“കോഫിയൊക്കെ ഞാൻ കൊടുത്തോള്ളം.. അവന്റെ റൂം എവിടാ?”
“മുകളിലാണ്.. കോഫിക്കുള്ള പാല് അടുപ്പിൽ വച്ചിട്ടുണ്ട്.. കോഫി ഇട്ടു തന്നിട്ട് ഞാൻ പോകാം.”
“മ്മ്.. ശരി.”
അവർ അടുക്കളയിലേക്കു നടന്നു. കുറച്ച് സമയത്തിനകം തന്നെ ജീന കോഫി ഇട്ട് ക്ലാരയുടെ കൈയിൽ കൊടുത്തു. എന്നിട്ട് പള്ളിയിൽ പോകാനായി ഇറങ്ങി.
വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുൻപായി ജീന വാതുക്കൽ നിന്ന് ഹാളിൽ കോഫിയുമായി നിൽക്കുന്ന ക്ലാരയെ തിരിഞ്ഞു നോക്കി ചിരിച്ചു.
“എന്താടി ചിരിക്കൂന്നേ?”
ജീന കണ്ണുകൾ ഇറുക്കി അടച്ച് ഒന്നുമില്ലെന്ന് ആഗ്യം കാണിച്ച ശേഷം ഡോർ അടച്ച് വീടിന് പുറത്തേക്കിറങ്ങി.
മുകളിലത്തെ നിലയിലെ പടികൾ കയറുന്നതിനിടയിൽ പുഞ്ചിരിയോടെ ക്ലാര സ്വയം പറഞ്ഞു.
“കാന്താരി.”
ക്ലാര റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് ചെല്ലുമ്പോൾ ശ്രീഹരി തലവഴി മൂടിപ്പുതച്ച് കിടക്കുകയായിരുന്നു.
“കോഫി..”
അവന്റെ അനക്കമൊന്നും കേൾക്കാഞ്ഞപ്പോൾ അവൾ കുറച്ചു കൂടി ഉറക്കെ പറഞ്ഞു.
“കോഫി..”
പുതപ്പിനുള്ളിൽ തന്നെ കിടന്നുകൊണ്ട് അവൻ പറഞ്ഞു.
“അവിടെ വച്ചിട്ട് പൊടി, ഞാൻ ഒന്ന് ഉറങ്ങട്ടെ.”
“അങ്ങനെ പോകാനല്ല ഞാൻ വന്നത്.”
അത് കേട്ടപ്പോൾ അവൻ തലയിൽ നിന്നും പുതപ്പു മാറ്റി അവളെ നോക്കി. കുറച്ചു നേരം ഇത് സ്വപ്നം ആണോ അല്ലയോ എന്ന് അറിയാതെ അവളെത്തന്നെ നോക്കി നിന്ന ശേഷം അവന്റെ മുഖത്ത് അത്ഭുതം വിരിഞ്ഞു.
“നീയെന്താ ഇവിടെ?”
“വരാൻ തോന്നി.. വന്നു, എന്തെ വന്നൂടെ?”
അവൻ മനസ്സിൽ വിചാരിച്ചു.
‘ഈശ്വരാ രാവിലെ തന്നെ ഉടക്ക് ആണോ?”
കോഫി നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.
“ഇന്നാ കോഫി കുടിക്ക്.”
പുതപ്പ് മാറ്റി ബെഡിൽ എഴുന്നേറ്റിരുന്ന് കോഫി വാങ്ങുന്നതിനിടയിൽ അവൻ ചോദിച്ചു.
“ജീന എവിടെ?”
“പള്ളിയിൽ പോയി.”
ക്ലാര ബെഡിലേക്ക് ഇരുന്ന് റൂം മൊത്തം നോക്കി. പുസ്തകങ്ങളും ഡ്രെസ്സും എല്ലാം നല്ല അടുക്കും ചിട്ടയോടും കൂടിയാണ് വച്ചിരിക്കുന്നത്.
“റൂമൊക്കെ നല്ല വൃത്തിയോടെ ആണല്ലോ സൂക്ഷിക്കുന്നത്.”
അത് കേട്ട് അവൻ പുഞ്ചിരിച്ചു.
“നീ ചിരിക്കേണ്ട.. ഇതൊക്കെ ജീനയുടെ പണി ആണെന്ന് എനിക്കറിയാം.”
