അവനോട് എന്തു പറയണം , എങ്ങനെ പറയണം എന്ന ആലോചനയിലായിരുന്നു അവൾ…
കുറച്ചു നേരം അവൾ ആലോചനയിലാണ്ടു.
“അമ്മയ്ക്ക് ഉറക്കം വരുന്നുണ്ടോ …?” അവൾ മിണ്ടാതിരിക്കുന്നതു കണ്ട് അവൻ ചോദിച്ചു.
” ഇല്ലെടാ …”
” എന്നാൽ പറ … ”
” എന്ത് പറയാൻ ….?”
” മാസങ്ങൾ കൂടി എന്നെ കണ്ടിട്ട് അമ്മയ്ക്ക് ഒന്നും പറയാനില്ല …?”
അവൻ മുഖം ചെരിച്ച് അവളെ നോക്കി …
“നമുക്ക് കുറച്ചു ദിവസം എങ്ങോട്ടെങ്കിലും മാറി നിന്നാലോടാ …..”
ഒടുവിൽ ധൈര്യം സംഭരിച്ച് അവൾ പറഞ്ഞു.
“ദാറ്റ്സ് ഗുഡ്….” അവൻ അവളുടെ മടിയിൽ നിന്നും തലയുയർത്തി.
” അമ്മയിവിടെ അടച്ചു പൂട്ടിയിരിക്കുവാന്ന് എനിക്കറിയാം.. ചുമ്മാ എവിടെയെങ്കിലും പോയി ഒന്ന് റിലാക്സായിട്ട് വരാമല്ലോ ..”
“എവിടെ പോകും …?”
അവളവന്റെ കണ്ണുകളിലേക്ക് നോക്കി …
“ലോകം വിശാലം …. കയ്യിൽ പണമുണ്ടെങ്കിൽ എവിടെയാ പോകാൻ പറ്റാത്തത് …?”
അജയ് ചിരിച്ചു …
” ഇന്റർനാഷണൽ പാക്കേജാണോ മോൻ ഉദ്ദ്ദേശിച്ചേ …?”
അവൾ വാത്സല്യത്തോടെ അവന്റെ മൂക്കിൽ പിച്ചി .
“പിന്നല്ലാതെ … ”
” ഇവിടെ എവിടെയെങ്കിലും മതി ..”
” തൃശ്ശൂരോ …?”
“പോടാ … കുറച്ചു കൂടെ ദൂരെ …..”
” പീച്ചി ഡാം ….?”
അജയ് ചിരിച്ചു …
“നീ അടി വാങ്ങും … ”
” ഇങ്ങനെയൊരു പിശുക്കിയമ്മ … ” അവൻ കെറുവിച്ച് വീണ്ടും അവളുടെ മടിയിലേക്ക് കിടന്നു …
“നിന്റെ അപ്പൻ ഉള്ളതെല്ലാം അടിച്ചു മാറ്റിയിട്ടാ ഞാനിത്ര പിശുക്കിയായേ ….”
അതിന് അജയ് മറുപടി പറഞ്ഞില്ല … സത്യം അവനും അറിയാമായിരുന്നു …
“നീ ഒരു സ്ഥലം പറ…. ”
അവന്റെ കവിളിൽ തലോടി അവൾ പറഞ്ഞു …
“കാശ് ചിലവാകരുത്.. ദൂരെയാവുകയും വേണം … പൊന്നമ്മേ., ഞാനില്ല പറയാൻ … ”
അവൻ പിണക്കം ഭാവിച്ചു ..
“നീ പറഞ്ഞു നോക്ക് … ”
പെട്ടെന്ന് അജയ് ചാടിയെഴുന്നേറ്റു .
” ഒരു സ്ഥലമുണ്ട് അമ്മാ….”
“എവിടെ ….?” അവൾ ഉദ്വിഗ്നയായി …
” സംഗതി നടക്കുമോന്നറിയില്ല … ”
” നടക്കാത്ത കാര്യം പറയണ്ട … ” അവളുടെ ഉദ്വേഗം അസ്തമിച്ചു.
” ജസ്റ്റ് മിനിറ്റ് … ”
അജയ് ഫോണെടുത്തു …
” ഞാൻ മുൻപ് വന്നപ്പോൾ അമ്മയോട് ഒരു ജൂനിയർ ചെക്കന്റെ കാര്യം പറഞ്ഞിട്ടില്ലേ …?” ഫോണിൽ ആരെയോ തിരയുന്നതിനിടയിൽ അവൻ പറഞ്ഞു.
“ആര് …?”
” ക്ലീറ്റസ് ഡേവിഡ് എബ്രഹാം … ”
നീളമുള്ള ആ പേര് കേട്ടപ്പോൾ തന്നെ അവൾക്ക് കാര്യം ഓർമ്മ വന്നു …
എൻ ആർ ഐ ഫാമിലിയിലെ ചെക്കൻ.
” അവന്റെ ഒരു വീടും സ്ഥലവും ഒഴിഞ്ഞു കിടപ്പുണ്ട് … ഞങ്ങൾ ഈ പ്രാവശ്യം വെക്കേഷൻ അവിടെയാക്കിയാലോന്ന് ആലോചിച്ചതാ …”
“എവിടെയാ സ്ഥലം …?”
” വട്ടവട … ”
” വട്ടവടയോ …?”
“അതേ മ്മാ ….”
” ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ … അവന് നൈറ്റ് ആണെങ്കിൽ രക്ഷപ്പെട്ടു … ”
അവൻ ഫോണുമായി എഴുന്നേറ്റു .. ഹാളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് അവൻ സംസാരിക്കുന്നതും നോക്കി അവളിരുന്നു …
സംസാരത്തിനു ശേഷം അവൻ അവളുടെയടുത്ത് വന്നിരുന്നു..
” കാര്യം ഓക്കേയാണ്.. പക്ഷേ അവന്റെ ഡാഡി അറിയരുത് … ”
” അതെന്താ …?”
“അയാളൊരു മൂശേട്ട സ്വഭാവക്കാരനാ… അതല്ലേ അവനിവിടെ നിൽക്കുന്നേ …”
“എന്ത് ചെയ്യും …?”
“അവിടെ ഒരു നോട്ടക്കാരനുണ്ട്. അയാളെ അവൻ വിളിച്ചു പറഞ്ഞോളും .. അയാൾക്ക് എന്തെങ്കിലും കൊടുത്താൽ കാര്യം നടക്കുമെന്നാ അവൻ പറഞ്ഞത് … ”
” അതൊക്കെ ശരിയാകുമോ ….?”
“പണച്ചിലവില്ലാത്ത ഒരു കാര്യം ഞാൻ പറഞ്ഞു … ബാക്കി അമ്മ പറയ്…?”
“അവന്റെ ഡാഡി അറിഞ്ഞാലോ …?”
” അയാളങ്ങ് കാനഡയിലല്ലേ …?”
“പോയി നോക്കാം ല്ലേ …?”
“പോകാന്ന് പറ അമ്മാ…” അജയ് അവളെ സമ്മതിപ്പിക്കാൻ ശ്രമിച്ചു …
” പോകാം … പക്ഷേ ഞാൻ പറയുന്നത് നീ അനുസരിക്കണം ..”
“മാഡം പറ ….”
അവൻ കൃത്രിമ ഗൗരവത്തിൽ കയ്യും കെട്ടി നിന്നു…
” നമുക്ക് കാർ എടുക്കണ്ട … ”
” വേണ്ട … അല്ലെങ്കിലും അത്ര ദൂരം വണ്ടിയോടിക്കാൻ എനിക്കും വയ്യ … ”
അവൻ കൈകൾ താഴ്ത്തി …
” ഫോണും എടുക്കണ്ട … ”
” എന്ത് …?”
” ഫോൺ എടുക്കണ്ടാന്ന് … ”
” ഫോണില്ലാതെ എങ്ങനാ …?”
“അതിനൊക്കെ വഴിയുണ്ട് ….”
അജയ് അവളുടെയടുത്തേക്ക് വന്നു …
“സത്യം പറയമ്മാ … എന്താ പ്ലാൻ ….?”
