അത് കേട്ടപ്പോൾ ജീനയുടെ മനസ് അവിടെ നിന്നും പറന്നകന്നു. വീട്ടിൽ പോകുന്നത് സന്തോഷത്തേക്കാൾ അവളുടെ മനസ്സിൽ അസ്വസ്ഥത നിറച്ചു. വീട്ടിൽ നിന്നും മാറി ഇവിടെ വന്നതിനു ശേഷമായിരുന്നു അവൾ കുറച്ചു സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിച്ചു തുടങ്ങിയത്. നാളെ മുതൽ അത് വീണ്ടും ഇല്ലാതാകുമെന്നോർത്തപ്പോൾ അവളുടെ മനസ്സിൽ ഇരുട്ടു നിറഞ്ഞു തുടങ്ങി.
സാധാരണ ഇതിനകം തന്നെ അവരുടെ സംസാരത്തിനിടയിൽ എന്തെങ്കിലുമൊക്കെ ഡയലോഗ് അടിക്കേണ്ട ജീനയുടെ അനക്കമൊന്നും ഇല്ലാത്തത് കണ്ട് ശ്രീഹരി അവളെ ശ്രദ്ധിച്ചു. തന്റെ തോളിൽ ചാരി കിടക്കുന്ന അവളുടെ മനസ് ഇവിടൊന്നും അല്ലെന്ന് അവനു മനസിലായി.
തന്റെ തോളിൽ നിന്നും അവളുടെ തല ചെറുതായി കൈ കൊണ്ട് അവൻ ഉയർത്തി. അവൾ പെട്ടെന്ന് ചിന്തകളിൽ നിന്നും ഉണർന്നു.
അവൻ കണ്ണുകൾ കൊണ്ട് അവളോട് എന്തുപറ്റി എന്ന് ആഗ്യത്തിൽ ചോദിച്ചു.
അവൾ ഒരു ചെറു പുഞ്ചിരി മുഖത്ത് വരുത്തി ഒന്നുമില്ലെന്ന് കണ്ണുകൾ ഇറുക്കി അടച്ചു തുറന്നു അവനെ കാണിച്ച ശേഷം പാവാട ഒതുക്കി കാലുകൾ സോഫയിൽ എടുത്തുവച്ച് തല അവന്റെ മടിയിലേക്കു ചായ്ച്ച് മലർന്നു കിടന്നു.
ശ്രീഹരി ക്ലാരയോട് സംസാരം തുടർന്നപ്പോൾ ജീന കണ്ണുകൾ അടച്ചു കിടന്നു. അപ്പോഴാണ് അവന്റെ ശ്രദ്ധ അവളുടെ വയറിലേക്ക് എത്തിയത്. ഷർട്ടിന്റെ താഴത്തെ ഒരു ബട്ടൺ ഊരി മാറിയതിനാൽ അവളുടെ വെളുത്ത വയറിലെ പൊക്കിൾ ചുഴി നഗ്നമായിരുന്നു അപ്പോൾ. പണ്ടൊക്കെ ചുരിദാർ ഇടുമ്പോൾ പോലും ഷാൾ ഇട്ടുമാത്രം മുന്നിൽ വന്നിരുന്ന ജീന എപ്പോൾ വീട്ടിൽ നിൽക്കുമ്പോൾ വളരെ അലക്ഷ്യമായിട്ടാണ് വസ്ത്രം ധരിക്കുന്നത്ത് എന്നവൻ ഓർത്തു. ചിലപ്പോൾ തന്നോടുള്ള ഒരു വിശ്വാസം കൊണ്ടാകാം അത്.
ശ്രീഹരി ഫോൺ അവളുടെ നെഞ്ചിലേക്ക് വച്ച ശേഷം കൈകൾ കൊണ്ടുപോയി അവളുടെ ഊരിപ്പോയ ബട്ടൺ ഇടുവാനായി ശ്രമിച്ചു.
തന്റെ വയറിൽ ശ്രീഹരിയുടെ വിരലുകൾ സ്പര്ശിച്ചപ്പോൾ ജീന കണ്ണുകൾ തുറന്ന് ചെറുതായി തല ഉയർത്തി നോക്കി. അവൻ ബട്ടൺ ഇടുന്ന കണ്ട് കാര്യം മനസിലായ ജീന വീണ്ടും തല താഴ്ത്തി അവന്റെ മടിയിലേക്ക് തന്നെ കിടന്നു കണ്ണുകൾ അടച്ചു.
വീണ്ടും ഫോണിൽ സംസാരം തുടരുന്നതിനിടയിൽ ക്ലാര ചോദിച്ചു.
“ജീന അടുത്തുണ്ടോ?”
“ഉണ്ട്.”
തന്റെ പേര് കേട്ടപ്പോൾ ജീന കണ്ണുകൾ തുറന്നു.
“എങ്കിൽ നീ ഫോൺ ഒന്ന് ലൗഡ്‌സ്‌പീക്കർ മാറ്റുമോ, എനിക്കൊരു കാര്യം പറയാനുണ്ട്.”
ജീനയും ശ്രീഹരിയും ആകാംഷയോടെ മുഖത്തോട് മുഖം നോക്കി. ജീനയുടെ നെഞ്ചിൽ നിന്നും അവൻ ഫോൺ എടുക്കാൻ തുനിഞ്ഞപ്പോൾ ക്ലാരയുടെ ശബ്‌ദം വീണ്ടും എത്തി.
“അല്ലെങ്കിൽ വേണ്ട.. അവളും കേട്ടോട്ടെ.”
ആകാംഷയുടെ സ്വരത്തിൽ ശ്രീഹരി ചോദിച്ചു.
“എന്താ നിനക്ക് പറയാനുള്ളത്.?”
കുറച്ചു നേരത്തെ നിശബ്തതക്കു ശേഷം ക്ലാര പറഞ്ഞു.
“ഇന്ന് നീ എന്നെ കാണാൻ പള്ളിയിൽ വന്നതിനെ കുറിച്ചൊക്കെ പറഞ്ഞില്ലേ..”
“മ്മ്.. പറഞ്ഞു.”
“നമ്മൾ പ്ലസ് ടു പഠിക്കുമ്പോൾ എന്നെ കാണാനായി ക്ലാസ്സിന്റെ മുന്നിൽ വന്ന് നിൽക്കില്ലായിരുന്നോ..”
“മ്മ്… നിൽക്കുമായിരുന്നു.”
“എന്നിട്ടെന്തേ ഇപ്പോൾ എന്നെ കാണാൻ അങ്ങനൊന്നും വന്ന് നിൽക്കത്തെ?”
“മുൻപൊക്കെ അങ്ങനെ വന്ന് നിന്നിട്ടല്ലേ എന്നോട് മിണ്ടാതായത്.. ഇനി വീണ്ടും അങ്ങനൊക്കെ കാണാൻ വന്നിട്ട് മിണ്ടാതിരിക്കാനാണോ?’
“ഇനി അങ്ങനെ കാണാൻ വന്നുന്നും പറഞ്ഞു ഞാൻ മിണ്ടാതിരിക്കില്ല.”
ജീന ശ്രീഹരിയുടെ മുഖത്തേക്ക് തന്നെ നോക്കി, അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടരുന്നുണ്ടായിരുന്നു.
“ക്ലാര.. എനിക്ക് മനസിലായില്ല.”
“ഡാ പൊട്ടാ.. എനിക്ക് നിന്നെ ഇഷ്ടമാണെന്ന്.. ഐ ലവ് യു..”
ഇത് കേട്ടതും ജീന തന്റെ നെഞ്ചിൽ ഇരുന്ന ഫോൺ കൈയിൽ എടുത്തുകൊണ്ട് അവന്റെ മടിയിൽ നിന്നും ചാടി എഴുന്നേറ്റു.
വർഷങ്ങളായി ക്ലാരയുടെ വായിൽ നിന്നും കേൾക്കാൻ കൊതിച്ച വാക്കുകൾ കേട്ടതിന്റെ ഞെട്ടലിൽ ശ്രീഹരി കുറച്ചുനേരം സ്‌തംഭിച്ചിരുന്നു. പിന്നെ സന്തോഷം അടക്കാനാകാതെ അടുത്ത് അവനെ നോക്കി ചിരിച്ചുകൊണ്ടിരുന്ന ജീനയെ കെട്ടിപ്പിടിച്ച് അവളുടെ നെറ്റിയിൽ ഉമ്മ വച്ചു.
