ഈ യാത്രയിൽ- 2

‘ഉറങ്ങീലെ ‘

‘ഉം , ആറര ആയപ്പോൾ എഴുനേറ്റു , പിന്നെ ഉറങ്ങിയില്ല’ അവള്‍ പറഞ്ഞു

‘ഉറക്കം ശെരിയായില്ലേ ?’

‘ഓ…’

ഞാൻ ചിരിച്ചു , അരക്കു താഴെ കിടന്നിരുന്ന പുതപ്പു മാറ്റി ഞാൻ ബെഡിൽ നിന്നും എഴുനേറ്റു . റൂം സെർവീസിൽ വിളിച്ച് രണ്ടുപേർക്കും ചായ ഓർഡർ ചെയ്തു .

‘ഇവിടന്നു കുളിച്ചോ , പുറത്തു നിന്നു പ്രാതല്‍ കഴിച്ച് നിന്റെ റൂമിൽ ചെന്ന് ഡ്രസ്സ് മാറ്റി വേഗം പോവാം . ഇല്ലേൽ ലേറ്റ് ആവും ‘

അവളെന്തോ ആലോചിച്ച് കിടന്നു .ശേഷം ശെരി എന്ന രീതിയിൽ തല ഇളക്കി പിന്നെ സാവധാനം ബെഡിൽ എഴുന്നേറ്റിരുന്നു . ബെഡ് സൈട് ടേബിളിലെ ഡ്രോവിൽ നിന്നും ഒരു ബ്രെഷ് എടുത്ത് ഞാൻ അവൾക്കു നേരെ നീട്ടി .

‘പേസ്റ്റ് ബാത്‌റൂമിൽ ഉണ്ട് ‘
അവൾ ബ്രഷും വാങ്ങി ബെഡില്‍ നിന്നും എഴുന്നേറ്റ് ടവലും എടുത്ത് ബാത്റൂമിലേക്കു നടന്നു . കുറച്ചു സമയത്തിനകം ചായ വന്നു . ഒരു കപ്പിലേക്കു ചായ എടുത്ത് ബാൽക്കണിയിലേക്കുള്ള വാതില്‍ തുറന്നു .

കിടന്നതിൻ ശേഷം എപ്പോഴോ നല്ല മഴ പെയ്തിട്ടുണ്ട് . അത് കാരണം പുറത്തു മാരക തണുപ്പാണ് . വേഗം ഡോർ അടച്ചു ഞാൻ ഉള്ളിലേക്ക് തന്നെ കയറി .

ചായ കുടിച്ചു തീരുന്നതിനു മുന്നേ അവൾ കുളിച്ചു പുറത്തിറങ്ങി . തല വലതു ഭാഗത്തേക്ക് ചരിച്ച് പിടിച്ച് വലതു കയ്യിലെ ടർക്കി കൊണ്ട് തല തുവർത്തിയാണ് അവൾ ഇറങ്ങിയത് .കണ്ണിൻ നല്ല കുളിര്‍മ കിട്ടുന്ന തരത്തിലുള്ള ഒരു കാഴ്ച തന്നെയായിരുന്നു അത് .

‘ഇത്ര വേഗം തീർന്നോ ‘ തല തുവർത്തി ബാത്റൂമിന്റ്റെ പുറത്തു നിന്ന നിമ്മിയോട്‌ ഞാൻ ചോദിച്ചു .

‘ഉം, തീർന്നു ‘ അവൾ ചിരിച്ചു കൊണ്ട് മറുപടി നൽകി .

ടേബിളിൽ ഇരുന്ന ടീ പോട്ടിൽ നിന്നും ഒഴിഞ്ഞ കപ്പിലേക്കു ഞാൻ ചായ പകര്‍ന്നു , ശേഷം അവളോട് എടുത്തോളാൻ പറഞ്ഞു . തല തുവർത്തിയ ടവൽ ബെഡിൽ വിരിച്ചിട്ടു അവൾ ചായ കപ്പ് എടുത്ത് ബാൽക്കണിയിലേക്കു നടന്നു .നടക്കുമ്പോള്‍ അവളുടെ മുടി തുംമ്ബില്‍നിന്നും വെള്ളം ഇറ്റി നിലത്തു വീണുകൊണ്ടിരിക്കുന്നുണ്ടായിരുന്നു .

‘തുറക്കണ്ട, നല്ല തണുപ്പാണ്, ഞാൻ ഇപ്പൊ തുറന്നു അടച്ചതാ’

അത് കേട്ടപ്പോൾ അവൾ തിരിച്ചു നടന്നു സോഫയിൽ വന്നിരുന്നു . ടേബിളിൽ ഇരുന്നിരുന്ന ഫോണെടുത്തു നോക്കികൊണ്ട് അവള്‍ ചായ കുടിക്കാൻ തുടങ്ങി .

