പുറത്തു നിന്ന് സംസാരം കേൾക്കാമായിരുന്നു……
അവന്റെ ഇന്ദ്രിയങ്ങൾ പിടഞ്ഞുണർന്നു…
ഹാളിൽ നിന്ന് , പുറത്തേക്കുള്ള വാതിലനടുത്തു , പൊട്ടിയ ചില്ലുള്ള ജനലിനരികിലേക്ക് , അവനിരുന്നു……
തനിക്ക് പുറം തിരിഞ്ഞ് രണ്ടു പേർ മുറ്റത്ത് നിൽക്കുന്നത് അവൻ കണ്ടു…
മൂന്നാമൻ മുനിച്ചാമി, തനിക്കഭിമുഖമായാണ് നിൽക്കുന്നത്……
“നാൻ മുന്നാടി ശൊല്ലിയത് താ ഉൺമ… ഇങ്കെ യാരുമില്ലേ… ”
മുനിച്ചാമിയുടെ സ്വരം അവൻ കേട്ടു……
” ഇവിടെ ഉണ്ടായിരുന്ന സ്ത്രീയും ചെക്കനും പിന്നെ എവിടെടാ… ?”
ഒരാൾ ചോദിക്കുന്നത് കേട്ടു…
“തമ്പീ………. നാൻ സൊല്ലിയാച്ച്, അത് എൻ മുതലാളി പയ്യനുക്ക് പ്രണ്ട്…… അന്ത അമ്മാക്ക് ട്രീറ്റ്മെന്റ് അർജന്റാനാ മൂന്നു നാൾ മുന്നാടി കളമ്പറേ… ”
മൂന്നാമനും കൂടി അജയ് യുടെ ദൃഷ്ടിക്കു മുന്നിലേക്ക് വന്നു…
“ഇനി അവൻ പറഞ്ഞവനല്ലേടാ ഇവർ. ?”
മൂന്നാമൻ ചോദിക്കുന്നത് കേട്ടു……
“അണ്ണാച്ചീ… അന്ത ആള് എങ്ക ഊര്..?”
രണ്ടാമൻ ചോദിക്കാനായി ഒരു വശത്തേക്ക് മാറിയപ്പോൾ അജയ് മുനിച്ചാമിയെ കണ്ടു…
അടുത്ത നിമിഷം മുനിച്ചാമി അവനേയും കണ്ടു…
അജയ് മുഖം താഴ്ത്തി, നിലത്തേക്ക് കമിഴ്ന്നു…
” പ്രോപ്പറാ ഊര് തെരിയാത്… അതു മുതലാളി പയ്യനുക്ക് മാറ്റർ… നാൻ വേലൈക്കാരൻ… വേലക്കാരൻ അന്തമാതിരി വിഷയം പാക്കക്കൂടാത്… ”
മുനിച്ചാമിയുടെ ആ ഒരൊറ്റ സംസാരത്തിൽ നിന്നും അജയ് ദീർഘനിശ്വാസം വിട്ടു……
“വാടാ… പോകാം , ഈ പാണ്ടി പറയുന്ന ആള് വേറെയാകാനാ ചാൻസ്… ”
നിശബ്ദനായി നിന്ന ഒന്നാമൻ പറഞ്ഞിട്ടു റോഡിനു നേർക്ക് നടക്കുന്നത് തല ഉയർത്തിയപ്പോൾ അജയ് കണ്ടു..
മുനിച്ചാമി തിരിഞ്ഞു നോക്കാത്തതിൽ അവന് അത്ഭുതം തോന്നി……
അയാൾ തന്നെ കണ്ടു എന്നുള്ളത് സ്പഷ്ടമാണെന്ന് അവന് തീർച്ചയായിരുന്നു …
കുറച്ചു ദൂരെ നിന്നും ഒരു വാഹനം സ്റ്റാർട്ടാകുന്ന ശബ്ദം കേട്ടപ്പോൾ അവൻ നിലത്തു നിന്നും എഴുന്നേറ്റു..
