ഈ യാത്രയിൽ- 2

അര മണിക്കൂർ കൊണ്ട് കാർ ഓക്‌ലാൻഡ് സിറ്റി പിന്നിട്ടു .കാറിലെ മ്യൂസിക് പ്ലെയർ ഓൺ ചെയ്തപ്പോള്‍ ചെറിയ ശബ്ദത്തില്‍ ഫോണിലുള്ള പാട്ട് പാടാൻ തുടങ്ങി . ശേഷം വണ്ടി ക്രൂയിസ് മോഡിൽ ഇട്ട് 110 ഇൽ സ്പീഡ് സെറ്റ് ചെയ്തു .

‘നമ്മളെങ്ങോട്ടാ ഹരിയേട്ടാ പോണേ’ അവൾ ചോദിച്ചു

‘നമ്മള്‍ ഒരു നാഷണൽ പാർക്കിലേക്കാണ്. ടോൺഗാറീറോ നാഷണൽ പാർക്ക്’

‘ഉം’ അവൾ മൂളി

‘ഏകദേശം 300 കിലോമീറ്റർ ഉണ്ട് . മൂന്നു മണിക്കൂർ യാത്ര . യുനെസ്കോ യുടെ യുടെ ലിസ്റ്റിൽ ഉള്ള സ്ഥലം ആണ് . വോൾക്കാനോ ഹിൽസ് ആണ് ഹൈലൈറ്റ് ‘ ഞാൻ അവൾക്ക് വിവരിച്ചു കൊടുത്തു ‘ദൂരെ നിന്ന് കാണാം .അടുത്തേക്ക് ഒരുപാട് നടക്കാൻ ഉണ്ടെന്നാണ് വായിച്ചത് ‘ വരുന്ന വഴി ഒരു തടാകം കൂടി ഉണ്ട് ,അത് കൂടി കണ്ടു തിരിച്ച് പോരാം ‘ ഞാൻ കൂട്ടി ചേർത്തു

‘ഉം , കൂടുതല്‍ നടക്കാൻ എനിക്കും പറ്റും തോന്നുന്നില്ല ‘ അവൾ പുറത്തേക്കു നോക്കി പറഞ്ഞു .

ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ ഹാമിൽട്ടൺ എന്ന സ്ഥലത്തു എത്തി . വൺവേ റോഡ് അവിടെ അവസാനിച്ചു . വലതു ഭാഗത്തേക്കുള്ള റോഡിലേക്ക് കാർ തിരിച്ച് ഏകദേശം രണ്ടു കിലോമീറ്റർ പിന്നിട്ടു കാർ സ്റ്റേറ്റ് ഹൈവേ യിലേക്ക് കയറി . ഇനി ഒരു മണിക്കൂറോളം രണ്ടു ഭാഗത്തും പച്ച വിരിച്ച കിടക്കുന്ന പ്രദേശത്ത് കൂടെയാണ് യാത്ര .കണ്ണെത്താ ദൂരം പറന്നു കിടക്കുന്ന പച്ച പാടങ്ങള്‍ക്കിടയിലൂടെ കാര്‍ നീങ്ങി .

അവൾ ഫോണെടുത്തു ഫോട്ടോസ് എടുക്കുന്നുണ്ടായിരുന്നു .

‘നല്ല അടിപൊളി സ്ഥലം ലെ ഹരിയേട്ടാ , എന്ത് രസാ കാണാൻ ‘

‘അതേ , മുന്നോട്ടു പോകും തോറും ഇനിയും രസം കൂടി കൂടി വരും ‘ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു ‘എനിക്ക് ഇങ്ങനത്തെ സ്ഥലത്തൂടെ ഉള്ള ഡ്രൈവ് ഭയങ്കര ഇഷ്ട്ടാണ്‌ ,പ്രകൃതിയെ കണ്ടറിഞ്ഞങ്ങനെ പോവാം ‘

ഇടയ്ക്കു നല്ല ഒരു സ്പോട്ടിൽ കാര്‍ സൈഡ് ആക്കി ഞങ്ങൾ കുറച്ചു ഫോട്ടോസ് എടുത്തു . ശേഷം വീണ്ടും യാത്ര തുടർന്നു .
തുറസായ പ്രദേശം കഴിഞ്ഞു . ചെറിയ കയറ്റമുള്ള റോഡ് ആണ് ഇനി അങ്ങോട്ട് എന്നുള്ള സൈൻ ബോർഡ് റോഡിന്റെ വശത്തു ഉണ്ടായിരുന്നു .

ഈ റോഡിൻറെ അറ്റത്തായാണ് ഞങ്ങൾ പോകുന്ന നാഷണൽ പാർക്ക് .

