”എന്താ മേഡം, നല്ല ടെൻഷൻ ഉണ്ടല്ലേ?” അവൻ കളിപോലെ ചോദിച്ചു…
പവി ഒന്ന് പകച്ചുപോയി. മറുപടിക്കൊന്നും മുതിരാതെ, ഭയവും നാണവും കലർന്ന ഒരു ചെറിയ ചിരി അവൾ അവന് സമ്മാനിച്ചു. ആ നോട്ടവും ചിരിയും കണ്ടപ്പോൾ അവനിലെ കുസൃതി കുറച്ചുകൂടി കൂടി..
”മേഡം ചുമ്മാ പേടിക്കേണ്ട. നമ്മൾ കുറെ കാലമായി പരസ്പരം കാണുന്നവരല്ലേ? എന്നും ബസ്സിൽ വെച്ച് കാണുന്നു… ഇപ്പൊ ബസ്സിന് പുറത്ത് വെച്ച് കാണുന്നു അത്രയേ ഉള്ളൂ. ഇതൊരു വലിയ കാര്യമൊന്നുമല്ല.”
അവൻ പറഞ്ഞ വാക്കുകൾ പവിയിൽ ചെറിയ ഒരു ആശ്വാസം പകർന്നു. താൻ അനാവശ്യമായി പേടിക്കുകയാണെന്ന് അവൾക്ക് സ്വയം തന്നെ തോന്നി. അവൾ പതിയെ മുഖമുയർത്തി അവനെ നോക്കി. ഇപ്പോള്‍ ആ നോട്ടത്തിൽ ഭയത്തേക്കാൾ ഉപരി ഇത്രയും നാളത്തെ മൗനത്തിനു ശേഷമുള്ള ഒരുതരം അടുപ്പവും അവൾക്ക് അനുഭവപ്പെട്ടു തുടങ്ങി…
പിന്നീടുള്ള കുറച്ചുനേരം അവർ പരസ്പരം കാര്യങ്ങൾ പങ്കുവെക്കുന്ന തിരക്കിലായിരുന്നു. വീട്ടിൽ ആരൊക്കെയുണ്ട്, സ്വന്തം നാട് എവിടെയാണ്, ജോലിയിലെ വിശേഷങ്ങൾ എന്നിങ്ങനെ ഒട്ടുമിക്ക കാര്യങ്ങളും അവർ സംസാരിച്ചു. ആ സംസാരത്തിനിടയിൽ, ആദ്യം താൻ അനുഭവിച്ചിരുന്ന ആ പരിഭ്രമവും സഭാകമ്പവുമെല്ലാം പതിയെ പടിയിറങ്ങിപ്പോകുന്നത് പവി അത്ഭുതത്തോടെ തിരിച്ചറിഞ്ഞു..
വളരെ സരസമായിരുന്നു അവൻ്റെ സംസാരം… അതുകൊണ്ട് തന്നെ സംസാരം നീണ്ടുപോകുന്നതും സമയം കഴിഞ്ഞുപോകുന്നതും ഒന്നും പവി അറിയുന്നുണ്ടായിരുന്നില്ല. എന്നും ഓഫീസിലെ കർക്കശമായ ചട്ടക്കൂടുകൾക്കും മഹിയുടെ അവഹേളനങ്ങൾക്കും ഇടയിൽ അടിച്ചമർത്തപ്പെട്ട അവൾക്ക് ഇപ്പോൾ എന്തോ ഒരു സ്വാതന്ത്ര്യം കിട്ടിയതുപോലെ,,
താൻ പറയുന്നതൊക്കെ താല്പര്യത്തോടെ കേൾക്കാനും തൻ്റെ വാക്കുകൾ അംഗീകരിക്കാനും പറ്റിയ ഒരു പുതിയ സുഹൃത്തിനെ കിട്ടിയതുപോലെയുള്ള ഒരനുഭവമായിരുന്നു അവൾക്ക്.
*********
ബസ്സിലായിരുന്നു പവി വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ, കഴിഞ്ഞ രണ്ടു ദിവസത്തെ അസ്വസ്ഥതകളെയെല്ലാം പിന്നിലാക്കി അവളുടെ മനസ്സ് ഇപ്പോള്‍ വലിയൊരു ശാന്തതയും സന്തോഷവും കൈവരിച്ചിരുന്നു…
അവളുടെ ഉള്ളിൽ വീണ്ടും കാവിലോത്സവത്തിന് കൊടിയേറിയ പ്രതീതിയായിരുന്നു… ചെണ്ടമേളങ്ങളുടെയും ആർപ്പുവിളികളുടെയും ആരവം മനസ്സിനുള്ളിൽ ഉയർന്നു കേൾക്കാം…
ഉത്സവപ്പറമ്പിൽ വെച്ച് കളഞ്ഞുപോയ, ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടം തിരികെ കിട്ടിയ ഒരു കൊച്ചുകുട്ടിയുടെ അതേ സന്തോഷം അവൾക്ക് ഇപ്പോള്‍ അനുഭവിച്ചറിയാമായിരുന്നു…!
ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ സമയം അഞ്ചുമണി കഴിഞ്ഞിരുന്നു…
പതിവിലും നേരത്തെ അമ്മ തന്നെ കൂട്ടാൻ വന്നതിൽ ആദിമോന് വലിയ സന്തോഷമായിരുന്നു… മോന് ഇന്നും പറയാൻ ഒരു പുതിയ കഥയുണ്ടായിരുന്നു..
കളിപ്പാട്ടം പൊട്ടിപ്പോയതുകൊണ്ട് സങ്കടപ്പെട്ടിരിക്കുന്ന ഒരു കൊച്ചുകുട്ടിയെ ചിരിപ്പിക്കാൻ വന്ന ഒരുപറ്റം പൂമ്പാറ്റകളുടെ കഥ…
ആ കഥ കേട്ടപ്പോൾ, ആ പൂമ്പാറ്റകളിൽ ഒന്നിന്റെ മുഖം അവന്റെതാനെന്ന്,, ആ കണ്ടക്ടർ പയ്യന്റേതാണെന്ന് അവൾക്ക് വെറുതെ തോന്നിപ്പോയി.. അവന്റെ ആ കുസൃതി നിറഞ്ഞ മുഖവും പൂമ്പാറ്റയുടെ ശരീരവും ഒത്തുചേർന്നുള്ള വിചിത്രമായ രൂപം ആലോചിച്ചപ്പോൾ അവൾക്ക് ചിരി അടക്കാനായില്ല, പെട്ടെന്ന് അവള്‍ അറിയാതെ പൊട്ടിച്ചിരിച്ചുപോയി…
എന്താ അമ്മേ ഇങ്ങനെ ചിരിക്കുന്നത്?” അമ്മയുടെ പെട്ടെന്നുള്ള ചിരി കണ്ട് ആദിമോൻ കൗതുകത്തോടെ ചോദിച്ചു…
”ഒന്നുമില്ലടാ…” എന്ന് പറഞ്ഞ് അവൾ അവന്റെ തലമുടിയിലൂടെ സ്നേഹത്തോടെ വിരലുകളോടിച്ച്, ആ ചിരിയും മനസ്സിൽ സൂക്ഷിച്ച് അവനെയും ചേർത്തുപിടിച്ച് വീട്ടിലേക്ക് നടന്നു…
വീട്ടിലെത്തിയതും ബാഗിലിരുന്ന ഫോൺ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേട്ടു. എടുത്തു നോക്കിയപ്പോൾ അവന്റേതായിരുന്നു മെസ്സേജ്. ആകാംക്ഷയോടെ അവൾ അത് തുറന്നു നോക്കി.
“മേഡം സേഫ് ആയിട്ട് വീട്ടിലെത്തിയോ?”
അവൾ ഉടനെ മറുപടി അയച്ചു: “ദേ, ഇപ്പോൾ കയറിയതേയുള്ളൂ.”
