” പെ ട്ടെന്ന് ….? ”
അഭിരാമി വിക്കി ..
” നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല എന്നുണ്ടോ …?” അയാൾ സ്വരമുയർത്തി.
” പറയുന്നത് ഓർമ്മ വേണം .. നിങ്ങളുടെ രണ്ടു ഫോണുകളും സൈലന്റ് മോഡിലാക്കി അവിടെ തന്നെ വെച്ചേക്കണം .. ”
അവൾ ഒന്നും മനസ്സിലാകാതെ അയാളെ നോക്കിയിരുന്നു ..
“സ്വർണ്ണവും പണവുമൊന്നും വീട്ടിൽ വെക്കണ്ട … ”
” അതൊക്കെ ലോക്കറിലാ …”
” പ്രമാണങ്ങളോ …?”
” സേഫ് ആണ് … ” അവൾ അത്രയുമേ പറഞ്ഞുള്ളൂ … അയാളെ അത്രയ്ക്ക് വിശ്വസിക്കാൻ മാത്രം മണ്ടിയല്ലായിരുന്നു അവൾ…
“നീ വീട്ടിൽ ചെന്നിട്ട് വീടിന്റെ ഒരു ചാവി അമ്മിണിയമ്മയുടെ കയ്യിൽ കൊടുക്കണം … ”
” ന്തി …ന് ?”
” എന്നിട്ടിങ്ങനെ പറയണം .. ഏതു നിമിഷവും അയാൾ കൊല്ലും… ഒരു ചാവി നിങ്ങളുടെ കയ്യിലും ഇരുന്നോട്ടെ … എന്ന് … “
” വിനയേട്ടാ … അത് …?”
” ചാവി രണ്ടു ദിവസം കഴിഞ്ഞ് ഞാൻ പോയി വാങ്ങിച്ചോളാം…”
” പോകുമ്പോൾ കാർ കൊണ്ടുപോകരുത്.. ബസ്സിനോ ടാക്സിക്കോ പോവുക … ”
അഭിരാമി ഒന്നും മിണ്ടിയില്ല …
“ദൂരയാത്രയാണെങ്കിൽ രണ്ടോ മൂന്നോ വണ്ടി ആവശ്യമില്ലെങ്കിലും മാറിക്കയറിയേക്കണം … ”
സമ്മതിക്കുന്ന മട്ടിൽ അഭിരാമി അറിയാതെ തല കുലുക്കി.
” ഒരു കാര്യം കൂടി ….”
അയാൾ അവളുടെയടുത്തേക്ക് വന്ന് കുനിഞ്ഞു …
“നിങ്ങൾ ചെല്ലുന്ന സ്ഥലം എന്നെ ഒന്ന് വിളിച്ചു പറയുക.. അതിനു ശേഷമോ മുൻപോ ഫോൺ ഓൺ ചെയ്തേക്കരുത് … ”
” ഫോണില്ലാതെ … ”
” ഏറിയാൽ പത്തു ദിവസം അഭി …. ഇതിന്റെ നെല്ലും പതിരും നമുക്ക് തിരിച്ചെടുക്കാം … ”
” എവിടെപ്പോകാനാ …?”
” എനിക്കിപ്പോൾ അങ്ങനെയുള്ള കണക്ഷൻസ് ഒന്നുമില്ലെന്ന് നിനക്കറിയില്ലേ … അത് നീ തീരുമാനിക്കുക … അല്ലെങ്കിൽ അജയ് കൂടി വന്നിട്ട് തീരുമാനിക്ക് … ”
” അവനോട് പറയണ്ടേ….?”
” വരുമ്പോഴേ പറയണ്ട … ”
അവൾ കാർ പിന്നോട്ടെടുത്തു … ഗേയ്റ്റിനരുകിലേക്ക് കാർ ഇറങ്ങിയപ്പോഴേക്കും അയാൾ പിന്നാലെ ഓടിച്ചെന്നു….
അയാളെ റിയർ വ്യൂ മിററിൽ കണ്ട് അവൾ കാർ നിർത്തി …
“എന്താ വിനയേട്ടാ ….?”