നിമ്മി ഇപ്പോൾ ആക്റ്റീവ് ആണ് . പക്ഷെ സംസാരിക്കുന്നില്ല . ഇന്നലെ രാത്രി നടന്ന സംഭവം ഓർത്തിട്ടാവുമോ എന്ന് ഞാൻ സംശയിച്ചു .

കുന്നു കയറുന്നതിനോടൊപ്പം തണുപ്പും കൂടി വരുന്നുണ്ട് .ഞാൻ കാർ സൈഡ് ആക്കി പുറകിലെ സീറ്റിൽ നിന്നും സ്വെറ്റർ എടുത്ത് ധരിച്ചു . അവളുടെതും എടുത്ത് കയ്യിൽ കൊടുത്തിട്ട് ഇട്ടോളാൻ പറഞ്ഞു . അവളും സ്വെറ്റർ ധരിച്ചു .

ദൂരം കുറയുംതോറും അകലേയായി മൂന്നു മലകൾ തെളിഞ്ഞു വരുന്നുണ്ടായിരുന്നു . അതിന്റെ അടുത്തേക്കാണ് നമ്മൾ പോവുന്നതെന്ന് ഞാൻ അവ അവൾക്കു കാണിച്ചു കൊടുത്തു പറഞ്ഞു .

കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ റോഡിൻറെ ഇരു വശവും ഇടയ്ക്കു ഉപ്പു കൂടി കിടക്കുന്ന പോലെ വെളുത്ത നിറം കണ്ടു തുടങ്ങി , ദൂരം പിന്നിടുന്തോറും അതിന്റെ അളവ് കൂടി കൂടി വരുന്നുണ്ടായിരുന്നു .

‘ഹരിയേട്ടാ ‘ അവൾ ആശ്ചര്യത്തോടെ എന്നെ വിളിച്ചു

‘ഉം ‘ എന്ത് പറ്റി

‘ഹരിയേട്ടാ, മഞ്ഞല്ലേ ഈ കാണുന്നെ ‘

‘അതെലോ’

മഞ്ഞു കൂടും തോറും തണുപ്പ് വീണ്ടും കൂടി , ഞാൻ കാറിലെ ഹീറ്ററിന്റെ സ്പീഡ് മുഴുവനും കൂട്ടി വച്ചു. ഫോണിലെ ക്യാമറ ഓൺ ചെയ്ത് അവൾ വീഡിയോ എടുക്കുകയാണ് . മലമുകളിലെ തണുപ്പിനെ വകഞ്ഞുമാറ്റികൊണ്ടു ഞങ്ങളെയും വഹിച്ച് കാർ മുന്നോട്ടു പാഞ്ഞു .

പുറത്തു മഞ്ഞിന്റെ അളവ് കൂടി കൂടി വരുകയാണ് . നീണ്ടു കിടക്കുന്ന ഡെസേർട്ട് റോഡ് മാത്രമേ വെള്ള പുതക്കാത്തതായ് കാണുന്നുള്ളൂ.മൊത്തത്തില്‍ ഒരു ബ്ലാക് ആന്റ് വൈറ്റ് ഫീല്‍ . ചുറ്റിലും വെളുത്ത പഞ്ഞികെട്ടുപോലെ മഞ്ഞു കൂനകൾ .

കുറെ മുന്നിലേക്ക് പോയപ്പോൾ റോഡ് സൈഡിൽ കുറച്ചു വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു . ഞങ്ങളും കാര്‍ നിര്‍ത്തി . രണ്ടു പേരും കയ്യിൽ ഗ്ലൗസ് ധരിച്ചു കൊണ്ട് പുറത്തിറങ്ങി . റോഡിന്റെ അരികത്തായി ചെറിയ ഒരു തടാകം , അതിന്റെ ചുറ്റിലും മഞ്ഞു മൂടി കിടക്കുന്നു . നല്ല രസമുള്ള കാഴ്ച . മഞ്ഞിൽ കുട്ടികളും മുതിർന്നവരും കളിക്കുന്നുണ്ട് . ഞങ്ങളും അങ്ങോട്ട് നടന്നു .

കാലിലെ ഷൂവിനെ വകവെക്കാതെ തണുപ്പ് കാലിലേക്ക് നുഴഞ്ഞു കയറി . കുറച്ചു സമയം അവിടെ ചിലവഴിച്ചു .കുറെ ഫോട്ടോസ് എടുത്തു മടങ്ങുന്നതിടക്ക് എന്റെ പുറത്ത് ശക്തിയിൽ എന്തോ പതിച്ചു . തിരിഞ്ഞു നോക്കിയപ്പോൾ കയ്യിൽ ഒരുരുള ഐസുമായി നിൽക്കുകയാണ് നിമ്മി.ആദ്യമെറിഞ്ഞത് പാഴായില്ല . മുഖത്ത് കള്ള ചിരിയുമായി നിൽക്കുന്ന അവളെ കണ്ടപ്പോൾ മനസ്സിൻ ഇത്തിരി സന്തോഷം തോന്നി .
ഞാൻ മെല്ലെ കുനിഞ്ഞു നിന്ന് കയ്യിൽ ഐസ് വരുന്നതിനിടെ വീണ്ടും അവൾ എറിഞ്ഞു.ഇപ്പൊഴും അവളുടെ ഉന്നം പിഴച്ചില്ല . പിന്നെ ഒന്നും നോക്കിയില്ല . രണ്ടു കയ്യിലും ഐസ് വാരിയെടുത്ത് ഞാൻ അവളുടെ അടുത്തേക്കോടി .

