അർത്ഥം അഭിരാമം – 2അടിപൊളി  

“നാടെവിടാ ….?”

” തേനി ….”

“നല്ല ദൂരമുണ്ടല്ലേ ….”

” ഇല്ലെ …. അടുത്തു താൻ … ”

പറഞ്ഞത് മുനിച്ചാമി ആയതിനാൽ അജയ് അത് വിശ്വസിച്ചില്ല …

” എന്തെങ്കിലും വാങ്ങണോ …? ”

അജയ് അതിനു മറുപടി പറഞ്ഞില്ല …

ഒരാഴ്ചത്തേക്കുള്ള സാധനങ്ങൾ മുനിച്ചാമി വാങ്ങി തന്നതിൽ ഉണ്ടാകുമെന്ന് അവന് ഉറപ്പായിരുന്നു.. ഇനി അഥവാ തീർന്നാൽ തന്നെ അങ്ങാടിക്ക് നടന്നാണെങ്കിലും പോകണമെന്ന് അവൻ കണക്കുകൂട്ടി.

“നാൻ പോറേ …”

മുനിച്ചാമി പുറത്തേക്കിറങ്ങി …

” അമ്മാ…..?” അയാൾ തിരിഞ്ഞു നിന്ന് അന്വേഷിച്ചു …

“എഴുന്നേറ്റിട്ടില്ല … ”

” സൗഖ്യമായി വരും തമ്പീ…..”

മുനിച്ചാമി ദൈവം വീണ്ടും അനുഗ്രഹിച്ച് അയാളുടെ മയിൽവാഹനത്തിൽ കയറി സ്ഥലം വിട്ടു …

അയാളുടെ പ്രകൃതമോർത്ത് അവന് ചിരി വരുന്നുണ്ടായിരുന്നു ….

ഈ കൊടും തണുപ്പിലും അയാൾ എത്ര ഉത്സാഹവാനും കർമ്മനിരതനുമാണെന്ന് അവൻ മനസ്സിലോർത്തു..

ചായ ഉണ്ടാക്കിയത് അജയ് ആണ് …

അവൻ ചായയുമായി ബെഡ്റൂമിലേക്ക് ചെന്നു…

അഭിരാമി കണ്ണു തുറന്നു കിടക്കുകയായിരുന്നു …

“മാഡം …. ടീ സാപ്പിട്….”

അജയ് അവൾക്കരികെ കട്ടിലിൽ ഇരുന്നു ….

“നിന്റെ ചുള്ളത്തിക്ക് കൊണ്ടുപോയിക്കൊട്….”

അവൾ കപട ദേഷ്യത്തോടെ പറഞ്ഞു …

അവന് കാര്യം മനസ്സിലായി ..

“വേണേൽ കുടിക്ക് … തണുക്കുന്നതിന് മുൻപ് … ”

അവനും ദേഷ്യത്തിൽ പറഞ്ഞിട്ട് കട്ടിലിനു മുകൾ വശത്തായി കിടന്ന ടേബിളിൽ ചായ ഗ്ലാസ് വെച്ചു.

“ഉച്ച കഴിഞ്ഞാൽ മുനിച്ചാമിയും പോകും … ”

” എങ്ങോട്ട് …?”

അഭിരാമി കിടക്കയിൽ നിവർന്നിരുന്നു …

” അയാളുടെ നാട്ടിൽ … ”

” എന്തു ചെയ്യും ….?”

” ഒന്നും സെയ്യാനില്ല മല്ലയ്യാ …”

അജയ് അവളെ നോക്കി ചിരിച്ചു …

” അവന്റെയൊരു ഓഞ്ഞ തമാശ ….”

അഭിരാമി ചായക്കപ്പ് കയ്യിലെടുത്തു …

” അത് ചുള്ളത്തിക്കുള്ളതാ ….”

” ഞാനും ചുള്ളത്തിയാ…”

വാശിയോടെ അഭിരാമി രണ്ടു കവിൾ പെട്ടെന്ന് കുടിച്ചു …

“ചായ ഉണ്ടാക്കാനൊക്കെ അറിയാല്ലോ ….?”

അവളത് കളിയാക്കിയാണോ പറഞ്ഞതെന്ന് അജയ് ഒരു നിമിഷം സംശയിച്ചു.

