“ഇന്നെന്താ നിന്റെ പരിപാടി?”
“ഒരു പരിപാടിയും ഇല്ല. ‘അമ്മ എന്നെ അടുക്കളയിൽ കയറാൻ സമ്മതിക്കുന്നില്ല.”
“എങ്കിൽ നമുക്കിന്ന് പുറത്ത് പോകാം. എനിക്ക് കുറച്ച് ഫ്രണ്ട്സിനെ കാണാൻ പോകാനുണ്ട്.”
അപ്പോഴേക്കും ഉറക്കം എഴുന്നേറ്റ് നേരെ അവന്റെ മുറിയിലേക്ക് വന്ന വിദ്യ പറഞ്ഞു.
“എങ്കിൽ ഞാനും വരുന്നു.. അല്ലേങ്കിൽ ഞാൻ ഇന്ന് മൊത്തം ഇവിടെ പോസ്റ്റ് ആയിരിക്കും.”
“അതിന് നിന്നെ ആര് കൊണ്ട് പോകുന്നു.”
ബെഡിലേക്ക് വന്നിരുന്ന വിദ്യ പറഞ്ഞു.
“ഞാൻ ഇല്ലാതെ നിങ്ങൾ ഇവിടന്നു പോകുന്നത് ഒന്ന് കാണാമല്ലോ.. ക്ലാര ചേച്ചിടെ കാര്യം ഞാൻ അമ്മയോട് പറഞ്ഞ് കൊടുക്കും.”
“അവളോട് ഇതൊക്കെ പറഞ്ഞ എന്നെ പറഞ്ഞാൽ മതീല്ലോ..”
ഒരു ചിരിയോടെ വിദ്യ അവന്റെ കൈയിൽ നിന്നും കോഫി വാങ്ങി ഒരു കവിൾ കുടിച്ചു.
അത് കണ്ട് ജീന പറഞ്ഞു.
“വിദ്യക്ക് കോഫി വേണമെങ്കിൽ ഞാൻ എടുത്തുകൊണ്ട് വരാം.”
“ഏയ്.. ഞാൻ കോഫി കുടിക്കാറില്ല.. ഇത് ചുമ്മാ ടേസ്റ്റ് നോക്കാൻ വാങ്ങിയതാ.”
വിദ്യ കോഫി ശ്രീഹരിക്ക് തിരിച്ച് കൊടുത്തു.
“നിങ്ങൾ രണ്ടുപേരും പോയി റെഡി ആകാൻ നോക്ക്. ഒരുപാടിടത്ത് പോകാനുണ്ട്. ആദ്യം പോയി നിങ്ങൾക്ക് രണ്ടുപേർക്കും ഓണത്തിനുള്ള ഡ്രസ്സ് എടുക്കണം.”
അത് കേട്ട ജീന പെട്ടെന്ന് പറഞ്ഞു.
“എനിക്ക് ഡ്രെസ്സ് ഒന്നും എടുക്കണ്ട. എന്റെയിൽ ആവിശ്യത്തിനുള്ളത് ഉണ്ട്.”
വിദ്യയാണ് അതിനുള്ള മറുപടി അവൾക്ക് നൽകിയത്.
“അതൊക്കെ ഞങ്ങൾ തീരുമാനിച്ചോള്ളം.. കൂടെ അങ്ങ് വന്നാൽ മതി.”
കാപ്പി കുടി കഴിഞ്ഞ ഉടൻ തന്നെ അവർ കാറുമെടുത്ത് അവിടെ നിന്നും ഇറങ്ങി.