അവൾ അടുത്ത ബോൾ ഉണ്ടാക്കുന്നതിനുമുന്പ് ഞാൻ അവളുടെ അടുത്തെത്തി . രണ്ടുകയ്യിലും ഇരുന്നിരുന്ന ഐസ് ഞാൻ അവളുടെ രണ്ടു കവിളിലും വെച്ച് പൊത്തി . കയ്യിലെ ഐസ് കൊണ്ട് എന്നെ ഉപദ്രവിക്കാൻ ശ്രെമിച്ച അവളുടെ പിറകിൽ നിന്നും കയ്യടക്കം പൂണ്ടു പിടിച്ചു ഞാൻ കുടഞ്ഞു . ആ സമയം അവൾ ആർത്തു ചിരിക്കുന്നുണ്ടായിരുന്നു .

പിടി വിട്ടു ഡ്രസ്സ് എല്ലാം എല്ലാം ശെരിയാക്കി ഞങ്ങൾ കാറിനടുത്തേക്ക് നടന്നു .കാലിൽ ഉണ്ടായിരുന്ന ഐസ് മുഴുവൻ കളഞ്ഞു വൃത്തിയായി ഞങ്ങൾ കാറിനുള്ളിലേക്കു കയറി .

അടുത്ത സ്പോട് ലക്ഷ്യമാക്കി ഞാൻ കാർ എടുത്തു .

‘എങ്ങനെ ഉണ്ടായിരുന്നു ‘

‘അടിപൊളി ,ഞാൻ ആദ്യായിട്ടാ മഞ്ഞു നേരിട്ടു കാണുന്നത് , ‘ഹരിയേട്ടൻ ഉള്ളതുകൊണ്ട് എനിക്ക് ഇതൊക്കെ കാണാൻ പറ്റി ‘

‘ഉം , ഞാൻ ഒറ്റക്കായിരുന്നേല്‍ ഉള്ള കാര്യം ഒന്നാലോചിച്ച് നോക്ക്,പരമ ബോര്‍ ആയേനെ ‘ ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു .

വീണ്ടും രണ്ടു ഭാഗത്തും മഞ്ഞു നിറഞ്ഞ വഴിയിലൂടെ കാർ നീങ്ങി .

‘നല്ല മഴക്കാറുണ്ടല്ലോ ‘ ഞാൻ ആകാശം നോക്കി പറഞ്ഞു .

‘ഹെയ് , പെയ്യില്ലന്നെ , നമ്മൾ തിരിച്ചു റൂമിൽ എത്തിയിട്ടേ മഴ പെയ്യത്തുള്ളു ‘ അവൾ പറഞ്ഞു

‘ഉം , അങ്ങനാണേൽ കൊള്ളാം , ഇല്ലേൽ വന്നതിനു കാര്യം ഉണ്ടാവില്ല ‘

‘പെയ്യില്ല, എന്റെ ഉറപ്പാ , നോക്കിക്കോ’അവൾ ഉറപ്പിച്ചു പറഞ്ഞു .

അര മണിക്കൂർ കൊണ്ട് ഞങ്ങൾ നാഷണൽ പാർക്കിൽ എത്തി . ആദ്യം കണ്ട റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച് ബത്റൂമിലൊക്കേ പോയി ഞങ്ങള്‍ ഒന്നു ഫ്രെഷായി . സമയം ഒന്നര ആവുന്നു , വെയിൽ ഇല്ലാത്തതുകൊണ്ട് ക്ഷീണം തോന്നുന്നില്ല , ചോതിച്ചപ്പോള്‍ അവൾക്കും കുഴപ്പൊന്നുല്ല .

റെസ്റ്റോറന്റിൽ നിന്നും ഇറങ്ങി ഞങ്ങൾ വോൾക്കാനോ മൗണ്ടൈൻ ലക്ഷ്യമാക്കി നടന്നു. കുന്നിൻ ചെരുവുകളും മരകൂട്ടങ്ങളും പിന്നിട്ട് അരമണിക്കൂർ കൊണ്ട് ഞങ്ങൾ വ്യൂ പോയിന്റിൽ എത്തി .

Leave a Reply

Your email address will not be published. Required fields are marked *