“പറഞ്ഞതൊന്നും മറക്കരുത് … അതുപോലെ തന്നെ ചെയ്തേക്കണം. ഫോൺ എടുക്കണ്ട എന്ന് അജയ് നോട് കർശനമായി പറഞ്ഞേക്കണം … ”
” ഉം… ”
മൂളിയിട്ട് അവൾ കാർ മുന്നോട്ടെടുത്തു …
അവൾ വീട്ടിൽച്ചെന്ന് കുറച്ചു കഴിഞ്ഞപ്പോഴേക്കും അജയ് യുടെ മെസ്സേജ് വന്നിരുന്നു. പതിനൊന്നര കഴിയുമ്പോഴേക്കും അവൻ വീട്ടിലെത്തും എന്നായിരുന്നു പറഞ്ഞത്.
അമ്മിണിയമ്മ അവൾക്ക് ചായയെടുത്തു.
അവൾ ചായ കുടിക്കുന്നതും നോക്കി അവർ ചുമരും ചാരി നിന്നു.
“എന്തായി മോളേ ….?”
“എന്താകാൻ …? ”
പറഞ്ഞിട്ട് ചായക്കപ്പുമായി അവൾ റൂമിലേക്ക് പോയി .. തിരികെ വന്നത് ഒരു ചാവിയുമായായിരുന്നു.
” അമ്മിണിയമ്മ ഇത് പിടി ..”
“ന്താ ത് …?”
” ഈ വീടിന്റെ ഒരു ചാവിയാ…”
“ന്തിന്…?”
“അയാളെന്നാ വന്ന് കൊല്ലുകാന്നറിയില്ലല്ലോ … എന്റെ ബോഡി എടുത്തോണ്ട് പോകാൻ വാതിൽ തല്ലിപ്പൊളിക്കാനിട വരുത്തണ്ട … ”
” മോളെന്തൊക്കെയാ യീ പറയുന്നേ…?”
“അമ്മിണിയമ്മയും കേട്ടതല്ലേ അയാൾ പറഞ്ഞത് …?”
” ന്ന് വച്ച് അങ്ങനെ അവൻ ചെയ്യോ ….?”
“എന്റെ അച്ഛനെ വെല്ലുവിളിച്ച് അവൻ പറഞ്ഞത് നിങ്ങൾ മറന്നോ…?”
അമ്മിണിയമ്മ ഒന്നും മിണ്ടിയില്ല …
” ഇത് കയ്യിലിരിക്കട്ടെ …”
അവൾ ബലമായി താക്കോൽ അവരുടെ കയ്യിൽ വെച്ചു കൊടുത്തു.
” അജു ഇന്ന് വന്നേക്കും ….” അവൾ പറഞ്ഞു.
” അതാ നല്ലത് … ഒരാള് കൂട്ടുള്ളത് നല്ലതാ… ഞാനത് മോളോട് എങ്ങനെയാ പറയണേന്ന് കരുതിയിരിക്കുവായിരുന്നു … ”
” അമ്മിണിയമ്മ സമയമായെങ്കിൽ പൊയ്ക്കോ…”
“മോൻ വന്നിട്ട് പൊയ്ക്കോളാം…”
“അവൻ ഒരുപാട് രാത്രിയാകും വരാൻ … ”
രണ്ടു കിലോമീറ്റർ മാറിയാണ് അമ്മിണിയമ്മയുടെ വീട് . മരിച്ചു പോയ മകന്റെ ഭാര്യയും രണ്ടു കുട്ടികളും ആണ് അവരുടെ കൂടെ വീട്ടിലുള്ളത്.
ഏഴുമണിയായപ്പോഴേക്കും മനസ്സില്ലാ മനസ്സോടെ അമ്മിണിയമ്മ പോകാനിറങ്ങി …
അവർ പോയ ശേഷം വാതിലുകളും ജനലുകളും അടച്ച് അഭിരാമി മുറിയിൽ കയറി …
വർഷങ്ങളായുള്ള പതിവാണത്…
അവൾക്ക് അസുഖങ്ങളോ മറ്റോ വരുമ്പോഴാണ് അമ്മിണിയമ്മ അവിടെ താമസിക്കുക ..
