രണ്ടേ രണ്ടു ദിവസം അവനെ കാണാതെയും അവന്റെ കമന്റുകൾ കേൾക്കാതെയും ആയപ്പോൾ അവൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. വ്യാഴാഴ്ച അവൾ പതിവിലും നേരത്തെ തന്നെ ബസ് സ്റ്റോപ്പിൽ എത്തി. അന്ന് ബസ്സിൽ കയറാൻ സാധിച്ചെങ്കിലും, അവനെ അവിടെ കാണാൻ കഴിഞ്ഞില്ല. ബസ്സിലെ കണ്ടക്ടർ മാറിയിരുന്നു,, അവനു പകരം മറ്റൊരാൾ,, ഒരു മധ്യവയസ്കൻ…
ഓഫീസിലെ തിരക്കുകൾക്കിടയിലും അവളുടെ ഉള്ളം ഒരു കാവിലുത്സവത്തിന്റെ കൊടിയിറക്കത്തിന് ശേഷമുള്ള ശൂന്യത പോലെ വിറങ്ങലിച്ചു നിന്നു..
കൊട്ടിത്തീർത്ത ചെണ്ടമേളത്തിന്റെ മുഴക്കം പോലെ അവനിലെ ഓർമ്മകൾ നെഞ്ചിൽ ആഞ്ഞുകൊട്ടുമ്പോഴും, വെളിച്ചപ്പാടിന്റെ തുള്ളലിന് ശേഷം ദൈവമിറങ്ങിപ്പോയ കോവിലിലെ നിശബ്ദത പോലെ, അവൾ തന്നിലേക്ക് തന്നെ ചുരുങ്ങിപ്പോയിരുന്നു…!
അവൾ ഫോൺ കയ്യിലെടുത്തു, മനസ്സിൽ തങ്ങിനിന്ന അവന്റെ നമ്പർ മൊബൈലിലേക്ക് പകർത്തി. ഒരു മെസ്സേജ് അയക്കണോ അതോ വിളിക്കണോ? ഒന്നിനും അവൾക്ക് ധൈര്യമുണ്ടായിരുന്നില്ല…
മെസ്സേജുകൾ പലതും കുറിച്ചിട്ടു, പക്ഷേ വീണ്ടും വീണ്ടും വായിച്ചു അത് ഡിലീറ്റ് ചെയ്തു. പലതവണ അയക്കാൻ വിരലുകൾ പാകപ്പെടുത്തിയെങ്കിലും, ഒടുവിൽ പരാജയം സമ്മതിച്ച് അവൾ മൊബൈൽ ടേബിളിലേക്ക് തിരികെ വെച്ചു. എന്തു പറയണം? എന്തു ചോദിക്കണം? എങ്ങനെ തുടങ്ങണം? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവളുടെ ഉള്ളിൽ അലയടിച്ചു കൊണ്ടിരുന്നു…
സമയം ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കെ, മനസ്സിലെ ചെണ്ടമേളങ്ങളുടെ കൊട്ട് കൂടുതൽ ശക്തിയോടെ മുഴങ്ങിക്കൊണ്ടിരുന്നു.. ആ ശബ്ദം ഒരു കാട്ടുതീ പോലെ അവളുടെ ഉള്ളിലാകെ പടർന്നു,,, ഓരോ നിമിഷവും അവൻറെ ഓർമ്മകൾക്ക് ആക്കം കൂട്ടിക്കൊണ്ടേയിരുന്നു.
ഒടുക്കം ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയപ്പോൾ, അവൾ രണ്ടും കൽപ്പിച്ച് എല്ലാ ധൈര്യവും സംഭരിച്ച് ആ നമ്പറിലേക്ക് നേരിട്ടു വിളിച്ചു. മൂന്നോ നാലോ തവണ റിംഗ് ചെയ്‌തെങ്കിലും മറുഭാഗത്ത് ആരും അറ്റൻഡ് ചെയ്തില്ല. വിറയ്ക്കുന്ന കൈകളോടെ അവൾ കോൾ ഡിസ്കണക്ട് ചെയ്ത് മൊബൈൽ തിരികെ ടേബിളിലേക്ക് ഇട്ടു. വല്ലാത്തൊരു ഭയവും കിതപ്പും അവളെ തളർത്തിയിരുന്നു.
