പവിത്രം – 2 4അടിപൊളി  

പവിയെ സംബന്ധിച്ച് അതൊരു വെറും ബസ്സായിരുന്നില്ല,,, താനും ഒരു മനുഷ്യസ്ത്രീയാണെന്നും, തന്നെ ശ്രദ്ധിക്കാനും ഇഷ്ടപ്പെടാനും ഈ ലോകത്ത് ആരെങ്കിലുമൊക്കെ ഉണ്ടെന്നും വിശ്വസിക്കാൻ അവൾ അള്ളിപ്പിടിച്ച ഒരേയൊരു പ്രതീക്ഷയായിരുന്നു അത്. തന്റെ അസ്തിത്വത്തിനും വ്യക്തിത്വത്തിനും

മറ്റൊരാളുടെ കണ്ണിൽ വിലയുണ്ടെന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള അവസാനത്തെ ആശ്രയമാണ് ആ ബസ്സോടൊപ്പം ദൂരേക്ക് കുതിച്ചുപോയത്.

ലഞ്ച് ബ്രേക്കിലും പവി കട്ട മൂഡ് ഔട്ടിലായിരുന്നു. എന്നും അവളെ കാണാറുള്ള ലെനയ്ക്ക് അവളുടെ മുഖത്തെ മാറ്റങ്ങൾ പെട്ടെന്നുതന്നെ മനസ്സിലായി.

“നിനക്കെന്തു പറ്റി പവി?” ലെന ചോദിച്ചു.

മറുപടിയായി പവി വാ തുറന്നില്ല,,, ഒന്നുമില്ലെന്ന അർത്ഥത്തിൽ വെറുതെ തലകുലുക്കുക മാത്രം ചെയ്തു.

പിന്നീട് അവർ മൗനമായി ഭക്ഷണം കഴിപ്പ് തുടർന്നെങ്കിലും പവിയുടെ വാടിയ മുഖം കണ്ടുനിൽക്കാൻ ലെനയ്ക്ക് കഴിഞ്ഞില്ല. അവൾ വീണ്ടും നിർബന്ധിച്ചു, “എന്താണെങ്കിലും ഒന്ന് പറയടീ… മഹിയേട്ടൻ ഇന്നലെയും വഴക്ക് പറഞ്ഞോ?”

കുറച്ചുനേരം പവി മൗനമായിരുന്നു. പിന്നെ അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, “അതൊക്കെ എപ്പോഴും ഉള്ളതല്ലേ… അതൊന്നും അത്ര വലിയ കാര്യമല്ല.”

പവിയെ മറ്റെന്തോ സീരിയസ് ആയ കാര്യം അലട്ടുന്നുണ്ടെന്ന് ലെനയ്ക്ക് നന്നായി മനസ്സിലായിരുന്നു. എങ്കിലും പവിയുടെ

സ്വഭാവം ശരിക്കും അറിയാവുന്നതുകൊണ്ട്, അവൾ ഒരു കാര്യം പറയാൻ തന്നെത്താൻ ഉദ്ദേശിച്ചാലല്ലാതെ എത്ര നിർബന്ധിച്ചിട്ടും കാര്യമില്ല എന്ന വിഷയത്തിൽ ഉറപ്പുള്ളതുകൊണ്ട്, ലെന വീണ്ടും ചോദ്യങ്ങൾ ചോദിച്ച് അവളെ ബുദ്ധിമുട്ടിപ്പിക്കാൻ നിൽക്കാതെ പതിയെ ഭക്ഷണം കഴിക്കൽ തുടർന്നു…

ഇന്ന്… ഇന്ന് ആ ബസ്സ് നിർത്താതെ പോയി…!

ലെനയുടെ നേർക്ക് നോക്കാതെ, തന്റെ ഭക്ഷണത്തിലേക്ക് മാത്രം കണ്ണുകൾ നട്ടിരുന്നുകൊണ്ട് ഇടറിയ ശബ്ദത്തിൽ പവി പറഞ്ഞു,..

“ഹേ? എന്താ…?

പവി പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ ആദ്യം കാര്യം മനസ്സിലാവാതെ ലെന അങ്ങനെ ചോദിച്ചുപോയി,,,

എന്നാൽ, അതിനുള്ള മറുപടി എന്നോണം തീ പാറുന്ന കണ്ണുകളോടെ പവി അവൾക്ക് നേരെ നോക്കിയതും ലെനയുടെ ബൾബ് കത്തി.

ശരിക്ക് പറഞ്ഞാൽ, ലെനക്ക് ആദ്യം ഉള്ളിൽ ചിരിയാണ് വന്നത്,, ഈ ഒരു നിസ്സാര കാര്യത്തിനാണോ ഇവൾ ഇത്രകണ്ട് മുഖം വീർപ്പിച്ചു നിൽക്കുന്നത്? പക്ഷേ, പവിയുടെ കണ്ണുകളിലെ ആ നനവുകൾ കണ്ടപ്പോൾ അവൾക്ക് മനസ്സിലായി, എന്തോ ആ അവഗണന പവിയെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്.

ആത്മാർത്ഥമായ ഒരു സുഹൃത്ത് എന്ന നിലയിൽ, അവളെ ഇനി കളിയാക്കുന്നത് ശരിയല്ലെന്ന് ലെനയ്ക്ക് തോന്നി. അവൾ പതിയെ കൈകൾ പവിയുടെ കൈകളോട് ചേർത്തു വെച്ച് ശാന്തമായി പറഞ്ഞു തുടങ്ങി,, സാരമില്ലെടി പവി, ഈ ഒരു ചെറിയ കാര്യത്തിനാണോ നീ ഇത്ര കണ്ട് വിഷമിക്കുന്നത്? ഒരുപക്ഷേ ഇന്ന് അവർ നിന്നെ ശ്രദ്ധിച്ചില്ലായിരിക്കാം, അല്ലെങ്കിൽ അവർക്ക് വല്ല തിരക്കോ ആയിരിക്കും. അതുമല്ലെങ്കിൽ നീ ഇന്ന് പതിവിലും താമസിച്ചായിരിക്കാം അവിടെ എത്തിയിട്ടുണ്ടാവുക… അങ്ങനെ എന്തെങ്കിലും കാരണമാവാം, സാരമില്ല വിട്ടേക്ക്.

ലെനയുടെ ആ വാക്കുകൾ കേട്ട പവി, തന്റെ കൈകൾ അവളുടെ കയ്യിൽ നിന്നും അല്പം ബലംപ്രയോഗിച്ച് പിൻവലിച്ചു. ലെന പറയുന്ന ഈ കാരണങ്ങളൊന്നും താൻ അംഗീകരിക്കുന്നില്ല എന്ന് പറയാതെ പറയുന്നതുപോലെ, പവിയുടെ മുഖത്ത് ഒരുതരം നിസ്സഹായതയും അതോടൊപ്പം തന്നെ കടുത്ത അമർഷവും നിഴലിച്ചു…

തൻ്റെ ആശ്വാസ വാക്കുകൾ കേട്ടിട്ടും പവിയുടെ മുഖത്തെ കാർമേഘം കൂടുതൽ ഇരുണ്ടത് കണ്ടപ്പോൾ ലെനക്ക് അല്പം ദേഷ്യം വന്നു. അവൾ അവളുടെ സ്വാതസിദ്ധമായ ശൈലിയിൽ അല്പം ശകാരിക്കുന്നതുപോലെ പറഞ്ഞു,,,

​”എടി പവി, നീ അല്പം ഓവറാണ് കേട്ടോ. എല്ലാവരും എപ്പോഴും നമ്മൾ ചിന്തിക്കുന്നതുപോലെ ചിന്തിക്കണമെന്നും പെരുമാറണമെന്നും വാശി പിടിക്കരുത്. പിന്നെ ഈ ലോകത്തുള്ള എല്ലാവരും നമ്മളെ ഹാപ്പിയാക്കാൻ അല്ല നടക്കുന്നത്. അല്ലെങ്കിലും ആ ബസ് നിനക്ക് വേണ്ടി എന്തിനു കാത്തുനിൽക്കണം? അതിൽ നിൻ്റെ ആരാണോ ഉള്ളത്?”

Updated: July 11, 2026 — 6:31 pm

Leave a Reply

Your email address will not be published. Required fields are marked *