുറന്നു. വീണ്ടും ചിന്തകളുടെ ലോകത്തേക്ക് കടന്നു.
പവിയുടെ മനസ്സ് പഴയ ഓർമ്മകളിലേക്ക് സഞ്ചരിച്ചു തുടങ്ങി. ആ ബസ്സിലെ ആ അപരിചിതൻ ക്രമേണ അവളുടെ മൗനങ്ങളുടെ ഭാഗമായത് എങ്ങനെയായിരുന്നു?
അവൾ ആദ്യമായി ആ ബസ്സിൽ കയറിയ ദിവസം അവൾക്ക് ഇപ്പോഴും ഓർമ്മയുണ്ട്. തിരക്കിനിടയിൽ ടിക്കറ്റ് എടുക്കാൻ കൈ നീട്ടിയപ്പോൾ അവൻ അവളെ ഒന്നു നോക്കി. അന്ന് ആ കണ്ണുകളിൽ കണ്ട ഒരു തിളക്കം അവളിൽ വല്ലാത്തൊരു അസ്വസ്ഥതയാണ് ഉണ്ടാക്കിയത്. ആ നോട്ടം ഒരു അപരിചിതന്റേത് മാത്രമായിരുന്നില്ല, അതിൽ എവിടെയോ ഒരു കൗതുകം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ അവൾ അവനെ ശ്രദ്ധിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു. അവൻ പുഞ്ചിരിക്കുമ്പോൾ അവൾ മുഖം വെട്ടിച്ചു കളഞ്ഞു. ബസ്സിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.
”ഈ ചുരിദാർ മേടത്തിന് നല്ല ഭംഗിയുണ്ട്, പക്ഷേ ഇന്നലത്തെപ്പോലെ സാരി ഉടുക്കുമ്പോഴാണ് മേടത്തിനെ കാണാൻ കൂടുതൽ ഭംഗി!”
“ഇന്ന് കണ്ണിൽ കരിയെഴുതിയിരുന്നെങ്കിൽ ആ മുഖം മിന്നിത്തിളങ്ങിയേനെ,” എന്ന് അവൻ പറയുമ്പോൾ, ഭർത്താവ് മഹിയിൽ നിന്ന് ഒരിക്കലും ലഭിക്കാത്ത അംഗീകാരത്തിന്റെ ഒരു തരി അവൾക്കുള്ളിൽ വീഴുന്നുണ്ടായിരുന്നു.
“ഈ പച്ചസാരി മേടത്തിന് നല്ല ചേർച്ചയാണ്, പക്ഷേ ഇതിനോടൊപ്പം ആ പച്ചപ്പൊട്ടും കൂടി വെച്ചിരുന്നെങ്കിൽ ഹോ!”
ആദ്യമൊക്കെ മറ്റാർക്കും കേൾക്കാൻ പറ്റാത്തവണ്ണം പതിഞ്ഞ സ്വരത്തിലായിരുന്നെങ്കിൽ കൂടിയും, അവൻ തന്നോട് ഇങ്ങനെ ഓരോ കമന്റുകൾ പറയുമ്പോൾ അവൾ വിറച്ചു പോകുമായിരുന്നു. പക്ഷേ കാലം പതിയെ ആ ഭയത്തെയും മൗനത്തെയും മെല്ലെ അലിയിച്ചു കളഞ്ഞു. പതുക്കെപ്പതുക്കെ അവൾക്കും അവനോട് ഒരു പുഞ്ചിരി തിരിച്ചുനൽകാൻ തോന്നി. പിന്നെപ്പിന്നെ അതൊരു ശീലമായി മാറി. തന്നോട് സംസാരിക്കാൻ അവൻ കണ്ടെത്തുന്ന വഴികൾ പലതായിരുന്നു.
