( ഈ പെണ്ണിന് കുറച്ച് റൊമാന്റിക്കായാലെന്താ… എപ്പോ നോക്കിയാലും വെടിയും പുകയുമാണ്..)
: ഞാൻ പറഞ്ഞോ കേറി പ്രേമിക്കാൻ…
: ഏട്ടന് നീന്താൻ അറിയോ…
: ആഹ്.. എന്തേ.. (വെള്ളം കണ്ടാൽ മുട്ടുവിറക്കുന്ന എന്നോടോ ബാലാ)
: ഇല്ലെങ്കിൽ പിടിച്ച് കുളത്തിലിടാമെന്ന് വിചാരിച്ചിട്ടാ… എന്ത് സ്വഭാവാ ഇത്, ഒന്ന് മയത്തിൽ സംസാരിച്ചൂടെ മാഷെ
: നീയും മോശമൊന്നുമല്ലല്ലോ…
: എന്ന കൈകൊടുക്ക്… ഞാൻ നന്നായി. ഇനി സ്നേഹത്തോടെയേ എന്റെ ഏട്ടനോട് സംസാരിക്കൂ…കൈ താ..
: എന്റെ ഏട്ടനോ…. എഴുതി തന്നേക്കുവല്ലേ നിനക്ക്, ഒന്ന് പോടി
: ഇത് നന്നാവൂലാ…. വെറുതെയല്ല ലെച്ചു ചേച്ചി കാട്ടുപോത്തെന്ന് വിളിക്കുന്നത്
എനിക്ക് ചിരിയാണ് വന്നത്, ലെച്ചു എന്തിനാ അങ്ങനെ വിളിക്കുന്നതെന്ന് ഈ പാവത്തിന് അറിയില്ലല്ലോ. ഒന്നും പറയണ്ട മിണ്ടാതിരിക്കാം അതാ നല്ലത്. എന്നാലും അവള് പറഞ്ഞത് ശരിയല്ലേ. ഒന്ന് മയത്തിൽ സംസാരിച്ചാലെന്താ നിനക്ക്. ചെറുക്കന്റെ അഹങ്കാരം അല്ലാതെന്ത്..
: തുഷാരയ്ക്ക് നീന്താൻ അറിയോ…
: പിടിച്ച് തള്ളിയിടാനാണോ… തള്ളിയേക്കല്ലേ മോനേ, എനിക്ക് നീന്താനൊന്നും അറിയില്ല..
: എന്ന നീ പോയി പഠിച്ചിട്ടു വാ….
ഏതോ ലോകത്തിൽ ലയിച്ചിരിക്കുന്ന തുഷാരയെ പിടിച്ച് തള്ളിയതും പെണ്ണ് വെള്ളത്തിലേക് മുങ്ങിത്താണു. ഉയർന്നുപൊങ്ങിയ അവൾ കൈകാലുകളിട്ടടിച്ചു. ഓരോതവണ പൊങ്ങി നിവരുമ്പോഴും പെണ്ണിന്റെ വായിൽ നിന്നും വെള്ളം പുറത്തേക്ക് ചാടി. കണ്ണുകൾ തുറിച്ചുനിന്നു. കൈകൾ പിടച്ചുകൊണ്ട് അവൾ വീണ്ടും വീണ്ടും ആഴങ്ങളിലേക്ക് താഴ്ന്നു പൊങ്ങി. ദൈവമേ ഇനി അവൾ സത്യം പറഞ്ഞതായിരിക്കുമോ… നീന്താൻ അറിയില്ലേ.. ഇനിയും എന്തെങ്കിലും ചെയ്തില്ലെങ്കിൽ ചിലപ്പോ പണിയാവും…
: ലച്ചൂ…. ഓടി വാ… ലച്ചൂ….
ദൂരെനിന്നും നടന്നുവരുന്ന ലെച്ചു എന്റെ വെപ്രാളം കണ്ടതോടെ കൈയിലുള്ള തോർത്തും താഴെയിട്ട് ഓടി.
: എന്താടാ….
: ലച്ചൂ… തുഷാര…
ഞാൻ ഒരു തമാശയ്ക്ക് പിടിച്ചു തള്ളിയതാ.. അവൾക്ക് നീന്തൽ അറിയില്ല.. ഒന്ന് രക്ഷിക്ക് ലച്ചൂ… നോക്കി നിക്കാതെ ചാടെടി…
: ഇതിനാണോ നീ കിടന്ന് കാറിയത്, നിന്റെ പെണ്ണല്ലേ.. നീ ചാടിക്കോ
: എനിക്ക് നീന്താൻ അറിയുമെങ്കിൽ ഞാൻ നിന്റെ കാല് പിടിക്കുമോ…. ഒന്ന് രക്ഷിക്ക് ലച്ചൂ… പ്ലീസ്
എന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയത് ലെച്ചു കണ്ടു, ആ അവസരത്തിലും ലെച്ചുവിന് മുഖത്ത് ചിരിയാണ് വന്നത്. എന്ത് ക്രൂരയാണ് ഇവൾ…
: സ്വപ്നേച്ചീ…. ഓടി വാ..ചന്ദ്രേട്ടാ…
അറിയാവുന്നവരെയൊക്കെ വിളിച്ചുകൂവുന്ന എന്റെ വെപ്രാളം കണ്ടിട്ടും ലെച്ചുവിന് ഒരു കുലുക്കവും ഇല്ല. പെട്ടെന്ന് അവൾ എന്നെ തള്ളി കുളത്തിലേക്ക് ഇടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല… ദൈവമേ ഇനിയിപ്പോ എന്നെ രക്ഷിക്കാൻ ആരെങ്കിലും വരേണ്ടിവരുമല്ലോ… വെള്ളത്തിലേക്ക് ഊളിയിട്ടപ്പോൾ തന്നെ എന്റെ മൂക്കിലും വായിലും വെള്ളം ഇരച്ചുകയറി. മരിച്ചാലും വേണ്ടില്ല, തുഷാരയെ രക്ഷിക്കണം. അവളെ ചേർത്തുപിടിച്ച് പൊങ്ങാൻ ശ്രമിച്ചെങ്കിലും അവൾ എന്നെയുംകൊണ്ട് വീണ്ടും അടിത്തട്ടിലേക്ക് താണു. എന്റെ കണ്ണുകൾ ഉരുണ്ടു. വായിലൂടെ കുമിളകൾ നിർത്താതെ പ്രവഹിച്ചുകൊണ്ടിരുന്നു. അവസാനം ബോധം പോകുമെന്നായപ്പോൾ തുഷാര എന്നെയും പിടിച്ച് എഴുന്നേറ്റ് നിന്നു..എന്റെ പാതി ജീവൻ പോയെന്ന് പറഞ്ഞാ മതിയല്ലോ കണ്ണൊക്കെ ചുവന്ന് ബൾബുപോലെ ആയിട്ടുണ്ട്… ചുമച്ചുകൊണ്ട് ശ്വാസം വലിച്ചുകയറ്റുന്ന എന്നെനോക്കി ലെച്ചു ആക്കിയൊന്ന് ചിരിച്ചു….
: ഡാ പൊട്ടാ… അവിടെ നിന്റെ കഴുത്തോളം വെള്ളമേ ഉള്ളു.
ശരിയാണല്ലോ… ഇതിനാണോ ഞാൻ ഇത്രയും വെള്ളം കുടിച്ചത്. തുഷാരയുടെ ജീവന്മരണ പോരാട്ടം കണ്ടപ്പോൾ അതൊന്നും മനസ്സിൽ വന്നില്ല. എന്നാപ്പിന്നെ ആ പോത്തിന് നേരത്തേ എഴുന്നേറ്റ് നിന്നൂടായിരുന്നോ… ഇങ്ങനെ ഓരോന്ന് ചിന്തിച്ചിരുന്നപ്പോ തുഷാര എനിക്ക് ചുറ്റും നീന്തിത്തുടിക്കുന്നത് കണ്ട് കണ്ണുകൾ വീണ്ടും ബൾബായി… തെണ്ടി. അപ്പൊ എല്ലാം നാടകമായിരുന്നു അല്ലെ. വെറുതെയല്ല ലെച്ചു ഒരു കൂസലും ഇല്ലാതെ കരയിൽ നിന്ന് എന്നെ നോക്കി ചിരിച്ചത്. ചെറുപ്പംമുതൽ കാണുന്ന കുളമാണെങ്കിലും ഇതുവരെ നീന്തം പഠിക്കാത്തത് മോശായിപ്പോയി. പണ്ട് അച്ഛൻ കുറേ ശ്രമിച്ചതാണ് എന്നെ പഠിപ്പിക്കാൻ. അന്ന് വെള്ളം കുടിച്ചതിൽ പിന്നെ പേടിച്ചിട്ട് ഇതുവരെ നീന്താൻ പഠിച്ചില്ല. ഇനിയിപ്പോ ഇതെന്റെ അഭിമാന പ്രശ്‌നമായി മാറി. പഠിച്ചേ പറ്റു.
