അരളിപ്പൂന്തേൻ – 5 1

ഇരുവശങ്ങളിലും ഇരിക്കുന്ന ആൾക്കൂട്ടത്തിന്റെ കൂക്കിവിളികൾക്ക് കാതുകൊടുക്കാതെ എന്റെ ഉറച്ച ചുവടുകൾ മുന്നോട്ട് വച്ചു. മനസ്സിൽ തന്റെ പ്രിയതമനെ ശപിച്ചുകൊണ്ടിരിക്കുന്ന തുഷാരയുടെ വലംകൈയ്യിൽ എന്റെ കൈ പതിഞ്ഞതും അവൾ മുഖമുയർത്തി. അവൾ എന്തെങ്കിലും പറയുന്നതിന് മുൻപ് ഞാൻ അവളെയും വലിച്ചുകൊണ്ട് വേദിയിലേക്ക് നടന്നുകയറി. വേദിയിൽ സദസ്സിനെ അഭിമുഘീകരിച്ച് നിന്നുകൊണ്ട് ഞാൻ തുഷാരയെ ചേർത്തുപിടിച്ചു.

: തുഷാരേ… ഒറ്റയൊരുത്തൻ ഇനി കൂവില്ല. ഈ ഇരിക്കുന്ന മുഴുവൻ ആളുകളെയും നോക്കി പറ….

( അപ്പോഴേക്കും പ്രവിയും മനുവും വിനുവും ബാക്കിയുള്ള എന്റെ എല്ലാ കൂട്ടുകാരും സദസ്സിൽ അവിടവിടായി ഇടംപിടിച്ചു… )

: ഏട്ടാ…. ഞാൻ…

: ഒരുത്തനും നിന്നെ അപമാനിക്കില്ല, ശ്രീലാല പറയുന്നേ….

ഏതവനെങ്കിലും കൂവിയാൽ… പൊന്നുമോനെ… നീയൊന്നും രണ്ടുകാലിൽ ഈ ക്യാമ്പസിന് പുറത്തുപോകില്ല. ഇതെന്റെ അഹങ്കാരമായിട്ട് കൂട്ടിക്കോ. ഇനി പുറത്ത് പോയാൽ തന്നെ കവലമുക്ക് കഴിഞ്ഞ് നീയൊന്നും വീട്ടിലേക്ക് പോവില്ല.

പറ… എന്താ തുഷാരയ്ക്ക് എന്നോട് പറയാനുള്ളത്… ഉറക്കെ എല്ലാവരെയും നോക്കി പറ….

: i….. love you ശ്രീയേട്ടാ…….

: അതേടാ… എന്റെ പെണ്ണാ തുഷാര. ഒരുവർഷമായിട്ട് ഞാൻ നെഞ്ചിൽ കൊണ്ടുനടക്കുന്ന എന്റെ പെണ്ണ്… ശ്രീലാൽ അവളെ ഇതേ വേദിയിൽ വച്ച് തല്ലിയിട്ടുണ്ടെങ്കിൽ അത് പൊറുക്കാനുള്ള മനസ് കാണിച്ച അവൾക്കില്ലാത്ത എന്ത് ചൊറിച്ചിലാടാ നിനക്കൊക്കെ. ഞാൻ പോയിക്കഴിഞ്ഞാലും ഇവൾ ഇനിയും ഒരുവർഷം ഇവിടെത്തന്നെ ഉണ്ടാവും. ഏതവനെങ്കിലും എന്റെ പെണ്ണിനെ കേറി ചൊറിയാൻ വന്നാൽ… ഞാൻ കേറി മാന്തും, നിന്റെയൊക്കെ കുടുംബത്ത് കേറി മാന്തും. ബാക്കി കൂടി പറ തുഷാരെ… വയറ് നിറയട്ടെ എല്ലാർക്കും.
: ഞാൻ മംഗലത്തുവീട്ടിൽ ശ്രീലാലിന്റെ പെണ്ണാ, നീയൊക്കെ വിളിച്ച് കൂവിയില്ലേ അഹങ്കാരിയെന്ന്…അതേടാ ഞാൻ അഹങ്കാരി തന്നെയാ, അത് ആണൊരുത്തൻ കൈപിടിച്ചു നടക്കാൻ കൂടെയുണ്ടെന്നുള്ള അഹങ്കാരമാണ്. ഒരു പെണ്ണ് ഒരാളോട് ഇഷ്ടമാണെന്ന് പറഞ്ഞാൽ നീയൊക്കെ അപ്പോത്തന്നെ അവൾക്ക് വേശ്യ പട്ടം ചാർത്തികൊടുക്കുമോ… ആണുങ്ങൾ പഞ്ച് ഡയലോഗ് അടിച്ചാൽ ഹീറോയും, പെണ്ണ് പറഞ്ഞാൽ അഹങ്കാരിയും ആക്കുന്ന പൊതുബോധമാണ് ആദ്യം മാറേണ്ടത്. തെറ്റ് കണ്ടാൽ അവിടെ ആണെന്നോ പെണ്ണെന്നോ നോക്കാതെ ന്യായത്തിനൊപ്പം നിൽക്കുന്ന തലമുറ വളരണം.

വേദിയിൽ ഇരുന്ന പ്രിൻസിപ്പൽ സാർ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചതോടെ സദസ്സ് മുഴുവൻ അത് ഏറ്റുപിടിച്ചു. തുഷാരയുടെ കൈയും പിടിച്ച് ഞാൻ പുറത്തേക്ക് നടന്നുനീങ്ങിയപ്പോൾ ലെച്ചു ഞങ്ങളെയും കാത്ത് വാതിൽപ്പടിയിൽ നിൽപ്പുണ്ട്… തുഷാര ഓടിച്ചെന്ന് ലെച്ചുവിനെ കെട്ടിപിടിച്ചു.

: തുഷാരേ…. നീ എന്റെ മാനം കാത്തു… കൂടെ എന്റെ അനിയന്റെ ജീവിതവും.

: അനിയനൊക്കെ എന്റെ കല്യാണശേഷം…അതുവരെ ഏട്ടനെ ലെച്ചുവിന്റെ ശ്രീകുട്ടനായി തന്നെ കാണാനാ എനിക്ക് ഇഷ്ടം..

ലെച്ചുവിന്റെ ഇടതും വലതുമായി ഞങ്ങൾ നടക്കുമ്പോൾ എന്റെ മനസ് വീണ്ടും പ്രക്ഷുബ്ധമായി… എന്താണ് ഇവർ രണ്ടുപേരും പറഞ്ഞതിന്റെ അർഥം…

(തുടരും)

❤️🙏

© wanderlust

Leave a Reply

Your email address will not be published. Required fields are marked *