“എടാ നീ എന്ത് ആലോചിച്ച് ഇരിക്കുവാ എടുത്ത് കഴിക്കു…” അലൻ്റെ ശബ്ദം എന്നെ ഓർമ്മകളിൽ നിന്ന് ഉണർത്തി….
“അപ്പൊ ഇനി നീ പറ, എന്താണ് നിൻ്റെ ആഗമനോദ്ദേശം, സിദ്ധുവിനെ നീ കണക്കപിള്ള ആക്കിയത് അറിഞ്ഞു, ഇവിടെ അത് നടപ്പില്ല മോനെ… എൻ്റെ അപ്പൻ എന്നെ ആവശ്യത്തിന് പണിയിപ്പിക്കുന്നുണ്ട്…”
“ഓ… അതൊന്നും അല്ലടാ…. ഞങ്ങൾക്ക് ഒരു മില്ലുണ്ട്……” ഞാൻ കര്യങ്ങൾ അവന് വിശദീകരിച്ചു കൊടുത്തു.
“ആഹ്.. ഇതാണോ…. ചരക്ക് എടുക്കാൻ വേറെ ആളൊന്നും വേണ്ട… ഇത് മൊത്തം നമ്മൾ എടുത്തോളാം…”
“എടാ കോട്ടയത്തേക്ക് അയക്കണ്ടേ അപ്പോ… നീ അപ്പനോട് ഒന്ന് ചോദിച്ചു നോക്ക്….”
“എടാ ഇതൊക്കെ ഞാനാ ഇപ്പോ നോക്കുന്നത്…എനിക്കറിയാം… നീ നിൻ്റെ ചരക്ക് എന്തിനാ കോട്ടയത്തേക്ക് അയക്കുന്നത്… കൊച്ചിയിലെ മാർക്കറ്റിലേക്ക് പോലും ഈ അരി നമ്മൾ എടുക്കുന്നില്ല… നമ്മൾ ഇത് ബ്രാൻഡ് ചെയ്ത് ഭൂരിഭാഗം ഗൾഫിലേക്കും ബാക്ക് ചെന്നൈ, ബോംബെ ഒക്കെ ആണ് കൊടുക്കാൻ പോകുന്നത്….”
“എടാ അപ്പൊ ഒരു മാസം ഒരു അമ്പതിനായിരം കിട്ടുമായിരിക്കും അല്ലേ..”
“നീ എന്ത് മണ്ടത്തരമാ പറയുന്നത്…എൻ്റെ ലാഭം എല്ലാം കഴിഞ്ഞു ഓഫ് സീസണുകളിൽ 2.5 ലക്ഷം സീസണിൽ 3.5/4 ലക്ഷം വരെ മാസം നിനക്ക് കിട്ടും…”
“ഇച്ചായൻ എന്ത് പരിപാടിയാ കാണിച്ചത്… ശ്രീക്ക് 1 ലക്ഷം കൊടുത്തു ബാക്കി എനിക്ക് തന്നാൽ മതി ആയിരുന്നല്ലോ….”
“അയ്യട…. ആട്ടെ അപ്പനും അമ്മച്ചിയും എവിടെ…”
“അവരൊരു കല്യാണത്തിന് പാലാക്ക് പോയിരിക്കുവാ…”
“ഓ… എടാ പിന്നെ ഒരു കാര്യം കൂടെ…” ഞാൻ മഹേന്ദ്രൻ അപ്പൂപ്പൻ്റെ കാര്യങ്ങൾ കൂടെ പറഞ്ഞു…
“ ഓ.. അത് ഞാൻ നമ്മുടെ ഓഫീസിലെ ഏതേലും അക്കൗണ്ടൻ്റിനെ പറഞ്ഞു വിടാം…കടമുറി വാടക കേസ് അവർ നോക്കിക്കോളും… നിൻ്റെ അക്കൗണ്ടിലേക്ക് കൃത്യമായി ഫണ്ട് വന്നോളും… പുള്ളിയുടെ വീട് നോക്കാൻ നീ തന്നെ ആളെ സെറ്റ് ചെയ്താൽ മതി… അതുപോലെ നിൻ്റെ വീടിൻ്റെയും…”
എനിക്കും അതാണ് നല്ലത്
എന്ന് തോന്നി… വീടുകളുടെ കാര്യം അമ്പിളിച്ചേചിയുടെ മരുമോനേ ഏൽപ്പിക്കം….
അങ്ങനെ അവരുടെ കൂടെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു കഴിഞ്ഞപ്പോൾ ഞാൻ പതിയെ ഇറങ്ങാൻ തുടങ്ങി..
“ എടാ നീയൊരു കാർ എടുക്കു…”
“എന്താ ഇപ്പൊ നിനക്ക് എന്നെ കൊണ്ട് കാർ എടുക്കാൻ…”
“ഈ മാസത്തെ ഫണ്ട് നിനക്ക് എന്തായാലും കിട്ടാൻ താമസം ഉണ്ടാകും… നമ്മൾ തമ്മിൽ ഉള്ള ഒരു പുതിയ ബന്ധം തുടങ്ങുക അല്ലേ.. അതിൻ്റെ ഒരു സന്തോഷത്തിന്… ഈ മാസത്തെയും അടുത്ത മാസത്തെ പകുതിയും അമൗണ്ട് ഞാൻ നിനക്ക് ഒരു കാറിൻ്റെ രൂപത്തിൽ സമ്മാനിക്കാൻ പോകുക ആണ്….”
തൻ്റെ അപ്പൻ്റെ ബിസിനസിൽ ഒപ്പം ചേർന്ന അലൻ്റെ വളർച്ച ഞാൻ അന്ന് നേരിട്ട് അറിഞ്ഞു… മാരുതി 1000 എന്ന ലക്ഷ്വറി സെഡാൻ ഒറ്റ ദിവസം അതായത് അന്ന് ഉച്ചക്ക് മുൻപേ എനിക്ക് ഡെലിവറി ആയി…
ബാങ്കിൽ പോയി എൻ്റെ അക്കൗണ്ട് അപ്ഗ്രേഡ് ചെയ്യുന്നതിനും എല്ലാം അലനും അലീനിയും കൂടെ ഉണ്ടായിരുന്നു. ഉച്ചക്ക് എൻ്റെ കാർ എടുത്തതിൻ്റെ ട്രീറ്റ് കഴിച്ചു ഞങ്ങൾ പിരിഞ്ഞു….
രാവിലെ കൂട്ടുകാരനെ കാണാൻ വീട്ടിൽ നിന്നും ഇറങ്ങിയ ഞാൻ ഉച്ചക്ക് കാറുമായി ഞാൻ കയറി ചെന്നത് മീനാക്ഷിയും ലളിത അമ്മായിയും അമ്പിളിച്ചേച്ചിയും അത്ഭുതത്തോടെ നോക്കി നിന്നു.
ഞാൻ നിർബന്ധിച്ചു മീനാക്ഷിയെ പുറത്തു കൊണ്ടുപോയി… തുണിക്കടയിൽ കയറി അവൾക്ക് കുറച്ചു ഡ്രസ്സുകൾ എടുത്തു ഒപ്പം അവളുടെ അമ്മക്കും അനിയത്തിക്കും അമ്പിളിച്ചേച്ചിക്കും പിന്നെ ഉഷമ്മക്കും….
മീനാക്ഷി വളരെ സന്തോഷവതിയായിരുന്നു. അവളുടെ മുഖത്ത് നല്ല തെളിച്ചം വച്ചിരുന്നു… അവൾക്ക് ഇഷ്ടമുള്ള ഭക്ഷണവും മറ്റും ഞാൻ വാങ്ങിക്കൊടുത്തു.
തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ അവൾ സംസാരിക്കാൻ തുടങ്ങി…
“എൻ്റെ അനിയത്തി ഭാഗ്യവതിയാ… അല്ലെ ശ്രീ….”
“അതെന്താ…”
“ഏത് പെണ്ണും ആഗ്രഹിക്കുന്നത്, ശ്രീയെ പോലെ ഒരാളെ അല്ലെ…. ആ ഒരാൾ അവളെ പിറകെ നടക്കുന്നു…”
“ഓ…ഞാൻ നടക്കുന്നത് മാത്രേ ഉള്ളൂ…. നിൻ്റെ അനിയത്തിക്ക് എന്നെ കണ്ണെടുത്താൽ കണ്ടൂടാ….”
