അമ്പലപ്രാവുകൾ സായന്തന സൂര്യനു കീഴിൽ ചുറ്റിപ്പറക്കുന്നതു കണ്ട് അഭിരാമി ചിന്തയിൽ നിന്നുണർന്നു ..
അവൾ പതിയെ കാറിനടുത്തേക്ക് നടന്നു …
അവളടുത്തു ചെല്ലുമ്പോഴും വിനയചന്ദ്രൻ അതേ ഇരിപ്പു തന്നെയായിരുന്നു…
” പോകാം … ”
അവളുടെ ആഗമനമറിഞ്ഞ പോലെ വിനയചന്ദ്രൻ പറഞ്ഞു.
വിനയേട്ടൻ ഉറക്കമാണെന്നാണ് അവൾ കരുതിയത്.
അവൾ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.
ഡോർ അടച്ച് ഗ്ലാസ്സ് ഉയർത്തി അവൾ വണ്ടിയെടുത്തു.
മൈതാനത്തു നിന്നും പുറത്തെ റോഡിലേക്ക് അവളുടെ കാർ ഇറങ്ങിയതും പിന്നിൽ കിടന്നിരുന്ന കാറും ഇളകി..
“വിനയേട്ടാ …..”
“ഉം ….”
” ഒന്നും പറഞ്ഞില്ല … ”
” നേരത്തെ പറഞ്ഞതല്ലേ അഭീ ….”
” ഞങ്ങൾ മാറി നിൽക്കുന്നതു കൊണ്ട് എന്താണ് മാറ്റം ഉണ്ടാവുക …?”
“അഭീ … ഒരു കാര്യം ഞാൻ പറയാം … അത് നീ വിശ്വസിച്ചേ പറ്റൂ … “
അവൾ വണ്ടിയുടെ വേഗത കുറച്ച് അയാളെ നോക്കി …
വിനയചന്ദ്രൻ നിവർന്നിരുന്നു …
“എന്താ കാര്യം …?” അവൾ ചോദിച്ചു.
“എന്റെ മനസ്സു പറയുന്നത് അവനോടൊപ്പം മറ്റൊരാൾ കൂടി നിനക്കെതിരെ ഉണ്ട് എന്നാണ് … ”
” ആര് …….??” അവളുടെ കയ്യിൽ നിന്നും വണ്ടി ഒന്ന് പാളി ….
” അതെനിക്കറിയില്ല … ”
” വിനയേട്ടൻ വെറുതെ ഊഹിക്കാതെ ….”
” ചിലപ്പോൾ അതെന്റെ തോന്നൽ മാത്രമാകാം … ”
അഭിരാമി ഒന്നും മിണ്ടിയില്ല …
” എന്റെ ഊഹം ശരിയാണെങ്കിൽ ഇന്ന് ഒന്നുകൂടി അവൻ നിന്നെ വിളിക്കും … ”
” എന്തിന്…?” അഭിരാമിയുടെ ഹൃദയം പിടച്ചു തുടങ്ങി …
” നമ്മൾ തമ്മിൽ കോൺടാക്റ്റ് ഉണ്ട് , അതായത് നിന്നെ സഹായിക്കാൻ ഒരാളുണ്ട് എന്നവനറിഞ്ഞാൽ പറഞ്ഞത് പ്രാവർത്തികമാക്കുക എളുപ്പമല്ല എന്നവനറിയാം … ”
വിനയചന്ദ്രൻ പറഞ്ഞു നിർത്തിയതും അഭിരാമിയുടെ ഫോൺ ബെല്ലടിച്ചു …
ചെറിയ വിറയലോടെ ഫോണിലേക്ക് നോക്കിയ അഭിരാമി നടുങ്ങി വിറച്ച് വിനയചന്ദ്രനെ നോക്കി.
രാജീവ് കോളിംഗ് ….
അഭിരാമി ഇൻഡിക്കേറ്ററിട്ടു കൊണ്ട് ഇടത്തേക്ക് വണ്ടി ചേർത്തു ….
” അയാളാ…” അവളുടെ സ്വരം വിറച്ചിരുന്നു….
കാർ നിന്നു ….
ഫോണിലെ പേര് കണ്ടതും വിനയചന്ദ്രന്റെ മുഖവും വിളറി വെളുത്തിരുന്നു …
“എടുക്ക്…”
അയാൾ പറഞ്ഞു …
റിസീവിംഗ് മാർക്ക് സ്ലൈഡ് ചെയ്ത് അഭിരാമി കോൾ സ്പീക്കർ മോഡിലിട്ടു ….
“പഴയ മച്ചുണൻ കാമുകനാണല്ലേ പുതിയ രക്ഷകൻ ….?”
അടുത്ത് നിന്നെന്ന പോലെ രാജീവിന്റെ സ്വരം ഇരുവരും കേട്ടു.
“സ്റ്റിച്ച് നാലെണ്ണമുണ്ട്… ആ കത്തി എന്റെ കയ്യിൽ തന്നെയുണ്ട് ….” ഭീഷണിയുടെ സ്വരത്തിൽ രാജീവ് പറഞ്ഞു …
” പറഞ്ഞത് മറക്കണ്ട … നീയിനി ആരെയൊക്കെ കൂട്ടു പിടിച്ചാലും ….”
രാജീവ് മുഴുമിപ്പിക്കുന്നതിനു മുൻപേ അവൾ കോൾ കട്ടാക്കി.
“വിനയേട്ടാ ..” ഭയത്തോടെ അവൾ വിളിച്ചു.
അയാൾ ഒന്നും മിണ്ടിയില്ല …
” എന്റെ അച്ഛന്റെ സ്വത്തുക്കൾ …. അയാളെ കല്യാണം കഴിച്ചു എന്നൊരു തെറ്റല്ലേ ഞാൻ ചെയ്തുള്ളൂ ….”
ഒരു വിങ്ങിപ്പൊട്ടലോടെ അഭിരാമി സ്റ്റിയറിംഗ് വീലിലേക്ക് മുഖമണച്ചു …
വിനയചന്ദ്രൻ അവളെ ആശ്വസിപ്പിക്കാനൊന്നും ശ്രമിച്ചില്ല.
” ഞാനെന്താ ചെയ്യാ ….?” സ്റ്റിയറിംഗ് വീലിൽ നിന്ന് മുഖമുയർത്തി അവൾ ഷാൾ കൊണ്ട് കണ്ണീരു തുടച്ചു .
അയാൾ നിശബ്ദം ഗ്ലാസ്സിനു പുറത്തേക്ക് നോക്കിയിരുന്നു ..
” അജയ് …..?”
ഒരു നിമിഷം കഴിഞ്ഞ് അയാൾ ചോദ്യഭാവത്തിൽ അവളെ നോക്കി..
” പുറപ്പെട്ടിട്ടുണ്ട്. ….”
” അഭീ …. വണ്ടി എന്റെ വീട്ടിലേക്ക് വിട്…”
അവൾ മറുത്തൊന്നും പറയാതെ കാറെടുത്തു …
നാങ്കുളത്തെ വിനയചന്ദ്രന്റെ വീടിനു മുൻപിൽ അവൾ കാർ നിർത്തി.
ഡോർ തുറന്ന് അയാൾ വേഗം സിറ്റൗട്ടിലേക്ക് കയറി. നിലത്തെ കാർപ്പെറ്റിനടിയിൽ നിന്നും ചാവിയെടുത്ത് വാതിൽ തുറന്ന് അകത്തേക്ക് കയറിപ്പോയി.
അഭിരാമി ചിന്താഭാരത്തോടെ കാറിൽ തന്നെയിരുന്നു …
അല്പ സമയത്തിനുള്ളിൽ അയാൾ തിരിച്ചെത്തി. ഒരു ഫോൺ അയാളുടെ കയ്യിലുണ്ടായിരുന്നു.
“മോളുടെയാ …. സിമ്മും ഇതിലുണ്ട്. ചാർജ് ചെയ്താൽ ഓൺ ആകും … റീചാർജും ചെയ്യണം … ”
എന്തിന് എന്ന അർത്ഥത്തിൽ അവൾ അയാളെ നോക്കി.
” ഇന്നോ നാളെയോ സ്ഥലം മാറുക … അമ്മിണിയമ്മയോട് പോലും പറയണ്ട … ”
