പവിത്രം – 2 13അടിപൊളി  

“ഏയ്, ഇല്ല…” പെട്ടെന്ന് സ്വബോധത്തിലേക്ക് തിരിച്ചുവന്ന പവി തലയിളക്കിക്കൊണ്ട് പറഞ്ഞു…

കുറച്ചുനേരം അവർ മൗനമായി മുഖത്തോട് മുഖം നോക്കി നിന്നു. അവന്റെ നോട്ടത്തിന് വല്ലാത്തൊരു ശക്തിയുണ്ടായിരുന്നു,, ആ നോട്ടത്തിന്റെ തീവ്രത സഹിക്കവയ്യാതെ അവൾ പെട്ടെന്ന് മുഖം താഴ്ത്തിക്കളഞ്ഞു…

അല്പനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം, തന്നിലെ പതർച്ച മറച്ചുവെച്ചുകൊണ്ട് അവൾ പതിയെ ചോദിച്ചു…

​”അമ്മയ്ക്ക്… അമ്മയ്ക്ക് എങ്ങനെയുണ്ട്?”

“ഓ അമ്മയ്ക്ക് ആസ്ത്മയുടെ പ്രശ്നമാ,,, പണ്ടേ ഉള്ളതാ,,, പക്ഷേ ഇത്തവണ അത് ഇത്തിരി കൂടിപ്പോയി, അതുകൊണ്ടാ അഡ്മിറ്റ് ആക്കിയത്,” അവൻ വളരെ ലാഘവത്തോടെ പറഞ്ഞു…

​”ഹ്മ്…” അവളൊന്ന് മൂളി…

വീണ്ടും അല്പനേരത്തെ നിശബ്ദത. ഹോസ്പിറ്റലിന്റെ ഇടനാഴിയിലെ മരുന്നിന്റെ മണവും തിരക്കുകളും അവരുടെ സംസാരത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

പെട്ടെന്നായിരുന്നു അവന്റെ ചോദ്യം, “മേഡം ഊണ് കഴിച്ചായിരുന്നോ?”

അവൾ ഇല്ലെന്ന് തലയനക്കി…

​”ഇവിടെ അടുത്ത് നല്ലൊരു ഹോട്ടലുണ്ട്, നമുക്ക് അവിടെ പോയി കഴിച്ചാലോ?” അവൻ പ്രതീക്ഷയോടെ ചോദിച്ചു.

അവൾ പെട്ടെന്ന് മുഖം ഉയർത്തി, “അയ്യോ വേണ്ട, എനിക്ക് ഒരുപാട് നേരം ഇവിടെ നിൽക്കാൻ കഴിയില്ല. അമ്മയെ ഒന്ന് കണ്ടിട്ട് പെട്ടെന്ന് പോകണം.”

അതുകേട്ടപ്പോൾ അവന്റെ മുഖത്ത് വിഷമം നിഴലിച്ചു. “അയ്യോ മേഡം, സോറി. അമ്മയെ ഇപ്പോൾ കാണാൻ പറ്റില്ല, ഒബ്സർവേഷനിലാ..

“എന്തായാലും മേഡം ഇതുവരെ വന്നിട്ട് ഒന്നും കഴിക്കാതെ പോയാൽ,,, അറ്റ്ലീസ്റ്റ് എന്റെ ഒപ്പം ഒരു ചായയെങ്കിലും കുടിച്ചിട്ട് പൊയ്ക്കൂടെ?” അവന്റെ ആ അപേക്ഷപോലെയുള്ള ചോദ്യം കേട്ടപ്പോൾ അവൾക്ക് വീണ്ടും വേണ്ടെന്ന് പറയാൻ തോന്നിയില്ല…

അവനോടൊപ്പം ഹോസ്പിറ്റലിന് എതിർവശത്തുള്ള ചായക്കട ലക്ഷ്യമാക്കി നടക്കുമ്പോൾ പവിക്ക് വല്ലാത്ത പരിഭ്രമമായിരുന്നു. ആദ്യമായി ഓഫീസിൽ കള്ളം പറഞ്ഞിറങ്ങിയതും, എന്ത് ബന്ധമെന്ന് പോലും നിർവചിക്കാൻ കഴിയാത്ത ഒരാളോടൊപ്പം നടക്കുമ്പോൾ അനുഭവപ്പെടുന്ന പകപ്പും അവളെ അലോസരപ്പെടുത്തി. താൻ ചെയ്യുന്നത് തെറ്റാണോ എന്ന് മനസ്സിൽ ആയിരം വട്ടം ചോദിച്ചുകൊണ്ടിരുന്ന അവൾക്ക്, ചുറ്റുമുള്ള ലോകം മുഴുവൻ തന്നെ തുറിച്ചുനോക്കുന്നതുപോലെ തോന്നി..

എന്നാൽ അവന്റെ അവസ്ഥ നേരെ വിപരീതമായിരുന്നു. അവൻ വളരെ കാഷ്വൽ ആയിരുന്നു. പവിയോട് സംസാരിക്കുന്നതും, പെരുമാറുന്നതും, അവളോടൊപ്പം നടക്കുമ്പോൾ കാണിക്കുന്ന ശരീരഭാഷയുമെല്ലാം ഒരുപാട് കാലമായി അടുപ്പമുള്ള ഒരാളെപ്പോലെ തന്നെയായിരുന്നു..

വാഹനങ്ങളുടെ തിരക്ക് കാരണം റോഡ് മുറിച്ചു കടക്കാൻ പവി അല്പം ബുദ്ധിമുട്ടി. അവൻ രണ്ടുതവണ റോഡിന്റെ പകുതിയോളം വന്നെങ്കിലും, പവി കൂടെയില്ലെന്ന് കണ്ട് വീണ്ടും അവൾക്കരികിലേക്ക് തിരിച്ചുവന്നു. ഒടുക്കം മൂന്നാമത്തെ പ്രാവശ്യം റോഡ് മുറിച്ചു കടക്കുമ്പോൾ, അവൻ പവിയുടെ കൈയ്യിൽ ബലമായി പിടിച്ച് അവളെയും കൂട്ടി വേഗത്തിൽ മറുവശത്തേക്ക് നടന്നു.

റോഡ് മുറിച്ചു കടന്ന് ചായക്കടയുടെ അടുത്തെത്തിയതും അവൾ ആകെ പിടഞ്ഞതുപോലെ തന്റെ കൈ അവനിൽ നിന്നും പറിച്ചുമാറ്റി. ഒരു നിമിഷം ആ സ്പർശനം അവളിൽ വല്ലാത്തൊരു വിറയൽ പടർത്തിയിരുന്നു.

അവളുടെ പെട്ടെന്നുള്ള ആ വെപ്രാളം കണ്ടപ്പോൾ അവൻ ആശ്ചര്യത്തോടെ അവളെ നോക്കി ഒന്ന് ചിരിച്ചു… ​”ഓ, സോറി മേഡം,” എന്ന് പറഞ്ഞ് അവൻ ഒരടി പുറകോട്ട് മാറി…

അവന്റെ ആ ചിരിയും സോറി പറച്ചിലും കേട്ടപ്പോൾ അവൾക്ക് വല്ലാത്തൊരു ജാള്യത തോന്നി. താൻ കാണിച്ച ആ വെപ്രാളം കുറച്ച് കൂടിപ്പോയോ? അവൻ എന്ത് കരുതിക്കാണും? മനസ്സ് അസ്വസ്ഥമാകുമ്പോഴും അവൾ ആ ചായക്കടയിലെ ചെറിയ ബെഞ്ചിൽ ഒതുങ്ങിയിരുന്നു…

ആവി പറക്കുന്ന ചായ ചുണ്ടോടടുപ്പിക്കുമ്പോഴും അവളുടെ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ടെൻഷൻ കൊണ്ട് നെറ്റിത്തടത്തിലും മൂക്കിൻതുമ്പത്തും വിയർപ്പുകണങ്ങൾ പൊടിഞ്ഞിരുന്നു..

ഇതൊക്കെ കണ്ടപ്പോൾ അവന് ചിരി പൊട്ടി. അവൻ അതൊതുക്കാൻ പാടുപെട്ടെങ്കിലും, അവന്റെ ചുണ്ടുകളിൽ ആ കുസൃതിച്ചിരി തെളിഞ്ഞുനിന്നു.

Updated: July 11, 2026 — 6:31 pm

Leave a Reply

Your email address will not be published. Required fields are marked *