ഗ്ലാസ്സിൽ നിന്നല്ല …
മൂക്കു ചുളിച്ചു കൊണ്ട് തന്നെ അയാൾ ചുറ്റിനും ഒന്ന് നോക്കി.
വാതിലിനടുത്ത് ഭിത്തിയരികിലായി ഒരു എലി ചത്തു കിടക്കുന്നത് അയാൾ കണ്ടു.
“നാശം ..” അയാൾ പിറുപിറുത്തു ….
ഫോൺ ബല്ലടിക്കുന്നത് കേട്ട് അയാൾ ഗ്ലാസ് സ്ലാബിൽ വെച്ച് മുറിയിലേക്ക് ചെന്നു…
അഭിരാമിയുടെ കോൾ ആയിരുന്നു ….
അയാളുടെ തലച്ചോറുണർന്നു …
അയാൾ കോൾ എടുത്തു …
“വിനയേട്ടാ ….”
അഭിരാമിയുടെ സ്വരം അയാൾ കേട്ടു …
“നിങ്ങളെവിടാ ..?”
” മൂന്നാറിനപ്പുറം വട്ടവട എന്ന സ്ഥലത്താ …”
” സ്ഥലമെങ്ങനെ …?”
“ഇങ്ങോട്ടൊന്നും പെട്ടെന്ന് ആരും വരില്ല … ”
” സേഫ് അല്ലേ…?”
” കുഴപ്പമില്ല … ”
” പുറത്തൊന്നും അധികം ഇറങ്ങണ്ട… ”
” ഇല്ല … ”
” അജയ് ….?”
“അടുത്തുണ്ട് …. ”
” അവനോട് കാര്യം പറഞ്ഞേക്ക് … ”
” ഉം…”
” അർജന്റ് കാര്യത്തിനു മാത്രം ഫോൺ ഓൺ ചെയ്താൽ മതി … ”
” ഉം…”
” എന്നാൽ വെച്ചോ…”
അപ്പുറത്ത് ഫോൺ കട്ടായി …
പിന്നെയെല്ലാം ധൃതിയിലായിരുന്നു …
വാതിൽ തുറന്ന് കടലാസ്സു കൂട്ടി വാലിൽ പിടിച്ച് എലിയെ അടുത്ത പറമ്പിലേക്ക് ഒരേറു കൊടുത്തു … കുഴിച്ചിടാനൊന്നും സമയമില്ല … പല്ലു തേപ്പും കുളിയും അഞ്ചു മിനിറ്റിനുള്ളിൽ കഴിഞ്ഞു …
ഒരോട്ടോ വിളിച്ച് അയാൾ അഭിരാമിയുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ അമ്മിണിയമ്മ ഗേയ്റ്റിനടുത്തേക്ക് ഓടി വരുന്നത് അയാൾ കണ്ടു …
“സാറേ …” അയാളെ കണ്ടതും അവർ വിളിച്ചു കൂവി …
” കൊച്ചുങ്ങളെ കാണാനില്ല … ”
” ഇവിടെയെവിടെയെങ്കിലും കാണും … ”
നിസ്സാരമട്ടിൽ പറഞ്ഞു കൊണ്ട് വിനയചന്ദ്രൻ മുന്നോട്ട് നടന്നു …
“സാറേ …” ഓട്ടോക്കാരൻ പിന്നിൽ നിന്ന് വിളിച്ചു ….
” ഒരഞ്ചു മിനിറ്റെടാ …”
അല്പം ദേഷ്യത്തിൽ വിനയചന്ദ്രൻ അയാളോട് തട്ടിക്കയറി …
എന്തോ പിറുപിറുത്തു കൊണ്ട് ഓട്ടോക്കാരൻ സീറ്റിലേക്ക് തന്നെയിരുന്നു …
“ആരാ വാതിൽ തുറന്നേ ….?”
” ഞാനാ …” തിരിച്ചു നടക്കുന്നതിനിടയിൽ അമ്മിണിയമ്മ പറഞ്ഞു ..
അവരെ ബോധിപ്പിക്കാൻ വേണ്ടി വിനയചന്ദ്രൻ റൂമുകളിൽ കയറിയിറങ്ങി …
” ഫോൺ രണ്ടും ഇവിടുണ്ട് ….”
ഹാളിലേക്ക് വന്ന അയാൾ പറഞ്ഞു …
” ഞാൻ വിളിച്ചിട്ട് എടുത്തില്ല ….”
” ചാവി ആരാ നിങ്ങൾക്കു തന്നേ..? ” വിനയചന്ദ്രൻ അജ്ഞത നടിച്ചു …
അമ്മിണിയമ്മ ഒറ്റ ശ്വാസത്തിൽ കാര്യം പറഞ്ഞു ….
“നിങ്ങൾ വീട് പൂട്ടി നിങ്ങളുടെ വീട്ടിലേക്ക് പോ ..”
“അവരെവിടെപ്പോയതാ ..?”
” ഞാനൊന്ന് അന്വേഷിക്കട്ടെ … പൊലീസിനെ അറിയിക്കേണ്ടി വരും … ”
” പോലീസോ …?” അവരൊന്ന് അന്ധാളിച്ചു …
“നിങ്ങള് ഞാൻ പറയുന്നത് കേൾക്ക് … പിന്നെ വേറെ ആരോടും ഇത് പറയാൻ നിക്കണ്ട ….”
അവർ തലകുലുക്കി …
വിനയചന്ദ്രൻ ഓട്ടോറിക്ഷയിൽ നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു ..
വിനയചന്ദ്രൻ എത്തുമ്പോൾ എസ്. ഐ എത്തിയിരുന്നില്ല ..
മറ്റൊരു പൊലീസുകാരന്റെ ചോദ്യത്തിന് ആഗമനോദ്ദേശ്യം അറിയിച്ച ശേഷം അയാൾ അവിടെ കിടന്ന കസേരയിലിരുന്നു..
വയർലെസ് ഇടതടവില്ലാതെ ശബ്ദിക്കുന്നത് കേട്ട് വാതിൽക്കലേക്ക് മിഴികളെയ്തു അയാളിരുന്നു ..
അര മണിക്കൂർ കഴിഞ്ഞ ശേഷം എസ്.ഐ എത്തി.
ഒരു പൊലീസുകാരൻ വിളിച്ചപ്പോൾ വിനയചന്ദ്രൻ എഴുന്നേറ്റ് എസ്.ഐ യുടെ ക്യാബിനിലേക്ക് കയറി …
“ഇരിക്ക് …..”
സൗമ്യമായ സ്വരത്തിൽ എസ്.ഐ പറഞ്ഞു …
സുനിൽ ദയാനന്ദ് … സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് …
ടേബിളിലെ നെയിം ബോർഡിലേക്ക് നോക്കിക്കൊണ്ട് വിനയചന്ദ്രൻ അയാൾക്കെതിരെ കസേരയിലിരുന്നു …
” കാര്യം പറയൂ ….”
വിനയചന്ദ്രൻ രാവിലെ സംഭവിച്ച കാര്യങ്ങൾ അയാളോട് വിശദീകരിച്ചു. പൊലീസിനെ കബളിപ്പിക്കുകയാണ് എന്നറിയാമെങ്കിലും ആ പതർച്ച അയാൾ പുറമെ കാണിച്ചില്ല …
“അവർ പോകാനിടയുള്ള മറ്റു സ്ഥലങ്ങളിൽ നിങ്ങൾ അന്വേഷിച്ചോ…?”
” ഞാനിങ്ങോട്ടാണ് സാർ ആദ്യം വന്നത് … ”
” ഞങ്ങൾ അന്വേഷിക്കും. നിങ്ങൾ നിങ്ങളുടേതായ രീതിയിൽ അന്വേഷിക്കണം … ”
” ഉറപ്പായും…”
” ഒരു പെറ്റീഷൻ എഴുതിക്കൊടുത്തിട്…”
“മറ്റൊരു കാര്യം കൂടി ഉണ്ട് സാർ …”
” എന്താ …?”
രാജീവ് വന്നതും വെല്ലുവിളിച്ചതും വിനയചന്ദ്രൻ പറഞ്ഞു. അഭിരാമി അയാളെ കുത്തിയ കാര്യം അയാൾ മറച്ചു വെച്ചു ….
