എന്റെ നിലാപക്ഷി – 3 14അടിപൊളി 

അവന്റെ ആ ഒരു പ്രവർത്തിയിൽ അവൾ ആദ്യം ഒന്ന് ഞെട്ടി. പിന്നെ ഒരു നിമിഷം ചിന്തിച്ചപ്പോൾ പെട്ടെന്നുള്ള സന്തോഷത്തിൽ അവൻ ചെയ്തതാണെന്ന് അവൾക്ക് മനസിലായി.

എങ്കിലും അവൾ ഫോൺ ചുണ്ടോടടുപ്പിച്ച വിളിച്ചു.

“ചേച്ചി…”

“എന്താടി?”

പെട്ടെന്ന് ശ്രീഹരി അവളുടെ കൈയിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു കൊണ്ട് പറഞ്ഞു.

“മിണ്ടരുത്..”

അതുകേട്ട ക്ലാര ചോദിച്ചു.

“എന്താ ജീന.. എന്താ അവൻ മിണ്ടരുതെന്നു പറഞ്ഞത്.”

ശ്രീഹരി ജീനയുടെ വാ പൊത്താൻ ശ്രമിക്കുന്നതിനിടയിൽ അവൾ ചിരിച്ചുകൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു.

“ചേച്ചി.. ഇച്ചായൻ എന്നെ ഉമ്മ വച്ചു.”

അത് കേട്ട ക്ലാര കുറച്ചു നേരം നിശ്ശബ്ദതയായി.. എന്നിട്ടു പറഞ്ഞു.

“ഇതിനു നിനക്കുള്ള മറുപടി നിന്നെ ഞാൻ നേരിട്ട് കാണുമ്പോൾ തരാം. ഇപ്പോൾ എന്റെ റൂംമേറ്റ് വന്നു.”

അവൾ ഫോൺ കട്ട് ചെയ്തു.

ക്ലാര ഫോൺ കട്ട് ചെയ്തപ്പോഴാണ് പറഞ്ഞത് അബദ്ധമായി പോയോ എന്ന് ജീനക്ക് തോന്നിയത്.

“കുഴപ്പമായോ ഇച്ചായാ?”

എന്തോ തെറ്റ് ചെയ്തപോലെ അവളുടെ മുഖം ഇരുളുന്നത് കണ്ട് ശ്രീഹരി പറഞ്ഞു.

“ഡി പോത്തേ.. ക്ലാരയെ നമുക്കറിയില്ലേ.. ഇത് അവൾ എന്നെ ചുമ്മാ ഒന്ന് പേടിപ്പിക്കാൻ പറയുന്നതാണ്.”

അത് കേട്ടിട്ടും ജീനയുടെ മുഖം മ്ലാനമായി ഇരിക്കുന്ന കണ്ട് സോഫയിൽ നിന്നും അവൻ എഴുന്നേറ്റു, എന്നിട്ട് അവളുടെ കൈയിൽ പിടിച്ചു വലിച്ചു എഴുന്നേല്പിച്ചുകൊണ്ട് പറഞ്ഞു.

“ഓരോന്ന് ചിന്തിച്ച് കൂട്ടാതെ നീ പോയി കിടന്നുറങ്ങാൻ നോക്ക്.”

മുഖം താഴ്ത്തി ജീന റൂമിലേക്ക് നടക്കുമ്പോൾ ശ്രീഹരിയുടെ മനസിൽകൂടി ഒരു ചിന്ത കടന്നു പോയി.

‘പെട്ടെന്നുള്ള ഒരു സന്തോഷത്തിൽ ആണ് ജീനയെ ഉമ്മ വച്ചത്, അത് ക്ലാര സീരിയസ് ആയി എടുക്കുമോ?’

.

.

ജീന രാവിലെ എഴുന്നേറ്റ് കുളിച്ച് കോഫിക്കുള്ള പാല് ചൂടാക്കാൻ വച്ചപ്പോഴാണ് കാളിങ് ബെൽ അടിക്കുന്ന ശബ്‌ദം കേട്ടത്.

“ഇതാരാ ഈ രാവിലെ തന്നെ?”

ജീന ചറുപിറുത്തുകൊണ്ടു പോയി വാതിൽ തുറന്നു.