“പിന്നേ… തിളച്ച വെള്ളത്തിൽ ചായപ്പൊടിയിടാൻ ഡോക്ടറേറ്റ് എടുക്കണമായിരിക്കും … ”

അവനത് ചിരിച്ചു തള്ളി …

പല്ലു തേപ്പു കഴിഞ്ഞ് ഉപ്പുമാവും ഉണ്ടാക്കി കഴിച്ച് ഇരുവരും പുറത്തേക്കിറങ്ങി …

ഫോൺ വിളിക്കുക എന്നതായിരുന്നു ലക്ഷ്യം …

മുനിച്ചാമിയുടെ പത്തുമീറ്റർ കടന്ന് സിഗ്നൽ കിട്ടിയപ്പോൾ ആദ്യം ക്ലീറ്റസിനെ വിളിച്ചു. അവൻ ഫോണെടുത്തില്ല …

രണ്ടാമത് അജയ് വിനയചന്ദ്രനെ വിളിച്ചു.

മൂന്നാമത്തെ റിംഗിൽ അയാൾ ഫോണെടുത്തു..

” എപ്പോഴും വിളിക്കണ്ടാന്ന് ഞാൻ പറഞ്ഞതല്ലേ …?”

വിനയചന്ദ്രന്റെ സ്വരം അവൻ കേട്ടു.

” അങ്കിളേ … ഞാനാ …”

” ങ്ഹാ… പറ അജയ് ….”

” എന്തുദ്ദേശത്തിലാ അങ്കിളമ്മയോട് ഇങ്ങനൊക്കെ ചെയ്യാൻ പറഞ്ഞത് …?”

“കാര്യമുണ്ടെടാ… ”

” എന്തു കാര്യം …? എനിക്കൊന്നും മനസ്സിലാകുന്നില്ല …. ”

” നീ പേടിക്കാതെ ….”

” ഇവിടെ വന്ന് അയാളൊന്നും ചെയ്യില്ലാന്ന് അങ്കിളിനെന്താ ഉറപ്പ് …?”

അവനിനി സംശയത്തിനിട കൊടുക്കണ്ട എന്ന് കരുതിയാകണം ഇന്നലെ സംഭവിച്ച കാര്യങ്ങൾ വിനയചന്ദ്രൻ അവനോട് പറഞ്ഞു …

അജയ് ഒന്നും മിണ്ടാതെ കേട്ടു നിന്നു … അവരുടെ സംസാരം വ്യക്തമല്ലെങ്കിലും ഗൗരവതരമാണെന്നറിഞ്ഞ്‌ അഭിരാമി അവനരികെ ചെവി വട്ടം പിടിച്ചു നിന്നു …

” അയാളെ ഇന്നലെ പൊലീസ് വിളിപ്പിച്ചിട്ടുണ്ട് … വീട്ടിൽ വന്നയാൾ ബഹളമുണ്ടാക്കിയ കാര്യം അമ്മിണിയമ്മ പൊലീസിനോട് പറഞ്ഞിട്ടുമുണ്ട് ….”

വിനയചന്ദ്രൻ പറയുന്നത് അവൻ കേട്ടു നിന്നു.

“ഇനി നിങ്ങൾക്കെന്ത് സംഭവിച്ചാലും അതിനുത്തരവാദി അയാളാണ് … അതുകൊണ്ട് അങ്ങനെയൊരു സാഹസം അയാൾ ചെയ്യില്ല … “

” അതിന് അമ്മിണിയമ്മയെ കൂട്ടി ഒരു പരാതി കൊടുത്താൽ പോരായിരുന്നോ അങ്കിളേ ….?”

“ഇതിനുത്തരം ഞാൻ പിന്നെ പറഞ്ഞു തരാം … ”

പറഞ്ഞിട്ട് വിനയചന്ദ്രൻ ഫോൺ വെച്ചു.

ആലോചനയോടെ കട്ടായ ഫോൺ ഓഫ് ചെയ്ത് അജയ് പാന്റിന്റെ കീശയിലിട്ടു …

” എന്താ കാര്യം …?”

” നമ്മളെ ഇങ്ങോട്ടാരാ പറഞ്ഞു വിട്ടത് …?”

അജയ് ചോദിച്ചു …

“വിനയേട്ടൻ ….”

ഒരു നിമിഷം കഴിഞ്ഞ് അവൾ മറുപടി പറഞ്ഞു …

” എന്നാ അയാൾ തന്നെ നമ്മളെ കാണാനില്ല എന്നു പറഞ്ഞു പൊലീസിൽ കംപ്ലയിന്റ് കൊടുത്തിട്ടുണ്ട് … ”

” പൊലീസിലോ …?”

“ഉം … ”

” ജയിലിൽ കിടക്കാനുള്ള സകല വഴിയും അയാളുണ്ടാക്കി വെക്കുന്നുണ്ട് ….”