ഈ സമയം ബെഡിൽ വിരിച്ചിട്ട ടവലും എടുത്ത് ഞാൻ ബാത്റൂമിലേക്കു കയറി . കുളി കഴിഞ്ഞു തല തുവർത്താനായി ടവൽ മുഖത്തോടടുപ്പിച്ചപ്പോൾ ഇന്നലെ അറിഞ്ഞ അവളുടെ ഗന്ധം എന്റെ മൂക്കിലേക്ക് ഇരച്ചു കയറി .

ടവ്വലും അരക്കു ചുറ്റി പുറത്തിറങ്ങി അലമാരയുടെ മുന്നിൽ നിന്ന് ഡ്രസ്സ് എടുക്കുന്നതിനിടക് വേഗത്തിൽ ചായ കുടിച്ച കപ്പ് ടേബിളിൽ വെച്ചവൾ ബാത്റൂമിലേക്കു പോയി . ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്യുന്നത് കാണാതിരിക്കാൻ അവൾ മാറിയതാണെന്നു അവളുടെ ആ പോക്കിൽ തന്നെ മനസിലായി .ഞാൻ തല അങ്ങോട്ട് ചെരിച്ചു നോക്കി ഒന്ന് ചിരിച്ചു .

ബാഗിൽ നിന്ന് ബ്ലാക്ക് കളർ ജീൻസ് പാന്റും ഇളം നീല നിറത്തിലുള്ള ടീഷർട്ടും എടുത്തിട്ടു . ഡ്രോവിൽ നിന്ന് സ്വിസ് മെയ്ഡ് വാച്ച് എടുത്ത് കെട്ടി . സോക്സിട്ട് ഷൂ കാലിൽ കയറ്റി . മുടിയെല്ലാം ശെരിയാക്കി ലാപ്ടോപ്പ് എടുത്ത് ബാഗിൽ ഇട്ടു . അപ്പോളേക്കും അവൾ ഇറങ്ങി വന്നു .

‘പോവാം ‘ഞാൻ അവളോട് ചോദിച്ചു .

‘ഉം ‘ടേബിളിൽ ഇരുന്ന ഫോണെടുത്ത് അവൾ ഇറങ്ങാൻ റെഡി ആയി .
ബാഗും കയ്യില്‍ എടുത്ത് റൂം അടച്ച് ഞങ്ങൾ താഴേക്കിറങ്ങി . ഫ്രന്റ് ഓഫിസിൽ ചെന്ന് ചാവി കൊടുത്തു . റൂം ക്ലീൻ ആകാനുള്ളതും അലക്കാൻ ഉള്ളതും പറഞ്ഞു ഞങ്ങൾ പാർക്കിങ്ങിലേക്കു നടന്നു .

റെസ്റ്റോറന്റിൽ നിന്നും കഴിചിറങ്ങുമ്പോൾ സമയം എട്ടര ആവുന്നതേ ഉള്ളു . നേരെ അവളുടെ റൂം ലക്ഷ്യമാക്കി ഞാൻ കാർ വിട്ടു . വേഗം വരാം എന്ന് പറഞ്ഞുകൊണ്ടവൾ ഇറങ്ങി റൂമിലേക്ക് പോയി .

വാട്സാപ്പ് തുറന്നു വന്ന മെസ്സേജുകൾക്ക് മറുപടി കൊടുത്തു . വിജയ്ക്ക് ട്രിപ്പ് പോകുവാണെന്നും , വന്നിട്ട് വിളിക്കാമെന്നും പറഞ്ഞു കൊണ്ടൊരു വോയിസ് നോട്ടും അയച്ചു .

വീണയെ വിളിക്കണം എന്നു തോന്നി , പക്ഷേ നാട്ടില്‍ നേരം വെളുക്കാനായിട്ടില്ല .മൊബൈലിൽ ബ്ലൂടൂത്ത് ഓൺ ചെയ്ത് കാറുമായി കണക്ട് ചെയ്തു . ഗൂഗിൾ മാപ് ഓൺ ആക്കി പോവേണ്ട സ്ഥലത്തേക്കുള്ള റൂട്ട് ഇട്ടു .

വിചാരിച്ചതിനെക്കാളും മുക്കാൽമണികൂർ മുൻപ് ഇറങ്ങിയിട്ടുണ്ട് . അവൾ ഉള്ളിലേക്ക് പോയിട്ട് ഇപ്പോൾ പതിനഞ്ചു മിനിട്ടോളമായി . നമ്മളെ പോലെ അല്ലല്ലോ , ഒരുങ്ങട്ടെ . വരുമ്പോൾ കാണാം.ഇടതു ഭാഗത്തുള്ള ഗെയ്റ്റിലേക്കു കണ്ണും നട്ടു ഞാൻ ഇരുന്നു .

