എന്റെ നിലാപക്ഷി – 3 14അടിപൊളി 

അവന്റെ ആ പ്രവർത്തി കണ്ട് വിദ്യ ക്ലാരയെ നോക്കികൊണ്ട്‌ പറഞ്ഞു.

“എന്റെ സംശയം എപ്പോൾ… ക്ലാര ചേച്ചിയാണോ അതോ ജീനയാണോ ഏട്ടന്റെ കാമുകി എന്നതാണ്.

“എനിക്കും ഇടയ്ക്ക് ആ സംശയം തോന്നാറുണ്ട്, എന്നോടാണോ അതോ ജീനയോടാണോ അവനു കൂടുതൽ സ്നേഹമെന്ന്.”

ജീന പെട്ടെന്ന് പറഞ്ഞു.

“എന്നോടൊന്നും അല്ല.. ചേച്ചിയോട് തന്നാ ഇച്ചായന്‌ കൂടുതൽ സ്നേഹം.”

ഒരു ചിരിയോടെ ക്ലാര പറഞ്ഞു.

“ഈ ഒരു കാരണം കൊണ്ടാണ് ഞാൻ ഇവളെ സ്‌നേഹിച്ച് പോയതും അവന്റടുത്ത് നിന്ന് അകറ്റാൻ നോക്കാത്തതും… അവൻ എന്ത് പ്രശ്നത്തിൽ വീഴാൻ പോയാലും കട്ടക്ക് കൂടെ നിന്ന് അവളുടെ ഇച്ചായനെ രക്ഷിച്ചെടുത്തോളും.”

ജീന ശ്രീഹരിയെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങൾ കൊണ്ട് തന്നെ നേരിട്ട് മനസിലാക്കിയ കാര്യമായിരുന്നു.

കുറച്ചുനേരം കൂടി ക്ലാര അവർക്കൊപ്പം സംസാരിച്ചിരുന്നിട്ട് യാത്ര പറഞ്ഞ് അവിടെനിന്നും ഇറങ്ങി. അവൾ ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അവന്റെ കൂട്ടുകാരും അവിടെ നിന്നും പോയി.

ജീനയുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഓണം തന്നെയായിരുന്നു ആ വർഷത്തേത്. ഒരുപാട് സന്തോഷിച്ച ദിനങ്ങൾ, ഒരുപാട് സ്നേഹിക്കുന്ന ശ്രീഹരിയുടെ വീട്ടുകാർ.

തിരിച്ച് തിരുവനന്തപുരത്ത് പോകുന്നതിന്റെ തലേദിവസം ശ്രീഹരിയുടെയും കൂട്ടുകാരുടെയും പ്ലാൻ പോലെ അവർ അച്ചുവിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ജീന അവർക്ക് ബീഫ് റോസ്റ്റും ഉണ്ടാക്കി കൊടുത്തു. ജീവിതത്തിൽ അധികം കൂട്ടുകാരൊന്നും ഇല്ലാതിരുന്ന ജീനക്ക് ശ്രീഹരിയുടെയും കൂട്ടുകാരുടെയും ഒപ്പം ഉണ്ടായിരുന്ന നിമിഷങ്ങൾ ആനന്ദം നിറഞ്ഞത് തന്നെ ആയിരുന്നു. അവളും അവരുടെ കളി ചിരികളിൽ പങ്കുചേർന്ന് സംസാരിച്ചു, ചിരിച്ചു, സന്തോഷിച്ചു.

ഞാറാഴ്ച രാവിലെ തിരിച്ച് പോകാനായി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ശ്രീഹരിയേക്കാൾ വിഷമം ജീനക്കായിരുന്നു. കാരണം അവൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച നാളുകൾ ആ വീട്ടിലേതായിരുന്നു.

വീട്ടിൽ നിന്നും ജീന ഇറങ്ങുന്നതിന് മുൻപായി ‘അമ്മ അവളുടെ കഴുത്തിൽ ഒരു സ്വർണ മാല ഇട്ട് കൊടുത്തുകൊണ്ട് പറഞ്ഞു.

