“പൊട്ടേടാ… ഞാൻ ചുമ്മാ…ആ പിന്നെ കൊണ്ട് വരുന്നത് വിശ്വസിക്കാൻ പറ്റാവുന്ന ആളല്ലേ മോനെ… ഇനി ഈ വീട്ടിലോട്ടും ഒരു നോട്ടം വേണം അതാ…”
“അതൊന്നും ഓർത്തു അപ്പൂപ്പൻ പേടിക്കണ്ട… അപ്പൊ മറ്റന്നാൾ രാവിലെ കാണാം…”
ഒരു അറ്റാക്ക് ഒരാളെ ഇത്രയൊക്കെ മാറ്റുമോ ! ആവോ !! എന്തായാലും നാളെ അലനെ കാണാൻ പോണം അവൻ വഴി വേണം കൊച്ചിയിൽ ഇടപാടുകാരെ ശെരി ആക്കാൻ അവൻ്റെ അപ്പൻ തന്നെ ചരക്ക് എടുക്കും എങ്കിൽ പിന്നെ ഇടപാട്കാരേ തേടി അലയേണ്ടി വരികയും ഇല്ല….
………………………………………………………
രാവിലെ അലൻ്റെ വീട്ടിലേക്ക് കയറുമ്പോൾ എനിക്ക് നല്ല പേടി ഉണ്ടായിരുന്നു, സിദ്ധുവിനെയോ ജോൺ ഏട്ടനെ പോലെയോ അല്ല… അലൻ ചിലപ്പോ എന്നെ എടുത്തിട്ട് അടിക്കും… എന്നാൽ കോളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്ന ആളെ കണ്ട് അടികിട്ടുന്നതിനേക്കാൾ എന്നെ ഞെട്ടിച്ചു കളഞ്ഞു… അലീന… അലൻ്റെ കാമുകി… ഇവനിവളെ കെട്ടിയോ… അതെപ്പോ….
“ ഓ… ഏറ്റവും അവസാനം ഇങ്ങോട്ട് എത്തി അല്ലേ… ഇച്ചായാ ദേ നമ്മുടെ കല്യാണത്തിന് പോലും കണ്ട് പിടിക്കാൻ പറ്റാത്ത നിങ്ങടെ ഉറ്റമിത്രം എന്നെ കണ്ട് ഇവിടെ കിളി പോയി നിൽക്കുന്നു….”
അകത്ത് നിന്ന് ഓടി വന്ന അലൻ എന്നെ തല്ലുക അല്ല മുറുക്കെ കെട്ടിപ്പിടിച്ചു… വീണ്ടും എൻ്റെ പ്രതീക്ഷകൾ തെറ്റി…
“നീ എവിടെയായിരുന്നു എടാ നാറി ഇത്രകാലം… എൻ്റെ കല്യാണത്തിന് നിന്നെ ഈ നാട് മുഴുവൻ തപ്പി…”
“എടാ… അത്…ഞാൻ…” സന്തോഷം കൊണ്ട് എൻ്റെ കണ്ണ് നിറഞ്ഞു
“വേണ്ട… സിദ്ധു വിളിച്ച് എല്ലാം പറഞ്ഞു… നിനക്കൊരു സർപ്രൈസ് ആകട്ടെ എന്ന് കരുതിയാ ഈ കല്യാണക്കാര്യം പറഞ്ഞത്… നീ എനിക്ക് സർപ്രൈസ് തരാൻ ഇങ്ങോട്ട്
വരുന്നുണ്ട് എന്നും അവൻ വിളിച്ചു പറഞ്ഞിരുന്നു… തിയ്യതി അടക്കം…”
“ഓ… ഇയാൾ സിദ്ദുവേട്ടൻ്റെയും ജോണിച്ചയൻ്റെയും ഒക്കെ മുൻപിൽ പ്രത്യക്ഷപ്പെട്ട് ദിവസം കുറെ ആയല്ലോ… ഇപ്പോഴാണോ ഇങ്ങോട്ട് വരാൻ തോന്നിയത്…” അലീനയുടെ പിണക്കം മാറിയിട്ടില്ല…
“എന്താടാ… ഇവളെ എങ്ങനാ നീ കെട്ടിയത്…. നാട്ട്കാര് പിടിച്ചു വച്ച് കെട്ടിച്ചോ…”
“അയ്യടാ…. നല്ല തമാശ….” അലീന പുച്ഛിച്ചു.
“ഒന്നും പറയണ്ട അളിയാ… അപ്പന് ഒരു ഗ്യാസ് വന്ന്… അമ്മച്ചിയും ചേച്ചിമാരും കൂടെ അത് അറ്റാക്ക് ആണെന്നും പറഞ്ഞു തമാശയ്ക്ക് എന്നെ പിടിച്ചു കെട്ടിക്കാൻ പോകുവാന്നു പറഞ്ഞു നടന്ന്… പള്ളിയിൽ വച്ച് ആരോ പറഞ്ഞു ഇതറിഞ്ഞ് ഈ പെണ്ണ് എന്നോട് പോലും പറയാതെ അപ്പനോട് പോയി പറഞ്ഞേക്കുവാ…. എന്നെ കെട്ടിയില്ലേൽ ചത്ത് കളയും എന്ന്… ഭാഗ്യത്തിന് എൻ്റെ അപ്പന് ശരിക്കും അറ്റാക്ക് വന്നില്ല…. പിന്നെ എല്ലാം ഇടിപ്പിടിന്ന് അങ്ങ് കഴിഞ്ഞു. എൻ്റെ വിധി.. അല്ലാതെ എന്നാ പറയാനാ….”
“ആഹാ…. അപ്പൊ ഇച്ചായന് എന്നെ കെട്ടാൻ പ്ലാൻ ഇല്ലായിരുന്നു അല്ലേ…”
അലൻ അവളെ വട്ടം പിടിച്ച് വാ പൊത്തി, “മിണ്ടാതിരിയേടി പെണ്ണെ…..”
അലൻ്റെ സ്വന്തം അലീന…
പീറ്ററും ജോണേട്ടനും എല്ലാം ഞങ്ങളുടെ ജീവിതത്തിലേക്ക് വരാൻ കാരണം ഇവളാണ്…. കോളേജിൽ ഏതോ സീനിയർ എന്തോ തമാശ പറഞ്ഞതിന് അവൻറെ അപ്പന് വിളിച്ച കാന്താരി… കാന്താരിയുടെ കയ്യിൽ കേറി പിടിച്ച സീനിയറെ ഓടി വന്ന് ചവിട്ടി തെറിപ്പിച്ച അലനെന്ന കലിപ്പൻ ചേട്ടൻ…. ഇത് കണ്ടു അന്തം വിട്ട കലിപ്പൻ്റെ കൂട്ടുകാർ ആയ ഞാനും സിദ്ധുവും ലാസ്റ്റ് സീനിയേഴ്സ് ഞങ്ങൾ മൂന്നിനെയും എടുത്തിട്ട് അച്ചാലം പുച്ചലം ചെണ്ട കൊട്ടും എന്ന് ഉറപ്പായപ്പോൾ കാമുകി നൈസ് ആയി കാമുകൻ്റെ കൈ പിടിച്ചു വലിച്ച് ഓടി… പിന്നാലെ ഞങ്ങളും അന്നാണ് അതുവരെ ഞങ്ങളോട് മിണ്ടിയിട്ട് കൂടി ഇല്ലാത്ത പീറ്റർ ഈ വിഷയത്തിൽ ഇടപെടുന്നതും ആ അടി ഒഴിവാക്കുന്നതും, എന്നാല് പിറ്റേന്ന് പീറ്ററിനും സിദ്ധുവിനും സീനിയേഴ്സ് വക നല്ല കണക്കിന് കിട്ടി…. പിന്നാലെ ജോൺ ഏട്ടൻ്റെ എൻട്രിയും കൊമ്പ്രമൈസും….
പക്ഷെ പിന്നീട് അങ്ങോട്ട് സ്ഥലം SI യുടെ അനിയനും കൂട്ടുകാരും എന്ന കെയ്റോഫിൽ ഞങ്ങൾ
5 ഉം ആ കോളേജിൽ കാണിച്ച് കൂട്ടിയത് ഇന്നും ജോണേട്ടനു അറിയില്ല എന്ന് ഉറപ്പ്…. അത് ഏറ്റവും മുതൽ എടുത്തത് അലീന എന്ന ഈ കാന്താരി ആണ്…