അതിനും അവന്റെ മറുപടി ചിരി തന്നെ ആയിരുന്നു.
അവൻ അവളെ ശ്രദ്ധിച്ചു. രാവിലെ തന്നെ കുളിച്ചിട്ടുണ്ട്, തൂവെള്ള ചുരിദാർ ആണ് ഇട്ടിരിക്കുന്നത്. പണ്ടേ വെള്ള കളർ ഡ്രെസ്സുകൾ ഇട്ടാൽ അവളെ കാണാൻ ഒരു പ്രതേക ഭംഗി ആണ്.
കുടിച്ചു തീർന്ന കോഫി ഗ്ലാസ് അവളുടെ കൈയിൽ കൊടുത്തുകൊണ്ട് അവൻ ചോദിച്ചു.
“എന്താ രാവിലെ തന്നെ വന്നെ?”
അവന്റെ കൈയിൽ നിന്നും ഗ്ലാസ് വാങ്ങിക്കൊണ്ടു അവൾ പറഞ്ഞു.
“അതിനുള്ള ഉത്തരം ഞാൻ പിന്നെ തരാം, മോൻ പോയി കുളിച്ചു ഫ്രഷ് ആയി വാ, അടുക്കളയിൽ ദോശക്കുള്ള മാവിരിക്കുന്ന കണ്ടു. ഞാൻ കാപ്പി ഉണ്ടാക്കട്ടെ.”
അവൾ റൂമിന് പുറത്തേക്കു നടക്കുമ്പോൾ ഇവൾ ഇത് എന്തിനുള്ള ഭാവമാണെന്ന് അറിയാതെ അന്തംവിട്ട് ഇരിക്കുകയായിരുന്നു ശ്രീഹരി.
റൂമിൽ നിന്നും പുറത്തേക്കിറങ്ങിയ ക്ലാര അവൻ ബെഡിൽ തന്നെ ഇരിക്കുകയാണെന്ന് മനസിലാക്കി തിരിഞ്ഞു നോക്കി പറഞ്ഞു.
“പോയി ബ്രെഷ് ചെയ്യടാ.”
ക്ലാര പടികൾ ഇറങ്ങി താഴേക്ക് നടന്നപ്പോൾ ശ്രീഹരി ബെഡിൽ നിന്നും എഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു.
കുളി കഴിഞ്ഞ് റൂമിൽ വന്നു ഡ്രസ്സ് മാറാൻ നിൽക്കുമ്പോഴും ശ്രീഹരിയുടെ ചിന്ത ക്ലാര എന്തിന് വന്നു എന്നതായിരുന്നു.
‘ഒരു കാരണവും ഇല്ലാതെ അവൾ രാവിലെ തന്നെ വരേണ്ട കാരണം ഇല്ല.. ഇന്നലെ ജീനയെ ഉമ്മ വച്ചതാണ് പ്രോബ്ലം എങ്കിൽ അവൾ ഇതുവരെ അതിനെ കുറിച്ച് സംസാരിക്കുകയോ ദേഷ്യപെടുകയോ ഉണ്ടായില്ല, പക്ഷെ രാവിലെ തന്നെ ഇങ്ങനെ വരനായി കാരണം ഉള്ളത് അത് ഒന്ന് മാത്രമാണ്… അങ്ങോട്ട് കയറി ആ വിഷയം എടുത്തിട്ടാലോ?’
പല ചിന്തകളുമായി ഡ്രസ്സ് മാറി കഴിഞ്ഞ ശ്രീഹരി പടികൾ ഇറങ്ങി താഴേക്ക് നടന്നു.
അടുക്കളയിലെ ശബ്‌ദങ്ങൾ കേട്ട് അവൻ നേരെ അവിടേക്കാണ് ചെന്നത്. നല്ല ചമ്മതിയുടെ ഗന്ധം അവിടെ നിറഞ്ഞു നിൽപ്പുണ്ട്. ക്ലാര ദോശക്കല്ലിൽ മാവ് ഒഴിച്ച് ദോശ ചുട്ടുകൊണ്ടിരിക്കുന്നു. അവളുടെ തൊട്ടു പിന്നിൽ അവൻ ചെന്ന് നിന്ന്.