രോഷത്തോടെ അജയ് പറഞ്ഞു …

” ജയിലിലോ ….?”

“അല്ലാതെ പിന്നെ … അമ്മയീ ലോകത്തൊന്നുമല്ലേ …”

അഭിരാമി മിണ്ടിയില്ല ….

“തെറ്റിദ്ധാരണ പരത്തുക, പൊലീസിനെ കബളിപ്പിക്കുക, പിന്നെ നമുക്കറിയാത്ത വകുപ്പും ചേർത്ത് കേസ് വരുമ്പോഴറിയാം …”

“എനിക്ക് പേടിയാകുന്നെടാ അജൂ ….”

മറുപടിയായി അവനവളെ രൂക്ഷമായി നോക്കി …

ഫോൺ വിളി കഴിഞ്ഞ് ഇരുവരും തിരികെ ഫാം ഹൗസിലേക്ക് പോയി …

നിശബ്ദരായി ഇരുവരും രണ്ടു റൂമുകളിലെ കട്ടിലിൽ പോയിക്കിടന്നു …

ചെയ്തത് അബദ്ധമായി എന്ന് അഭിരാമിക്ക് തോന്നിത്തുടങ്ങി…

ഇനി തിരികെ ചെല്ലുമ്പോൾ എന്തൊക്കെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കേണ്ടി വരുമെന്നോർത്ത് അവളാകുലപ്പെട്ടു …

ഒന്ന് മാറി നിന്നു എന്ന് പറയാം … പക്ഷേ അതാരോടും പറയാതെ പോന്നതാണ് പ്രശ്നം … പോരാത്തതിന് ഫോൺ വരെ എടുത്തില്ല … ഒരാളുടെയെങ്കിലും ഫോൺ എടുത്തിരുന്നുവെങ്കിൽ ഒന്ന് മറന്നു പോയി എന്നെങ്കിലും പറയാമായിരുന്നു …

വിനയചന്ദ്രന് ഇതിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന് അവൾ സംശയിച്ചു തുടങ്ങി…

പ്രത്യക്ഷത്തിൽ എല്ലാ മനുഷ്യരും പാവങ്ങളാണ് … അടുത്തറിയുമ്പോഴല്ലേ തനി സ്വഭാവം വെളിവാകൂ….

പക്ഷേ …..?

എല്ലാത്തിലുമേറെ അവളെ തളർത്തിയത് അജയ് യുടെ പെരുമാറ്റമായിരുന്നു ….

അവന്റെ കൂടെ രക്ഷയെ കരുതിയാണ് താൻ വിനയേട്ടന്റെ വാക്കു വിശ്വസിച്ച് ഇറങ്ങിപ്പുറപ്പെട്ടത് …

അവനും തന്നോട് ദേഷ്യം പ്രകടിപ്പിച്ചു തുടങ്ങിയത് അവൾക്ക് താങ്ങാനാകുമായിരുന്നില്ല ….

മകനാണെങ്കിലും അത്രത്തോളം ആത്മബന്ധം അവനുമായി ഉണ്ടായിട്ടില്ല … അതിനുള്ള ഒരു സാഹചര്യവും ഉണ്ടായിട്ടില്ല എന്ന് തന്നെ വേണം പറയാൻ ….

പലരുടെയും വാശിക്കു മുൻപിലും മറ്റുള്ളവരുടെ വാക്കു കേട്ടും തന്റെ ജീവിതം ഒഴുക്കിലകപ്പെട്ട തോണിയായിത്തീർന്നത് സജലങ്ങളായ മിഴികളോടെ അവൾ തിരിച്ചറിഞ്ഞു …

ആരുടേയോ തിരക്കഥയിൽ നടിക്കുന്നവൾ ….

തനിക്കാരാണ് അഭിരാമിയെന്ന് പേരിട്ടതെന്ന് അവളോർത്തു …

മനസ്സിനെ സന്തോഷിപ്പിക്കുന്ന ഒന്നും തന്നെ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ….

വാതിൽക്കൽ അജയ് യുടെ തല കണ്ട് അവൾ മിഴികൾ തുടച്ചു …

” അമ്മാ….”

പതിഞ്ഞ സ്വരത്തിലായിരുന്നു അവന്റെ വിളി …

അവൾ കിടന്നുകൊണ്ട് തന്നെ തല ചെരിച്ച് അവനെ നോക്കി …

“വാ … ഒന്ന് പുറത്തു പോകാം … ”

അനുസരണയോടെ അവൾ എഴുന്നേറ്റു .

Leave a Reply

Your email address will not be published. Required fields are marked *