വാതിൽ തുറന്നപ്പോൾ ചിരിച്ചുകൊണ്ട് മുന്നിൽ നിൽക്കുന്ന ക്ലാരയെ കണ്ട് ജീന ഞെട്ടിപ്പോയി. ആദ്യമായാണ് ക്ലാര ആ വീട്ടിലേക്ക് വരുന്നത്.

“ചേച്ചി എന്താ ഇവിടെ?”

അകത്തേക്ക് കയറുന്നതിനിടയിൽ ക്ലാര ചോദിച്ചു.

“അതെന്താ എനിക്ക് ഇങ്ങോട്ടു വന്നൂടെ?”

“അതല്ല.. രാവിലെ തന്നെ വന്നു.”

“നീ പള്ളിയിൽ പോയി വന്നാലുടൻ നിങ്ങൾ വീട്ടിലേക്ക് പോകില്ലേ? അതിന് മുൻപ് എനിക്ക് അവനെ ഒന്ന് കാണണം, അതിനായി വന്നതാ.”

ജീനയുടെ മനസ്സിൽ തലേന്നത്തെ സംഭവങ്ങൾ ഓടിയെത്തി.

“ചേച്ചി..”

ഹാൾ മൊത്തം കറങ്ങി നോക്കുന്നതിനിടയിൽ ക്ലാര ഒന്ന് മൂളി.

“മ്മ്..”

“ഇന്നലെ ഇച്ചായൻ എന്നെ ഉമ്മ വച്ചതൊന്നും ഇല്ല. ചുണ്ടു ചെറുതായി നെറ്റിയിൽ കൊണ്ട്.. ഞാൻ അപ്പോൾ ചുമ്മാ ഒന്ന് വിളിച്ചു കൂവിയതാണ് ഉമ്മ വച്ചെന്ന്..”

തല കുനിച്ചു നിൽക്കുന്ന ജീനയുടെ കവിളിൽ തട്ടികൊണ്ട് ക്ലാര പറഞ്ഞു.

“ഡി പൊട്ടി.. അവനെ ന്യായികരിച്ച് നീ കൂടുതൽ വിയർക്കണ്ട. ഇന്നലെ ഇവിടെ എന്താ ഉണ്ടായതെന്ന് എനിക്ക് നന്നായി മനസിലാകും. അതും പറഞ്ഞ് അടി ഉണ്ടാക്കാനൊന്നും അല്ല ഞാൻ വന്നത്.”

അപ്പോഴാണ് ജീനയ്ക്കു ആശ്വാസം ആയത്. അവളുടെ മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞു.

“ഇന്നലെ കോളേജിൽ വച്ച് നീ പറഞ്ഞത് കേട്ട് അവൻ അടി ഉണ്ടാക്കാതെ വന്നപ്പോഴേ എനിക്ക് മനസിലായി അവനു നിന്നോട് പേടിയോ അതോ അതുപോലെന്തോ ഒരു വികാരമോ ഉണ്ടെന്ന്. അപ്പോൾ അവന്റെ കാമുകിയായ എന്നെയും അവന് ഒരു പേടി വേണ്ടേ.. അത് കൊണ്ട് അവനെ ഒന്ന് പേടിപ്പിക്കാൻ ചുമ്മാ ഫോൺ കട്ട് ചെയ്തു കളഞ്ഞതാണ്.”

“ഈ ചേച്ചി എന്ത് സാധനമാ.. ചേച്ചി അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു പോയത് കാരണം ഞാൻ ഇന്നലെ രാത്രി ഉറഞ്ഞിട്ടില്ല.. ചേച്ചി പേടിപ്പിക്കാൻ നോക്കിയാ മനുഷ്യൻ എപ്പോഴാ ദാ അവിടെ പോത്തുപോലെ കിടന്നുറങ്ങുന്നുണ്ട്.”

ക്ലാര ചിരിച്ചുകൊണ്ട് പറഞ്ഞു.

“അവന്റെ ഉറക്കമൊക്കെ ഞാൻ മാറ്റികൊള്ളാം.. നീ പള്ളിയിൽ പോയി വരാൻ നോക്ക്.”

“അയ്യോ.. ഇച്ചായന്‌ ഞാൻ കോഫി കൊടുത്തില്ല.”

Leave a Reply

Your email address will not be published. Required fields are marked *