വേട്ടക്കിറങ്ങിയവർ – 1 15

 

 

“ ഇത് ചന്ദ്രഗിരി പാലസ്… ഇത് നാൽപത് വർഷം മുൻപുള്ള ചിത്രമാണ്… ഇതിന്റെ ഇപ്പോഴത്തെ അവസ്ഥ കാണിക്കാം… “..

 

 

മേനോൻ ചിത്രം മാറ്റി..അതും ചന്ദ്രഗിരി പാലസ് തന്നെ… പക്ഷേ,ആകെ കാട് മൂടി ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുകയാണ്.. കഴുക്കോല് വരെ ഒടിഞ്ഞ് മോന്തായം വീണിട്ടുണ്ട്..

 

 

“ഇതിന്റെ അവസാനത്തെ അവകാശി മരിച്ചിട്ട് മുപ്പത്തഞ്ച് വർഷമായി… അത്രയും കാലമായി ഇത് ആൾപാർപ്പില്ലാതെ കിടക്കുകയാണ്… ഇവിടെയുള്ള എല്ലാ സാധനങ്ങളും നാട്ടുകാർ മോഷ്ടിച്ചോണ്ട് പോയി… കതകുകൾ വരെ ഇളക്കിക്കോണ്ട് പോയിട്ടുണ്ട്… ഇനിയൊരു മൊട്ട്‌ സൂചി വരെ അവിടെ ബാക്കിയില്ല…”..

 

 

മേനോൻ പറയുന്നതിനിടയിൽ ചിത്രങ്ങൾ മാറ്റുന്നുണ്ട്..എല്ലാം ആ പാലസിന്റെ വിവിധ ഭാഗങ്ങളുടെ ചിത്രങ്ങൾ..

 

 

“ഇപ്പോ അഞ്ച് വർഷമായി ഇത് സർക്കാർ പ്രോപർട്ടിയാണ്… അവകാശികളില്ലാതെ നശിച്ച് പോയ ഈ പാലസ് സർക്കാർ ഏറ്റെടുത്ത് പുനരുദ്ധരിക്കാനുള്ള തീരുമാനത്തിലാണ്… പക്ഷേ വളരെയധികം ദുരൂഹതകളുള്ള ഈ കൊട്ടാരം പൊളിച്ച് പണിതാൽ തങ്ങൾക്കെന്തേലും ആപത്ത് സംഭവിക്കുമോ എന്ന പേടിയിൽ ഉദ്യോഗസ്ഥരെല്ലാം മടിച്ച് നിൽക്കുകയാണ്… “..

 

 

“ഈ പാലസ് സാറ് വാങ്ങാൻ പോകുന്നോ… ?”..

 

 

ഇത്രയും നേരം മേനോന്റെ വിശദീകരണം കേട്ട സുഹൈൽ ചോദിച്ചു.. മേനോനൊന്ന് ചിരിച്ചു..

 

 

“ഇല്ല… അങ്ങിനെയൊരു ഉദ്ദേശം എനിക്കില്ല… പക്ഷേ വേറൊരു ഉദ്ദേശം ഉണ്ട് താനും… “..

 

 

അനന്തു ഒന്നും മിണ്ടാതെ സാറ് പറയുന്നത് ശ്രദ്ധിക്കുകയാണ്.. അപ്പഴും സാറെന്തിനാണ് തങ്ങളോട് ഇതൊക്കെ പറയുന്നതെന്ന് അവന് മനസിലായില്ല..

 

 

“ ഞാൻ പറഞ്ഞല്ലോ… അവിടെയിനി ഒരു സാധനവും ബാക്കിയില്ല… ചിലയിടങ്ങളിൽ ചുമര് പൊളിച്ച് കല്ല് വരെ കൊണ്ടുപോയിട്ടുണ്ട്… പക്ഷേ, ഒരു നാടൊന്നാകെ വന്ന് കൊള്ളയടിച്ച് കൊണ്ട് പോയിട്ടും അവർക്കാർക്കും കിട്ടാത്ത ഒരു സാധനം ആ പാലസിലുണ്ട്… അമൂല്യമായ ഒരു നിധി… പറങ്കിപ്പടയുടെ കൊള്ളയിൽ നിന്ന് തന്റെ സമ്പത്ത് രക്ഷിക്കാനായി അന്നത്തെ നാടുവാഴി രണ്ടാമതൊരാളറിയാതെ ഒളിപ്പിച്ച് വെച്ചതാണത്… എന്റെ കണക്ക് കൂട്ടൽ ശരിയാണെങ്കിൽ അതിന്റെ മൂല്യം ഇപ്പോ നൂറ് കോടിക്ക് മേലെ വരും…”..

 

 

അനന്തുവിന്റെ രോമങ്ങൾ എഴുന്ന് നിന്നു.. അത് നൂറ് കോടി എന്ന് കേട്ടിട്ടല്ല..

ഉള്ളിൽ നിന്ന് ഒരു ഭയം അവന്റെ ദേഹമാസകലം പടർന്ന് കയറി..എന്നാൽ ഇതൊക്കെ കേട്ട് സുഹൈലിന് നല്ല ത്രില്ലാണ് തോന്നിയത്..

 

 

“ആ നിധിയിരിക്കുന്ന സ്ഥലം വ്യക്തമായി എനിക്കറിയില്ല..എന്നാലും ചില സൂചനകളൊക്കെ കിട്ടിയിട്ടുണ്ട്… ഏകദേശം രണ്ട് വർഷത്തെ എന്റെ പഠനഫലമായിട്ടാണ് ചെറിയ സൂചനകളെങ്കിലും എനിക്ക് മനസിലാക്കാനായത്… ആ നിധിയെടുക്കാൻ നിങ്ങളെന്നെ സഹായിക്കുമോ എന്നാണ് എനിക്കറിയേണ്ടത്… അത് സ്വന്തമാക്കാനായാൽ അത് നമ്മൾ രണ്ടായി ഭാഗിക്കും… ഒരു പകുതി എനിക്ക്… മറ്റേ പകുതി നിങ്ങൾക്ക് രണ്ടാൾക്കും… നിങ്ങൾക്ക് സമ്മതമാണെങ്കിൽ മാത്രമേ ഇനി ഇതിന്റെ ബാക്കി ഞാൻ പറയൂ… “..

 

 

മേനോൻ പ്രൊജക്ടർ ഓഫാക്കി സെറ്റിയിൽ വന്നിരുന്നു..

 

 

“ഞാൻ റെഡിയാ സാർ…”..

 

 

സുഹൈലിന് ആലോചിക്കുക കൂടി വേണ്ടി വന്നില്ല..ആ പകുതി പിന്നെയും പകുതിയാക്കിയാലും ഇരുപത്തഞ്ച് കോടി ഉണ്ടാവും എന്ന് മാത്രമാണവൻ ചിന്തിച്ചത്..

എന്നാൽ അനന്തു സമ്മതം മൂളിയില്ല.. കാരണം ഇത് ചെറിയ കളിയല്ല എന്നവനറിയാം.. ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട്..അതറിയാതെ സമ്മതം മൂളാനാവില്ല…

 

 

അവൻ സംശയങ്ങളോരാന്നായി സാറിനോട് ചോദിച്ചു..എല്ലാത്തിനും വ്യക്തവും കൃത്യവുമായ ഉത്തരം അയാൾ പറഞ്ഞു.. ഏതുത്തരം പറയുമ്പോഴും നൂറ് കോടിയുടെ കാര്യം അയാൾ എടുത്ത് പറഞ്ഞു..

 

 

“ഇത് വലിയ അപകടം പിടിച്ച സംഗതിയല്ലേ സാർ…?”..

 

 

അനന്തു ഒരു വിധം മയപ്പെട്ട് വരുന്നുണ്ടായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *