ആത്മബന്ധം

ഇത്ത ഇപ്പോഴും ജോലിക്കു പോണുണ്ടോ

പഴയ പോലെ വയ്യ അസുഖങ്ങൾ ഉമ്മച്ചിക്കുമുണ്ട് .പാറമടയിലെ പൊടിയും വെയിലും എല്ലാം കൊണ്ട് വയ്യാതായിരിക്കുന്നു .ഉമ്മച്ചിയെ മാത്രം ജോലിക്കു വിട്ട് കുടുംബം കഴിയുന്നതിൽ എനിക്കെന്തോ അതാ ഞാനും ജോലിക്കിറങ്ങിയത് .ആദ്യം ഒരു സൂപ്പർ മാർകെറ്റിൽ ആയിരുന്നു .അങ്ങനെയാണ് ഹോസ്റ്റലിൽ എത്തിയത് .ഒരു പത്രത്തിൽ കണ്ടതാ വെറുതെ വിളിച്ചു അന്വേഷിച്ചു വരാൻ പറഞ്ഞപ്പോ ഒന്നും നോക്കിയില്ല ശമ്പളം കുറവായിരുന്നു എന്നാലും ഉള്ളതാവുമല്ലോ എന്ന് കരുതി .ആദ്യമൊന്നും വലിയ കുഴപ്പം ഇല്ലായിരുന്നു പിന്നെ പിന്നെ അവിടുത്തെ മുതലാളിയുടെ പെരുമാറ്റ രീതി മാറി മാനം വിറ്റു പണം സമ്പാദിക്കാനായിരുന്നേൽ അതെന്നെ ആവാമായിരുന്നു .അങ്ങനൊരു ഘട്ടം വന്നപ്പോൾ അവിടെനിന്നും പോരാൻ ഒരുങ്ങിയതാ അപ്പോഴാണ് ഇക്കയുടെ ഇത്തയെ കാണുന്നത് .ഇത്ത അവിടുത്തെ സ്ഥിരം കസ്റ്റമർ ആണ് അച്ചാര് കമ്പനിയിലേക്കുള്ള സാധനങ്ങൾ അവിടെനിന്നുമാണ് വാങ്ങുന്നത് .അവിടനിന്ന് പോകാൻ ഒരുങ്ങി നില്കുമ്പോളാണ് ഇത്തയോട് ഞാൻ ജോലി കാര്യം തിരക്കിയത് .ഇത്തയും ഒരാളെ അന്വേഷിച്ചുകൊണ്ടിരിക്കായിരുന്നു അങ്ങനെ അവിടെ ജോലിക്കു കയറി .ഇത്തയുടെ നല്ല സ്വഭാവവും പിന്നെ പേടിക്കാതെ ജോലി ചെയ്യാം എന്ന കാരണത്താലും ഞാൻ അവിടെ നിന്നു .സൂപ്പർ മാർകെറ്റിൽ കിട്ടിയിരുന്നതിലും ശമ്പളവും ഉണ്ട് .ഉപ്പച്ചി പറയാറുണ്ട് എവിടെപ്പോയാലും ഞങ്ങളുടെ കാര്യങ്ങൾ ഒന്നും ആരോടും പറയരുതെന്ന് .ഇത്ത അധികമൊന്നും ചോദിച്ചിട്ടില്ല ഞാനും അതികം സംസാരിക്കാറുമില്ല സംസാരിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല പേടിയാണ് അറിയാതെ എങ്കിലും ഉപ്പച്ചിയെ കുറിച്ച് പറഞ്ഞു വല്ലവരും തിരിച്ചറിഞ്ഞാൽ .ഉപ്പാക്ക് എന്തോ അതൊട്ടും ഇഷ്ടമല്ല മറ്റാരും ഞങ്ങളെ തിരിച്ചറിയുന്നത് പഴയ പരിചയക്കാരെ കാണുന്നത് ഒന്നും .മറ്റുള്ളവരുടെ സഹതാപം ഇഷ്ടമല്ലാഞ്ഞിട്ടാവും ഒരുകണക്കിന് അതാണ് നല്ലതെന്നു എനിക്കും തോന്നിയിട്ടുണ്ട് .

ഇപ്പൊ വീട്ടിൽ ആരാ ഉള്ളത്

ഷംസി ഉണ്ട് അവൾ +2 കഴിഞ്ഞു

പിന്നെ പഠിക്കാൻ പോയില്ലേ
പഠിക്കാൻ അവൾക്കു വലിയ താല്പര്യമില്ല പണ്ടേ മടിച്ചിയാണ് .ഇഷ്ടമില്ലെങ്കിൽ പോകേണ്ടെന് ഞങ്ങളും പറഞ്ഞു .വീട്ടിൽ ഒരാളാകുമല്ലോ ഉപ്പച്ചിയോട് ഏറ്റവും അടുപ്പം അവൾക്കാണ് ഏതു സമയവും അവൾ ഉപ്പച്ചിക്കൊപ്പം ഉണ്ടാകും .അവളുടെ സാമീപ്യം ഉപ്പക്കും വല്ലാത്തൊരാശ്വാസമാണ് മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരാളുണ്ടാവുന്നതു നല്ലതല്ലേ

മുഴുവൻ സമയവും കിടപ്പാണോ ഇക്ക

ആദ്യം അങ്ങാനായിരുന്നു ഇപ്പോൾ കുറെ മാറി എഴുന്നേറ്റിരിക്കും പിടിച്ചു നടക്കും ഒരു സർജറി കൊണ്ട് എല്ലാം ശരിയാക്കാം പക്ഷെ വലിയൊരു തുക ചെലവാക്കണം അത്രയും പണം ഇപ്പോൾ കയ്യിലില്ല .ഉമ്മയുടെ വരുമാനം കൊണ്ടാണ് വീട്ടുചിലവ് നടക്കുന്നത് എന്റെ ശമ്പളം ഞങ്ങൾ എടുക്കാറില്ല അത് കൂട്ടിവച് ഉപ്പച്ചിക്ക് സർജറി ചെയ്യണം .എന്ന് നടക്കുമെന്ന് ഒരെത്തും പിടിയുമില്ല

പിന്നെന്താ ഈ ജോലി വേണ്ടാന്ന് വച്ചത്

ഇക്ക എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകും എന്ന ഞാൻ കരുതിയത് .ഉപ്പച്ചിയെ കുറിച്ച് പറയേണ്ടി വരും ഇക്ക അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്ന് എനിക്കറിയില്ലായിരുന്നു .ഒരു പക്ഷെ മറ്റുള്ളവരെ പോലെ ഇക്കയും അവഗണിച്ചിരുന്നെങ്കിൽ എനിക്കതു സഹിക്കാൻ കഴിയില്ലായിരുന്നു .ഉപ്പച്ചി പറയാറുള്ള ഒരേഒരു കാര്യം ഇക്കയെ കുറിച്ചാണ് .ആരൊക്കെ അവഗണിച്ചാലും ഫാസി ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് ഉപ്പച്ചി എപ്പോഴും പറയും .ഉപ്പച്ചിയോടു കള്ളം പറയാൻ എനിക്കാവില്ല ഇക്ക എങ്ങാനും വേറെ രീതിയിൽ പെരുമാറിയിരുന്നെങ്കിൽ ഉപ്പച്ചി തകർന്നുപോകും .പറയാതിരിക്കാൻ എനിക്കാവില്ല ഇതുവരെ ഞാൻ ഉപ്പച്ചിയോടു നുണ പറഞ്ഞിട്ടില്ല .

പിന്നെന്തേ എന്നോട് സത്യം പറഞ്ഞത്

ഇക്കയോട് സംസാരിച്ചപ്പോൾ മനസ്സിലായി പഴയ സ്വഭാവത്തിന് മാറ്റമൊന്നും ഇല്ലെന്ന് .ഇക്കയെ കാണുമ്പോൾ ഉപ്പച്ചിക്ക് വലിയ സന്തോഷമാകും .ഒരുപാടു കാണാൻ കൊതിക്കുന്നുണ്ട് ഉപ്പ .എപ്പോഴും പറയും ജീവിതത്തിൽ ഉപ്പ സമ്പാദിച്ചതിൽ നഷ്ടപ്പെടുത്തിയത് ഫാസിയുടെ സൗഹൃദമാണ് എന്ന് .അത്രക്കും ഉപ്പ ഇക്കയെ സ്നേഹിക്കുന്നുണ്ട് .

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .മനസ്സിലാക്കാതെ പോയ സൗഹൃദം ഒരു ഡ്രൈവർ എന്നതിൽ കവിഞ്ഞൊരു സ്വാതന്ത്രം ഞാൻ ഒരിക്കലും ഇക്കയോട് കാണിച്ചിട്ടില്ല .എന്ത് പറയുന്നോ അതനുസരിക്കുക അത്രമാത്രമാണ് ഞാൻ ചെയ്തത് .നല്ലതു പറഞ്ഞു കൊടിത്തിട്ടുണ്ട് പക്ഷെ ഒരുപരിധി ഞാനും സൂക്ഷിച്ചിരുന്നു .ഇഷ്ടമായില്ലെങ്കിലോ ഉള്ള ജോലി പോയാലോ എന്നൊക്കെയുള്ള പേടിയായിരുന്നു മനസ്സിൽ .പക്ഷെ ആ മനസ്സിൽ എനിക്ക് ഇത്രത്തോളം സ്ഥാനമുണ്ടായിരുന്നെങ്കിൽ തിരുത്താൻ ഞാൻ ശ്രമിക്കുമായിരുന്നു .കാര്യമുണ്ടായില്ലെങ്കിൽ പോലും ശ്രമിക്കാമായിരുന്നു .