പിന്നീടുള്ള പല ദിവസങ്ങളിലും അവൾ പോലും അറിയാതെ അവൾ അവനുവേണ്ടി ഒരുങ്ങിയിരുന്നു. ചില ദിവസങ്ങളിൽ കമന്റുകൾക്കപ്പുറം അവന്റെ ചില ആവശ്യപ്പെടലുകൾ ഉണ്ടാകും; “നാളെ ഇന്ന സാരി ഉടുക്കണം”, അല്ലെങ്കിൽ “ഇന്ന വളയണിയണം”, “കുപ്പിവളകൾ”, “പൊട്ടിന്റെ കളർ” ഇങ്ങനെ പലതും. അതൊക്കെ കേൾക്കുമ്പോൾ ഉള്ളുകൊണ്ട് അവൾ വല്ലാതെ സന്തോഷിക്കുമായിരുന്നു. എന്നാൽ മുഖത്ത് അതൊരു വെറും പുഞ്ചിരിയിൽ മാത്രം ഒതുക്കും. അവന് തെറ്റായ ഒരു സന്ദേശം നൽകേണ്ട എന്ന് കരുതി, അവൻ പറഞ്ഞതുപോലെ ഒരുങ്ങിയിറങ്ങാൻ അവൾ ഒരിക്കലും തയ്യാറായിരുന്നില്ല.
ഭർത്താവ് മഹിയിൽ നിന്നും എന്നോ നഷ്ടപ്പെട്ടുപോയ പരിഗണനകൾ,, ഒരു നോക്ക്, കൊച്ചു കൊച്ചു അഭിനന്ദനങ്ങൾ അതെല്ലാം ഈ അപരിചിതന്റെ വർത്തമാനങ്ങളിൽ നിന്നും അവളുടെ മനസ്സ് കണ്ടെത്തുകയായിരുന്നു..
തന്റെ ശൂന്യമായ ജീവിതത്തിലേക്ക് ആ വാക്കുകൾ അവൾ ഉള്ളാലെ സ്വീകരിക്കുകയായിരുന്നു,, ഓഫീസിലേക്കുള്ള യാത്രയിലുടനീളം അവൾ അവന്റെ വാക്കുകളെക്കുറിച്ച് ഓർത്ത് ഉള്ളാലെ ചിരിച്ചുകൊണ്ടിരുന്നു
ഓഫീസിൽ എത്തിയാലും ചിലപ്പോഴൊക്കെ കണ്ണാടിയിൽ നോക്കി ഇന്ന് ഈ സാരിയോടൊപ്പം അവൻ പറഞ്ഞപോലെ ആ പച്ചപ്പൊട്ടു കൂടി അണിഞ്ഞാൽ എങ്ങനെയിരിക്കും എന്ന് അവൾ സങ്കൽപ്പിച്ചു നോക്കുമായിരുന്നു,,
ഒരു തരത്തിൽ തൻ്റെ മാത്രം രഹസ്യമായ ഒരു ചെറിയ സ്വാതന്ത്ര്യത്തിന്റെ വാതിൽ അവൾക്ക് മുമ്പിൽ പതിയെ തുറന്നു വരികയായിരുന്നു…
പക്ഷേ കഴിഞ്ഞ രണ്ടു ദിവസങ്ങളായി അവൻ തന്നെ തീർത്തും അവഗണിച്ചപ്പോൾ,അല്ലെങ്കില്‍ അവനെ കാണാൻ കഴിയാതെയായപ്പോൾ മാത്രമാണ് താൻ അവനുമായി മാനസികമായി എത്രത്തോളം അടുത്തിരിക്കുന്നു എന്ന് അവൾ തിരിച്ചറിയുന്നത്. അവന്റെ ആ സാമീപ്യവും ചെറിയ കമന്റുകളും വലിയ കരുതലുകളും എല്ലാം തന്റെ ഉള്ളിൽ എത്രത്തോളം അഡിക്ഷനായി മാറിയിരിക്കുന്നു എന്നവൾ അമ്പരപ്പോടെ മനസ്സിലാക്കുകയായിരുന്നു.