അഭിരാമിയുടെ തല മാത്രം ഹാളിലേക്ക് തള്ളി നിൽക്കുന്നത് അവൻ കണ്ടു……
അവൻ കണ്ടു , എന്നറിഞ്ഞ് ആമ തല വലിക്കും പോലെ അവൾ തല പിന്നോട്ടെടുത്തു…
അവൻ മുറിയിലെത്തിയപ്പോൾ അവൾ കിടക്കുകയായിരുന്നു..
“ആരാ… ….? ”
അവൾ ശബ്ദമില്ലാതെ കൈ ആംഗ്യമെടുത്ത് ചോദിച്ചു..
” കണ്ടില്ലേ… …. ”
അവനവളെ രൂക്ഷമായി നോക്കി ചോദിച്ചു……
അഭിരാമി ഒന്നും പറയാതെ മുഖം താഴ്ത്തി..
സംഭവം പാളിയെന്ന് അവൾക്കു മനസ്സിലായി…
അജയ് അവളുടെ കൈ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ചു..
ആദ്യം കിടന്നിരുന്ന റൂമിലേയും ഹാളിലേയും പൊട്ടിയിരുന്ന ജനൽച്ചില്ലുകൾ പൊട്ടിയത് കാണിച്ച് അവൻ ചോദിച്ചു……
“ഇതെന്താ… ? ”
“ചില്ല് പൊട്ടിയത്……. ”
കള്ളം പിടിക്കപ്പെട്ട നഴ്സറി വിദ്യാർത്ഥിനിയുടെ മുഖഭാവത്തോടെ അവൾ നിലത്തു നോക്കി നിന്നു…
“എങ്ങനെ പൊട്ടി……….?”
“ആ………..”
അവൾ മുഖമുയർത്തിയില്ല…
“ആരാ പൊട്ടിച്ചതെന്ന് വല്ല ഊഹവുമുണ്ടോ… ?”
“വന്നോരാരിക്കും…… ”
കോടീശ്വരൻ പരിപാടി ഇഷ്ടപ്പെടാത്ത മട്ടിൽ അവൾ പറഞ്ഞു……
“ഇതിലേ നോക്കിയാൽ പുറത്തേക്ക് കാണാമോ… ?”
“കാണാമല്ലോ……. ”
അവൾ പെട്ടെന്ന് പറഞ്ഞു..
“അപ്പോൾ പുറത്തു നിന്ന് അകത്തേക്കും കാണുമായിരിക്കും അല്ലേ………?”
അവന്റെ ചോദ്യത്തിന് മറുപടി പറയാതെ അവൾ നഖം കടിച്ചു നിന്നു…
അവളെ ഹാളിൽ വിട്ടിട്ട് അജയ് ബാത്റൂമിലേക്ക് കയറി..
പതിവിലും വൈകിയാണ് അവൻ കുളി കഴിഞ്ഞ് ഇറങ്ങിയത്……
അഭിരാമി റൂമിൽ കിടപ്പുണ്ടായിരുന്നു…
അജയ് ചായ ഉണ്ടാക്കി..
ബിസ്ക്കറ്റു തന്നെയായിരുന്നു കൂടെ…
കഞ്ഞി കുടിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അടക്കിപിടിക്കാനേ വഴിയുള്ളൂ…
സംസാരങ്ങളൊന്നും ഉണ്ടായില്ല…
അവൻ കൊടുത്ത ചായ കുടിച്ച ശേഷം അവളും ബാത്റൂമിലേക്ക് പോയി……
അജയ് ബാഗിൽ വസ്ത്രങ്ങൾ അടുക്കി വെക്കാൻ തുടങ്ങിയപ്പോഴാണ് അവൾ കുളി കഴിഞ്ഞ് ഇറങ്ങിയത്……
മുഷിഞ്ഞ വസ്ത്രങ്ങൾ എല്ലാം മറ്റൊരു കവറിലാക്കി……
പേപ്പറുകൾക്കിടയിലിരുന്ന നോട്ടുകൾ പേജുകൾ മാറ്റി ഒന്നുകൂടി ഉണക്കാൻ വെച്ചു..
എന്നിട്ട് മാസികയോടെ ബാഗിലേക്ക് വെച്ചു..
തിരക്കിനിടയിൽ എടുക്കാൻ മറക്കരുത്…