ഏറെ സമയം കഴിഞ്ഞില്ല , നീല ജീൻസ് പാന്റും ഇളം റോസില്‍ വെള്ള നിരത്തില്‍ വലിയ വരകളുള്ള , അരക്കു താഴേക്ക് മുൻഭാഗം ഓപ്പൺ ആയി മുട്ടിനു താഴെ വരെ ഇറക്കത്തില്‍ ഒരു കുർത്തിയും ധരിച്ചു അവൾ വന്നു . അവളുടെ നിറത്തിൻ ആ കുർത്തി നന്നായി ചേരുന്നുണ്ട് .

എണ്ണ തേക്കാത്തതിനാൽ കെട്ടി വെച്ച മുടി പാറി കളിക്കുന്നു .കണ്‍മഷി ഇട്ട കണ്ണുകളുടെ തിളക്കം കണ്ടു അവളുടെ മുഖത്തുനിന്നും നോട്ടം പിൻ വലിക്കാൻ എനിക്കു സാധിച്ചില്ല.

അറിയാതെ കണ്ണുകള്‍ നനഞ്ഞു .കൈകള്‍ രണ്ടും ചുറ്റിപ്പിടിച്ച് കൈ തണ്ടയില്‍ ഉരതികൊണ്ടാണ് അവളുടെ വരവ് . വേഗം വന്നു ഡോർ തുറന്നു അകത്തു കയറി . അവള്‍ കാണാതെ കണ്ണുകള്‍ തുടച്ച് ഞാൻ ഹീറ്ററിന്റെ ചൂട് ഒന്നുകൂടി കൂട്ടി കൊടുത്തു.

‘എന്നാ വിട്ടാലോ ‘

‘ഉം’ അവളൊന്നു മൂളിയതേ ഉള്ളു

രാവിലെ മുതൽ അവൾ കാര്യമായൊന്നും സംസാരിക്കുന്നില്ല. എന്താണാവോ എന്ന് മനസ്സിൽ പറഞ്ഞ ഞാൻ കാർ മുന്പോട്ടെടുത്തു .

തിരക്ക് കുറഞ്ഞ ഒരു സൂപ്പർമാർകെറ്റിൽ കാർ സൈഡ് ആക്കി ഞാൻ ഇറങ്ങി .

‘ഡോ , വാ ‘ ഞാൻ അവളെ വിളിച്ചു .

‘ഞാൻ എന്തിനാ , ഹരിയേട്ടൻ പോയി വാ ‘

അവളെ അങ്ങനെ ഒറ്റക്കിരുത്തി പോവാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു , പുറത്ത് അവളുടെ സൈഡിൽ ചെന്ന് ഞാൻ ഡോർ തുറന്നു .

‘ഇങ്ങോട്ടു ഇറങ്’ മനസ്സില്ല മനസ്സോടെ അവൾ ഇറങ്ങി.
കാർ ലോക് ചെയ്ത് ഞാൻ അവളെയും കൂട്ടി ഉള്ളിലേക്ക് നടന്നു . ഡ്രസ്സ് സെക്ഷനിലേക്കാണ് ആദ്യം പോയത് . രണ്ടു പേർക്കും കയ്യിലിടാവുന്ന ഗ്ലൗസ് നോക്കി എടുത്തു . ശേഷം കുറച്ചു സ്‌നാക്‌സും അവൾക്കു വേണ്ടി കുറച്ചു ചോക്ലേറ്റ്‌സും കൂടെ ആവശ്യത്തിൻ വേണ്ട വെള്ളവും വാങ്ങി ഇറങ്ങി .

എല്ലാം കാറിന്റെ പുറകിലെ സീറ്റിൽ വച്ച് ഞങ്ങൾ ഉള്ളിൽ കയറി .പാര്‍ക്കിങ് മോഡില്‍ നിന്ന് ഗിയർ ഡ്രൈവ് മോഡിൽ ഇട്ടു ഞാൻ കാർ മുന്നോട്ടെടുത്തു .

ശനിയാഴ്ച ആയതുകൊണ്ട് ആണെന്ന് തോനുന്നു റോഡിൽ തിരക്ക് കുറവാണ് .വൈകീട്ട് തിരിച്ചു വരുമ്പോൾ നല്ല ബ്ലോക്ക് കിട്ടാൻ ചാൻസ് ഉണ്ട് .ഞാൻ മനസ്സിൽ കരുതി .

Leave a Reply

Your email address will not be published. Required fields are marked *