അന്നത്തെ ദിവസം എങ്ങനെ തീർന്നെന്ന് ജീനക്ക് തന്നെ അറിയില്ലായിരുന്നു. വീട്ടിൽ നിന്നും ഇറങ്ങിയ അവർ ആദ്യം പോയത് ടെക്സ്റ്റൈൽസിലോട്ടു ആയിരുന്നു. വിദ്യ നല്ല വിലകൂടിയ ഡ്രസ്സ് ആയിരുന്നു അവൾക്കായി എടുത്തത്. ജീന എത്ര പറഞ്ഞിട്ടും കേൾക്കാതെ അത്രയും വിലയുള്ള ഡ്രസ്സ് തന്നെ വിദ്യയും ശ്രീഹരിയും കൂടി ജീനക്കായി തിരഞ്ഞെടുത്തു. അവിടെനിന്നും ഓരോ ഫ്രണ്ട്സിന്റെ വീട്ടിലേക്കാണ് ശ്രീഹരി അവരെയും കൊണ്ട് പോയത്. ശ്രീഹരി കൂട്ടുകാരോട് സംസാരിക്കുമ്പോൾ അവർക്കിടയിലേക്ക് ഇടിച്ചിട്ട് കയറി സംസാരിക്കുന്ന വിദ്യയെ കണ്ടപ്പോൾ ശ്രീഹരിയുടെ എല്ലാ കൂട്ടുകാരും അവൾക്ക് പരിചിതരാണെന്ന് ജീനക്ക് മനസിലായി. ശ്രീഹരി തന്റെ സുഹൃത്ത് എന്ന രീതിയിൽ ജീനയെ അവർക്കൊക്കെ പരിചയപെരുത്തുകയും ചെയ്‌തു. രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ അവർ ഒരു സന്ധ്യയോടെ ആണ് വീട്ടിൽ തിരിച്ചെത്തിയത്. ആ ഒരു യാത്രയോടെ ജീനയും വിദ്യയും സുഹൃത്തുക്കളായി മാറി.
പിറ്റേ ദിവസം തിരുവോണത്തിന് മുഴുവൻ സമയവും ജീനയും ശ്രീഹരിയും വിദ്യയും വീട്ടിൽ തന്നെ ആയിരുന്നു. ജീനയെ അടുക്കളയിൽ ഒന്നും ചെയ്യാൻ ‘അമ്മ സമ്മതിച്ചില്ലേലും അവൾ അവിടൊക്കെ തന്നെ ചുറ്റിപറ്റി നിന്നു. വിഭവ സമൃദ്ധമായ സദ്യയൊക്കെ ആയി തിരുവോണ ദിനവും കടന്നു പോയി. അവളുടെ ജീവിതത്തിൽ ഇത്ര സന്തോഷകരമായ ഒരു ഓണം ഉണ്ടായിട്ടേ ഇല്ലായിരുന്നു.
അവിട്ടം ദിനത്തിൽ ജീന രാവിലെതന്നെ എഴുന്നേറ്റ് കുളിച്ച് അടുക്കളയിൽ ചെന്നു. അന്ന് അടുക്കളയിൽ പിടിപ്പത് ജോലി ഉണ്ടായിരുന്നതിനാൽ ‘അമ്മ എതിർത്തൊന്നും പറഞ്ഞില്ല.
രാവിലെ തന്നെ ബന്ധുക്കൾ എത്തി തുടങ്ങുമെന്നുള്ളതിനാൽ ശ്രീഹരിയും രാവിലെ തന്നെ ഏഴുന്നേറ്റിരുന്നു. കാപ്പി കുടിയൊക്കെ കഴിഞ്ഞപ്പോഴേക്കും ബന്ധുക്കളൊക്കെ വന്നു തുടങ്ങി. പിന്നെ അവരോടൊക്കെ വിശേഷങ്ങൾ പറഞ്ഞിരുന്നപ്പോൾ ശ്രീഹരി സംശയം പോയതറിഞ്ഞില്ല. ഒരുപാട് നാളുകൂടിയാണ് എല്ലാരും ഒന്ന് ഒത്തു കൂടുന്നത്. ജീന അപ്പോഴും അടുക്കളയിൽ പിടിപ്പത് പണിയിലായിരുന്നു. വീട്ടിൽ വന്ന ബന്ധുക്കൾക്കൊക്കെ ജീന ശ്രീഹരിയുടെ കൂടെ പഠിക്കുന്ന കുട്ടിയാണെന്നും പറഞ്ഞാണ് ‘അമ്മ പരിചയപ്പെടുത്തിയത്.
“മോനെ ശ്രീ.. നിന്നെ കാണാൻ ഒരു കുട്ടി വന്നു നിൽക്കുന്നു.”
അച്ഛന്റെ വിളി കേട്ട് ശ്രീഹരി വീടിന് വെളിയിലേക്ക് ചെന്നപ്പോൾ പുഞ്ചിരിയോടെ മുറ്റത്ത് നിൽക്കുന്ന ക്ലാരയെ ആണ് കണ്ടത്.