അല്പനിമിഷങ്ങൾ കഴിഞ്ഞതും ടേബിളിൽ കിടന്ന അവളുടെ മൊബൈൽ ഒന്ന് വിറച്ചു. ഇടിമുഴക്കം പോലെ ആ റിംഗ്‌ടോൺ അവളുടെ കാതുകളിൽ അലയടിച്ചു.
അവൻ തിരിച്ചു വിളിക്കുകയാണ്! വിറയ്ക്കുന്ന കൈകളോടെ അവൾ കോൾ അറ്റൻഡ് ചെയ്തു.
മറുഭാഗത്തുനിന്ന് തുടർച്ചയായി “ഹലോ… ഹലോ…” എന്ന ശബ്ദം. ഒടുവിൽ, “ആരാണ് നിങ്ങൾ? എന്താ സംസാരിക്കാത്തത്?” എന്ന അക്ഷമ നിറഞ്ഞ, അല്പം പരുക്കൻ ചോദ്യം അവളുടെ ചെവിയിൽ പതിഞ്ഞു.
“ആ ഹലോ…” തൊണ്ടയിൽ കുടുങ്ങിയ വാക്കുകളെ പാടുപെട്ട് പുറത്തേക്ക് തള്ളി അവൾ ഒരൊറ്റ മറുപടി കൊടുത്തു…
തൻ്റെ സ്വരം കേട്ടതും മറുഭാഗം പെട്ടെന്ന് നിശബ്ദമായി.. രണ്ടുപേർക്കും പരസ്പരം ശ്വാസം കഴിക്കുന്ന ശബ്ദങ്ങൾ കേൾക്കാം. പിന്നെ മറുഭാഗത്ത് ശബ്ദത്തിന് അല്പം സൗമ്യത വന്നു. ഹലോ ഇത് ആരാണ്?
“അത് ഞാൻ…” വാക്കുകൾക്ക് കൂടുതൽ ശക്തിയില്ലാതെ അവൾ അത്രമാത്രം പറഞ്ഞു നിർത്തി…
വീണ്ടും അല്പനേരത്തെ മൗനം.. ആ നിശബ്ദതയിൽ രണ്ടുപേരുടെയും ഉള്ളിലെ വേവലാതികൾ ഫോൺ ലൈനിലൂടെ അങ്ങോട്ടുമിങ്ങോട്ടും അലയടിച്ചു…
പറയേണ്ടതെന്തെന്നറിയാതെ, എങ്ങനെ തുടങ്ങണമെന്നറിയാതെ അവൾ ആകെ പരവശയായി നിന്നു. ഉള്ളിലെ ചെണ്ടമേളങ്ങൾ ഒന്നുയരുകയും മറ്റൊന്ന് താഴ്ന്നു പോവുകയും ചെയ്യുന്നതുപോലെ…
“ഇത്… ഇത് മേഡമാണോ, ബസ്സിൽ വരാറുള്ള?” അവൻ പതിയെ ചോദിച്ചു..
അവൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഇവനിതെങ്ങനെ ഇത്ര കൃത്യമായി ഊഹിച്ചു?
“ഹ്… അതേ.” അവളൊന്നു മൂളി…
അല്പനേരം വീണ്ടും ഭയാനകമായ നിശബ്ദത.. ആ നിശബ്ദതയിൽ അവൾ തന്റെ ഹൃദയമിടിപ്പ് മാത്രം കേട്ടു.
“പറയൂ മേഡം, എന്തുപറ്റി? എന്താ വിളിച്ചത്?”
അവൻറെ ശബ്ദത്തിൽ അസ്വാഭാവികതയൊന്നുമില്ലായിരുന്നു,, വളരെ ശാന്തവും സ്വാഭാവികവുമായ ആ ചോദ്യം കേട്ടപ്പോൾ അവൾക്ക് അല്പം ആശ്വാസം തോന്നി. താൻ വെറുതെ വല്ലാതെ ടെൻഷനടിച്ചുവെന്ന് അവൾക്ക് തന്നെ തോന്നി..