ഇക്ക എന്തിനാ കരയുന്നത്

ഒന്നുമില്ല മോളെ എന്തൊക്കെയോ ഓർത്തു

ഹമ്

മോൾക്ക് പഠിക്കാൻ ഇഷ്ടമാണോ

പഠിക്കാൻ പണ്ടുതൊട്ടേ എനിക്കിഷ്ടമായിരുന്നു നന്നായി പഠിക്കുകയും ചെയ്തിരുന്നു ..കഴിഞ്ഞില്ല

ഇനിയും പഠിച്ചുടെ

അതൊന്നും ഇനി നടക്കില്ല ഇക്ക ..പഠനത്തിനേക്കാൾ മറ്റെന്തിനേക്കാളും എനിക്കിപ്പോൾ വലുത് എന്റെ ഉപ്പച്ചിയാണ് എങ്ങനെയെങ്കിലും എനിക്കെന്റെ ഉപ്പയെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരണം

ഇക്കയെ ഇപ്പൊ എവിടെയാ കാണിക്കുന്നത്
നെടുംകണ്ടത്തുള ആശുപത്രിയിൽ തന്നെയാണ് കാണിക്കുന്നത് .അവിടെ വെല്ലൂർ മെഡിക്കൽ കോളേജിലെ ഒരു ഡോക്ടർ വരുന്നുണ്ട് അദ്ദേഹത്തിന്റെ ചികിത്സയാണ് .അദ്ദേഹമാണ് സർജറി ചെയ്യാൻ പറഞ്ഞത് വെല്ലൂർ പോണം .തത്കാലം മരുന്ന് കഴിക്കുന്നു .ഞങ്ങളെ ഒരുപാടു സഹായിച്ചിട്ടുണ്ട് ആ ഡോക്ടർ എനിക്ക് തോന്നിയിട്ടുണ്ട് പലപ്പോഴും, ഉപ്പച്ചി പലരെയും സഹായിച്ചിട്ടുണ്ട് അതിന്റെ പ്രതിഫലം ആയിരിക്കും പലരിൽ നിന്നുമായി പല സഹായങ്ങളും ഞങ്ങൾക്കും ലഭിച്ചു .നമ്മൾ ചെയ്യുന്ന പ്രവർത്തിയുടെ ഫലമാകും നമുക്ക് തിരികെ ലഭിക്കുക .

ശരിയാണ് മോളെ ..ഇക്കയുടെ പണം പറ്റാത്ത ആളുകൾ ചുരുക്കമായിരിക്കും നമ്മുടെ നാട്ടിൽ ..എന്തിനാണെന്ന് ചോദിക്കാതെപോലും പലർക്കും പണം നൽകുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് .ഇക്ക ധൂർത്തടിച്ചു പണം കളഞ്ഞതല്ലാതെ ആരെയും ഉപദ്രവിക്കുന്നത് ഞാൻ കണ്ടിട്ടില്ല സഹായിച്ചു മാത്രമേ ഞാൻ കണ്ടിട്ടുള്ളു എല്ലാവര്ക്കും ജീവിതത്തിൽ നല്ല സമയവും ചീത്തസമയവും ഉണ്ടാവുമല്ലോ .എല്ലാം ശരിയാകും പടച്ചവൻ എന്നും കഷ്ടപ്പാട് മാത്രം നൽകില്ല മോളെ

ഹമ്
പഴയ കാര്യങ്ങൾ ഓരോന്ന് പറഞ്ഞും ഇക്കയെക്കുറിച്ചു പറഞ്ഞും ഞങ്ങൾ നെടുംകണ്ടത്തെത്തി .വഴിയിൽ വണ്ടി നിർത്തി പഴങ്ങളും കുറച്ചു ബേക്കറി സാധങ്ങളും മിട്ടായിയും ഒക്കെ വാങ്ങി .മോൾ തടഞ്ഞെങ്കിലും ഞാനതു കാര്യമാക്കിയില്ല എന്താണ് വാങ്ങേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു .ഹോർലിക്‌സും ബൂസ്റ്റും പിന്നെന്തെക്കെയോ സാധനങ്ങൾ വേറെയും ഒക്കെ വാങ്ങിച്ചു .എത്ര ഉണ്ടായിട്ടും തീരെ കുറഞ്ഞത് പോലെ തോന്നി എനിക്ക് .മോൾ പറഞ്ഞ വഴിയേ ഞാൻ വണ്ടി മുന്നോട്ട് കൊണ്ടുപോയി .തീരെ ചെറിയ വീടുകളാണ് ആ പ്രദേശം നിറയെ .അന്നന്നത്തെ അന്നത്തിന് വേണ്ടി പണിയെടുക്കുന്ന പട്ടിണി പാവങ്ങളാണ് ഭൂരിഭാഗവും മൺപാതയിലൂടെ മുന്നോട്ടു പോയി ചെറിയൊരു താഴ്ചയുടെ അടുത്തായി വണ്ടി നിർത്തി കുത്തനെ ഉള്ള ഇറക്കത്തിലൂടെ ഞാൻ മോൾക്കൊപ്പം താഴേക്കിറങ്ങി .ഷീറ്റുകൊണ്ടു മേഞ്ഞ ചെറിയൊരു വീട്ടിലേക്കു അവൾ എന്നെ കൊണ്ടുപോയി

Leave a Reply

Your email address will not be published. Required fields are marked *