“പെൺപിള്ളേർ ഒഴിഞ്ഞ കഴുത്തുമായി നടക്കുന്നത് ഐശ്വര്യക്കേടാണെന്നാ ഇവിടൊക്കെ ഉള്ളവർ പറയുന്നെ.. അതികൊണ്ട് ഇത് മോളുടെ കഴുത്തിൽ കിടക്കട്ട്.”

അതിന് പിന്നാലെ വിദ്യ വന്ന് ഒരു കുരിശിന്റെ സ്വർണ ലോക്കറ്റ് ആ മാലയിൽ കൊരുത്ത് ഇട്ടുകൊണ്ട് പറഞ്ഞു.

“എന്റെ ഏട്ടനെ വരച്ച വരയിൽ നിർത്തുന്നതിന് സമ്മാനായിട്ട് ഇത് എന്റെ വക.”

അവരുടെ ആ സ്നേഹത്തിൽ കണ്ണുകൾ നിറഞ്ഞ ജീന കരഞ്ഞുകൊണ്ട് വിദ്യയെ കെട്ടിപിടിച്ചു.

കുറച്ചുനേരം ആ നിൽപ്പ് തുടർന്നപ്പോൾ ‘അമ്മ വന്ന് അവളെ പിടിച്ച് മാറ്റിക്കൊണ്ട് പറഞ്ഞു.

“ഒരു വഴിക്ക് പോകുമ്പോൾ ഇങ്ങനെ കരഞ്ഞുകൊണ്ടാണോ ഇറങ്ങുന്നേ, സന്തോഷത്തോടെ പോകാൻ നോക്ക്.”

കൂടുതൽ നേരം അവിടെ നിന്നാൽ ജീന കരഞ്ഞു കുളമാക്കും എന്നറിയാവുന്നതിനാൽ ശ്രീഹരി പെട്ടെന്ന് തന്നെ അവളെയും കൂട്ടി അവിടെ നിന്നും ഇറങ്ങി.

ഓണത്തിന് ശേഷമുള്ള കോളേജിലെ ദിനങ്ങൾ വളരെ പെട്ടെന്നാണ് കടന്നു പോയത്. ക്ലാസ്സില്ലാത്ത ദിവസങ്ങളിൽ എല്ലാം ക്ലാര ശ്രീഹരിക്കും ജീനക്കും ഒപ്പം തന്നെ ആയിരുന്നു.

ക്ലാരയുടെയും ശ്രീഹരിയുടെയും പ്രണയ നിമിഷങ്ങൾക്ക് സാക്ഷിയായി ജീന എപ്പോഴും അവർക്കൊപ്പം തന്നെ ഉണ്ടായിരുന്നു.

ആ നല്ല ദിനങ്ങളും മാസങ്ങളും കടന്നു പോകുമ്പോൾ അവരുടെ സന്തോഷത്തിനൊക്കെ ഒരു അവസാനമെന്നവണ്ണം ഒരു ദിവസം രാവിലെ ജീനയുടെ ‘അമ്മ മരിച്ചു എന്നാ വിവരവുമായി സിജോയുടെ കാൾ ശ്രീഹരിയെ തേടി എത്തി.

ശ്രീഹരിക്ക് പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ജീനയുടെ വീട്ടിൽ അവളോട് സ്നേഹമുണ്ടായിരുന്നത് അമ്മക്ക് മാത്രമായിരുന്നു. ആ ഒരാളും ഇല്ലാതായിരിക്കുന്നു.

മരണം അവൾ വീട്ടിൽ എത്തിയിട്ട് അറിഞ്ഞാൽ മതിയെന്നുള്ള ഉദ്ദേശത്തിൽ ശ്രീഹരി അവളെയും കൂട്ടി വീട്ടിൽ നിന്നിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *