എന്റെ നിലാപക്ഷി – 3 14അടിപൊളി 

പെട്ടെന്ന് ക്ലാരയെ കണ്ടപ്പോൾ അച്ഛനോട് എന്ത് പറയണമെന്ന് ശ്രീഹരിയുടെ മനസ്സിൽ വന്നില്ല.

കുറച്ചു നേരം അവളെ മിഴിച്ചു നോക്കി നിന്ന ശേഷം ശ്രീഹരി അച്ഛനോട് പറഞ്ഞു.

“അച്ഛാ.. ഇത് ക്ലാര.. എന്റെ കൂടെ കോളേജിൽ ഉള്ളതാണ്.. ഞാൻ ഓണത്തിന് ക്ഷണിച്ചിട്ട് വന്നതാ.”

“ആണോ.. എന്നിട്ട് മോളെന്താ അവിടെ തന്നെ നിൽക്കുന്നെ, അകത്തോട്ട് കയറ്..”

വീടിനകത്തേക്ക് പുഞ്ചിരിയോടെ കയറിയ ക്ലാരയോട് അച്ഛൻ ചോദിച്ച്.

“മോളുടെ വീടെവിടാണ്?”

“എവിടെ അടുത്ത് തന്നാ.”

ശ്രീഹരി പെട്ടെന്ന് പറഞ്ഞു.

“അക്കരെ പള്ളിയുടെ അടുത്താണ്. ഇവൾ എന്റെകൂടെ എവിടെ തന്നാ പ്ലസ് ടു പഠിച്ചത്.”

ശ്രീഹരിയുടെ വെപ്രാളം ഒന്ന് ശ്രദ്ധിച്ച ശേഷം അച്ഛൻ പറഞ്ഞു.

“മോളെ അകത്തേക്ക് കൂട്ടികൊണ്ട് പോ.”

അകത്തേക്ക് നടക്കുന്നതിനിടയിൽ ക്ലാര ചോദിച്ചു.

“നിനക്കെന്താടാ ഒരു ടെൻഷനും വെപ്രാളവും?”

“നിന്നോട് വീട്ടിലേക്ക് വരാൻ പറഞ്ഞിരുന്നെങ്കിലും നീ വരുമെന്ന് എനിക്കൊരു പ്രതീക്ഷയും ഇല്ലായിരുന്നു.”

ഹാളിൽ നിന്നു കൊണ്ട് ശ്രീഹരി ഉറക്കെ വിളിച്ചു.

“അമ്മേ.. ജീനേ… ഒന്നിങ്ങു വന്നെ.”

അവന്റെ വിളി കേട്ട് അവർ രണ്ടുപേരും ഹാളിലേക്ക് വന്നു. ക്ലാരയെ കണ്ടതും ജീന ചേച്ചി എന്നും വിളിച്ച് ഓടിവന്ന് ക്ലാരയെ കെട്ടിപിടിച്ചു.

ക്ലാരയും അവളെയൊന്ന് കെട്ടിപ്പിടിച്ച ശേഷം പുഞ്ചിരിയോടെ തന്നിൽ നിന്നും അകത്തി.

ശ്രീഹരി അമ്മയോട് പറഞ്ഞു.

“അമ്മേ.. ഇത് ക്ലാര.. ഞങ്ങളുടെ കൂടെ കോളേജിൽ പഠിക്കുന്നതാണ്.”

‘അമ്മ ക്ലാരയെ സൂക്ഷിച്ച് നോക്കികൊണ്ട്‌ പറഞ്ഞു.

“മോളെ ഞാൻ എവിടേയോ വച്ച് കണ്ടിട്ടുണ്ടല്ലോ.”

“ഞാൻ എവിടെ അടുത്തുള്ളത് തന്നാണ് ‘അമ്മ. അക്കരയാണ് എന്റെ വീട്.”

“ആ.. അതാണ് കണ്ട് നല്ല പരിചയം.”

അപ്പോഴാണ് പടി ഇറങ്ങി വരുകയായിരുന്ന വിദ്യ ഒരു കള്ള ചിരിയോടെ ചോദിച്ചത്.

“ഏട്ടാ.. അമ്മയ്ക്ക് മാത്രമേ പരിചയപ്പെടുത്തി കൊടുക്കുന്നുള്ളോ, എനിക്ക് പരിചയപെടുത്തുന്നില്ലേ?”

ശ്രീഹരി സ്കൂളിൽ പഠിക്കുന്ന സമയത്ത് ക്ലാരയുടെ പിറകെ നടന്നതെല്ലാം വിദ്യക്ക് അറിയാവുന്നതാണ്.

ഇവൾ പാര പണിയും എന്നുള്ള അർഥത്തിൽ ശ്രീഹരി ക്ലാരയെ നോക്കി.

ക്ലാര ചിരിച്ച് കൊണ്ട് പറഞ്ഞു.

“അതിന് സ്കൂളിൽ പഠിക്കുമ്പോഴേ വിദ്യക്ക് എന്നെ അറിയാവുന്നതല്ലേ.. പിന്നെന്തിനാ ഒരു പരിചയപ്പെടുത്തൽ.”

വിദ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഞാൻ ചുമ്മാ പറഞ്ഞതാ ചേച്ചി.”

“നിങ്ങളിവിടെ സംസാരിച്ച് ഇരിക്ക്.. എനിക്ക് അടുക്കളയിൽ കുറച്ച് പണി ഉണ്ട്.”

‘അമ്മ അടുക്കളയിലേക്ക് നടന്നു.

ഷാൾ കൊണ്ട് ജീനയുടെ മുഖത്തെ വിയർപ്പ് തുടച്ച് കൊണ്ട് ക്ലാര പറഞ്ഞു.

“നീ ആകെ വിയർത്തു കുളിച്ചല്ലോ.”

ഒരു ചിരിയോടെ ജീന മറുപടി നൽകി.

“അടുക്കളയിൽ കുറച്ച് പണി ഉണ്ടായിരുന്നു ചേച്ചി.”

വിദ്യക്ക് ഇട്ട് താങ്ങിക്കൊണ്ട് ശ്രീഹരി പറഞ്ഞു.

“നല്ല കൊച്ചുങ്ങളായാൽ അങ്ങനെ.. അടുക്കളയിൽ കയറി പണിയൊക്കെ എടുക്കും.. അല്ലാതെ ഇവളെ പോലെ റൂമിൽ കയറി ഇരിക്കില്ല.”

ശ്രീഹരിയുടെ കൈയിൽ ഇടിച്ചുകൊണ്ടു വിദ്യ പറഞ്ഞു.

“ഇവിടെ അമ്മക്ക് ഇപ്പോൾ ഏറ്റവും വലിയ സഹായം ചെയ്യുന്നത് ഞാനാണ്.”

“അതെങ്ങനെ?”

“ഞാൻ അടുക്കളയിൽ കുക്കിങ്ങിന് കയറിയിരുന്നേൽ അമ്മക്ക് അതെല്ലാം ഒന്നും കൂടി ഉണ്ടാക്കേണ്ടി വന്നേനെ.”

അതുകേട്ട് അവരെല്ലാം ചിരിച്ച് പോയി.

ജീന ക്ലാരയോട് പറഞ്ഞു.

“അമ്മായി അമ്മയെ കൈയിൽ എടുക്കണമെങ്കിൽ നമുക്ക് അടുക്കളയിൽ കയറി തന്നെ സോപ്പ് ഇട്ട് തുടങ്ങാം.”

ജീന ക്ലാരയെയും കൂട്ടി അടുക്കളയിലേക്ക് നടന്നു.

അവർ നടന്ന് പോകുന്നത് കണ്ട് വിദ്യ ശ്രീഹരിയുടെ തോളിൽ കൈമുട്ട് മടക്കി താങ്ങിനിന്നുകൊണ്ടു പറഞ്ഞു.

“ഈ ഒരു കാര്യമാ എനിക്ക് മനസിലാകാത്തത്.”

“എന്ത്?”

“സാധാരണ ഏതെങ്കിലും പെണ്ണിനോട് കാമുകൻ കൂടുതൽ അടുപ്പം കാണിച്ചാൽ കാമുകിക്ക് അവൾ ശത്രു ആകേണ്ടതാണ്. പക്ഷെ ഇവിടിപ്പോൾ ഇവർ അടയും ചക്കരയും പോലാണല്ലോ.”

“അതിന്റെ കാരണം നിനക്കിതുവരെ മനസിലായില്ലേ?”

“ഇല്ല..”

“ക്ലാരക്ക് നിന്നെപ്പോലെ കുശുമ്പ് ഇല്ലാത്തോണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *